ഒരിടത്തൊരു ലൈന്‍മാന്‍

ഒരു ദിവസം കൃഷ്ണന്‍കുട്ടി എന്ന് പേരായ ലൈന്‍മാന് തന്റെ ഹെര്‍കുലീസ് സൈക്കിള്‍ ചവുട്ടി പാണ്ടിത്തറ ലക്ഷ്യമാക്കി നീങ്ങി. അവിടെ ഒരു ലൈനില്‍ രണ്ട് ദിവസമായി കരന്റില്ലെന്ന് പരാതി കിട്ടിയത് കൊണ്ടായിരുന്നു കൃഷ്ണന്‍കുട്ടി പാണ്ടിത്തറയിലേയ്ക്ക് പോകുന്നത്. സൈക്കിളിന്റെ വലത് വശത്ത് പണിസാധനങ്ങള്‍ നിറച്ച സന്ചിയുണ്ടായിരുന്നു. പോസ്റ്റില്‍ കയറേണ്ടിവരുമെന്നുള്ളത് കൊണ്ട് അയാള്‍ അന്ന് പാന്റ് ധരിച്ചിരുന്നു. സ്ഥലത്തെ പ്രധാന ലൈന്‍മാനായത് കാരണം സ്ഥിരം കുഴപ്പമുണ്ടാക്കാറുള്ള പോസ്റ്റുകളും ലൈനുകളും അയാള്‍ക്കറിയാമായിരുന്നു.. അകത്തേക്കാട്ടിലാണെങ്കില്‍ വണ്ണാത്തി ലച്ച്മിയുടെ വീടിന്‌ മുന്നില്‍ , കോഴിപ്പെറ്റയില്‍ തട്ടാത്തി സരസുവിന്റെ വീടിന്‌ മുന്നില്‍ , വെമ്പല്ലൂരില്‍ കൂലിപ്പണിക്കാരി തത്ത, ഏത്തന്നൂരില്‍ പണിക്കൊന്നും പോകാതെ മംഗളം വായിച്ചോണ്ടിരിക്കുന്ന കുമാരി, വിളയന്നൂരില്‍ അമ്പലത്തിലെ അടിച്ചുതളിക്കാരി ജാനമ്മ അങ്ങനെയങ്ങനെ ഓരോ സ്ഥലത്തും സ്ഥിരമായി റിപ്പയര്‍ ചെയ്ത് വയ്ക്കാന്‍ പറ്റാത്ത പോസ്റ്റുകള്‍ അയാള്‍ ക്കറിയാം .

ഇവരുടെയൊക്കെ ഭര്‍ത്താക്കന്മാരെ കൃഷ്ണന്‍കുട്ടി കാണാറുള്ളത് ചിതലിയിലെ കള്ള്` ഷാപ്പില്‍ വച്ചാണ്‌. . അല്ലാതെ അവരുടെ വീടുകളില്‍ കാണാറില്ല.. കാണാതെ പോയ കരന്റ് തിരികെ കൊണ്ടുവരുന്ന കൃഷ്ണന്‍ കുട്ടിയോട് എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു. റിപ്പയറിന്‌ ചെല്ലുമ്പോള്‍ അവിടത്തെ പെണ്ണുങ്ങള്‍ ചായയും പലഹാരവുമൊക്കെ കൊടുക്കും . വൈകുന്നേരം ആണുങ്ങള്‍ കള്ള്‌ വാങ്ങിച്ച് കൊടുക്കും .

നായര്‍ത്തറയില്‍ നിന്നും വരമ്പ് കുറേ കടന്നാലാണ്‌ പാണ്ടിത്തറ. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം നടക്കാവുന്ന മെലിഞ്ഞ് വരമ്പിലൂടെ അയാള്‍ സൈക്കിള്‍ പതുക്കെ ചവുട്ടി. പത്ത് മണി വെയിലില്‍ അയാള്‍ക്ക് നെറ്റിയില്‍ വിയര്‍പ്പ് പൊട്ടി. കണ്ണെത്താപ്പാടങ്ങള്‍ പൊള്ളിത്തുടങ്ങുന്നു. ദൂരെ നെല്ലിയാമ്പതി മലയും വിയര്‍ക്കുന്നു. വരമ്പ് താണ്ടി ഒരുവിധം അയാള്‍ പാണ്ടിത്തറയിലെത്തി. മരുതിക്കാവാണ്‌ ആദ്യം . കാവ് കടന്ന് പിന്നെ ഓടിട്ട വീടുകള്‍ . ഇടയ്ക്ക് പൊളിഞ്ഞ വേലിയുള്ള കറ്റക്കളങ്ങള്‍ , അത് കഴിഞ്ഞ് ഒരു ഉല്‍സവത്തറ, അതില്‍ കഴിഞ്ഞ കൂട്ടക്കളത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു.

സൈക്കിള്‍ നിര്‍ത്തി അയാള്‍ ഒരു ബീഡി കത്തിച്ചു. പാലക്കാടന്‍ കാറ്റില്‍ കെട്ടും തെളിഞ്ഞും ബീഡി എരിഞ്ഞ് നീങ്ങി. വിയര്‍പ്പാറിയപ്പോള്‍ അയാള്‍ സൈക്കിളെടുത്ത് കുഴപ്പമുള്ള ലൈന്‍ ലക്ഷ്യമാക്കി ചവുട്ടി.

മേലാമുറിയില്‍ ചുമട്ട് തൊഴിലാളിയായ വാസുവിന്റെ വീടിനടുത്തായിരുന്നു അത്. വാസുവിന്റെ പെണ്ണ്‌ കുസുമം കാണാന്‍ സുന്ദരിയാണ്‌. അത്രയും വെളുപ്പുള്ള ഒരു പെണ്ണും ആ പ്രദേശത്തില്ല. ആദ്യമൊക്കെ കുസുമം കൂലിപ്പണിക്ക് പോകുമായിരുന്നു. അവള്‍ സുന്ദരിയായത് കൊണ്ടായിരിക്കണം വാസു തന്നെ അവളോട് പണിയ്ക്ക് പോകേണ്ടന്ന് പറഞ്ഞു. ഇടയ്ക്ക് വാസു ലോറിക്കാരുടെ കൂടെ തമിഴ് നാട്ടിലും കര്‍ണ്ണാടകത്തിലുമൊക്കെ പോകും . അപ്പോഴൊക്കെ ദിവസങ്ങളോളം കുസുമം ഒറ്റയ്ക്കായിരിക്കും . ചുറ്റുവട്ടത്തെ ആണ്‍മനസ്സുകളെ ഭീതിയിലാഴ്ത്തിക്കൊണ്ട് സന്ധ്യയ്ക്ക് അവള്‍ വിളക്ക് കൊളുത്തും . അസൂയയും പേടിയും കാരണമായിരിക്കും , അയലത്തെ പെണ്ണുങ്ങള്‍ കെട്ട്യോന്‍മാരെ ഒട്ടിയിരിക്കും .

പക്ഷേ, കൃഷ്ണന്‍കുട്ടിയ്ക്ക് കുസുമത്തിന്റെ വീട്ടില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. വാസു ഇല്ലെങ്കിലും അവള്‍ നല്ലോണം സല്‍ ക്കരിച്ചേ വിടാറുള്ളൂ. പാണ്ടിത്തറയിലെ കുഴപ്പമുള്ള പോസ്റ്റിന്റെ കുഴപ്പവും അയാള്‍ക്കറിയാമായിരുന്നു.

' ഭഗവതീ' അയാള്‍ പ്രാര്‍ഥിച്ചു. സൈക്കിള്‍ കുറച്ചകലെ ഒരു മതിലില്‍ ചാരി വച്ച് പണിസാധനങ്ങളെടുത്ത് അയാള്‍ നടന്നു. അപ്പോള്‍ അവിടെ കളിച്കുകൊണ്ടിരുന്ന കുറേ കുട്ടികള്‍ പിന്നാലെ കൂടി. ശാഖകളില്ലാത്ത മരം പോലത്തെ ഇലക്ട്രിക് പോസ്റ്റില്‍ അയാള്‍ വലിഞ്ഞ് കയറുന്നത് അവര്‍ക്ക് ഒരിക്കലും കൌതുകം വറ്റാത്ത കാഴ്ചയായിരുന്നു.
' ഓടെറാ.. തലമുറിയമ്മാരേ' അയാള്‍ ചീത്ത വിളിച്ചപ്പോള്‍ കുട്ടികള്‍ ചിതറിയോടി. പിന്നേയും സംശയിച്ച് സം ശയിച്ച് പിന്നാലെ കൂടാന്‍ തുടങ്ങിയ കുട്ടികളെ അയാള്‍ കല്ലെടുത്തെറിഞ്ഞു..

കുസുമത്തിന്റെ വേലിയെത്തിയപ്പോഴേ അയാള്‍ കണ്ടു, വാതില്‍ക്കല്‍ ഒരു ജോടി ചെരുപ്പ്. വാസു പണിയ്ക്ക് പോയില്ലേയെന്ന് ആലോചിക്കുമ്പോഴാണ്‌ അതിനവന്‍ ചെരുപ്പിടാറില്ലല്ലോയെന്നോര്‍ ത്തത്. കുസുമത്തിനിതാരാണീ പുതിയ വിദ്വാന്‍ എന്നാലോചിച്ച് കൊണ്ട് അയാള്‍ പോസ്റ്റിനരുകിലെത്തി. സന്ചി തോളിലിട്ട് കയറാന്‍ തുടങ്ങി. പാണ്ടിത്തറ താഴോട്ട് താഴോട്ടിറങ്ങുന്നത് ആസ്വദിച്ച് അയാള്‍ ഉച്ചിയിലെത്തി.. ഇപ്പോള്‍ കുസുമത്തിന്റെ മേല്‍ക്കൂര കാണാം . അടുക്കള ഭാഗത്ത് പുകയുയരുന്നുണ്ട്. അവിടേ മാത്രം ഓട് കരി പിടിച്ചിരുന്നു.

കുറച്ച് നേരം കാത്തിരിക്കാമെന്ന് തീരുമാനിച്ചു. ചുരുണ്ട് പിണഞ്ഞ് കിടക്കുന്ന വയറുകള്‍ അഴിച്ചും പിരിച്ചും അയാള്‍ സമയം കളഞ്ഞു. ഇടയ്ക്ക് വഴിപോക്കര്‍ എന്താണെന്ന മട്ടില്‍ മുകളിലേയ്ക്ക് നോക്കി. ചുറ്റുപാട് നിന്നും അരി വേവുന്ന മണം കാറ്റില്‍ പിടിച്ചു.

കുറേ നേരമായിട്ടും ചെരുപ്പിന്റെ ഉടമ പുറത്ത് വരുന്നില്ല. ഇതെന്താണവിടെ സംഭവിക്കുന്നതെന്നോര്‍ത്ത് അയാള്‍ ക്ക് തൊണ്ട വരണ്ടു. അപ്പോഴാണ്‌ തെക്ക് ഭാഗത്ത് വേലിയ്ക്കിടയിലൂടെ ഒരു തല അനങ്ങുന്നത് കണ്ടത്. ആരോ ഒളിഞ്ഞ് നോക്കുകയാണെന്ന് മനസ്സിലായപ്പോള്‍ കൃഷ്ണന്‍ കുട്ടിയ്ക്ക് അരിശം വന്നു. ഒറ്റയ്ക്കൊരു പെണ്ണിരിക്കുന്നടത്ത് ഒളിഞ്ഞ് നോക്കുന്നു. നല്ല കാഴ്ച കിട്ടാനായി ഇരുന്ന ഇരിപ്പില്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും ഞരങ്ങുന്നുണ്ട് അവന്‍ . ആളെ പിടികിട്ടി. ചായക്കടക്കാരന്‍ മുരുകന്‍ . അയാള്‍ക്കും കുസുമമോയെന്ന് കൃഷ്ണന്‍കുട്ടിയ്ക്ക് അതിശയം തോന്നി. അപ്പോള്‍ വേറൊരു തല കൂടി കാണാറായി. കോളേജില്‍ പഠിക്കുന്ന മണി. രണ്ടാളും കൂടി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, ചിരിക്കുന്നുമുണ്ട്.

കൃഷ്ണന്‍ കുട്ടിയ്ക്ക് ദേഷ്യം വന്നു.

' ഡാ..ന്താടാ ?' അയാള്‍ മുകളിലിരുന്ന് ചോദിച്ചു. മുരുകന്‍ ഒന്ന് ഞെട്ടി നാലുപാടും നോക്കി. ശബ്ദത്തിന്റെ ഉറവിടം കിട്ടാതെ മാനത്ത് നോക്കിയപ്പോള്‍ കൃഷ്ണന്‍ കുട്ടിയെ കണ്ടു. അവന്‍ വല്ലാതൊന്ന് ചിരിച്ചു. എന്നിട്ട് പതുങ്ങിപ്പതുങ്ങി പോസ്റ്റിനരികിലെത്തി.

' കൃഷ്ണേട്ടാ..അകത്താരോ ണ്ട്'

' ആര്?'

' ആ..കൊറേ നേരായി ഞാന്‍ നോക്കണു, പൊറത്തേയ്ക്ക് വരണ്` ല്ല'

' നിയ്യെന്തിനാടാ അതൊക്കെ നോക്കാമ്പോണേ ?'

' അയ്, അങ്ങനെല്ലല്ലോ കൃഷ്ണേട്ടാ..നമ്മളും ഈ നാട്ടിലൊള്ളതല്ലേ'

' ങാ..എന്തോ ചെയ്യ്' കൃഷ്ണന്‍ കുട്ടി പിന്നൊന്നും പറഞ്ഞില്ല.

അയാള്‍ ആകെ തളര്‍ന്നിരുന്നു. മുരുകന്‍ തിരിച്ച് വേലിയ്ക്കരികിലെത്തി. ഇപ്പോഴവിടെ വേറേയും ആളുകള്‍ കൂടിയിട്ടുണ്ട്. വന്നവര്‍ വന്നവര്‍ കൂടുതല്‍ നല്ല കാഴ്ച കിട്ടാനായി വേലിയെ പ്രദക്ഷിണം വയ്ക്കുന്നു.

വിളിച്ചിറക്കിയാലോയെന്നാരോ പറയുന്ന പോലെ തോന്നി.

ഇന്നിനി ഒന്നും നടക്കില്ലെന്ന് മനസ്സിലായി കൃഷ്ണന്‍കുട്ടിയ്ക്ക്. അയാള്‍ താഴേയ്ക്കിറങ്ങി. ഒരു ബീഡി കത്തിച്ചു. വേലിയ്ക്കരികില്‍ മറഞ്ഞിരുന്നവര്‍ ഇപ്പോള്‍ മുറ്റത്തേയ്ക്ക് ചെന്ന് നേരിട്ട് നോക്കാന്‍ തുടങ്ങുകയാണ്‌.

' ശെരിയായോ കൃഷ്ണേട്ടാ ?' ആരോ ചോദിച്ചു.

' ഓ..ഇല്ല...കുഴപ്പം ഇവിടല്ല' എന്ന് പറഞ്ഞ് അയാള്‍ സൈക്കിളെടുത്ത് പാണ്ടിത്തറ വിട്ടു.

No comments:

Post a Comment