പ്രിയപ്പെട്ട ഹോംസ്

ബിരുദം ആദ്യവര്‍ഷമാണ്‌ ഷെര്‍ലക്ഹോംസിനെ പരിചപ്പെടുന്നത്. മുമ്പ് പേര്‌ കേട്ടിട്ടുണ്ടെങ്കിലും പുള്ളിയെക്കുറിച്ച് അധികമൊന്നും അറിയാമായിരുന്നില്ല. ആദ്യവര്‍ഷം ഇംഗ്ലീഷ് നോവല്‍ വിഭാഗത്തില്‍ ബാസ്കര്‍വില്ലിലെ വേട്ടനായ എന്ന നോവലായിരുന്നു പഠിക്കാന്‍ ഉണ്ടായിരുന്നത്. കറുത്ത ചട്ടയില്‍ ഒരു ബ്ലാക്ക് & വൈറ്റ് വേട്ടപ്പട്ടിയുടെ മുഖചിത്രമുള്ള പുസ്തകത്തില്‍ കണ്ണിന്റെ സ്ഥാനത്ത് ചുവന്ന സ്കെച്ച്പേന കൊണ്ട് ചുവപ്പിച്ച് ക്രൂരത വരുത്തിക്കൊണ്ടായിരുന്നു ആദ്യമായി ആരാധന രേഖപ്പെടുത്തിയത്. കടമ്പ കടന്ന് കിട്ടണമെന്ന പ്രാഥമികാവശ്യം അനുസരിച്ച് വായിക്കാന്‍ തുടങ്ങി. എങ്കിലും ആദ്യത്തെ അദ്ധ്യായത്തോടെ ഹോംസ് സാറിന്റെ ആരാധകനായി മാറി ആ പതിനെട്ടുകാരന്‍ .

ഡോ.വാട്സനെപ്പോലെ അന്തം വിട്ട് നില്ക്കുകയല്ലാതെ ആ മഹാബുദ്ധിയ്ക്ക് മുന്നില്‍ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. മായാജാലം കാണിച്ച് അതിന്റെ രഹസ്യം വെളിപ്പെടുത്തുന്ന മാന്ത്രികനെപ്പോലെ ഹോംസ് കണ്ണിറുക്കി ചിരിക്കുമ്പോള്‍ വല്ലാത്ത ജാള്യത തോന്നിയിരുന്നു. ഒപ്പം ബഹുമാനം പിന്നേയും വളരുകയും. ബാസ്ക്കര്‍വില്‍ വായിച്ച് തീരാന്‍ അധികം സമയം വേണ്ടി വന്നില്ല. ഒരുതരം വാശിയോടെ ഉറക്കമിളച്ച് വായിച്ചു. വാശി കണ്ടാല്‍ ഹോംസിനേക്കാള്‍ മുന്നേ വേട്ടനായയെ കുടുക്കാനൊരുങ്ങുന്നത് പോലെ തോന്നും. ഒരു പ്രാവശ്യം കൊണ്ട് മതിയാകാതെ പിന്നേയും പിന്നേയും വായിച്ചു. ഇന്റര്‍നെറ്റും സൈബര്‍കഫേയും പരിചയമില്ലാതിരുന്ന സമയത്ത് പഞ്ചായത്ത് ഗ്രന്ഥശാല തന്നെയായിരുന്നു ആശ്രയം. പക്ഷേ അവിടേയും ഒന്നും കിട്ടിയില്ല. ചുറ്റുമുള്ള ലൈബ്രറികളിലെല്ലാം അന്വേഷിച്ചു. ഇല്ല. ഇല്ല. ഇല്ല. ഇനിയിപ്പോള്‍ ഹോംസ് മാതൃകയില്‍ ഒരു അന്വേഷണം തന്നെ വേണ്ടിവരുമെന്ന ഘട്ടം തന്നെ വന്നു. കിട്ടാനില്ല. പൈസ കൊടുത്ത് വാങ്ങാനുള്ള ശേഷിയുമില്ല. ആഗ്രഹം ഉള്ളിലടക്കി വേട്ടനായയെ ആവര്‍ത്തിച്ച് വായിച്ച് സമാധാനിക്കുകയായിരുന്നു.
ആര്‍തര്‍ കോനന്‍ഡോയില്‍‍
പിന്നീട് രണ്ട് വര്‍ഷങ്ങള്‍ ക്ക് ശേഷം ഡിസി ബുക്സ് പുറത്തിറക്കിയ ഷെര്‍ലക്ഹോംസ് സമ്പൂര്‍ണ്ണസമാഹാരം വാങ്ങിച്ചപ്പോള്‍ നിധി കിട്ടിയ കപ്പിത്താന്റെ ആഹ്ലാദമായിരുന്നു. ആര്‍ത്തിയോടെ വായിച്ചു. സൂക്ഷമായ നിരീക്ഷണങ്ങളിലൂടെ രഹസ്യത്തിന്റെ ചുരുളഴിക്കുന്ന വിദ്യ കണ്ട് ആനന്ദിച്ചു. സിഗരറ്റ് ചാരവും ചെരുപ്പിലെ മണ്ണും ശ്രദ്ധിക്കാന്‍ തുടങ്ങിയത് അങ്ങിനെയാണ്‌, അധികനാള്‍ നീണ്ട് നിന്നില്ലെങ്കിലും കിട്ടുന്നതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുക എന്ന വിനോദം കൂടെക്കൊണ്ട് നടന്നിരുന്നു. ഒരു തരം ഹാങ് ഓവര്‍ . അതിനിടയില്‍ ചില തമാശകളും. എന്നും രാവിലെ ജീന്‍സും റൌണ്ട് നെക്ക് ടി ഷര്‍ട്ടും ധരിച്ച്, തോളത്തൊരു കോളേജ് ബാഗും തൂക്കി പോകുന്ന ഒരു ചങ്ങാതിയെ ഈയുള്ളവന്റെ ഹോംസ് ബുദ്ധി, കുറഞ്ഞത് വിക്ടോറിയ കോളേജിലെങ്കിലും പ്രതിഷ്ഠിച്ചിരുന്നു. ഒരു ദിവസം ചെമ്പൈ സംഗീത കോളേജില്‍ ഒരു സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ ഇതേ കോളേജ് കുമാരന്‍ സിമന്റ് കൂട്ടുന്ന കാഴ്ച കാണേണ്ടി വന്നു.
വായനക്കാരെ കൈവിടാത്ത ആഖ്യാനശൈലിയാണ്‌ ഹോംസ് കഥകളുടെ മുഖമുദ്ര. ദുരൂഹതയില്‍ തുടങ്ങി സാധാരണവായനക്കാര്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള രസതന്ത്രം, ഊര്‍ജ്ജതന്ത്രം തുടങ്ങിയ ശാസ്ത്രശാഖകളിലൂടെ അനാവരണം ചെയ്യുമ്പോള്‍ സര്‍.ഡോയലിന്റെ രചനാശൈലി അതിശയമുളവാക്കുന്നു. ഭയവും സംശയവും മനസ്സില്‍ വിതറി കൊതിപ്പിക്കുന്നു. മിഠായിപ്പൊതിപോലെയാണ്‌ ആ രഹസ്യം. ഒടുവില്‍ കുറ്റവാളിയെ വിലങ്ങ് വയ്ക്കുമ്പോള്‍ അല്ലെങ്കില്‍ ലെസ്ട്രേഡിന്റേയും ഗ്രഗ്സണിന്റേയും നിഗമങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമ്പോള്‍ വായനയും നേര്‍വഴിക്കാകുന്നു. വായനക്കാരനെ ഇരുട്ടിലേയ്ക്കെറിയുന്ന രചനാകൌശലം ഡോയല്‍ പരീക്ഷിക്കുന്നില്ല. തന്റെ നിരീക്ഷണങ്ങളെ മുഴുവനായും വിട്ട് തരുകയാണ്‌ ചെയ്യുന്നത്. ഹോംസ് എന്ന കഥാപാത്രത്തിലൂടെ കുറ്റാന്വേഷണത്തിന്റെ ആഴങ്ങളിലേയ്ക്ക് നമ്മെ കൊണ്ട് പോകുന്നു. അത് വായനക്കാരന്റെ ഇഷ്ടാനുസരണം പ്രയോഗിക്കാനും അനുഭവിക്കാനും പ്രേരിപ്പിക്കുന്നു. വായനക്കാരനും കുറ്റാന്വേഷകനാകുന്നു. ഇത് തന്നെയാണല്ലോ ഞാനും വിചാരിച്ചതെന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കാന്‍ അവസരം തരുന്നു, ഒരു സൌജന്യം പോലെ. അതെ, ഹോംസ് ഒപ്പണ്‍സോഴ്സ് സാഹിത്യം ആകുന്നു. ഹോംസ് ഒന്നും ബാക്കി വയ്ക്കുന്നില്ല. കുരുക്കുകള്‍ ഓരോന്നായി അഴിച്ചെടുക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന ആഹ്ലാദം നമ്മിലേയ്ക്കും പകരുന്നു.
ഹോംസിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അധികമൊന്നും സര്‍.ഡോയല്‍ പറയുന്നില്ല. വിചിത്രമായ സ്വഭാവരിതികള്‍ കണ്ട് ഡോ.വാട്സനുണ്ടാകുന്ന കൌതുകം വരേയേ നമുക്കും സ്ഥാനമുള്ളൂ. അദ്ദേഹത്തിന്റെ ഭൂതകാലം തിരക്കാന്‍ വാട്സനും ശ്രമിച്ചിരുന്നില്ല. ഒരു പക്ഷേ ഹോംസിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് മന:പൂര്‍വ്വം ഒഴിവാക്കിയതായിരിക്കണം. ഉന്നതിയിലെത്തിയ ഒരു കുറ്റാന്വേഷകന്‍ , അദ്ദേഹത്തിന്റെ മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്ത പെരുമാറ്റം എന്നിവയൊഴികെ കുട്ടിക്കാലമൊന്നും വിഷയമാകുന്നേയില്ല. സദാസമയവും പരീക്ഷണങ്ങളും അന്വേഷണങ്ങളുമായി തിരക്കിലായ അദ്ദേഹത്തിന്‌ അതൊക്കെ പറയാന്‍ സമയവും കാണില്ലായിരിക്കും . അസാധരണമായ തലച്ചോറുള്ള ആ മനുഷ്യന്‍ തന്റെ വഴി തിരഞ്ഞെടുക്കാന്‍ കാരണമായി കുറച്ചെങ്കിലും വെളിച്ചം വീശുന്നത് അദ്ദേഹത്തിന്റെ തന്നെ സം ഭാഷണത്തിലൂടെയാണ്‌. നാല്‍വര്‍ ചിഹ്നം എന്ന നോവലില്‍ അദ്ദേഹം പറയുന്നു:
I crave for mental exaltation. That is why I have chosen my own particular profession, or rather created it, for I am the only one in the world.
അതും അന്വേഷകനെ കാര്യമായി സഹായിക്കുന്നില്ലെങ്കിലും. ഹോംസിന്റെ ജീവിതത്തെ ഡോയലിനേക്കാള്‍ താല്പര്യത്തോടെ വിശകലനം ചെയ്ത കുറിപ്പുകള്‍ ഏറെയുണ്ടായിട്ടുണ്ട്. അതിലൊന്ന് അടുത്തിടെ വായിക്കാനിടയായ The childhood of Sherlock Holmes: The Butler's Tale ആണ്‌. ഹോംസ് കഥകള്‍ പോലെത്തന്നെ രസകരമായി വായിച്ച് പോകാവുന്ന കൃതിയാണത്. ഹോംസിന്റെ ഭൂതകാലത്തെക്കുറിച്ച് പഠിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ജേണലിസ്റ്റ് സാക്ഷാല്‍ ഹോംസിനേയും ഡോ.വാട് സനേയും കണ്ടുമുട്ടുന്നുണ്ട്. മൈക്രോഫ്റ്റ് ഹോംസ് എന്ന ജ്യേഷ്ഠനേയും ഒഴിവാക്കുന്നില്ല. ഹോംസ് കുടും ബത്തിന്റെ കഥ മുഴുവനും സംഭവ്യമെന്ന മട്ടില്‍ വിരിയെച്ചെടുക്കുന്നുണ്ട് ആ നോവലില്‍ .
ഹോംസിന്റെ മരണം പോലും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു വിദഗ്ദ്ധന്മാര്‍.
എത്ര എഴുതിയാലും തീരാത്ത രഹസ്യം തന്നെയാണ്‌ ഹോംസെന്ന വ്യക്തിയും. സര്‍.ഡോയലിന്‌ ശേഷവും ഹോംസ് എത്ര പേരുടെ വിരല്‍ത്തുമ്പുകളില്‍ ജീവന്‍ നിലനിര്‍ ത്തുന്നു. ആ കുശാഗ്രബുദ്ധിയുടെ കൌശലം തന്നെയായിരിക്കും അത്. എവിടേ എങ്ങിനെ ജീവിക്കണമെന്ന് ഹോംസിനറിയാം .

ഹോംസും വാട്സണും‍
എന്തിനേറെ, തേങ്കുറിശ്ശിയിലെ ഒരു ഗ്രാമത്തില്‍ വസിക്കുകയായിരുന്ന ഈയുള്ളവന്റെ സ്വപ്നങ്ങളില്‍ പോലും എത്ര തവണ എത്തിയിരിക്കുന്നു അദ്ദേഹം. ഡോ.വാട്സനും ഹോംസും തമ്മിലുള്ള സൌഹൃദം അസൂയാവഹമാണ്‌. പുറമേ പരുക്കനെന്ന് തോന്നുന്ന ഹോംസിന്റെ ഹൃദയത്തില്‍ ഇടം നേടാന്‍ ഡോ.വാട്സനായി. ബാസ്കര്‍വില്ലിലേയ്ക്ക് അപകടമാണെന്നറിഞ്ഞിട്ടും തന്റെ സുഹൃത്തിനെ അയയ്ക്കുന്ന ഹോംസ് കൂട്ടുകാരനെപ്പറ്റി എത്ര ആശങ്കാകുലനായിരുന്നെന്ന് ഹോംസ് തന്നെ തുറന്ന് പറയുന്നുണ്ട്. ഹോംസിനോളം നിരീക്ഷണപാടവം ഇല്ലാത്ത വാട്സന്‍ പലപ്പോഴും അദ്ദേഹത്തിന്റെ ബുദ്ധിയുണര്‍ത്താന്‍ ഉപകരിക്കുന്നുണ്ട്. പരസ്പരപൂരകങ്ങളായി വര്‍ത്തിക്കുകയാണ്‌ ആ ചങ്ങാത്തം. നമ്മള്‍ വായനക്കാരെപ്പോലെ അസൂയാവഹമായ നിമിഷങ്ങളിലൂടെ കടന്ന് പോകുന്നുണ്ട് ഡോ.വാട്സന്‍ . അവരുടെ സൌഹൃദം ബുദ്ധിപരമായ മത്സരം തന്നെയായിരുന്നു. അത് ഹോംസിന്റെ മനസ്സിനെ ഊര്‍ജ്ജസ്വലമാക്കിയിരുന്നു, വായനക്കാരനേയും .
എന്നും മായാത്ത തകര്‍പ്പന്‍ അനുഭവങ്ങളുമായി ഷെര്‍ലക്ഹോംസും ഡോ.വാട്സനും എവിടെയോ ജീവനോടെയിരിക്കുന്നു എന്ന് വിശ്വസിക്കാനാണ്‌ ഇവനും ഇഷ്ടം .
ഒരു സുഹൃത്തിന്റെ സ്വകാര്യശേഖരത്തില്‍ നിന്നാണ്‌ ജെറമി ബ്രെറ്റ് അഭിനയിച്ച ഷെര്‍ലക്ഹോംസ് പരമ്പര കിട്ടിയത്. അന്ന് സമ്പൂര്‍ണ്ണകൃതികള്‍ കൈയ്യില്‍ കിട്ടിയപ്പോഴത്തെ അതേ ആഹ്ലാദം ഈയുള്ളവന്‍ അനുഭവിച്ചു. പുസ്തകത്തിലൂടെ പരിചയമുള്ള കഥാപാത്രങ്ങള്‍, കുറ്റവാളികള്‍ ഉള്‍പ്പടെ കണ്‍മുന്നില്‍ വന്ന് നില്ക്കുമ്പോള്‍ കുറേ വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക് പോകുന്നു മനസ്സ്. അതെ, ഹോംസ് എന്റെ കൌമാരമാകുന്നു.
ലണ്ടനിലെ തെരുവുകളില്‍ കുറ്റവാളികളെ പിന്തുടരുന്ന ഡിക്റ്ററ്റീവ് കണ്ണിറുക്കിക്കാണിക്കുന്നു. എന്ത് കുസൃതിയാണോ പുറത്തെടുക്കാന്‍ പോകുന്നത്. ആരേയാണൊ കുടുക്കാന്‍ പോകുന്നത്...

വീണ്ടും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജീവിക്കുന്നതിന്റെ അസ്വസ്ഥതകള്‍

അങ്ങിനെയാണ് കാര്യങ്ങള്‍.
ഇന്ന് തിങ്കളാഴ്ച. പ്രസന്നമായ പ്രഭാതം. കുരുവികളുടെ ചിലയ്ക്കല്‍. ഇന്ന് എന്തെങ്കിലും സംഭവിച്ചേക്കും എന്ന പ്രതീക്ഷ തരുന്ന അന്തരീക്ഷം. സുപ്രഭാതം.
രാവിലെ തന്നെ ഉണര്‍ന്ന് മുഷിച്ചിലിന്റെ ദൈര്‍ഘ്യം കൂട്ടാതിരിക്കാന്‍ കഴിയുന്നത്ര വൈകിയുണരുന്നത് ശീലമാക്കിയിരുന്നതാണ്. ഇന്നലെ വരെ അത് ഭംഗിയായി നടപ്പിലാക്കുകയും ചെയ്തിരുന്നു. ഏതാണ്ട് പത്തര, പതിനൊന്ന് മണിയോടെ കണ്ണ് തുറക്കുക, കുറച്ച് നേരം അലസമായി ചിന്തിച്ച് കിടക്കുക, ഒരു രക്ഷയുമില്ലാതെ വരുമ്പോള്‍ മാത്രം എഴുന്നേറ്റ് അന്നേ ദിവസത്തിന് സ്വയം വിട്ടുകൊടുക്കുക എന്നതൊക്കെ അത്ര എളുപ്പമുള്ള കാര്യമല്ല. നൂറായിരം കാര്യങ്ങളാണ് തലയിലൂടെ സഞ്ചരിക്കുന്നത്. തിരക്കുകള്‍..തിരക്കുകള്‍..എല്ലാം ഒന്ന് അടുക്കിപ്പെറുക്കണമെങ്കില്‍ത്തന്നെ ഒരു ദിവസം വേണ്ടിവരും. അപ്പോഴെന്ത് ചെയ്യും? വഴിയുണ്ട്, ഏറ്റവും ആദ്യം ഓര്‍മ്മയില്‍ വരുന്നത് മാത്രം ചെയ്യുക. ബാക്കിയുള്ളത് ആവശ്യക്കാര്‍ ഓര്‍മ്മിപ്പിച്ചോളും.
ഉദാഹരണത്തിന്, വിശപ്പ് എപ്പോഴും ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച് ഓര്‍മ്മിപ്പിക്കല്‍ ആവശ്യമില്ല. അടുത്തുള്ള ചായക്കടയിലേയ്ക്ക് നടക്കുമ്പോള്‍ വേറെ ചിന്തയൊന്നുമില്ല. സമാധാനമായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചായക്കടക്കാരന്‍, മിക്കവാറും കുമാരേട്ടന്‍, പറ്റ് കണക്ക് പറഞ്ഞ് ഓര്‍മ്മിപ്പിക്കും. സംഭവം ക്ലിയര്‍. അതാണ് പറഞ്ഞത് നമ്മള്‍ മറന്നാലും ചിലതെല്ലാം ഓര്‍മ്മിപ്പിക്കാന്‍ ആളുകളുണ്ടാകും, ഉണ്ടായിക്കോളും.
തിരിച്ച് വീട്ടിലേയ്ക്ക് എത്തുമ്പോഴേയ്ക്കും ചെറിയ രീതിയിലുള്ള ഉറക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഉറങ്ങരുത്. ചിന്തിക്കണം, ചിന്തയെ കയറൂരി വിടണം. മേഞ്ഞ് മേഞ്ഞ് കൊഴുക്കണം. വീടെത്താറാകുമ്പോള്‍ വീട്ടുടമ ഗേറ്റിനരികിലുണ്ടാകും. വലിയ അവകാശവാദമാണ്. വാടക കിട്ടിയില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍ വരുന്നതാണ്. എന്തോ കാര്യമായ ചിന്തയിലാണെന്നത് പോലെ നടന്നേക്കുക. പുള്ളിയെ കണ്ട ഭാവം പോലും നടിക്കരുത്. അപമാനിതനായ വീട്ടുടമയുടെ അഹങ്കാരം അതോടെ തീരും. എല്ലാം പിന്നെ, ഇപ്പോള്‍ തിരക്കിലാണ് എന്ന് മുഖഭാവം വരുത്തി അതിക്രമിയെ ഓടിച്ച് കഴിഞ്ഞാല്‍ കാര്യമായിത്തന്നെ ചിന്തിക്കുക.
ഇന്നു് തിങ്കളാഴ്ചയാണെന്ന് ആദ്യമേ പറഞ്ഞല്ലോ. ഒരു നല്ല തുടക്കത്തിന് പറ്റിയ ദിവസമാണ്. മുന്നില്‍ നമ്മുടെ ഭാവിയാണ്. ഭാവിയെക്കുറിച്ച് ചിന്തിക്കുക. ഉള്ളവനും ഇല്ലാത്തവനും എന്ന തരംതിരിവ് ഇല്ലാതാകുന്ന കാലത്തെക്കുറിച്ച് ആലോചിക്കുക. പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ബൈക്കുടമകളും കാമുകിയുടമകളുമായ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പരിഹാസം എപ്പോഴും പിന്തുടരുന്നുണ്ടാകും. ഒരു കാലത്തും ഒരു ദേശത്തും ഗുണം പിടിക്കാത്ത വര്‍ഗ്ഗമാണ് തൊഴിലാളികള്‍. ഗുണം പിടിക്കുന്നത് മുതലാളിമാര്‍ മാത്രമാണ്. പരിഹാസങ്ങളേയും വിമര്‍ശനങ്ങളേയും തള്ളിക്കളയുക. നമ്മള്‍ സമരം ചെയ്യുകയാണ്. ജീവിതത്തിന് മുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്യുകയാണ്. ഈ വ്യവസ്ഥിതി ശരിയല്ല. ദുഷിച്ച് നാറിയത് എന്ന് പറയുന്നത് പഴഞ്ചന്‍ പ്രയോഗമാണ്. പുതിയത് കണ്ടുപിടിക്കണം. പണ്ടാരടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. എതിര്‍ക്കണം, പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം ഒരിക്കലും മാറില്ലെന്നുറപ്പാണെങ്കിലും ശക്തമായി വിയോജിച്ച് വേണം വ്യവസ്ഥിതിയെ നേരിടാന്‍.
തൊഴിലില്ലായ്മയാണ് എല്ലാത്തിനും കാരണം. ഒരു പണിയുമില്ലാത്ത ചെറുപ്പക്കാരുടെ മനസ്സില്‍ പിശാച് കൂട് കൂട്ടുന്നു. അവര്‍ തീവ്രവാദികളും കൊള്ളക്കാരുമാകുന്നു. വാടകഗുണ്ടകളാകുന്നു. മദ്യത്തിനും ലഹരിയ്ക്കും അടിമകളാകുന്നു. ഇതെല്ലാം സൃഷ്ടിക്കുന്നത് വ്യവസ്ഥിതിയാണ്. എന്നിട്ട് ഇതേ വ്യവസ്ഥിതി വഴിതെറ്റുന്ന ചെറുപ്പക്കാരെക്കുറിച്ച് കണ്ണീരൊഴുക്കുകയും ചെയ്യുന്നു. എതിര്‍ക്കുക, പോരാടുക.
ഇപ്പോള്‍ ഒരു ബീഡി വലിക്കാവുന്നതാണ്. ആശയങ്ങള്‍ക്ക് ചിറക് മുളയ്ക്കട്ടെ. നോക്കൂ, ചിത്രശലഭങ്ങള്‍ പൂക്കളെ ഉമ്മ വയ്ക്കുന്നത്. വെയിലും നിഴലും ചേര്‍ന്ന് ചിത്രം വരയ്ക്കുന്നത്. ആകാശത്ത് പറക്കുന്ന പറവകള്‍, തെങ്ങോലയില്‍ ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണന്‍…എല്ലാം ആസ്വദിക്കൂ. പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് നമ്മളിലെ നന്മകള്‍ക്ക് ജീവന്‍ വയ്ക്കുന്നത്. സഹജീവികളെ സ്നേഹിക്കാനാകുന്നത്. നമ്മളെ സ്നേഹത്തിന്റെ ഭാഷയില്‍ നിന്നും അകറ്റാനാണ് യന്ത്രങ്ങളെ ഉണ്ടാക്കിയിരിക്കുന്നത്. ഒരു രാജ്യം ആയുധം ഉണ്ടാക്കുമ്പോള്‍ അയല്‍രാജ്യങ്ങളും അത് തന്നെ ചെയ്യുന്നു. അത്രയും നാള്‍ ഇല്ലാതിരുന്ന വിദ്വേഷം സൃഷ്ടിക്കപ്പെടുന്നു. പിന്നെ യുദ്ധം, കൈയേറ്റം, പക, കൊലപാതകം.
ബീഡി തീരുന്നു.
കട്ടിലില്‍ മലര്‍ന്ന് കിടന്ന് ചിന്തിക്കുകയാണിപ്പോള്‍. ഉച്ചവെയില്‍ കടുക്കുന്നു. അയല്‍ വീടുകളില്‍ നിന്നും മീന്‍ പൊരിക്കുന്നതിന്റേയും പപ്പടം കാച്ചുന്നതിന്റേയും മണം വായുവിലാകെ പരക്കുന്നു. അതൊരടവാണ്. വിപ്ലവചിന്തകളില്‍ നിന്നും നമ്മളെ അകറ്റാനുള്ള തന്ത്രം. അവര്‍ വേണമെങ്കില്‍ ഒരു നേരത്തെ ചോറ്‌ തരുമായിരിക്കും. മീന്‍ പൊരിച്ചത് വാഴയിലയില്‍ പൊതിഞ്ഞ് കൊടുത്തുവിടുമായിരിക്കും. തോല്‍ക്കരുത്. കീഴടങ്ങരുത്. സ്ഥിതിസമത്വം, അത് മാത്രമായിരിക്കണം മനസ്സില്‍. തീര്‍ച്ചയായും അപ്പോള്‍ വിശപ്പ് ആക്രമണം തുടങ്ങും. വിശപ്പ് ലോകത്ത് നിന്നും ഇല്ലതാക്കാത്തതെന്ത് കൊണ്ടെന്ന് മനസ്സിലായില്ലേ? ഈ വ്യവസ്ഥിതിയ്ക്ക് നിലനില്‍ക്കണമെങ്കില്‍ മനുഷ്യന് വിശക്കണം. ഒരു നേരത്ത് ആഹാരത്തിന് വേണ്ടി അവരുടെ ആജ്ഞകള്‍ക്ക് വഴങ്ങണം. കാല് നക്കണം. ഇല്ല, കീഴ്പ്പെടരുത്. ചിന്തിക്കുക, ആഹാരത്തെക്കുറിച്ചല്ല, ഭാവിയെക്കുറിച്ച്.
ആരോ വാതിലില്‍ മുട്ടുന്നു. ചാരന്മാരാണ്, ഉറപ്പ്. ചിന്തകളില്‍ നിന്നും എന്നെ വേര്‍പെടുത്താന്‍ വന്നിരിക്കുന്ന ചാരന്മാര്‍. വ്യവസ്ഥിതിയുടെ കൈയ്യാളന്മാര്‍. സമത്വലോകത്തിന്റെ ശത്രുക്കള്‍ .
സുമേഷ്, പീറ്റര്‍, ഇബ്രാഹിം എന്നീ സുഹൃത്തുക്കളായിരുന്നു. എല്ലാവരും തൊഴിലാളികളാണ്. ടൈയും ഷൂസുമിട്ട് ബൈക്കിലും കാറിലുമൊക്കെ ജോലിയ്ക്ക് പോകുന്നവരാണ്. തൊഴിലാളികള്‍, പുച്ഛം തോന്നി. ഗേറ്റിന് മുന്നില്‍ ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നു.
‘ നീയെന്തെടുക്കാ?’ സുമേഷ്
‘ ഒന്നുല്ല…വാ’ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു.
‘ അല്ല…നിന്റെ ഉദ്ദേശം എന്താ? ജോലിയ്ക്കൊന്നും പോകണ്ടേ നിനക്ക്? നീയെന്തിനാ പറയാതെ ലീവെടുത്തത്? ‘ പീറ്റര്‍
‘ എം ഡി ആകെ ചൂടായിരിക്കുകാ..‘ ഇബ്രാഹിം
!!!!!!!
‘ ഏയ് അങ്ങനൊന്നൂല്ല…ഞാന്‍ ചുമ്മാ’
‘ ചുമ്മാതോ? നിന്റെ കാര്യം പോക്കാ…ഉള്ള ജോലി കളയാതെ എം ഡി യെ പോയിക്കണ്ട് ഓഫീസിലേയ്ക്ക് വരാന്‍ നോക്കെടാ ‘ സുമേഷ്
‘ ഉം…ആലോചിക്കാം ‘
‘ ഉവ്വ..നീ വാ…’
‘ എങ്ങോട്ട് ? ‘
‘ പാതാളത്തിലേയ്ക്ക്..ഓട്ടോ വെയ്റ്റ് ചെയ്യുന്നു..നീ ഡ്രസ്സ് മാറി വാ’
പാന്റും ഷര്‍ട്ടും ധരിച്ച് അവരുടെ കൂടെ ഇറങ്ങി. അവരെ ഒരുപാട് നേരം വീട്ടിലിരുത്തുന്നത് നല്ലതല്ല. ചാരന്മാരാണ്. സുഹൃത്തുക്കളുമാണ്. ഒറ്റിക്കൊടുക്കാന്‍ സാദ്ധ്യതയുണ്ട്. ചിന്തകള്‍ ഭദ്രമാണെന്നുറപ്പ് വരുത്തി ഓട്ടോയില്‍ കയറി.
പട്ടണത്തിലെത്തി. മുന്തിയ ബാറിന്റെ മുന്നില്‍ ഓട്ടോ നിന്നു.
‘ ഇവടെ വേണ്ടെടാ..നമക്ക് വേറെ എങ്ങോട്ടെങ്കിലും പോകാം ‘
‘ ഇവടെ എന്താ കുഴപ്പം ?’
‘ നമക്ക് കുറച്ച് തുറന്ന് സ്ഥലത്ത്..പ്രകൃതിയോട് ചേര്‍ന്നിരിക്കാം ‘ (!!!)
ഓട്ടോയില്‍ കുപ്പികള്‍ കയറി. പട്ടണത്തിന്റെ അതിര്‍ത്തി വിട്ട് ഞങ്ങള്‍ പാഞ്ഞു.
കുന്നിന്‍ മുകളിലെത്തി. കുപ്പികള്‍ ഗ്ലാസ്സുകളിലേയ്ക്ക് ചെരിയ്ക്കപ്പെട്ടു.
രണ്ടെണ്ണം അകത്തേയ്ക്ക് ചെന്നപ്പോള്‍ ആശ്വാസം തോന്നി. കുന്നിന്‍ മുകളിലെ പാറക്കെട്ടുകളില്‍ അനേകം ഹൃദയങ്ങളും പേരുകളും പോറിയിട്ടിരുന്നു. സഫലമാകാത്തതും ആയതുമായ ആഗ്രഹങ്ങളുടെ നടുവില്‍ ഒരു ചെറിയ കല്ലെടുത്ത് എഴുതി.
‘ വിപ്ലവം ജയിക്കട്ടെ’

-------------------------------------------------------- തർജ്ജനി മാസിക, ഡിസംബർ ലക്കം

എൽ ഡി ക്ലാർക്കിന്റെ മരണം


രാമൻ കുട്ടി എന്ന യുവാവിന്റെ കഥയാണ് പറയാൻ പോകുന്നത്. പുറമേയ്ക്ക് അസ്വാഭാവികമാണെന്നും കെട്ടിച്ചമച്ചതാണെന്നും തോന്നുമെങ്കിലും, രാമൻ കുട്ടിയെ അടുത്തറിഞ്ഞിട്ടുള്ളവർക്കറിയാം അങ്ങിനെയല്ലെന്ന്. തെക്കേ മലബാറിലെ അറിയപ്പെടാത്ത ഒരു കുഗ്രാമത്തിനാണ് രാമൻ കുട്ടി ജനിച്ചതും വളർന്നതും. പഠനത്തിൽ ഒന്നാമനായില്ലെങ്കിലും ഒരു ക്ലാസ്സിലും തോൽക്കാതെ പത്താം തരവും അതിന് ശേഷം പ്രീഡിഗ്രി, ഡിഗ്രീ തുടങ്ങിയ ഉന്നതവിദ്യാഭ്യാസങ്ങളും കരസ്ഥമാക്കുവാൻ അയാൾക്ക് നിഷ് പ്രയാസം കഴിഞ്ഞു. ബി.എ ഇക്കണോമിക്സ് പാസ്സായതിന് ശേഷം കുറച്ച് കാലം അടുത്തുള്ള പാരലൽ കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട് കോയമ്പത്തൂർ, സേലം, ഈറോഡ് തുടങ്ങി അങ്ങ് ചെന്നൈ വരെ ( പണ്ട് മദ്രാസ് എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം)  അലയുകയും കുറേ വർഷങ്ങൾ ചില്ലറ ജോലികളൊക്കെ ചെയ്ത് അവിടങ്ങളിൽ കഴിച്ച് കൂട്ടുകയും ചെയ്ത രാമൻ കുട്ടി നാട്ടിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു. പക്ഷേ, അയാളുടെ കഥ തുടങ്ങുന്നത് ഇവിടെ വച്ചല്ല. പണിയൊന്നുമില്ലാതെ ഗ്രാമത്തിലെ ചായക്കടയിലും വായനശാലയിലും കലുങ്കിലുമൊക്കെയായി സമയം ചിലവഴിച്ചിരുന്ന അയാൾക്ക് എൽ ഡി ക്ലർക്കിന്റെ ജോലി കിട്ടുന്നതോടെയാണ് ഈ കഥയ്ക്കാസ്പദമായ സംഭവങ്ങൾ അരങ്ങേറുന്നത്.  എൽ ഡി ക്ലാർക്കിന്റെ ജോലി ചുമ്മാ അങ്ങ് കിട്ടിയതൊന്നുമല്ലായിരുന്നു. ഒരു ദിവസം വായനശാലയിൽ പോയി തിരികെ വീട്ടിലേയ്ക്ക് നടക്കുകയായിരുന്ന രാമൻ കുട്ടിയെ സുഹൃത്തും അപ്പോൾ സർക്കാർ ജീവനക്കാരനുമായിരുന്ന സഹദേവൻ എന്നയാൾ കണ്ടുമുട്ടി. ചെറുപ്പക്കാർ ഉത്തരവാദിത്തമില്ലാതെ അലഞ്ഞ് നടക്കുന്നതിനെക്കുറിച്ചും ഭാവിജീവിതം കെട്ടിപ്പടുക്കാൻ ഇപ്പോഴേ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും ചെറുതല്ലാത്ത ഒരു പ്രസംഗം സഹദേവൻ രാമൻ കുട്ടിയെ കേൾപ്പിച്ചു. വീടെത്തുമ്പോഴേയ്ക്കും സർക്കാരുദ്യോഗം എന്ന മോഹം രാമൻ കുട്ടിയുടെ മനസ്സിൽ പൂവും കായുമിട്ടിരുന്നു. എന്ന് വച്ച് വെറുതേയങ്ങ് കയറിച്ചെന്നാൽ സർക്കാരുദ്യോഗം കിട്ടുമോ? ഇല്ലാ. അതിന് വേണ്ടി രാമൻ കുട്ടി അദ്ധ്വാനിക്കാൻ തുടങ്ങി. പി എസ് സി പരീക്ഷ പാസ്സാകാൻ വേണ്ടിയുള്ള പുസ്തകങ്ങൾ വാങ്ങി രാവും പകലും പഠിച്ചു. ഒരു സുപ്രഭാതത്തിൽ നിയമന ഉത്തരവ് കൈപ്പറ്റുമ്പോൾ അയാൾക്ക് അത്ഭുതമൊന്നും തോന്നിയതേയില്ല.
  
വീട്ടിൽ നിന്നും കൃത്യം 36 കിലോമീറ്റർ അകലെയുള്ള തുറവങ്കോട് പഞ്ചായത്തിലാണ് അയാൾക്ക് നിയമനം ഉത്തരവായിരുന്നത്. സസ്യശ്യാമളകോമളമായ ഒരു പഞ്ചായത്തായിരുന്നു അത്. വിശാലമായ നെൽ പ്പാടങ്ങളും അരുവികളും മരങ്ങളും പൂക്കളും നിറഞ്ഞ മനോഹരമായ ഗ്രാമം. വൈകുന്നേരം ജോലി കഴിഞ്ഞ് കുറേ ദൂരം പ്രകൃതിഭംഗി ആസ്വദിച്ച് നടക്കുകയാണെങ്കിൽ മനസ്സിൽ കുളിർമ്മയും തണലും വിരിയുന്ന ഭൂപ്രദേശം. രാമൻ കുട്ടിയ്ക്ക് സ്ഥലം നന്നേയങ്ങ് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ! എന്നും പോയിവരാനുള്ള ബുദ്ധിമുട്ട് കാരണം ഒരു ചെറിയ വീട് വാടകയ്ക്കെടുത്ത് തുറവങ്കോട്ട് താമസമാക്കുകയായിരുന്നു രാമൻ കുട്ടി.

ഇത് വരെ അയാൾക്ക് ഒരു കുഴപ്പവും വരുന്നില്ല. കൃത്യമായി ഓഫീസിലെത്തുകയും ഊർജ്ജസ്വലനായി ജോലി ചെയ്യുകയും മൂലം അയാൾ പഞ്ചായത്ത് വാസികൾക്കും പ്രിയപ്പെട്ടവനായിത്തീർന്നു. കൂടാതെ പുകവലി, മദ്യപാനം തുടങ്ങിയ ദു:ശ്ശീലങ്ങളില്ലാതിരുന്നതും അയാളുടെ സൽ‌പ്പേരിന് തിളക്കം കൂട്ടി.  പക്ഷേ, ജോലി കിട്ടി ഒരു വർഷം കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവത്തിൽ കാതലായ മാറ്റം സംഭവിക്കുകയായിരുന്നു. കൃത്യമായി ജോലിയ്ക്കെത്താതായി. എത്തിയാലും ആളുകളെ മുഷിപ്പിക്കുന്ന രീതിയിൽ പെരുമാറ്റം തുടങ്ങി. വൈകുന്നേരം മദ്യപാനവും പുകവലിയും രാത്രി വൈകുവോളം അലഞ്ഞ് നടക്കുകയും ചെയ്തു. നാട്ടുകാർക്ക് ഇതിലൊന്നും വലിയ താല്പര്യം ഉണ്ടാവാനിടയില്ലല്ലോ. അവർ അയാളെക്കുറിച്ച് ചർച്ച ചെയ്യുകയും , ഓ ഇതിലൊക്കെ നമ്മളെന്ത് ചെയ്യാനാ എന്ന് സാമാന്യമായി പറഞ്ഞുപേക്ഷിക്കുകയും ചെയ്തു. 

വാസ്തവത്തിൽ നാശത്തിന്റെ പടുകുഴിയിലേയ്ക്ക് എറിയപ്പെടുകയായിരുന്നു രാമൻ കുട്ടി. അപ്പോളയാൾക്ക് മുപ്പത് വയസ്സ് തികയുന്നേയുള്ളായിരുന്നു.വീട്ടുകാർ തനിക്ക് വിവാഹം ആലോചിക്കുന്നുണ്ടെന്ന വിചാരം പോലുമില്ലാതെ അയാൾ അസാന്മാർഗ്ഗിക പ്രവൃത്തികളിൽ മുഴുകുകയും നാട്ടിലും വീട്ടിലും ചീത്തപ്പേരുണ്ടാക്കുകയും ചെയ്തു.
എന്ത് ചെയ്യാൻ! രാമൻ കുട്ടി കൈ വിട്ട് പോയെന്ന് പറഞ്ഞാൽ മതിയല്ലോ.

അങ്ങിനെയിരിക്കേ ഒരു ദിവസം രാത്രി വൈകിയ ശേഷം രാമൻ കുട്ടി പുറത്തേയ്ക്കിറങ്ങി. വാറ്റ് ചാരായം കിട്ടുന്ന സ്ഥലം അന്വേഷിച്ചിറങ്ങിയതായിരുന്നു. പാടവരമ്പും കടന്ന്, കാനനച്ചോലയും കടന്ന് ചാരായം വാറ്റുന്ന മുത്തുച്ചാമി എന്ന തമിഴന്റെ വീട്ടിൽ അയാൾ എത്തിച്ചേർന്നു. മുത്തുച്ചാമി പറമ്പിൽ കുഴിച്ചിട്ടിരുന്ന വാറ്റ് ചാരായത്തിന്റെ കുപ്പിയെടുത്ത് അയാൾക്ക് കൊടുക്കുകയും ചെയ്തു. അയാൾക്ക് പണം കിട്ടിയാൽ മതിയല്ലോ!

ചാരായം കുടിച്ച് കുടിച്ച് ലക്ക് കെട്ട് കനാലിനരികിലൂടെ നടക്കുകയായിരുന്ന രാമൻ കുട്ടി കാല് തെറ്റി കനാലിൽ വീഴുകയായിരുന്നു. നീന്തലറിയാത്ത അയാൾ മുങ്ങിയും പൊങ്ങിയും മരണവുമായി മല്ലിട്ട് ഒടുവിൽ മരണത്തിന് കീഴടങ്ങി.

ഇതിലിപ്പോൾ എന്താണ് അസ്വാഭാവികത എന്നായിരിക്കും നിങ്ങൾ ചോദിക്കാൻ പോകുന്നത്. ഒരാൾ വെറുതേയങ്ങ് മരിക്കുന്നത് സ്വാഭാവികം തന്നെ. ആർക്കും എപ്പോൾ വേണമെങ്കിലും നിന്ന നിൽ‌പ്പിൽ മരിക്കാവുന്ന ലോകമാണല്ലോയിത്! പക്ഷേ, രാമൻ കുട്ടിയുടെ കഥയിലെ പിന്നാമ്പുറത്താണ് രഹസ്യം ഒളിച്ചിരിക്കുന്നത്. അതറിയുമ്പോൾ ‘ അപക്വമതിയായ യുവതിയുടെ ക്രൂരത’ എന്നോ ‘ ഒരു പെണ്ണിന്റെ അലസത കാരണം നഷ്ടപ്പെട്ട ജീവിതം’ എന്നോ കഥയുടെ പേര് മാറ്റേണ്ടതായി വരും. അത് പക്ഷേ സ്ത്രീവിരുദ്ധം എന്ന് ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള പേരിൽ തന്നെ കഥയുടെ തുടർന്നുള്ള ഭാഗം പറയാൻ നിർബന്ധിതനാകുകയാണ്.

കഥ ആറ് മാസങ്ങള്‍ പിന്നോട്ട് സഞ്ചരിക്കുകയാണ്‌. രാമന്‍ കുട്ടി തുറങ്കോട് പഞ്ചായത്തില്‍ ജോലി ചെയ്ത് നല്ല പേര് സമ്പാദിച്ച് കൊണ്ടിരുന്ന സമയം. സുമുഖനും സുശീലനുമായ അയാളെ തുറവങ്കോട്ടെ ഒരു പെണ്‍കുട്ടി രഹസ്യമായി പ്രണയിച്ചിരുന്നു. സുന്ദരി എന്നൊന്നും പറഞ്ഞാല്‍ കഴിയാത്തത്ര സുന്ദരിയായിരുന്നു ഷീല എന്ന അവള്‍. ബി.എ വരെ വിദ്യാഭ്യാസമുള്ള ഷീല ഉപരിപഠനം വേണോ അതോ അച്ഛന്‍ പറയുന്നത് അനുസരിച്ച് വിവാഹം കഴിച്ച് നല്ല കുടുംബിനിയാകണോയെന്ന് ആശയക്കുഴപ്പത്തിലായിരുന്നു. ഇടയ്ക്ക് ആലോചിച്ച് തല പെരുക്കുമ്പോള്‍ അവള്‍ വായനശാലയില്‍ പോയി കവിതാപുസ്തകങ്ങള്‍ വായിക്കും. കൂടാതെ എംബ്രോയ്ഡറി, പെയിന്റിങ് തുടങ്ങിയ കലാപരമായ കാര്യങ്ങളും ചെയ്തിരുന്നു. ഒരു ദിവസം അവള്‍ ഒരു തൂവാലയില്‍ പൂക്കള്‍ തുന്നിക്കൊണ്ടിരിക്കുമ്പോള്‍ ചുവന്ന നൂല് തീര്‍ന്ന് പോയി. പഞ്ചായത്തിനടുത്തുള്ള ഫാന്‍സി സ്റ്റോറില്‍ നൂല്‍ വാങ്ങാന്‍ പോയപ്പോഴാണ് അവള്‍ ആദ്യമായി രാമന്‍ കുട്ടിയെ കാണാനിടയാകുന്നത്( വിധിയുടെ വിളയാട്ടം എന്നോ മറ്റോ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്).

ആദ്യദര്‍ശനത്തില്‍ത്തന്നെ അവള്‍ രാമന്‍ കുട്ടിയില്‍ അനുരക്തയായി. എന്ത് സുന്ദരന്‍. അവള്‍ മനസ്സില്‍ അയാളെ എംബ്രോയ്ഡറി ചെയ്ത് വച്ചു. എന്ന് വച്ച് അയാളുടെ പിന്നാലെ കൂടി പ്രണയാഭ്യര്‍ത്ഥന നടത്താനോ പ്രേമലേഖനങ്ങള്‍ കൊടുത്ത് വിടാനോ അവള്‍ തയ്യാറായിരുന്നില്ല. പുറം കാഴ്ച കൊണ്ട് മാത്രം ഒരു മനുഷ്യനെ മനസ്സിലാക്കാനാകില്ലെന്ന് അവള്‍ക്ക് നല്ലപോലെ അറിയാമായിരുന്നു.

വരട്ടെ..പതുക്കെ കാര്യങ്ങള്‍ മുന്നോട്ട് നീക്കാം..അവള്‍ മനസ്സില്‍ പറഞ്ഞു.

ഇതേ സമയം അനുദിനം ഏകാന്തതയിലേയ്ക്ക് തെന്നി വീഴുകയായിരുന്നു രാമന്‍ കുട്ടി. ഒപ്പം അസാന്മാര്‍ഗികളായ ആളുകളുടെ കൂട്ടുകെട്ടും വന്ന് ചേര്‍ന്നു. ആറ്‌ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യം സൂചിപ്പിച്ചത് പോലെ അയാള്‍ ദു:ശ്ശീലങ്ങളില്‍ മുഴുകാന്‍ തുടങ്ങി. എന്നാല്‍ ഷീല ഇതൊന്നും അറിയുന്നതേയില്ലായിരുന്നു. അവള്‍ പതിവ് പോലെ അടുക്കളയില്‍ അമ്മയെ സഹായിച്ചും കവിതകള്‍ വായിച്ചും ചിത്രപ്പണികള്‍ ചെയ്തും പോന്നു. ഇടയ്ക്ക് പഞ്ചായത്ത് വഴി പോകുമ്പോള്‍ മാത്രം രാമന്‍ കുട്ടിയെ കാണാന്‍ പറ്റുമോയെന്ന് എത്തി നോക്കുകയല്ലാതെ സാധാരണ കാമുകിമാര്‍ക്കുണ്ടാകാറുള്ള അസ്വസ്ഥതകളൊന്നും അവള്‍ക്കുണ്ടായിരുന്നില്ല.

അവള്‍ക്ക് വിവാഹാലോചനകള്‍ വന്ന് തുടങ്ങിയിരുന്നു. രാമന്‍ കുട്ടിയുടെ കാര്യം അപ്പൊഴും അവള്‍ അച്ഛനോടോ അമ്മയോടോ എന്തിന്‍ അടുത്ത കൂട്ടുകാരികളോട് പോലും പറഞ്ഞില്ല. രാമന്‍ കുട്ടിയാകട്ടെ രാത്രിയെന്നോ പകലെന്നോയില്ലാതെ മദ്യപാനം തുടര്‍ന്നു. ഒടുക്കം ആ ദുരന്തം സംഭവിക്കുകയും ചെയ്തു.

ഇതില്‍ നിന്ന് നിങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൌരവം പിടികിട്ടിക്കാണുമെന്ന് കരുതുന്നു. ഷീല ഒരിക്കലെങ്കിലും രാമന്‍ കുട്ടിയോട് തന്റെ മനസിലിരിപ്പ് അറിയിച്ചിരുന്നെങ്കില്‍ ഇതൊക്കെ സംഭവിക്കുമായിരുന്നോ? ഇല്ലാ..ഒരിക്കലും ഇല്ല. രാമന്‍ കുട്ടി ഒരുപക്ഷേ അവളെ വിവാഹം ചെയ്തേനേ. കുറഞ്ഞ പക്ഷം ആസാന്മാര്‍ഗികപ്രവൃത്തികളില്‍ എത്തിപ്പെടാതെയെങ്കിലുമിരുന്നേനേ. എന്ത് ചെയ്യാന്‍, ക്രൂരനായ ദൈവം, മരണം രംഗബോധമില്ലാത്ത കോമാളി എന്നൊക്കെ പറഞ്ഞ് ആശ്വസിക്കയല്ലാതെ! അല്ലെങ്കിലും ഒരു ഞെട്ടലിനും രണ്ട് നെടുവീര്‍പ്പുകള്‍ക്കപ്പുറമൊന്നും ഒരു ദുരന്തവും നമ്മളെ പിടിച്ച് നിര്‍ത്താറില്ലല്ലോ.

തൂവാലയില്‍ പൂക്കള്‍ തുന്നിക്കൊണ്ടിരിക്കുന്ന ഷീലയുടെ ദൃശ്യം മനസ്സില്‍ കണ്ട് കഥ നിര്‍ത്തുന്നു.

ഒരു മനുഷ്യനെ ഇല്ലാതാക്കുന്ന വിധം


തലക്കെട്ടിൽ സൂചിപ്പിച്ചത് പോലെ ഒരു മനുഷ്യനെ ചുമ്മാ അങ്ങില്ലാതാക്കാനുള്ള വഴികളാണ് ഇനി പറയാൻ പോകുന്നത്. ഈ പ്രക്രിയയുടെ പ്രധാന ഗുണം എന്താണെന്നാൽ നിയമത്തിന്റെ നൂലാമാലകൾ ഇല്ലെന്നതാണ്. കൊലപാതകം പോലുള്ള പഴഞ്ചൻ രീതികളിലെ കുരുക്കുകൾ ഒട്ടും തന്നെയില്ല. ശവം മറവ് ചെയ്യൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ തലവേദനകൾ വേണ്ട. കൃത്യം നടന്നതിന് ശേഷവും നിങ്ങൾ മാന്യനും മനുഷ്യസ്നേഹിയുമായ ഒരാളായിത്തന്നെ സമൂഹത്തിൽ തുടരാൻ കഴിയുന്നതാണ്.

ആദ്യമായി ചെയ്യേണ്ടത് ഇല്ലാതാക്കൽ മുറി ഒരുക്കുകയാണ്. എളുപ്പത്തിന് ലാബ് എന്ന് തന്നെ വിളിക്കാം. ലാബ് ഒറ്റപ്പെട്ട ഒരു വീടോ അല്ലെങ്കിൽ ഏതെങ്കിലും കൂറ്റൻ ഫ്ലാറ്റിലെ മുറിയോ ആകാവുന്നതാണ്. തുറസ്സായതും ആൾപ്പെരുമാറ്റം കൂടുതലുള്ളതുമായ സ്ഥലങ്ങൾ പറ്റില്ല. 
ലാബ് താഴെ പറയുന്ന വിധം ഒരുക്കേണ്ടതാണ്.

1.    .നല്ല വെളിച്ചം കിട്ടുന്ന മുറിയായിരിക്കണം.
2.    .ഉറപ്പുള്ള വാതിൽ ഉണ്ടായിരിക്കണം
3.    .കമ്പ്യൂട്ടർ, ഇന്റർ നെറ്റ് തുടങ്ങിയവ ഉണ്ടായിരിക്കരുത്
4.    .മൊബൈലിന് റേഞ്ച് കിട്ടരുത്
5.    .കൂടി വന്നാൽ ഒരു കട്ടിൽ അല്ലെങ്കിൽ കസേര എന്നിവ മാത്രമേ പാടുള്ളൂ
6.    .പാചകം, പന്നിവളർത്തൽ, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളുടെ പുസ്തകങ്ങൾ വയ്ക്കാം ( ഓപ്ഷണൽ)
7.    .കയർ, ലോഹം കൊണ്ടുള്ള ആയുധങ്ങൾ ഒന്നും തന്നെ ഉണ്ടാകാൻ പാടില്ല.
8.     .കുടിക്കാൻ വെള്ളം ഒരു മൺ കൂജ നിറയെ, ഭക്ഷണം.
9.    .സീലിങ് ഫാൻ, പഴയതും കറങ്ങുമ്പോൾ ശബ്ദമുണ്ടാക്കുന്നതുമായത് ഒരെണ്ണം
  .തുറക്കാൻ കഴിയാത്ത ജനലുകളായിരിക്കണം

മേല്പറഞ്ഞ പ്രകാരം മുറി ഒരുക്കിക്കഴിഞ്ഞാൽ പകുതി ജോലി തീർന്നെന്ന് കരുതാം. ഇര പിടിക്കുന്നതാണ് അടുത്ത നീക്കം. ഇല്ലാതാക്കാൻ പോകുന്ന വ്യക്തിയെ പ്രലോഭിച്ച് വീഴ്ത്തുന്നതാണ് എളുപ്പം. ഒരു മദ്യപാനത്തിനോ, ചർച്ചയ്ക്കോ അയാളെ ക്ഷണിക്കുക, മോഹനവാഗ്ദാനങ്ങൾ നൽകുക തുടങ്ങിയ ടെക്നിക്കുക്കൾ പ്രയോഗിക്കാവുന്നതാണ്. ലാബിലേയ്ക്ക് അയാളെ എത്തിക്കുന്നതിന് എന്ത് തന്ത്രവും ഉപയോഗിക്കാം. അയാളെ ഒറ്റയ്ക്ക് ലാബിൽ കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമായിരിക്കും. ലാബിലെത്തിയ ശേഷം അയാളെ സന്തോഷിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യുക. കവിത ചൊല്ലുക, പാട്ട് പാടുക, ചീട്ട് കളിക്കുക എന്നിങ്ങനെ എന്തുമാകാം. മദ്യത്തിന്റെ കൂടെയാകുമ്പോൾ ഇതെല്ലാം നന്നായി ആസ്വദിക്കപ്പെടുകയും ചെയ്യും. അയാൾ നിങ്ങളെ പുകഴ്ത്തും, സ്നേഹത്തെക്കുറിച്ച് പറഞ്ഞ് കരയും, ഉമ്മ വയ്ക്കും, അയാൾക്കുള്ളതെല്ലാം നിങ്ങൾക്കാണെന്ന് പറയും. എല്ലാം ദൈവത്തിന്റെ സഹായം എന്ന് വിനീതനായി സ്വീകരിക്കുക. 

വൈകുന്നേരമായിരിക്കണം ഇതെല്ലാം. രാത്രി ഏതാണ്ട് 10 മണിയാകുമ്പോഴേയ്ക്കും കുടിച്ച് ബോധം മറയുന്ന ( നിങ്ങളല്ല, അയാൾ) രീതിയിലായിരിക്കണം കാര്യങ്ങളുടെ പോക്ക്. നിങ്ങൾ മദ്യപിക്കുന്നുണ്ടെന്ന് ഭാവിക്കാനേ പാടുള്ളൂ.
സമയം രാത്രി 10 മണി.  കുടിച്ച് ബോധം മറഞ്ഞ് കിടക്കുന്ന ഇര. കുപ്പികളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് മുറി വൃത്തിയാക്കി പുറത്തിറങ്ങി വാതിൽ പുട്ടുന്നതോടെ നിങ്ങളുടെ ജോലി കഴിഞ്ഞു. 48 മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തി അയാളുടെ ആത്മാവിനെ സ്വതന്ത്രനാക്കാൻ വേണ്ട് തിരിച്ച് വരാവുന്നതാണ്.

എത്രയെളുപ്പം അല്ലേ? 48 മണിക്കൂറിൽ അവിടെ സംഭവിച്ചതെന്താണ്? പറയാം.

സുഖമായി ഉറങ്ങിയതിന് ശേഷം അയാൾ ഉണരുന്നു. നല്ല തലവേദന കാരണം അസ്വസ്ഥനാണയാൾ. മുറിയിൽ വെളിച്ചം നിറഞ്ഞിരിക്കുന്നു. ആവശ്യത്തിൽ കൂടുതൽ എന്ന് വേണമെങ്കിൽ പറയാം. മുറിയിലെ വസ്തുക്കളുടെ അഭാവം ആണ് വെളിച്ചത്തിന് ആക്കം കൂട്ടുന്നത്. വെള്ളം കുടിച്ച് അയാൾ വീണ്ടും കിടക്കുന്നു. കുത്തിയൊലിക്കുന്ന വെളിച്ചം അയാളെ ശല്യപ്പെടുത്തുന്നുണ്ട്. തലവേദന, വെളിച്ചം എന്നിങ്ങനെ തിരിഞ്ഞും മറിഞ്ഞും കഷ്ടപ്പെട്ട് ഒടുവിൽ വീണ്ടും എഴുന്നേൽക്കുന്നു. വിശന്ന് തുടങ്ങിയ അയാൾ ഭക്ഷണം കഴിക്കാനൊരുങ്ങും. പക്ഷേ, ഒന്നും കഴിക്കാൻ പറ്റുന്നില്ല. ഛർദ്ദിക്കാൻ വരുന്നത് പോലെ. ജനലുകൾ അടച്ചിട്ടിരിക്കുന്നത് കാരണം മുറിയിലെ അന്തരീക്ഷത്തിന് കനം വച്ചിട്ടുണ്ടാകും. ഫാൻ കറങ്ങുന്നുണ്ടെങ്കിലും കാര്യമൊന്നുമില്ല. കുറേ നേരം ഒരോന്നാലോചിച്ചും ഉറങ്ങാൻ ശ്രമിച്ചും സമയം കളയാൻ ശ്രമിക്കുകയായിരിക്കും അയാൾ. ഇവിടെ വച്ചാണ് നമ്മുടെ പദ്ധതിയുടെ തുടക്കം. അസ്വസ്ഥത അയാളെ കീഴ്മേൽ മറിയ്ക്കുന്നു. ഒന്ന് പുറത്തേയ്ക്കിറങ്ങാൻ, ആരോടെങ്കിലും സംസാരിക്കാൻ വെമ്പുന്ന മനസ്സുമായി അയാൾ മുറീൽ ഉലാത്തുകയാണിപ്പോൾ. അപ്പോഴാണ് ഷെൽഫിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ കാണുന്നത്. പാചകം, പന്നിവളർത്തൽ തുടങ്ങിയ പുസ്തകങ്ങളാണെന്ന് കണ്ട് തിരികെ ഷെൽഫിൽ ഉപേക്ഷിക്കുന്നു. റേഞ്ച് ഇല്ലാത്തത് കാരണം മൊബൈലും പ്രയോജനമില്ലാത്തതായി.

ഉച്ചയോടടുക്കുമ്പോൾ വീണ്ടും വിശന്ന് തുടങ്ങിയ അയാൾ ബാക്കിയുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നു. ആദ്യത്തെപ്പോലെ അപ്പോഴും ഛർദ്ദൽ വഴിമുടക്കിയപ്പോൾ വെള്ളം മാത്രം കുടിച്ച് കറങ്ങുന്ന ഫാനിൽ കണ്ണ് നട്ട് കിടക്കുന്നു. ശരീരികമായ കീഴ്പ്പെടുത്തൽ ഇതോടെ അവസാനിച്ച് കഴിഞ്ഞു. തികച്ചും നിരുപദ്രവകരമായ നീക്കങ്ങളിലൂടെയാണ് ഇത് സാധിച്ചെടുത്തതെന്ന് ഓർക്കണം. വെളിച്ചം മുറിയിൽ നിറഞ്ഞ് കവിയുകയാണ്. കണ്ണടച്ചാൽ പോലും ഇരുട്ടാകാത്ത വിധം കൂർത്ത വെളിച്ചം. ശാരീരികമായും മാ‍നസികമായും തളർന്ന് കഴിഞ്ഞ അയാൾ ഉറക്കത്തിലേയ്ക്ക് വഴുതുന്നുണ്ടെങ്കിലും ഉഷ്ണം നിറഞ്ഞതും ഏകാന്തവുമായ ആ മുറി അസ്വസ്ഥതയ്ക്ക് മേൽ അസ്വസ്ഥത കെട്ടിപ്പടുക്കുന്നു.

ഇവിടെ തന്റെ നാശത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണയാൾ.  സന്ധ്യയോടടുക്കുമ്പോൾ ഉറക്കമുണരുന്ന അയാൾ വല്ലാത്ത പിരിമുറുക്കത്തിലായിരിക്കും. വിയർപ്പിൽ കുളിച്ച കുപ്പായം ഊരിയെറിഞ്ഞ് വീണ്ടും ഉലാത്താൻ തുടങ്ങുന്ന അയാളെ ഏറ്റവും ശല്യപ്പെടുത്തുന്നത് ഫാനിന്റെ ശബ്ദമാണ്. അടുത്ത ദിവസം ഇതേ നേരമാകുമ്പോഴേയ്ക്കും ഇര മൃതപ്രായനായിട്ടുണ്ടാകും. പിന്നെ ഏതാനും മണിക്കൂറുകൾക്കകം ആത്മഹത്യ ചെയ്യാൻ പോലും അവസരം കിട്ടാതെ വിഷമിച്ച് അയാളുടെ ആത്മാവ് ശരീരം ഭേദിച്ച് പുറത്ത് കടക്കും. ഈ ആത്മാവിനെ പുറത്ത് കടക്കാൻ അനുവദിക്കുകയാണ് വേണ്ടത്, ആത്മാക്കളെ അലയാൻ അനുവദിക്കുക. നിങ്ങളുടെ കാരുണ്യത്തിലും സ്നേഹത്തിലും ആകൃഷ്ടനായി നാട് വിട്ട് പൊയ്ക്കോളും ആത്മാക്കൾ.

48 മണിക്കൂറുകൾക്ക് ശേഷം മുറി തുറന്ന് അയാളെ വിളിച്ചുണർത്തി തെറ്റ് പറ്റിപ്പോയതാണെന്നും സംഭവിച്ചതിനെല്ലാം മാപ്പ് ചോദിക്കുന്നതായും പറഞ്ഞ് അയാളെ പുറത്തെത്തിക്കുക. ആത്മാവ് നഷ്ടപ്പെട്ട അയാൾ എല്ലാം ക്ഷമിച്ചെന്നും വിഷമിച്ചെന്നും പറഞ്ഞ് കരയാനിടയുണ്ട്. കുറേ കാലത്തേയ്ക്ക് അയാൾ ആരുമായും സംസാരിക്കുകയോ എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യില്ല. നിങ്ങൾ അത്യധികം സമാധാനത്തോടേയും സംതൃപ്തിയോടേയും ജീവിക്കുകയും ചെയ്യാവുന്നതാണ്. ഈ ജന്മത്തിൽ അയാൾ നിങ്ങളുടെ ജീവിതത്തിലേയ്ക്ക് എത്തി നോക്കുകയോ നിങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്യില്ല.

മുന്നറിയിപ്പ്:

 മേൽ‌പ്പറഞ്ഞ രീതി കവികൾ, കലാകാരന്മാർ, കാമുകന്മാർ എന്നിവരിൽ പ്രവർത്തിക്കില്ല. അവർ ഏകാന്തത മുതലെടുത്ത് സൃഷ്ടിപരമായ കാര്യങ്ങളിൽ ഏർപ്പെടാനിടയുണ്ട്. അങ്ങിനെയുള്ളവരെ തല്ലിക്കൊല്ലുകയോ കൊക്കയിലെറിയുകയോ ചെയ്ത് ശല്യം തീർക്കാവുന്നതാണ്.


ഇത്തരത്തിൽ ശ്രദ്ധാപൂർവ്വം ഒരുക്കുന്ന കെണികളിലൂടെ ശത്രുനാശം സാധിക്കാനായുള്ള വഴികൾ ഞങ്ങൾ വിൽക്കുന്നുണ്ട്. എല്ലാവരും വായിച്ച് അതെല്ലാം പ്രയോജനരഹിതമാകാതിരിക്കാൻ പുസ്തകരൂപത്തിൽ ഒന്നും ലഭ്യമല്ല. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെട്ട് അപ്പോയ്മെന്റ് മേടിച്ച ശേഷം ഒറ്റയ്ക്ക് വന്ന് സൂത്രങ്ങൾ മനസ്സിലാക്കേണ്ടതാണ്.
                          
                            ആകർഷകമായ ഓഫർ
രണ്ട് സൂത്രങ്ങൾ ഒന്നിച്ചെടുക്കുന്നവർക്ക് രണ്ടാമത്തെ സൂത്രത്തിന് 25% വിലക്കിഴിവ്


ശുഭം

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ജീവിക്കുന്നതിന്റെ അസ്വസ്ഥതകള്‍

ഇന്നലെ മുഴുവന്‍മഴയായിരുന്നു. പകലും രാത്രിയും. അത് കൊണ്ട് തന്നെ രാവിലെ വെളിച്ചത്തില്‍തണുപ്പ് കലര്‍ന്നിരുന്നു. ഇന്ന് മഴയുടെ ലക്ഷണങ്ങളൊന്നും കാണാനില്ല. സന്തോഷം. ജനല്‍തുറന്നിട്ട് കിടന്നുറങ്ങുന്നതിന്റെ ആഹ്ലാദം മുഴുവന്‍മഴ നശിപ്പിക്കും. പോരാത്തതിന് രാത്രി മുഴുവന്‍ദോശ ചുടുന്നപോലെ ശബ്ദം. രാവിലെ ജനല്‍തുറന്നാലോ നനഞ്ഞ പാളികളില്‍തൊടുമ്പോള്‍നനവ് വിരലുകളില്‍തട്ടി ഉറക്കപ്പിച്ച് ഇല്ലാതാക്കുന്നു. ഉറക്കത്തിന്റെ അവസാനത്തെ അറ്റത്തില്‍തൂങ്ങിപ്പിടിച്ച് കിടക്കുന്നതിന്റെ സുഖം എല്ലാം അതോടെ അവസാനിക്കും.

നിങ്ങള്‍വിചാരിക്കുന്നുണ്ടാകും എത്ര അരസികനായ ഒരാളാണ് ഞാനെന്ന്. ഒരു സാഡ്ഡിസ്റ്റ് എന്ന് പോലും ചിലര്‍പറയും. അങ്ങിനെയൊന്നുമില്ല, കാല്പനികമായല്ലാതെ ഒരിക്കലും നിങ്ങള്‍മഴയെ സമീപിച്ചിട്ടില്ലേ? ഒരിക്കലെങ്കിലും മഴയെ ശപിച്ചിട്ടില്ലേ? അത്യാവശ്യമായി എവിടേയ്ക്കെങ്കിലും പോകാനിറങ്ങുമ്പോള്‍നിങ്ങളുടെ അലക്കിത്തേച്ച വസ്ത്രങ്ങള്‍നനയ്ക്കാനും ചെളി തെറിപ്പിക്കാനും എത്തുന്ന മഴയെ സ്നേഹിക്കാന്‍ഒരു ഭ്രാന്തനേ കഴിയൂ. അതിനേക്കാള്‍സഹിക്കാന്‍പറ്റാത്തത് ദൂരയാത്ര കഴിഞ്ഞ് ബസ്സില്‍നിന്നോ തീവണ്ടിയില്‍നിന്നോ ഇറങ്ങുമ്പോള്‍തകര്‍ത്ത് പെയ്യാന്‍തുടങ്ങുന്ന മഴയാണ്. അത്രയും നേരത്തെ യാത്രയുടേ മുഷിപ്പിനേക്കാളും ഭീകരമാണ് അത്.

ശരി, എല്ലാം മറന്നേക്കൂ. രാവിലെ വെയില്‍കണ്ടതിന്റെ സന്തോഷമാണ്. കാവ്യാത്മകമായ എന്റെ ജീവിതത്തില്‍( അതെ, കേട്ടത് ശരി തന്നെ. നെറ്റി ചുളിയ്ക്കണ്ട) ഇത്തരം മനോഹരമായ നിമിഷങ്ങള്‍ഉണ്ടാകാറുണ്ട്. എന്റെ മുതുകിന്റെ ചൂടില്‍തട്ടി പരുവമായ കിടക്കയില്‍ഇങ്ങനെ പുറം ലോകം നോക്കി കിടക്കാന്‍നല്ല സുഖമാണ്. ജനല്‍തുറക്കൂ, പച്ച പുതച്ച് നില്‍ക്കുന്ന ഭൂമി അതിന്റെ എല്ലാ മാസ്മരികതയോടും എന്നെ ക്ഷണിക്കുന്നത് പോലെ. വെയില്‍ആകാശത്തിന്റെ വിരലുകളാണ്. കാറ്റ് ഭൂമിയുടെ സംഗീതവും. ഞാന്‍ആസ്വദിക്കും. ഉറക്കം കഴിഞ്ഞ് മറ്റ് ചിന്തകളൊന്നും കയറിക്കൂടാതെ തെളിഞ്ഞ മനസ്സോടെ ഞാന്‍ആസ്വദിക്കും. അപ്പോള്‍പൂക്കളും ഇലകളും മലകളും പുഴകളും ചേര്‍ന്ന് സോനറ്റുകള്‍ആലപിക്കും. സെല്ലോയുടെ വിഷാദസ്വരം പോലെ ചിത്രശലഭങ്ങള്‍അങ്ങുമിങ്ങും പാറി നടക്കും. ഗിറ്റാറുകളും വയലിനുകളും സാക്സഫോണുകളും ഓടക്കുഴലുകളുമാകും പ്രകൃതി. ഇടയ്ക്ക് വാന്‍ഗോഗിന്റെ വയലുകള്‍പോലെ മതിലിനപ്പുറം വയലുകള്‍കാണും. പിക്കാസ്സോയും റംബ്രാന്റും ബ്രഷുകളുമായി അങ്ങുമിങ്ങും അലയുന്നുണ്ടാകും. ആകാശം ദാലിയുടെ നിയന്ത്രണത്തില്‍…



എനിക്ക് തലയ്ക്ക് സുഖമില്ലെന്ന് ഇതോടെ നിങ്ങള്‍തീരുമാനിച്ച് കാണും. സാരമില്ല. എന്നെപ്പോലെ സുഖലോലുപനായ ഒരാള്‍ക്ക് വെറുതേയിങ്ങനെ കിടന്ന് കൊണ്ട് ജനലിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍കാണാന്‍കഴിയുന്നത് ഇതും ഇതിനപ്പുറവുമാണ്.

വെയില്‍ജനലിലൂടെ നാക്ക് നീട്ടി എന്നെ തൊടുന്നു. ജനലഴികളുടെ നിഴല്‍എന്റെ ശരീരത്തിലൂടെ വീഴുന്നു. ഞാന്‍പുതപ്പ് നീക്കി. നഗ്നമായ ഉടലിലൂടെ കറുത്ത വരകള്‍വീണപ്പോള്‍ഒരു സീബ്രയെപ്പോലെയായി ഞാന്‍. അനങ്ങുമ്പോള്‍വരകളും അനങ്ങുന്നു. കാല്‍മുട്ട് ഉയര്‍ത്തി താഴേയ്ക്കും മുകളിലേയ്ക്കും ചലിപ്പിച്ചപ്പോള്‍സീബ്ര ഓടാന്‍തുടങ്ങി. കാല്‍തളര്‍ന്നപ്പോള്‍ഓട്ടം നിര്‍ത്തി സീബ്ര പുല്ല് മേയാന്‍പോയി. വെയില്‍തെളിയുകയും മായുകയും ചെയ്യുന്നു. പക്ഷേ, ഉടനെയൊന്നും മഴ പെയ്യുന്ന ലക്ഷണമൊന്നുമില്ല. വളരെ നേരം കിടക്കയില്‍ഒരേ കിടപ്പ് കിടന്ന് പുറം പൊള്ളുന്നത് പോലെ. ഒന്നെഴുന്നേറ്റ് തലയണ മുകളിലേയ്ക്ക് ഉയര്‍ത്തി വച്ച് ചാരിയിരുന്നു. ഇപ്പോള്‍മതിലിനപ്പുറം നാട്ടുവഴികള്‍കൂടിച്ചേരുന്നിടത്ത് പൊതുകിണര്‍വരെ കാണാം. നന്നായി. സമയം ഒമ്പതാകുന്നു. കിണറ്റിന്‍കരയില്‍വെള്ളം കോരാനെത്തുന്ന പെണ്‍കുട്ടികള്‍ഇപ്പോള്‍വീടുകളില്‍നിന്നും പുറപ്പെട്ടിട്ടുണ്ടാകും. അവരുടെ പേരുകള്‍എനിക്കറിയില്ല. പക്ഷെ അവരെയെല്ലാം എനിക്കിഷ്ടമാണ്. എന്നും ഒരേ സമയത്ത് അഞ്ചും ആരും പേരടങ്ങുന്ന കൂട്ടമായി അവര്‍വെള്ളം കോരാനെത്തുന്നു. പച്ചയും നീലയും മഞ്ഞയുമായ പ്ലാസ്റ്റിക് കുടങ്ങള്‍അവരുടെ കൈകളിലുണ്ടാകും. വെള്ളം നിറച്ച കുടങ്ങള്‍ഒക്കത്ത് വച്ച് അവര്‍പോകുന്നത് കാണുന്നത് പ്രത്യേക സുഖമാണ്. ഭാരമേന്തിയ നടത്തം. കാല്‍തെറ്റാതിരിക്ക്നായി ഒരു വശത്തേയ്ക്ക് അരക്കെട്ട് വളച്ചാണ് അവര്‍നടക്കുക. ( കുടം വച്ചിരിക്കുന്ന വശത്തിന്റെ നേരെ വിപരീതദിശയിലേയ്ക്ക് അരക്കെട്ട് വളയുന്നു. ഉദാ: കുടം ഇടത്താണെങ്കില്‍വലത് വശത്തേയ്ക്ക് അരക്കെട്ട് ബാലന്‍സ് ചെയ്യും ) നൃത്തച്ചുവടിലെന്ന പൊലെ ആ നടത്തം അങ്ങേയറ്റം ആസ്വാദ്യകരമാണ്. തിരിച്ച് കാലിക്കുടവുമായി വരുമ്പോള്‍കുടങ്ങളെ മുന്നോട്ടും പിന്നോട്ടും ഊഞ്ഞാലാട്ടിയും മുകളിലേയ്ക്കെറിഞ്ഞ് പിടിച്ചുമാണ് അവര്‍നടക്കുക.

സമയം ഒമ്പതരയാകുന്നു. ആരും വരുന്നില്ല. വെയില്‍നീണ്ട് നീണ്ട് മുറിയുടെ അറ്റം വരെയായി. കഴുത്ത് വേദനിക്കാന്‍തുടങ്ങിയപ്പോള്‍കിടന്നു. കിടക്കയ്ക്ക് ചൂട് പിടിച്ചിരിക്കുന്നു. വെളിച്ചം നിറഞ്ഞ് മുറി അപരിചമായി കാണപ്പെട്ടു. വിവര്‍ത്തനകൃതി വായിക്കുന്നത് പോലെ മനസിലാക്കാന്‍പ്രയാസമുള്ള എന്തൊക്കെയോ ഘടകങ്ങളാല്‍നിറഞ്ഞ് എനിക്ക് ചുറ്റും വേറൊരു ലോകത്തിന്റെ അടയാളങ്ങള്‍പെരുകിക്കൊണ്ടിരുന്നു. കൂറ്റന്‍കാറ്റാടിയന്ത്രം നട്ട് മുളപ്പിച്ചത് പോലെ വിശാലമായ മൈതാനം. കുതിരകള്‍മേയുന്ന പുല്‍ത്തകിടികള്‍. ദൂരെ റെയില്‍ പാളത്തിലൂടെ പായുന്ന തീവണ്ടി. ഞാന്‍നടന്നു. മുള്‍ച്ചെടികള്‍നിറഞ്ഞ വഴികള്‍. ചെരുപ്പില്ലാതെ നടക്കുന്നത് പ്രയാസം. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍വഴി മണല്‍മൂടിയതായി. നടത്തം സുഖമായി. അടുത്തൊന്നും വീടുകള്‍ഉണ്ടായിരുന്നില്ല. കുതിരമേയ്ക്കുന്നവര്‍സിഗരറ്റ് വലിച്ചും കുപ്പിയിലെ മദ്യം രുചിച്ചും തണലുകളില്‍നിരന്നിരുന്നു.

അവരെ ശ്രദ്ധിക്കാതെ ഞാന്‍നടന്നു. കരുത്തന്‍കുതിരകള്‍മേയുന്നിടത്ത് നിന്നും അകലേയ്ക്ക് നടന്നു. ഒരു കുന്ന് കയറിയപ്പോള്‍അപ്പുറത്ത് അരുവിയുടെ ലക്ഷണങ്ങള്‍കാണായി. പച്ചപ്പുല്ല് നിറഞ്ഞ് തീരം. തണുത്ത വെയില്‍വീണ് തിളങ്ങുന്ന അരുവി. അരികിലെവിടെയോ വെള്ളച്ചാട്ടമുണ്ടെന്ന് തോന്നി. വെള്ളം കുടിക്കാനെത്തുന്ന മാനുകളും മുയലുകളും ഒന്നിനേയും ഭയക്കുന്നതായി തോന്നിയില്ല. ഹിംസ്രമൃഗങ്ങള്‍ഇല്ല്ലാത്ത സ്ഥലമായിരിക്കും. ഞാന്‍അരുവിയിലേയ്ക്ക് നടന്നു. ഇളം ചൂടുള്ള വെള്ളം. കാല്‍കഴുകി കുറച്ച് നേരം തീരത്തിരുന്നു. അത്രയും ദുരം നടന്നതിന്റെ ക്ഷീണം പതുക്കെ കുറഞ്ഞ് വന്നു.

ആകാശത്ത് വെളുത്ത മേഘങ്ങള്‍സാന്റാക്ലോസിന്റെ താടി പോലെ ഒഴുകുന്നു. തൊപ്പി വച്ച മലനിരകള്‍ദൂരെ എവിടേയ്ക്കോ പോകാനൊരുങ്ങുന്നത് പോലെ തയ്യാറായി നില്‍ക്കുന്നു. മലഞ്ചെരുവില്‍നിന്നും ആരോ നിഴല്‍പോലെ നടന്നടുക്കുന്നുണ്ട്. അടുത്തേയ്ക്കെത്തുമ്പോള്‍അതൊരു പെണ്‍കുട്ടിയാണ്. കൈയ്യില്‍മഞ്ഞ നിറത്തിലുള്ള കുടവുമേന്തി വരുകയാണ്. അരുവിയിലേയ്ക്ക് തന്നെ.

അവള്‍അടുത്തെത്തി. പാവാടക്കാരിയാണ്. മെലിഞ്ഞ് കൊലുന്നനെയുള്ള അവള്‍നടക്കുന്നത് സ്വപ്നത്തിലെന്ന പോലെയാണ്. കൂടെ ആരും ഇല്ലായിരുന്നു. കുടം മുന്നോട്ടും പിന്നോട്ടും ഊഞ്ഞാലാട്ടി എത്ര മനോഹരമായാണവളുറടെ നടത്തം! വെള്ളം കോരി ഇടുപ്പില്‍കുടം പ്രതിഷ്ഠിച്ച് അവള്‍തിരിച്ച് നടക്കുന്നു. നൃത്തം തന്നെ നൃത്തം. പിന്നണിഗായകരും വാദ്യങ്ങളുമില്ലാതെ സൌകര്യമായി നൃത്തം ചെയ്ത് അവള്‍പോകുന്നു.

തിരികെ വരുമ്പോള്‍അവള്‍ഒറ്റയ്ക്കല്ലായിരുന്നു. അഞ്ചാറ്‌പെണ്‍കുട്ടികള്‍ഒന്നിച്ച്. കിണറ്റിന്‍കരയില്‍അവര്‍നിന്ന് വര്‍ത്തമാനം പറയുകയാണ്. പെട്ടെന്ന് വെയില്‍മാറി. കറുത്ത മേഘങ്ങള്‍ഓടിക്കിതച്ചെത്തി. മഴത്തുള്ളികള്‍ക്രൂരമായി പതിച്ച് തുടങ്ങി. അയ്യോ, മഴ മഴ എന്ന് കരഞ്ഞ് കൊണ്ട് അവര്‍ഓടി. കാഴ്ചയെ മറച്ച് മഴ..മഴ..മഴ…

ഇതാണ് ആദ്യമേ പറഞ്ഞത്. ഈ മഴയ്ക്ക് ഒരു ബോധവുമില്ല. ആവശ്യമില്ലാതെ മാത്രമേ അവതരിക്കാറുള്ളൂ. ഇനി ജനലടയ്ക്കാതെ പറ്റില്ല. കാഴ്ചകളെ ഇല്ലാതാക്കിക്കൊണ്ട് മുറിയില്‍ഇരുട്ട് നിറച്ച് ജനല്‍പ്പാളികള്‍ചേരുന്നു. സമയം പത്തര. ഉറങ്ങാന്‍ശ്രമിക്കാം, വേറൊന്നും ചെയ്യാനില്ല. ഉറക്കം വന്നില്ലെങ്കില്‍തിരിഞ്ഞും മറിഞ്ഞു കിടന്ന് നേരം പോക്കണം. ഉച്ച വരെ. അത് കഴിഞ്ഞ് എന്ത് ചെയ്യുമെന്നോ? സുഖ്ോലുപനായ എനിക്ക് അതൊന്നും വിഷയമല്ല് കാവ്യാത്മകമായ ദിവസങ്ങള്‍തുടരുക തന്നെ ചെയ്യും.

അപ്പോള്‍ഇനി ഉച്ചയ്ക്ക്. ജനാല തുറക്കാം, കാഴ്ചകള്‍കാണാം…

മഴയില്ലെങ്കില്‍മാത്രം….

മുരുകന് – ന:45



“എറണാകുളം മേനക ജങ്ക്ഷന് സമീപം കുപ്പത്തൊട്ടിയിൽ നിന്നും എച്ചിൽ വാരിത്തിന്നുമ്പോഴാണ് ബ്രദർ മാവൂരൂസ് എന്റെ ജീവിതത്തിലേയ്ക്ക് വന്നത്. എച്ചിൽ തിന്നരുതെന്ന് അദ്ദേഹം ഉപദേശിച്ചു. എവിടെ താമസിക്കുന്നെന്ന് ചോദിച്ചു. ‘ അന്ധകാര കോളനി’ യെന്ന് മറുപടി പറഞ്ഞു. അന്ന് ഉദയാകോളനി, അന്ധകാര കോളനിയായിരുന്നു. പിന്നീടാണ് അന്ധകാരം ഉദയമായത്.              - മുരുകൻ

എച്ചിൽ കൂമ്പാരത്തിൽ കൈയ്യിട്ട് വാരിത്തിന്ന് വിശപ്പടക്കിയിരുന്ന ബാല്യകാലം മുരുകന് ഒരിക്കലും മറക്കാനാവില്ല. തെരുവിലായിരുന്നു ജീവിതം. കുപ്പ പെറുക്കി വിറ്റ് കിട്ടുന്ന പൈസയായിരുന്നു ഒരേയൊരു വരുമാനം. എച്ചിൽ കൂമ്പാരത്തിൽ ചികഞ്ഞ് കൊണ്ടിരിക്കെയാകും ‘ കഞ്ഞിപ്പുര വണ്ടിക്കാർ’ പിടിച്ച് കൊണ്ട് പോകുക. തെരുവിലെ കുട്ടികളെ കൊണ്ട് പോയി മൂന്ന് നേരം കഞ്ഞി വിളമ്പുന്ന, മാനസികരോഗികളും അനാഥരും അന്തിയുറങ്ങുന്ന അഗതിമന്ദിരത്തെയാണ് അവർ ‘ കഞ്ഞിപ്പുര’ എന്ന് വിളിക്കുന്നത്. അവരുടെ വണ്ടി കഞ്ഞിപ്പുര വണ്ടിയുമായി. അവരെ കാണുമ്പോൾ അവർ ഓടിയൊളിക്കും. ഒരു നാൾ അത് സാധിച്ചില്ല. അവരുടെ പിടിയിലായി, തടവിലായി എന്ന് പറയുന്നതായിരിക്കും യോജിക്കുക.

കഥ പറയുന്നത് എസ്.മുരുകൻ. കൊച്ചി നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്നു. തമിഴ്  നാട്ടിലെ ചെങ്കോട്ടയാണ് സ്വദേശം. അച്ഛൻ ഷണ്മുഖം, അമ്മ വള്ളി. പീരുമേട്ടിനടുത്ത് ഒരു എസ്റ്റേറ്റിൽ ജോലിക്കാരായിരുന്നു അവർ. അന്ന് മുരുകൻ കുഞ്ഞായിരുന്നു. അച്ഛൻ തങ്ങളെ വിട്ട് പോയപ്പോൾ അമ്മയാണ് കൂലിപ്പണിയ്ക്ക് പോയി കുടും ബം പോറ്റിയിരുന്നത്. കുട്ടിക്കാനത്തെ ഒരു ഇം ഗ്ലീഷ് മീഡിയം സ്കൂളിൽ മുരുകൻ പഠിക്കാൻ പോയിരുന്നു. കാലിൽ ചെരുപ്പില്ലാതെയാണ് സ്കൂളിൽ പോയിരുന്നത്. മറ്റ് കുട്ടികളുടെ ഷൂസും ഉടുപ്പുമെല്ലാം കൊതിയോടെ നോക്കിയിരുന്ന കാലം. ഫീസ് കൊടുക്കാൻ പറ്റാതായപ്പോൾ പഠനം നിലച്ചു. രണ്ട് വർഷത്തിന് ശേഷം അച്ഛൻ തിരിച്ചെത്തി. പീരുമേട്ടിൽ നിന്നും അവർ കൊച്ചിയിൽ അഭയം തേടി. കൊച്ചിയിലെ ഗാന്ധിനഗറിന് സമീപം ഉദയാ കോളനിയിൽ അവർക്കും കിട്ടി ഒരിടം. ഉദയാ കോളനി ഒരു ചേരിയാണ്.

മേനക ജങ്ക്ഷന് സമീപമുള്ള ബേക്കറിയിലെ എച്ചിലാണ് മുരുകന്റേയും കൂട്ടുകാരുടേയും പ്രധാന ഭക്ഷണം. വൈകുന്നേരമാകുമ്പോൾ എല്ലാവരും സ്ഥലത്തെത്തും. ബേക്കറിക്കാർ കൂടുകളിലാക്കി പുറത്തേയ്ക്കെറിയുന്നത് തൊട്ട് നക്കി വിശപ്പടക്കാൻ നോക്കും. പ്ലാസ്റ്റിക്കും മറ്റും പെറുക്കി വിറ്റ് കിട്ടുന്ന കാശ് കൊണ്ട് സിനിമ കാണാൻ പോകും.  കാശില്ലെങ്കിൽ സിനിമയില്ല. കുട്ടികളുടെ പാർക്കിനരികിൽ പോയിരിന്ന് സമയം പോക്കും.



മുരുകന്റെ ഓർമ്മകൾക്ക് തെരുവിന്റെ ചൂടും ചൂരുമാണ്. നഗരത്തിലെ തെരുവുകളിൽ ഇരുട്ട് പിടിക്കുമ്പോൾ ജീവിതം കളങ്കപ്പെടുന്നതറിയാം. കൊച്ചിയുടെ സിരകളിലൂടെ രാവും പകലുമെന്നില്ലാതെ ഓട്ടോറിക്ഷ ഓടിക്കുമ്പോൾ, ജീവിതങ്ങൾ തകർന്ന് വീഴുന്നത് നേരറിവുകളാണ്.

കഞ്ഞിപ്പുരക്കാരുടെ പിടിയിലായപ്പോൾ ജീവിതം അവസാനിച്ചെന്ന് കരുതിയതായിരുന്നു. അപ്പോഴാണ് എറണാകുളം ഡോൺ ബോസ്കോ സ്നേഹഭവനിലെ ബ്രദർ മാവുരൂസ് മാളിയേക്കലും സഹപ്രവർത്തകരും വന്ന് അവരെ സ്നേഹഭവനിലെത്തിച്ചത്. പിന്നീട് പത്ത് വർഷം അവിടെ നിന്നു. മലയാളം അറിയാത്തത് കൊണ്ട് സ്കൂളിൽ സ്ഥിരമായി സ്ഥാനം ലഭിച്ചില്ല. പകരം കൽ‌പ്പണി പഠിച്ചു. തെരുവിലെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഡോൺ ബോസ്കോ ചൈൽഡ് ലൈനിൽ വോളണ്ടിയറായി പ്രവർത്തിച്ചു. അതോടെ മുരുകന്റെ ജീവിതം ഒരു വഴിത്തിരിവിലെത്തുകയായിരുന്നു.

ഇപ്പോൾ മുരുകൻ, തെരുവോരപ്രവർത്തകർ എന്ന സന്നദ്ധസം ഘടനയുടെ ജനറൽ സെക്രട്ടറിയാണ്. ഇന്നോളം രണ്ടായിരത്തിലേറെ അനാഥക്കുട്ടികളെ രക്ഷിച്ചിട്ടുണ്ട്. മാനസികവൈകല്യമുള്ളവരും, ഭിക്ഷാടനമാഫിയക്കാരുടെ പിടിയിലായവരുമായവര്‍ അതില്‍ ഉള്‍പ്പെടുന്നു. കൊച്ചിക്കാർക്ക് സുപരിചിതമാണ് മുരുകനും മുരുകന്റെ ഓട്ടോറിക്ഷയും. തെരുവിൽ വലിച്ചെറിയപ്പെടുന്ന ജീവിതങ്ങൾക്കായി സ്വന്തം ജീവിതം ഉഴിഞ്ഞ് വച്ച മുരുകന് കയ്പ്പേറിയ അനുഭവങ്ങളും ഏറെ ഉണ്ടായിട്ടുണ്ട്. 


തെരുവോരങ്ങളില്‍ അലഞ്ഞ് തിരിയുന്നവരെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങള്‍, ഭിക്ഷാടനമാഫിയ എന്ന് തുടങ്ങി പോലീസുകാരില്‍ നിന്നും അനാഥാലയങ്ങളില്‍ നിന്നും വരെ മുരുകന് തിരസ്ക്കാരവും അവഗണനയും നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും മുരുകന്‍ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട് നീങ്ങുകയാണ്. അഞ്ചാം വര്‍ഷത്തിലേയ്ക്ക് തുടരുന്നു മുരുകന്റെ തെരുവോരപ്രവര്‍ത്തനം. എന്തിന് ഇതെല്ലാം എന്ന് ചോദിച്ചാല്‍ മുരുകന്‍ പറയും, മുരുകന്‍ ന: 45 എന്ന ഒര്‍മ്മ കാരണമെന്ന്.



സ്നേഹഭവനിലെ മുരുകന്റെ നമ്പര്‍ ആയിരുന്നു 45. ഇപ്പോഴും മുരുകന്റെ പ്രിയപ്പെട്ട നമ്പര്‍ അത് തന്നെ. ഓര്‍മ്മകള്‍ക്ക് അവധി നല്‍കിക്കൊണ്ട് മുരുകന്റെ ഓട്ടോറിക്ഷ തെരുവുകളിലൂടെ ഓടുകയാണ്. യാത്രക്കാര്‍ക്ക് വേണ്ടിത്തന്നെ. ടിക്കറ്റും ഇറങ്ങേണ്ട സ്ഥലവുമുള്ളവര്‍ക്കല്ല, വഴിയറിയാതെ ജീവിതത്തിന്റെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് വേണ്ടി.


( തുടരും..)


മുരുകന്റെ മൊബൈല്‍ നമ്പര്‍ : 09846051098
ഇ മെയില്‍ ; autotheruvora@gmail.com

അല്പം


മദ്യപാനം നടക്കുന്ന മുറിയിലേയ്ക്ക് മുൻ കൂട്ടി അറിയിക്കാതെ കയറിച്ചെല്ലരുത്

വളരെ നേരം നടന്നത് കൊണ്ടായിരിക്കണം, നടത്തത്തിന് വലിവുണ്ടായിരുന്നു. സന്ധ്യനേരത്തെ മുഷിപ്പിക്കുന്ന അരണ്ട വെളിച്ചത്തിലൂടെ വഴിവിളക്കുകളും വീടുകളും പ്രകാശിച്ച് കൊണ്ടിരുന്നു. ഗേറ്റ് തുറന്ന് വരാന്തയിലേയ്ക്കെത്തിയപ്പോൾ ചിതറിക്കിടക്കുന്ന ചെരുപ്പുകൾ കണ്ടു. അകത്ത് എന്തോ രഹസ്യം സംഭവിക്കുന്നതിന്റെ നിശ്ശബ്ദത അവിടമാകെ തളം കെട്ടി നിൽക്കുന്നു. കോളിങ് ബെൽ അടിച്ചപ്പോൾ കസേരകൾ നിരങ്ങുന്നതിന്റേയും ആരൊക്കെയോ പിറുപിറുക്കുന്നതിന്റേയും ശബ്ദങ്ങൾ നേർത്തു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ വാതിൽ തുറക്കപ്പെട്ടു. തുറന്നതാരാണെന്നറിയില്ല, ഹാളിൽ ഡൈനിങ് ടേബിളിന് ചുറ്റും ഇരിക്കുന്നവർ ഒരേ അച്ചിൽ വാർത്തെടുത്ത അസഹിഷ്ണുതയോടെയും ആകാംക്ഷയോടെയും നോക്കി. മേശപ്പുറത്ത് ഒളിപ്പിക്കാൻ പരാജയപ്പെട്ട ആഘോഷത്തിന്റെ അവശിഷ്ടങ്ങൾ.

‘ ഹോ..നീയായിരുന്നോ..വാ..വാ..’ അവൻ ആശ്വാസത്തോടെ പറഞ്ഞു. വാതിലടച്ചേക്കാൻ ആം ഗ്യം കാണിച്ചു.  മറ്റുള്ളവർ കുറച്ച് നേരത്തെ പിരിമുറുക്കത്തിൽ നിന്നും മുക്തരായി സിഗരറ്റ് കത്തിക്കാനും കപ്പലണ്ടി കൊറിക്കാനും തുടങ്ങി.

അവനെയൊഴിച്ച് മറ്റുള്ളവരെയാരേയും എനിക്ക് പരിചയമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി വലിഞ്ഞുകയറി വന്നയാളെ കൂടെ കൂട്ടണോ വേണ്ടയോ എന്ന ആശയക്കുഴപ്പം എല്ലാവരുടേയും നെടുവീർപ്പുകളിൽ ഉണ്ടായിരുന്നു. അവൻ എല്ലാവരേയും സമാധാനിപ്പിക്കാനെന്ന വണ്ണം ഉറക്കെ ചിരിച്ചു. സന്ദർഭം അലിഞ്ഞു.

‘ ഫ്രണ്ട്സ്..ഇത് എന്റെ കൂട്ടുകാരൻ കൂടുതൽ പരിചയപ്പെടുത്തലുകളൊക്കെ പിന്നീട്..ഇപ്പോൾ എല്ലാവർക്കും ഇവനെ അറിയാമെന്ന് മാത്രം വിചാരിക്കുക’ അവൻ പറഞ്ഞു. ഒന്ന് രണ്ട് പേർ പുച്ഛം കലർന്ന ചിരി ചിരിച്ചു. ബാക്കിയുള്ളവർ തലയാട്ടി ഒഴിഞ്ഞ് ഗ്ലാസ്സുകളെ നോക്കി.

വളരെ നേരമായി മദ്യപാനം നടക്കുന്നത് കൊണ്ടായിരിക്കണം, അന്തരീക്ഷത്തിന് വല്ലാത്ത ചുവയുണ്ടായിരുന്നു. പുറത്തെന്നത് പോലെ അകത്തും വെളിച്ചം വിഷാദിച്ചിരുന്നു. എല്ലാത്തിനുമുപരി, കെട്ട് പൊട്ടിച്ച് ചാടാനൊരുങ്ങുന്ന ഹിംസ മൃഗത്തെ അവിടെയെവിടെയോ കെട്ടിയിട്ടിരിക്കുന്നത് പോലെ ഒരു ഭീതി.

‘ നീ കൂടുന്നില്ലേ? ‘ അവൻ മേശയ്ക്കടിയിൽ നിന്നും കുപ്പിയെടുത്ത് ഗ്ലാസ്സുകളിൽ ഒഴിക്കാൻ തുടങ്ങി.

‘ ഇല്ല’ സ്വരത്തിൽ ആവുന്നത്ര മാർദ്ദവം വരുത്തിക്കൊണ്ട് പറഞ്ഞു.

‘ അതെന്താ? വേറെ വല്ലതുമുണ്ടോ? ‘

‘ ഇല്ല..ഞാൻ ചുമ്മാ കയറിയെന്നേയുള്ളൂപിന്നെ വരാം’

അവൻ തടഞ്ഞില്ല. വാതിൽ തുറന്ന് പുറത്തിറങ്ങി. ആകാശം കറുത്ത കമ്പിളി പോലെയുണ്ടായിരുന്നു. ഭൂമി, കീറിയ ആകാശം പോലെയും. ഗേറ്റ് അടച്ച് ചരൽ വിരിച്ച പാതയിലൂടെ നടക്കുമ്പോൾ തോന്നി, വരേണ്ടായിരുന്നെന്ന്.

സദസ്സിൽ നിന്നും പുറത്താക്കപ്പെട്ടവന് പിന്നെ ഒരിടത്തും സ്ഥാനമില്ല

വന്ന ദൂരമത്രയും തിരിച്ച് നടക്കണമെന്നോർത്തപ്പോൾ സങ്കടം തോന്നി. കാലുകൾ ഉള്ളതായി തോന്നുന്നില്ല. വളഞ്ഞും പുളഞ്ഞും പോകുന്ന ഇടവഴികളിലൂടെ ഒന്നര കിലോമീറ്ററോളം നടന്നാലേ മെയിൻ റോഡിൽ എത്തുകയുള്ളൂ. സമീപത്തെങ്ങും ഒരു പെട്ടിക്കട പോലും കാണാനില്ല. സമയം വൈകിക്കൊണ്ടിരിക്കുന്നു. ലോകം ഉറക്കത്തിലേയ്ക്കും, ഉറങ്ങാത്തവർ ഏകാന്തതയിലേയ്ക്കും നീങ്ങുന്നു. ഇടയ്ക്കിടെ വഴിവിളക്കുകൾ കത്തുന്നുണ്ടായിരുന്നില്ല. വൈകുന്നേരം പെയ്ത മഴ സൃഷ്ടിച്ച ചെറുജലാശയങ്ങൾ എപ്പോൾ വേണമെങ്കിലും കാലുകളെ നനയ്ക്കാം. എവിടെയൊക്കെയോ പട്ടികളുടെ ഭീകരമായ കുരകൾ മുഴങ്ങുന്നുണ്ട്.
നടത്തം തുടർന്നു. ഏതൊക്കെയോ എളുപ്പവഴികൾ ഓർമ്മയിൽ കളഞ്ഞ് പോയിട്ടുണ്ട്. ഇരുട്ടത്ത് തപ്പിയെടുക്കാൻ പ്രയാസം. വിഷമവും ദേഷ്യവും കലർന്ന് ഭൂതം കയറിയത് പോലെയായി. ഇന്നേ ദിവസം തന്നെ, അതും അസമയമടുക്കാറാകുമ്പോൾ ഇറങ്ങിത്തിരിച്ച അവനവനെത്തന്നെ പഴിച്ചാൽ മതിയല്ലോ!. 
വിയർപ്പ് മുക്കിയ ജുബ്ബ ദേഹത്ത് ഒട്ടിപ്പിടിച്ച് അസൌകര്യമുണ്ടാക്കുന്നു. ഒപ്പം സ്വന്തം ശരീരത്തിന്റെ ഗന്ധവും. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ദുർബലമായ കാറ്റ് വീശാൻ തുടങ്ങി. വീടുകൾ കുറഞ്ഞ് കുറഞ്ഞ് വരുന്നു. നെൽ‌പ്പാടങ്ങളുടെ നടുവിലൂടെയുള്ള നീണ്ട മൺ പാത മുന്നിൽ അവ്യക്തമായി കണ്ടു. അനന്തത മാത്രമാണ് മുന്നിലെന്ന് തോന്നി. പോകേണ്ട മെയിൻ റോഡും ബസ്റ്റോപ്പും ആരോ ദൂരേയ്ക്ക് മാറ്റി നട്ടിരിക്കുന്നു. ഈ യുഗം മുഴുവൻ നടന്നാലും എത്താത്തത്ര ദൂരെ. പത്ത്  പേർ ഒന്നിച്ച് നടന്നാലും എത്താത്തത്ര ദൂരെ. പിന്നെയാണ് വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ ഒരാൾ. ആരോടെങ്കിലും വഴി ചോദിക്കാമെന്ന് വച്ചാൽ പരിസരത്തൊന്നും ഒരു പക്ഷിയെപ്പോലും കാണാനില്ല.

മൺ പാത ഒരു തരത്തിൽ അവസാനിച്ചത് കടൽ ത്തീരത്തേയ്ക്കായിരുന്നു. മീനിന്റെ മണമുള്ള കാറ്റ്. ചൂട് മാറാത്ത മണൽ. ദൂരെ ബോട്ടുകൾ മിന്നാമിനുങ്ങുകളെപ്പോലെ വെളിച്ചം കാണിക്കുന്നു. തിരകൾ ആരേയും നോവിക്കാത്ത വിധം വന്നും പോയ്ക്കോണ്ടുമിരുന്നു. മണലിൽ ഇരുന്നപ്പോൾ ദേഹമാകെ ഊർന്ന് വീഴുന്നത് പോലെ തോന്നി. വിശപ്പ് തുളച്ചെടുക്കുന്ന വയർ. വരണ്ട് നിശ്ചലമായ തൊണ്ട. കിതയ്ക്കുന്ന തലച്ചോർ.

കുറച്ച് നേരം തിരകളിൽ കാലിളക്കി നടന്നു. കടപ്പുറം ഉറങ്ങിക്കഴിഞ്ഞിരുന്നു. കരയ്ക്ക് കയറ്റിയിട്ടിരിക്കുന്ന വള്ളങ്ങൾ ഒറ്റയാന്മാരെപ്പോലെ നോക്കി. എഴുന്നേറ്റ് വന്ന് കൊമ്പുകൾ ചൂണ്ടുമെന്ന് തോന്നി. നടത്തം വേഗത്തിലാക്കി. തിരകൾ ആളുകളെ വിളിച്ച് കൂട്ടാൻ പോകുന്നത് പോലെ. ഓട്ടത്തിന് സമാനമായ വേഗത്തിൽ നടന്നു. ഉപ്പുകാറ്റേറ്റ് മുഖം വരണ്ടു. അടുത്ത് കണ്ട ഇടവഴി കയറി കടലിൽ നിന്നും രക്ഷപ്പെട്ടു. ആശ്വാസം, അവിടെ ഒരു ബസ്റ്റോപ്പുണ്ടായിരുന്നു.

ഭിക്ഷാടകർ അന്തിയുറങ്ങാൻ ഒരുക്ക് കൂട്ടുന്ന ബസ് വെയ്റ്റിങ് ഷെഡ്. മൂത്രത്തിന്റെ അസഹ്യമായ ഗന്ധം. കൊതുകുകളുടെ ആക്രമണം. ദൂരെ നിന്നും ഒരു വെളിച്ചം അടുത്തേയ്ക്ക് വരുന്നത് കണ്ടു. ബസ് അല്ല. ലോറിയോ മറ്റോ ആയിരിക്കണം. റോഡിലേയ്ക്കിറങ്ങി രണ്ട് കൈയ്യും നിവർത്തി കുരിശിലേറ്റപ്പെട്ടവനെപ്പോലെ നിന്നു. വണ്ടി അടുത്തെത്തി. ഒരു വാൻ ആയിരുന്നു.

‘ ടൌണിൽ എവിടെയെങ്കിലും.’ യാചനയുടെ സ്വരത്തിൽ..

ഒന്നും ഒന്നിനും പരിഹാരമാകുന്നില്ല, ഒരിക്കലും
എപ്പോഴോ ഉറങ്ങിപ്പോയ പട്ടണം. സോഡിയം വിളക്കുകളുടെ കൂറ്റൻ പ്രകാശങ്ങൾ. തെരുവ്പട്ടികൾ ഒറ്റയ്ക്കും കൂട്ടമായും മേയുന്നു. വാനിൽ കിട്ടിയ നാമമാത്രമായ ഇരിപ്പിടം നടുവിനെ പരീക്ഷിക്കുന്നതായിരുന്നു. ഇരുന്ന് തോറ്റ് കനത്ത വേദനയോടെയാണ് ഇറങ്ങിയത്. മുഷിഞ്ഞ് നാറിയ നിലയിൽ ഏതോ നാട്ടിലേയ്ക്ക് നീളുന്ന റോഡിനരികിൽ നിൽക്കുമ്പോൾ കഴിഞ്ഞതെല്ലാം ആരോ പറഞ്ഞോർമ്മിപ്പിക്കുന്നത് പോലെ.
ഇരുവശത്തും മഴവെള്ളം കെട്ടി നിൽകുന്ന റോഡിലൂടെ നടന്നു. അല്പം വിശ്രമിച്ചാലേ എന്തെങ്കിലും തീരുമാനിക്കാൻ പറ്റൂ. കാലിൽ എപ്പോഴോ ഒരു ഞൊണ്ടൽ കയറിക്കൂടിയിരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. എവിടെയോ മുറിഞ്ഞ പോലെ വേദനയുമുണ്ട്. പാന്റ് മുകളിലേയ്ക്ക് ഉയർത്തി നോക്കിയപ്പോൾ ഉപ്പുറ്റിയ്ക്ക് മുകളിലായി മുറിഞ്ഞ് ചോരയൊലിക്കുന്നത് കണ്ടു. എപ്പോൾ സംഭവിച്ചതാണെന്ന് ഓർമ്മിക്കാൻ കഴിഞ്ഞില്ല.

രണ്ട് വളവുകൾ കഴിഞ്ഞപ്പോൾ ഒരു തട്ടുകട കണ്ടു. ഒന്ന് രണ്ട് പേർ കഴിക്കുന്നുണ്ട്. ആഞ്ഞ് നടന്നു. ദാഹിക്കുന്നു. വെള്ളം കുടിച്ചില്ലെങ്കിൽ ഈ പട്ടണത്തിൽ കിടന്ന് മരിക്കും. ദോശക്കല്ലിൽ ചട്ടുകം കൊണ്ട് മുട്ടിക്കൊണ്ട് കടക്കാരൻ ആളുകളെ ആകർഷിക്കുന്നുണ്ട്. 
മഗ്ഗിൽ വച്ചിരുന്ന വെള്ളം ആർത്തിയോടെ കുടിച്ചു. ആശ്വാസം തോന്നി. വിശക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ പണം തികയില്ല. ആളുകൾ ഉള്ള സ്ഥലമായത് കൊണ്ട് കുറച്ച് മാറി നിന്നു. ബസ്സ് കിട്ടുന്നിടം ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കണം.

അല്പനേരം കഴിഞ്ഞപ്പോൾ ദോശ കഴിച്ചുകൊണ്ടിരുന്ന ഒരാൾ കൈ കഴുകി അടുത്ത് വന്ന് സിഗരറ്റ് കത്തിച്ചു. പാതിരാത്രിയിൽ ഒരിടത്ത് കണ്ടുമുട്ടുന്ന അപരിചിതർക്കിടയിൽ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള സൌഹൃദം അപ്പോഴും ഉളവായി.

‘ വല്ലാതെ വലഞ്ഞിരിക്കുന്നല്ലോ’ അയാൾ ചോദിച്ചു. അത് വരെ നടന്നതെല്ലാം അയാളെ വിശദമായി പറഞ്ഞ് കൊടുത്തു.

‘ ഹോ..അടുത്ത കാലത്തൊന്നും ഇങ്ങനെയൊരെണ്ണം ഞാൻ കേട്ടിട്ടില്ല..ഭയങ്കരം തന്നെ’

അയാൾ ഒരു കഥാകൃത്താണെന്ന് പറഞ്ഞു. ഒരാവശ്യവുമില്ലാതെ സാഹിത്യത്തെക്കുറിച്ചെല്ലാം സംസാരിച്ചു. വിശപ്പ് വാട്ടിയ മനസ്സോടെ എല്ലാം തലയാട്ടി കേട്ടു.

‘ അല്ലാനിങ്ങൾ ആരെയോ കാണാൻ പോയെന്ന് പറഞ്ഞല്ലോ..എന്തിനായിരുന്നു അത്?’

‘  കുറച്ച് രൂപാ കടം ചോദിക്കാൻ പോയതായിരുന്നു’ 

‘ എന്നിട്ട് കിട്ടിയില്ല അല്ലെ?’

‘ ഇല്ല’

‘ ഇനിയിപ്പോ..ഇവിടന്ന് ബസ്സൊന്നും കാണില്ല. ടൌണിൽ ആരെങ്കിലും പരിചയക്കാർ ഉണ്ടോ?’

‘ ഉണ്ട്..പക്ഷേ..രാവിലെയേ കാണാൻ പറ്റൂ’

‘ അപ്പോൾ രാവിലെ വരെ എന്ത് ചെയ്യും? ‘

‘ അറിയില്ല’

‘ ഉം..വല്ലാത്ത അവസ്ഥ തന്നെകഷ്ടം ‘ ഇത്രയും പറഞ്ഞ് അയാൾ ബൈക്ക് സ്റ്റാർട്ടാക്കി യാത്ര പറഞ്ഞു.

തട്ടുകടയിൽ തിരക്കൊഴിഞ്ഞിരുന്നു. കടക്കാരൻ ബീഡി വലിച്ച് ഒരു ബഞ്ചിലിരിക്കുന്നു. അടുത്തേയ്ക്ക് ചെന്ന് ജഗ്ഗിൽ ബാക്കിയുണ്ടായിരുന്ന വെള്ളം തൊണ്ടയിലൂടെ ഇറക്കിയപ്പോൾ എവിടെയോ കുടുങ്ങിപ്പോയ പോലെ..

moments - a short film

ഒരു ചെറിയ പരീക്ഷണം..



moments - a short film

ഒരു ചെറിയ പരീക്ഷണം..



കള്ള് ചെത്തുകാരന്റെ കാഴ്ചകൾ - ബെൻ ഒക്രി

ഒരിടത്ത് ഒരു മിടുക്കനായ കള്ള്ചെത്തുകാരനുണ്ടായിരുന്നു. അയാൾ പന കയറുന്നതും കള്ള് ചെത്തുന്നതും എന്തിനേക്കാളേറെ ആസ്വദിച്ചിരുന്നു. ഒരു രാത്രി അയാൾ കള്ള് ചെത്തുന്നതിനിടയിൽ പനയിൽ നിന്നും വീണ് മരിക്കുന്നതായി സ്വപ്നം കണ്ടു. സ്വപ്നം കണ്ട് അസ്വസ്ഥനായ അയാൾ തന്റെ സുഹൃത്തും പ്രശസ്ത നാട്ടുവൈദ്യനുമായ ടബാസ്കോയെ കാണാൻ പുറപ്പെട്ടു. പക്ഷേ, അന്ന് രാത്രി ടബാസ്കോ വളരെ തിരക്കിലായത് കാരണം അയാൾ പറയുന്നതൊന്നും കാര്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അയാളുടെ അനേകം ഭാര്യമാരുടെ പരാതികൾ കാരണം വിഷമത്തിലായ നാട്ടുവൈദ്യൻ മുരുമുളക് ചവച്ചും പനങ്കള്ള് കൊണ്ട് വായ നനച്ചുമിരുന്നു. കള്ള്ചെത്തുകാരൻ തിരികെ പോകാനൊരുങ്ങിയപ്പോൾ നാട്ടുവൈദ്യൻ അയാളെ അരികിൽ വിളിച്ച് കൌതുകകരമായ ഒരു കാര്യം പറഞ്ഞു:

‘ എനിക്കറിയാവുന്ന ഒരു വേട്ടക്കാരൻ ഒരു ദിവസം വേട്ടയ്ക്ക് പോയപ്പോൾ ഒരു വിചിത്രമായ കലമാനിനെ കണ്ടു. കലമാൻ ഒരു ചിതൽ പുറ്റിനരികിലെത്തുന്നത് വരെ അയാളതിനെ പിന്തുടർന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കലമാൻ ഒരു സ്ത്രീയായി മാറി അപ്രത്യക്ഷമായി. ആ സ്ത്രീ തിരിച്ച് വരുന്നതും കാത്ത് അയാൾ ചിതൽ പ്പുറ്റിനരികിൽ കാത്തിരുന്നു. അയാൾ അവിടെ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ നിലം മുഴുവൻ ചുവന്ന വെള്ളമായിരുന്നു. എഴുന്നേറ്റ് നോക്കിയപ്പോൾ തനിക്ക് ചുറ്റും കൂടി നില്ക്കുന്ന ഒമ്പത് ആത്മാക്കളെ കണ്ടു. അയാൾക്ക് തീർച്ചയായും വട്ട് പിടിച്ചു. അയാളുടെ തലയ്ക്കുള്ളിൽ കടന്ന് സുഖപ്പെടുത്തുന്നതിന് എനിക്ക് മൂന്ന് ആഴ്ചകൾ വേണ്ടി വന്നു. അയാളുടെ കുറച്ച് വട്ട് എനിക്കും പകർന്നു. നാളെ നീ മൂന്ന് ആമകളേയും ഒരു വലിയ പൊതി നിറയെ കോലക്കായ്കളും കൊണ്ട് വരാമെങ്കിൽ നിന്റെ സ്വപ്നത്തിന് എന്തെങ്കിലും ചെയ്യാൻ നോക്കാം. പക്ഷേ ഇന്ന് രാത്രി എനിക്ക് തിരക്കാണ്’.

കള്ള്ചെത്തുകാരൻ നൈരാശ്യത്തോടെ സമ്മതിച്ചു. വീട്ടിലേയ്ക്ക് തിരിക്കും വഴി നീളെ അയാൾ ചുരയ്ക്കാത്തോട് നിറയെ പനങ്കള്ള് കുടിച്ചു. ഉറങ്ങുമ്പോഴേയ്ക്കും സ്വപ്നത്തെക്കുറിച്ച് മറക്കാൻ അയാൾക്ക് കഴിഞ്ഞു.

രാവിലെ അയാൾ തന്റെ കയറുകളും മാന്ത്രികമരുന്നുകളും സൈക്കിളിൽ കെട്ടി വച്ച് അന്നത്തെ ജോലി തുടങ്ങാൻ കാട്ടിലേയ്ക്ക് പോയി. കുറേ നേരം സൈക്കിളോടിച്ച് നീങ്ങിയപ്പോൾ ഒരു പരസ്യപ്പലകയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു : ഡെൽറ്റാ ഓയിൽ കമ്പനി : ഈ സ്ഥലം ഖനനം ചെയ്ത് കൊണ്ടിരിക്കുന്നു. അതിക്രമിച്ച് കടക്കുന്നവർ അപകടത്തിലാകും. കള്ള്ചെത്തുകാരൻ അമ്പരപ്പോടെ അത് നോക്കി നിന്നു. കുറച്ച് നേരം കഴിഞ്ഞ് അയാൾ പനകളുടെ വിചിത്രമായ കൂട്ടം കണ്ടു. കട്ടി പിടിച്ച് കിടക്കുന്ന ചിലന്തിവലകൾക്കിടയിലൂടെ അയാൾ പനകൾക്ക് നേരെ നീങ്ങി. ചുവപ്പും പച്ചയുമായ പനമ്പട്ടകളുടെ ഗന്ധം അയാളെ മത്ത് പിടിപ്പിച്ചു. അയാൾ തന്റെ മാന്ത്രികമരുന്നുകൾ ഒരു മരക്കൊമ്പിൽ കെട്ടി വച്ച് കയറെടുത്ത് പന കയറാൻ തുടങ്ങി. പനയുടെ ഇരുവശവും കാലുകൾ ഉറപ്പിച്ച്, പരുക്കൻ പനന്തടിയിൽ കയർ ചുറ്റി അയാൾ മുകളിലേയ്ക്ക് കയറിത്തുടങ്ങി, നെഞ്ച് വേദനിക്കും വരെ. പ്രഭാതസൂര്യന്റെ കൂർത്ത കിരണങ്ങൾ അയാളെ അന്ധനാക്കി. സുവർണ്ണരശ്മികൾ കണ്ണിൽ കുത്തിയപ്പോൾ പനമ്പട്ടകൾ അകന്ന് പോകുന്നത് പോലെ തോന്നി. മുപ്പത് വർഷത്തിരിടയിൽ ആദ്യമായി പനയിൽ നിന്നും വീണു.

എഴുന്നേറ്റപ്പോൾ തനിക്ക് വേദനിക്കുന്നില്ലെന്ന് കണ്ട് അയാൾക്ക് അത്ഭുതം തോന്നി. വീഴ്ചയ്ക്ക് ശേഷം നല്ല സുഖം തോന്നുന്നുണ്ടെന്ന വിചിത്രമായ തോന്നലുമുണ്ടായി. അയാൾക്ക് അവിശ്വനീയമാം വിധം കനം കുറഞ്ഞത് പോലെ അനുഭവപ്പെട്ടു. ചിലന്തിവലകളുടെ തിളങ്ങുന്ന അലങ്കാരങ്ങൾക്കിടയിലൂടെ എങ്ങോട്ടെന്നില്ലാതെ അയാൾ നടന്നു. മിന്നാമിനുങ്ങുകൾ മൂക്കിലൂടേയും ചെവികളിലൂടേയും കയറി കണ്ണിലൂടെ പുറത്ത് വന്നു. അയാൾ കുറേ നേരം നടന്നു. അപ്പോൾ വേറൊരു പരസ്യപ്പലകയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു : ഡെൽറ്റാ ഓയിൽ കമ്പനി. അതിക്രമിച്ച് കടക്കുന്നവർ ശിക്ഷിക്കപ്പെടും. അയാൾക്ക് ചുറ്റും മൺ കൂനകളും ശവക്കല്ലറകളും ഒരു പനയും തിളങ്ങുന്ന കണ്ടൽ വേരുകളും ഉണ്ടായിരുന്നു. അയാൾ മരത്തിൽ ഒരു അടയാളം വരച്ചു. പെട്ടെന്ന് അതൊരു പഴുത്ത മുറിവായി മാറി. പിരിഞ്ഞ വേരുകൾ താണ്ടി നടന്നപ്പോൾ വെളുത്ത ചലം കൊണ്ട് അസ്വസ്ഥരായ വേരുകൾ അയാളെ വട്ടം ചുറ്റിപ്പിടിച്ചു. അവ അയാളെ ഇക്കിളിപ്പെടുത്തി. അയാൾ ചിരിക്കാൻ തുടങ്ങിയപ്പോൾ അവ അയാളെ വെറുതെ വിട്ടു.

വെള്ളം കട്ടിയായി നിശ്ചലമായ ഒരു പുഴയ്ക്കരികിൽ അയാളെത്തി. പുഴയോരത്ത് ഒരു മാളമുണ്ടായിരുന്നു. മൂന്ന് ആമകൾ മാളത്തിൽ അലസരായിരുന്ന് അയാളെ നോക്കി. ഒരു ആമയ്ക്ക് ടബാസ്കോയുടെ മുഖഛായയുണ്ടായിരുന്നു. എന്തോ പറയാൻ തുടങ്ങിയപ്പോൾ പലനിറങ്ങളുള്ള ഒരു പാമ്പ് മാളത്തിൽ നിന്നും പുറത്ത് വന്ന് ഇഴഞ്ഞ് പോയി. പാമ്പ് പുഴയിലിറങ്ങിയപ്പോൾ വെള്ളം സുതാര്യവും തിളങ്ങുന്നതുമായി മാറി. ഒരു ചുവന്ന ജ്വാല പാമ്പിന്റെ തൊലി കത്തിച്ച് കളഞ്ഞു. കള്ള്ചെത്തുക്കാരൻ നോക്കിക്കൊണ്ടിരിക്കേ പിന്നിൽ നിന്നും ഒരു ശബ്ദം പറഞ്ഞു :

‘ തിരിഞ്ഞ് നോക്കരുത് ‘

അയാൾ അതേ പോലെ തന്നെ നിന്നു. കണ്ണാടി പോലുള്ള കണ്ണുകൾ കൊണ്ട് മൂന്ന് ആമകൾ അയാളെ നോക്കി. ടബാസ്കോയുടെ മുഖഛായയുള്ള ആമ അയാൾക്ക് നേരെ മൂത്രമൊഴിച്ചു. ആമ അത് ആസ്വദിക്കുന്നതായി തോന്നി. അതിന്റെ മുഖത്ത് നിറഞ്ഞ നിർവൃതി അതിന് പൈശാചികത നൽകി. കള്ള്ചെത്തുകാരൻ ചിരിച്ചപ്പോൾ കനമുള്ള എന്തോ ഒന്ന് അയാളെ പിന്നിൽ നിന്നും തലയ്ക്കടിച്ചു. അയാൾ പതുക്കെ തിരിഞ്ഞ് നോക്കിയപ്പോൾ ഒന്നും കണ്ടില്ല. വീണ്ടും ചിരിച്ചപ്പോൾ കൂടുതൽ ശക്തിയിൽ അടി കിട്ടി. തന്റെ ബോധം അലിഞ്ഞ് പോകുന്നതായി അനുഭവപ്പെട്ടു. ഏറെ നേരത്തെ നിശബ്ദതയിൽ പുഴ പൊങ്ങിവരുന്നതായി തോന്നി.

‘ ഞാനെവിടെയാണ്? ‘ കള്ള്ചെത്തുകാരൻ ചോദിച്ചു.

വീണ്ടും മൌനമായിരുന്നു. തിളങ്ങുന്ന പാമ്പ് പുഴയിൽ നിന്നും തിരിച്ചിഴഞ്ഞ് വന്നു. അയാളുടെ അടുത്തെത്തിയപ്പോൾ പാമ്പ് തല പൊക്കി അയാൾക്ക് നേരെ തുപ്പി. സൂര്യന്റെ വെളിച്ചത്തിൽ തിളങ്ങിക്കൊണ്ട് പാമ്പ് മാളത്തിലേയ്ക്ക് കയറി. അയാൾ പേടിച്ച് വിറയ്ക്കാൻ തുടങ്ങി. വിറയൽ നിന്നപ്പോൾ വല്ലാത്ത പ്രശാന്തത അയാളിൽ നിറഞ്ഞു. ചുറ്റും നോക്കിയപ്പോൾ താൻ രണ്ടായി മാറിയതായി കണ്ടു. തന്റെ മനസ്സാണോ ശരീരമാണോ അകത്തേയ്ക്കും പുറത്തേയ്ക്കും ഒഴുകുന്നതെന്ന് അയാൾക്ക് ഉറപ്പിക്കാൻ കഴിഞ്ഞില്ല.

‘ ഞാനെവിടെയാണ്?

ആരും ഒന്നും പറയുന്നില്ല. പിന്നീട് കാൽ‌പ്പെരുമാറ്റം അകന്ന് പോകുന്നത് കേട്ടു. തനിക്ക് ചുറ്റും ആരൊക്കെയോ സംസാരിക്കുന്നതും അയാൾ അവിടെയില്ലാത്തത് പോലെ അയാളെപ്പറ്റി പറയുന്നതും കേട്ട് ഉറങ്ങാൻ പോലും കഴിഞ്ഞില്ല.

ആ ലോകത്തിൽ സൂര്യനസ്തമിച്ചതുമില്ല, ഉദിച്ചതുമില്ല. ഒതൊരു അനങ്ങാത്ത ഒറ്റക്കണ്ണായിരുന്നു. വൈകുന്നേരം സൂര്യൻ ഒരു വലിയ സ്ഫടികമായിരുന്നു. രാവിലെ തിളയ്ക്കുന്ന ലോഹം പോലെയും. കള്ള്ചെത്തുകാരൻ ഒരിക്കലും കണ്ണുകൾ അടയ്ക്കാൻ അനുവദിക്കപ്പെട്ടിരുന്നില്ല. ഒരു ദിവസത്തെ അലച്ചിലിന് ശേഷം പനങ്കള്ള് സ്വപ്നം കണ്ട് ഒരു മാളത്തിനരികിൽ കിടന്നപ്പോൾ ദുർഗന്ധം വമിക്കുന്ന ഒരു ജന്തു വന്ന് അയാളുടെ കണ്ണുകൾ നിറയെ ചിലന്തിവല കൊണ്ട് കുത്തിനിറച്ചു. അത് കണ്ണുകൾക്ക് ചൊറിച്ചിലുണ്ടാക്കുകയും വിചിത്രമായ എന്തോ ദർശനത്തിന്റെ തുടക്കം പോലെ തോന്നുകയും ചെയ്തു. കള്ള്ചെത്തുകാരൻ കണ്ണുകൾ തുറന്ന് വച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോൾ തനിക്ക് ചുറ്റുമുള്ള ലോകം ചുവന്ന വെളിച്ചത്തിൽ തിരിയുന്നതായി കണ്ടു. ദൂരെയുള്ള ചന്തകളിലേയ്ക്ക്, തങ്ങൾക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങളാൽ പിന്തുടരപ്പെട്ട്, പോകുന്ന സ്ത്രീകളെ അയാൾ കണ്ടു. ലോകത്തിലെ പരസ്യപ്പലകകൾ വലുതായി വരുന്നു. ഓയിൽ കമ്പനിയിലെ തൊഴിലാളിൽ കാട് വെട്ടിത്തെളിക്കുന്നത് കണ്ടു. വിശന്നപ്പോൾ അയാൾക്ക് കാണാൻ കഴിയാത്ത വേറൊരു ജന്തു ഓന്തുകളേയും തേരട്ടകളേയും മരത്തൊലിയും കുഴമ്പ് രൂപത്തിലാക്കി ഊട്ടിക്കൊടുത്തു. ദാഹിച്ചപ്പോൾ ആ ജന്തു ചോരുന്ന ചുരയ്ക്കാത്തോടിൽ പച്ച ദ്രാവകം കൊടുത്തു. രാത്രി, ലില്ലിച്ചെടിയുടെ ഗന്ധമുള്ള വേറൊരു ജന്തു അയാളുടെ മുകളിൽ കിടന്ന് സംഭോഗം ചെയ്ത് ആ രാത്രി ഇരുവരുടേയും സംഭോഗം മൂലമുണ്ടായ മുട്ടകൾ ഉപേക്ഷിച്ച് പോയി.

ഒരു ദിവസം അയാൾ ആ മുട്ടകൾ എണ്ണിനോക്കാൻ ധൈര്യപ്പെട്ടു. അവ ഏഴെണ്ണമുണ്ടായിരുന്നു. അയാൾ നിലവിളിച്ചു. പുഴയിലെ വെള്ളം ഉയർന്നു. പാമ്പ് മാളത്തിൽ നിന്ന് തല പൊക്കി നോക്കി. മരണത്തിന്റെ അട്ടഹാസം സൂര്യനിൽ നിന്നും ഉയർന്നു. അട്ടഹാസം അയാളുടെ മേൽ പതിച്ചു, അയാളെ കുടഞ്ഞു, തലയ്ക്കുള്ളിൽ ശൂന്യത നിറച്ചു.

ആ രാത്രി അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ എല്ലാം അയാൾക്കൊപ്പം ഓടി. കുറേ കഴിഞ്ഞ് അയാൾ ഓട്ടം നിർത്തി. ആ സ്ഥലത്തേയും അവിടത്തെ അന്തേവാസികളേയും നിശ്ചലമായ പ്രദേശങ്ങളേയും അയാൾ ചീത്ത വിളിച്ചു. രക്ഷപ്പെടാനാകാതെ ദേഷ്യത്തോടെ ശപിച്ചു. മറുപടിയായി അയാൾക്ക് നല്ല അടികൾ കിട്ടി. മുട്ടകൾക്കുള്ളിൽ ഭയാനകമായ പിറവികൾ നടക്കുന്നതിന്റെ മുന്നോടിയെന്ന പോലെയുണ്ടായ അരോചകമായ ഒച്ചകളാൽ പീഢിപ്പിക്കപ്പെട്ടപ്പോൾ അയാൾ ക്ഷമിക്കാൻ ശീലിച്ചു. അയാൾ ആകാശത്തെ നിരീക്ഷിക്കാൻ പഠിച്ചു, മദ്യപിച്ച് നോക്കുമ്പോഴെന്ന പോലെ വിത്യാസമൊന്നുമില്ലായിരുന്നു ആകാശത്തിന്. മുട്ടകൾക്കുള്ളിലെ പിറവികളുടെ ഒച്ച കേൾക്കാതിരിക്കാൻ അയാൾ ശീലിച്ചു. താൻ നിശ്ചലനാകുമ്പോൾ ചുറ്റുമുള്ളതെല്ലാം നിശ്ചലമാകുന്നുവെന്നും അയാൾ അറിഞ്ഞു.

പിന്നീട്, മറ്റൊരു ദിവസം ഒരു അശരീരി അയാളോടിങ്ങനെ പറഞ്ഞു :

‘നിന്റെ ലോകത്തിലുള്ളതിനെല്ലാത്തിനും എണ്ണമില്ലാത്ത പ്രതിരൂപങ്ങൾ മറ്റ് ലോകങ്ങളിലുണ്ട്. നിഴലുകളില്ലാത്ത ഒരു രൂപവും ഉന്മാദവും അനുഭവവും വിപ്ലവവും ഇല്ല. നിന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന കഥകൾ ഞാൻ പറയാം. നിങ്ങൾ മനുഷ്യൻ വളരെ പതുക്കെ പോകുന്നവരാണ് – നിങ്ങൾ ഞങ്ങളേക്കാൽ രണ്ടായിരം വർഷങ്ങൾ പിന്നിലാകുന്നു. ‘

ആ അശരീരി പെട്ടെന്ന് നിലച്ചു.

വേറൊരു അശരീരി അയാളോട് പറഞ്ഞു :

‘ രണ്ട് ദിവസങ്ങളായി നീ മരിച്ചിരിക്കുകയായിരുന്നു, എഴുന്നേൽക്ക് ‘

ഒരു ജന്തു വന്ന് അയാളുടെ കണ്ണുകളിൽ ചിലന്തിവല കുത്തിനിറച്ചു. അയാളുടെ കണ്ണുകൾ ചൊറിയാൻ തുടങ്ങുകയും യുദ്ധങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് കാണുകയും ചെയ്തു. എന്തോ കാരണങ്ങളാൽ പൊട്ടിയിട്ടില്ലാത്ത, ഫാമുകളിൽ ഒളിപ്പിച്ച് വച്ചിരുന്ന ബോം ബുകൾ പൊട്ടി. യുദ്ധം അവസാനിച്ചെന്ന് കരുതിയ പട്ടിണിക്കാരായ ആളുകൾ ചിതറിത്തെറിച്ചു. അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്ന പാലങ്ങൾ തകർന്നു. വൻ കാടുകളിലേയ്ക്കും മലേറിയ നിറഞ്ഞ ചതുപ്പുകളിലേയ്ക്കും നീണ്ട് കിടക്കുന്ന റോഡുകളും, പേരില്ലാത്ത കടലിടുക്കുകളും, അളവില്ലാത്ത മലകളും കണ്ടു. അശ്രദ്ധരായ മനുഷ്യരുടേ അസ്ഥികൂടങ്ങൾ നിറഞ്ഞ പാതകൾ കണ്ടു. കാട്ടുവഴികളിലൂടെ മനുഷ്യരെ പിന്തുടരുന്ന നായകളെ കണ്ടു. അവ അപ്രത്യക്ഷമാകുകയും പിശാചുക്കളായി രൂപമെടുത്ത് വന്ന് ഏകാന്തരായി നടക്കുന്നവരെ വിഴുങ്ങുകയും ചെയ്തു.

പിന്നീട് അയാൾ കണ്ടത് കാട് വെട്ടിത്തെളിച്ച് എണ്ണഖനികളുണ്ടാനുള്ള പരാജയപ്പെട്ട ശ്രമങ്ങളാണ്. കാട്ടിൽ നിന്നും പിശാചുക്കളെ ഓടിക്കാൻ ശ്രമിക്കുന്ന മന്ത്രവാദികളെ കണ്ടു. അവർ പേമാരി തടയാനും സൂര്യാസ്തമയം താമസിപ്പിക്കാനും ശ്രമിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ കമ്പനി നാടുകടത്തപ്പെട്ട ഒരാളെ നിയമിച്ചു. കഴിഞ്ഞ യുദ്ധത്തിൽ അവശേഷിച്ച സ്ഫോടകവസ്തുക്കളുമായി അയാൾ വന്നു. അയാൾ കാട്ടിൽ സ്ഫോടകവസ്തുക്കൾ നിരത്തുന്നത് കള്ള്ചെത്തുകാരൻ കണ്ടു. സ്ഫോടനത്തിന് ശേഷം കനത്ത പച്ചപ്പുകയുടെ മൂടൽ കണ്ടു. പുക മാറിയപ്പോൾ എണ്ണയും മൃഗങ്ങളുടെ അവയവങ്ങളും പുറത്തേയ്ക്ക് തെറിക്കുന്നത് കണ്ടു. ആ സ്ഥലം ക്രമേണ അപ്രത്യക്ഷമായി. യുദ്ധഭൂമിയിലെ ചോര പോലെ അഗാപാന്തസ് ചെടികൾ അവിടെ വളർന്നു.

രഹസ്യമായ അട്ടിമറിയിൽ കൊള്ളയടിക്കപ്പെട്ട ആളുകളെ കൂട്ടമായി വെടിവച്ച് കൊല്ലുന്നത് അയാൾ കണ്ടു. സ്വന്തം പേരെഴുതിയ വെടിയുണ്ടയേറ്റാണ് അവർ വിഴുന്നതെന്ന് അയാൾ ശ്രദ്ധിച്ചു. കണ്ണിലെ ചൊറിച്ചിൽ അടങ്ങിയപ്പോൾ കള്ള്ചെത്തുകാരൻ കലുഷിതമായ ആകാശത്തിന് ചുവട്ടിൽ, അനന്തതയിൽ അലയാൻ തുടങ്ങി. തനിക്ക് ചുറ്റും പക്ഷികളൊന്നുമില്ലെന്ന് അയാൾ മനസ്സിലാക്കി. മുറിവേറ്റ പനകൾ ചിലന്തിവലകൾ കൊണ്ട് പൊതിയപ്പെട്ടിരുന്നു.


പിന്നീടൊരു നാൾ , പുരാണനായകന്മാരുടെ തീപിടിച്ച ഓർമ്മകളിൽ അയാൾ ഒരു മാളത്തിനുള്ളിലേയ്ക്ക് നുഴഞ്ഞു. ആ വിചിത്രമായ അന്തരീക്ഷത്തിൽ പല നിറങ്ങളുള്ള പാമ്പ് ഒരു വെണ്ണക്കല്ലിൽ ചുറ്റിയിരിക്കുന്ന കാഴ്ച കണ്ടു. കുമിളകളുള്ള പച്ച തടാകത്തിൽ ചീങ്കണ്ണികളെ കണ്ടു. തലതിരിച്ച് പിടിച്ച് ബൈബിൾ വായിക്കുകയായിരുന്ന കിഴവൻ ഇരുന്ന ഇരിപ്പിൽ മരിച്ചത് കണ്ടു. എല്ലാം തീ പിടിച്ചത് പോലെ, പക്ഷേ പുക ഇല്ലായിരുന്നു. കട്ട പിടിച്ച എണ്ണ മതിലുകളിൽ ഊറുന്നു. എല്ലായിടത്തും ചുവന്ന തീ കത്തിക്കൊണ്ടിരുന്നു. അയാൾ പിന്നിൽ ഒരു ശബ്ദം കേട്ടു. തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ജന്തു താലത്തിൽ കുഴഞ്ഞ പരുവത്തിലുള്ള എന്തോ അയാളുടെ കൈയ്യിൽ വച്ച് കൊടുത്തു. എന്നിട്ട് അയാളത് തിന്നണമെന്ന് ജന്തു ആംഗ്യം കാണിച്ചു. പല നിറങ്ങളുള്ള പാമ്പ് വെണ്ണക്കല്ലിൽ നിന്നും ഇറങ്ങി. കള്ള്ചെത്തുകാരൻ തിന്നാൻ തുടങ്ങിയപ്പോൾ പാമ്പ് മുഷിപ്പൻ തമാശകൾ പറയാൻ തുടങ്ങി. കടലിനക്കരെയുള്ള പടിഞ്ഞാറൻ പട്ടണങ്ങളിൽ കറുത്ത വർഗ്ഗക്കാരെ എങ്ങിനെയാണ് തൂക്കിലേറ്റുകയെന്നും ഒരു ഒച്ച പോലും വരുത്താരെ കുഞ്ഞിന്റെ തോലുരിച്ചെടുക്കുന്നതെന്നും അത് പറഞ്ഞു. പാമ്പ് പൊട്ടിച്ചിരിച്ചു. പാമ്പിന്റെ മണ്ടൻ ഭാവം കണ്ടിട്ട് അയാളും ചിരിച്ചു. കൂർത്ത മുനകളുള്ള ഉരുക്ക് കൊണ്ട് അയാളുടെ തലയ്ക്കടിച്ച് മാളത്തിന് പുറത്തേയ്ക്കെറിഞ്ഞു. അപ്പോൾ യുഗങ്ങൾ കടന്ന് പോയത് പോലെയുണ്ടായിരുന്നു.

ബോധം തെളിഞ്ഞപ്പോൾ അയാൾ തിരിച്ച് പോകാൻ തുടങ്ങി. ബൈബിൾ തലതിരിച്ച് പിടിച്ച് വായിക്കുന്നതിനിടയിൽ മരിച്ച് പോയ ആളെ കണ്ടപ്പോൾ അയാൾക്ക് തന്റെ ഛായയുണ്ടെന്ന് തോന്നി. അയാൾ മാളത്തിൽ നിന്നും പുറത്ത് ചാടി.

അയാളുടെ അസ്വസ്ഥത പുതിയ മാനങ്ങളിലെത്തി. നിലത്തെ കല്ലുകൾ അയാളെണ്ണി. ചിലന്തിവലകളും സൂര്യന്റെ നിറങ്ങളും പുഴയുടെ വേലിയേറ്റവും എണ്ണി. കാറ്റ് എത്ര പ്രാവശ്യം വീശിയെന്ന് കണക്കാക്കി. സ്വയം കഥകൾ പറഞ്ഞു. പക്ഷേ, തന്നോട് തന്നെ പറഞ്ഞതെല്ലാം തലയ്ക്ക് കിട്ടുന്ന പ്രഹരങ്ങളിൽ മായ്ക്കപ്പെട്ടിരുന്നു. അയാൾ പ്രഹരങ്ങൾ എണ്ണി. അയാൾക്കത് ശീലമായിത്തുടങ്ങി.

അപ്പോൾ ആ അശരീരി വീണ്ടും വന്നു. പതിവിനേക്കാൾ മൃഗീയമായിത്തോന്നി അത്. അശരീരി പറഞ്ഞു:

‘ നിനക്ക് ഇവിടെ ഇഷ്ടമായോ?’

‘ ഇല്ല’ . കള്ള്ചെത്തുകാരൻ പ്രഹരത്തിനായി കാത്തു. പക്ഷേ വന്നില്ല.

‘ നിനക്ക് ഇവിടെ നിന്ന് പോണോ?’

‘ വേണം’

‘ നിന്നെ എന്താണ് തടയുന്നത്?’

‘ എങ്ങിനെയാണെന്നറിയില്ല’

നിശ്ശബ്ദത

വേറൊരു അശരീരി പറഞ്ഞു:

‘ നീ മരിച്ചിട്ട് മൂന്ന് ദിവസങ്ങളായി’

ആകാശത്തിനേയും ഭൂമിയേയും പല കോണുകളിൽ കണ്ടിട്ടുള്ള, കള്ളിന്റെ രഹസ്യങ്ങളറിയാവുന്ന കള്ള്ചെത്തുകാരൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം അറിഞ്ഞു. ഒന്നും ആലോചിക്കാതെ അയാൾ ശ്രദ്ധിച്ചു.

‘ നിനക്ക് പോകണമെങ്കിൽ.. ‘അശരീരി പറഞ്ഞു, ‘ ഞങ്ങൾ നിന്നെ അടിച്ച് പുറത്താക്കണം’

‘ എന്തിന്?’

‘കാരണം നിങ്ങൾ മനുഷ്യർ വേദന മാത്രമേ മനസ്സിലാക്കൂ’

‘ ഞങ്ങൾ അങ്ങിനെയല്ല’

വീണ്ടും നിശ്ശബ്ദത. അയാൾ പ്രഹരത്തിനായി കാത്തു. കിട്ടി. അയാളുടെ ചിന്തകൾ കാറ്റിൽ ചിലന്തിവലകളെന്നപോലെ ചിതറി. കള്ള്ചെത്തുകാരൻ അതേ നിലയിൽ നിന്നു, സൂര്യന്റെ മങ്ങിയ കിരണങ്ങൾക്കിടയിൽ. വളരെ നേരം കഴിഞ്ഞ് ശബ്ദം പറഞ്ഞു.

‘ നിന്നിൽ നിന്നും എടുത്തുകളഞ്ഞ ചിന്തകൾക്ക് പകരമായി വേറെ ചിന്തകളുണ്ട്, നിനക്ക് കേൾക്കണോ?’

‘ വേണം’

അശരീരി ഒന്ന് ചുമച്ചിട്ട് പറഞ്ഞു:

‘ ജീവിതത്തിലെ നല്ല കാര്യങ്ങൾ പോലും നിന്നെ വിഷമിപ്പിച്ചേക്കാം. മൂന്ന് തരത്തിലുള്ള ശബ്ദങ്ങളുണ്ട്, രണ്ട് തരത്തിലുള്ള നിഴലുകളുണ്ട്, തകർന്ന് തലകൾക്ക് ഒരോ ചുരയ്ക്കാത്തോടും, വളരെ ഉയരത്തിൽ കയറുന്നവന് ഏഴ് മാളങ്ങളുമുണ്ട്. വസ്തുതകൾ ആസ്വദിക്കുന്നതിൽ അമ്ലത്വമുണ്ട്. ശരീരത്തെ പൊള്ളിക്കാതെ വെറും ഉപ്പ് പോലെ മാംസത്തെ അലിയിച്ച് കളയുന്ന തീയുണ്ട്. വലിയ വായ ചെറിയ തല തിന്നുന്നു. നമ്മൾ പറത്തിക്കളഞ്ഞതിനെ കാറ്റ് തിരികെ കൊണ്ട് വരുന്നു. സ്വന്തം അഗ്നിയിൽ സ്വയം ദഹിക്കാൻ വളരെയധികം വഴികളുണ്ട്. കുഴപ്പം വരുന്നെന്ന് അറിയിക്കുന്ന പ്രത്യേകതരം ശബ്ദമുണ്ട്. നിന്റെ ചിന്തകൾ, നിന്റെ മനസ്സിലൂടെ നീ കടന്ന് പോയ നശിച്ച സ്ഥലങ്ങളിലെ നിന്റെ തന്നെ കാൽ‌പ്പാടുകളാണ്’

‘ നന്ദി’ കള്ള്ചെത്തുകാരൻ പറഞ്ഞു.

അശരീരി പോയി. അയാൾക്ക് ഉറക്കം വന്നു.

ഉണർന്നപ്പോൾ ആ മൂന്ന് ആമകൾ മാളത്തിന്റെ വക്കിൽ അലസമായി ഇരിക്കുന്നത് കണ്ടു. ടബാസ്കോയുടെ ഛായയുള്ള ആമ ഒരു കണ്ണടയും കഴുത്തിൽ സ്തെതസ്ക്കോപ്പും ധരിച്ചിരുന്നു. ആമകൾ കോലക്കായ പൊട്ടിച്ച് വീതിച്ചെടുത്തു. എന്നിട്ട് പ്രത്യേകിച്ച് വിഷയമൊന്നുമില്ലാതെ പാണ്ഠിത്യത്തോടെ ചർച്ച ചെയ്തു. പല നിറങ്ങളുള്ള പാമ്പ് മാളത്തിൽ നിന്നും പുറത്ത് വന്ന് പുഴയിലേയ്ക് നീങ്ങി. അത് ആമകളുടെ അടുത്തെത്തിയപ്പോൾ ഒന്ന് നിന്നു. പാമ്പിന്റെ തിളങ്ങുന്ന കണ്ണുകൾ കണ്ട് അയാൾ അന്തിച്ച് പോയി.

‘ ഇന്ന് രാത്രി ആറ് ചന്ദ്രന്മാരുണ്ടാകും ‘ ടബാസ്കോയുടെ ഛായയുള്ള ആമ പറഞ്ഞു.

‘ ഇന്ന് രാത്രി ആറ് ചന്ദ്രന്മാരുണ്ടാകും ‘. മറ്റ് ആമകൾ സമ്മതിച്ചു.

പാമ്പ്, തലയുയർത്തി തിളങ്ങുന്ന കണ്ണുകൾ ആകാശത്തേയ്ക്കയച്ച് പറഞ്ഞു

‘ ഇന്ന് രാത്രി ഏഴ് ചന്ദ്രന്മാരുണ്ടാകും ‘

ആമകൾ മൌനം പാലിച്ചു. പാമ്പ് പുഴയെ ലക്ഷ്യമാക്കി ഇഴഞ്ഞു. ടൊബാസ്കോയുടെ ഛായയുള്ള ആമ ഒരു കല്ലെടുത്ത് പാമ്പിനെ എറിഞ്ഞു. മറ്റ് ആമകൾ ചിരിച്ചു.

‘ ഇന്ന് രാത്രി പാമ്പുകൾ ഉണ്ടാവില്ല’ ടൊബാസ്കോയുടെ ഛായയുള്ള ആമ പറഞ്ഞു.

ഊഴം കാത്തിരുന്നത് പോലെ മറ്റ് ആമകളും പാമ്പിന് നേരെ തിരിഞ്ഞു. ടബാസ്കോ ആമ പാമ്പിന്റെ കഴുത്തിന് പിടിച്ച് സ്തെതസ്കോപ്പ് കൊണ്ട് പരിശോധിക്കാൻ തുടങ്ങി. മറ്റ് ആമകൾ അതിനെ കല്ല് കൊണ്ട് തലയ്ക്കടിക്കാൻ തുടങ്ങി. പാമ്പ് വാൽ കൊണ്ട് തടുത്തു. ടൊബസ്കോയും പാമ്പും ചുറ്റിപ്പിണഞ്ഞ് ഉരുണ്ട് മാളത്തിലേയ്ക്ക് വീണു. അതിൽ നിന്നും ഒച്ചകൾ കേൾക്കാമായിരുന്നു. കുറച്ച് കഴിഞ്ഞ് ടൊബാസ്കോ ആമ കണ്ണടയും സ്തെതസ്കോപ്പും ഇല്ലാതെ പുറത്ത് വന്നു. അത് മറ്റ് ആമകളുടെ ഒപ്പമിരുന്നു. അവർ മറ്റൊരു കോലക്കായ പൊട്ടിച്ചു. അപ്പോൾ ടൊബാസ്കോ ആമ പുക വലിക്കാനുള്ള വട്ടം കൂട്ടി, പുകയിലയ്ക്ക് പകരം കുരുമുളക് പൊടിയാണ് ഉപയോഗിച്ചത്. അത് പൈപ്പ് കത്തിച്ച് കള്ള്ചെത്തുകാരനെ അടുത്തേയ്ക്ക് വിളിച്ചു. മാളത്തിനരികിൽ ആമകളോട് ചേർന്ന് കള്ള്ചെത്തുകാരൻ ഇരുന്നു. ടബാസ്കോ ആമ കറുത്ത പുക അയാളുടെ മുഖത്തേയ്ക്കൂതിയിട്ട് പറഞ്ഞു:

‘ നീ മരിച്ചിട്ട് ആറ് ദിവസങ്ങളായി’

കള്ള്ചെത്തുകാരന് ഒന്നും മനസ്സിലായില്ല. ആമകൾ ആകാശത്തിലെ വിശുദ്ധശരീരങ്ങളെക്കുറിച്ചുള്ള ചർച്ചകളിലേയ്ക്ക് തിരിച്ച് പോയി.

കുറച്ച് കഴിഞ്ഞപ്പോൾ പുകയ്ക്ക് കള്ള്ചെത്തുകാരനെ പരിചിതമായ ലോകത്തിലൂടെ പറത്തിവിടാനുള്ള കഴിവുള്ളപോലെയായി. മൂക്കിൽ ഇക്കിളിയുണ്ടാക്കുന്നത് പോലെ. കുട്ടിക്കാലത്ത് തന്റെ അമ്മ തന്നെ ചുമലിലേറ്റി നൃത്തം കാണാൻ കൊണ്ട് പോയിരുന്ന നിമിഷത്തിലേയ്ക്ക് അയാൾ പറന്നു. അവിടെ ചുവന്ന പുകച്ചുരുളുകൾ ഊതിയുയർത്തി സാധാരണ ജനങ്ങളെ അത്ഭുതപ്പെടുത്തി ആചാരകർമ്മങ്ങൾ നടക്കുന്നു. അന്ന് മുഴുവൻ അയാളുടെ മൂക്ക് മുഴുവൻ പുകയുന്നുണ്ടായിരുന്നു. അന്ന് രാത്രി എല്ലാ പഴങ്കഥയിലേയും കഥാപാത്രങ്ങളും അയാളുടെ മൂക്ക് സ്വന്തം മുഖത്തുറപ്പിക്കാൻ മത്സരിക്കുന്നതായി സ്വപ്നം കണ്ടു. ആ സ്വപ്നത്തിലൂടെ അയാൾ വീണ്ടും കടന്ന് പോയി. പച്ചവെള്ളത്തിനെ ഇരുമ്പാക്കാൻ കഴിവുള്ള കൊല്ലനും, എളുപ്പത്തിൽ കുഴപ്പമുണ്ടാക്കാൻ കഴിവുള്ള ഭ്രാന്തനെപ്പോലത്തെ അപകടകാരിയായ ആമയും, ഒരു രഹസ്യത്തിലേയ്ക്കുമുള്ള താക്കോൽ കൈയ്യിലില്ലാത്ത മന്ത്രവാദിനിയും സ്വപ്നത്തിലുണ്ടായിരുന്നു. അവർ മത്സരിക്കുമ്പോൾ അയാളുടെ അമ്മ വന്ന് ഒരു താലം കുരുമുളകെറിഞ്ഞ് അവരെയെല്ലാം ഓടിച്ച് അയാളുടെ മൂക്കിലെ അസ്വസ്ഥതയ്ക്ക് ആക്കം കൂട്ടി.

കള്ള്ചെത്തുകാരൻ പരിചിതമായ ഇടങ്ങളിലൂടെ പറന്ന് നടക്കുമ്പോൾ താഴെ നിന്നും ഒരു അശരീരി വന്ന് അയാളെ നിലത്തിറക്കി. വേറൊരു അശരീരി പറഞ്ഞു:

‘ സമയം വൈകുന്നു, എഴുന്നേൽക്ക്’

അദൃശ്യമായ പ്രഹരങ്ങൾ അയാളിൽ വീണു. സുര്യന്റെ ഏറ്റവും അസ്വാഭാവികമായ നിമിഷമായിരുന്നു അത്. നീല നിറത്തിൽ നിന്നും മാറി അത് കണ്ണിലെ അന്ധകാരമായി മാറി. പ്രഹരങ്ങൾ അവസാനിച്ചപ്പോൽ മൂക്കിൽ ഉരുണ്ടുകൂടിയ ഒരു തുമ്മലിലൂടെ അയാൾ ആശ്വസിച്ചു. തുമ്മിയപ്പോൾ മുട്ടകൾ വിരിഞ്ഞു, പാമ്പിന് തിളങ്ങുന്ന കണ്ണുകൾ നഷ്ടപ്പെട്ടു, അശരീരി കൊതുകുകളുടെ മൂളൽ പോലെയായി. മാളത്തിൽ നിന്നും പച്ചദ്രാവകം ചീറ്റി പാമ്പിനേയും പരസ്യപ്പലകയേയും ആമകളേയും ദൂരേയ്ക്ക് തെറിപ്പിച്ചു. കള്ള്ചെത്തുകാരൻ പ്രകമ്പനങ്ങളിൽ നിന്നും മോചിതനായി ചുറ്റും നോക്കി. നീലമേഘം അയാളുടെ കണ്ണിൻ മുന്നിലൂടെ കടന്ന് പോയി. നാട്ടുവൈദ്യൻ ടബാസ്കോ അയാളുടെ മുകളിലിരുന്ന് ധൂപക്കുറ്റി വലിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന പുക വിട്ടു. അവരുടെ കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ ടൊബാസ്കോയിൽ നിന്നും ആഹ്ലാദത്തിന്റെ കരച്ചിൽ ഉയർന്നു. അയാൾ ക്ഷേത്രത്തിലെ വെണ്ണക്കൽ ദേവന് മദ്യം നിവേദിക്കാൻ പോയി. ദേവന് രണ്ട് പച്ച കണ്ണുകൾ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ നടയിൽ ഒരു പച്ചത്തളികയിൽ രണ്ട് ആമകൾ ഉണ്ടായിരുന്നു.

‘ ഞാനെവിടെയാണ്?’ കള്ള്ചെത്തുകാരൻ ചോദിച്ചു.

‘ എന്നോട് ക്ഷമിക്കണം, ആദ്യം ഞാൻ നിന്റെ സ്വപ്നത്തെ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല’ നാട്ടുവൈദ്യൻ പറഞ്ഞു.

‘ പക്ഷേ, ഞാനെവിടെയാണ്?’

‘ നീ പനയിൽ നിന്നും താഴെ വീണു. നീ മരിച്ചിട്ട് ഏഴ് ദിവസമായി. നിന്നെ ഇന്ന് രാവിലെ ശവമടക്കാൻ കൊണ്ടുപാകാനിരുന്നതായിരുന്നു. നിന്നെ തിരികെ കൊണ്ടുവരാൻ ഞാൻ ശ്രമിക്കുകയായിരുന്നു. ഈ ചികിത്സയ്ക്ക് ഞാൻ പണം ഈ ടാക്കില്ല, വേണമെങ്കിൽ ഞാൻ നിനക്ക് പണം തരുകയും ചെയ്യാം. കാരണം നാട്ടുവൈദ്യൻ എന്ന നിലയിലുള്ള എന്റെ ഇത്രയും വർഷത്തെ അനുഭവത്തിൽ ഇത്ര രസം പിടിച്ച അനുഭവം ഉണ്ടായിട്ടില്ല. ഇത്ര രസമുള്ള സംഭാഷണവും.



മൊഴിമാറ്റം : ജയേഷ്.എസ്

വേനല്‍ക്കാലം

വെയില്‍ ജനലിലൂടെ മുറിയിലേയ്ക്ക് കൈനീട്ടി. തിളയ്ക്കാന്‍ വച്ച വെള്ളം പോലെ അന്തരീക്ഷം . ജനല്‍ക്കര്‍ട്ടനിലെ ചുവന്ന പൂക്കള്‍ ക്കിടയിലൂടെ വജ്രം പോലെ വെയില്‍ത്തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഞാനുണര്‍ന്നപ്പോള്‍ പുതപ്പ് കാണാനില്ലായിരുന്നു. രാത്രി ഉഷ്ണം കൂടിയപ്പോള്‍ വലിച്ച് മാറ്റിയതായിരിക്കും . കിടക്കയില്‍ നിന്നെഴുന്നേറ്റ് ബാത്ത് റൂമില്‍ പോയി മുഖം കഴുകി. ഓറഞ്ചിന്റെ ഫ്ലേവറുള്ള അവളുടെ സോപ്പ് എന്റെ കൈയ്യില്‍ പതഞ്ഞു. തലേന്ന് രാത്രി അവളെ നാരങ്ങാ മണക്കുന്നെന്ന് പറഞ്ഞതോര്‍മ്മ വന്നു. ഒരു വീണ്ടുവിചാരത്തില്‍ വസ്ത്രങ്ങളഴിച്ച് കുളിച്ചു. ഷവറിന്‌ താഴെ ആദാമിനെപ്പോലെ ഞാന്‍ നിന്നു. ഓറഞ്ച് മണമുള്ള സോപ്പ് ദേഹം മുഴുവന്‍ പതപ്പിച്ചു. കുളി കഴിഞ്ഞപ്പോള്‍ എന്താണെന്നറിയില്ല പാപനാശിനിയില്‍ മുങ്ങിയ പോലെ തോന്നി.ഓറഞ്ച് ചെടിയില്‍ പുതുതായി കിളിര്‍ത്ത കനി.


കുളിമുറിയില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ അവളെക്കണ്ടു. കിടക്ക വിരികള്‍ മാറ്റുകയായിരുന്നു.



" എന്തേ..പോയിട്ട് ധൃതിയുണ്ടോ? " അവള്‍ ചോദിച്ചു.



" ഇല്ല...വല്ലാത്ത ഉഷ്ണം "



" സമ്മര്‍ തുടങ്ങിയില്ലേ..അതാ"



അവളും രാവിലെ കുളിച്ചിരുന്നു. ഈറന്‍ മുടി വിരിച്ചിട്ടിരുന്നു. ചുരീദാറിന്റെ പിന്‍ വശത്ത് മുടി അവസാനിക്കുന്നിടത്ത് നനവ്.



" ഞാന്‍ പോണു"



"ഇനിയെപ്പഴാ?"അവള്‍ ചോദിച്ചു. പരേഡ് ഗ്രൌണ്ടിലെ കൂറ്റന്‍ വിളക്കുകള്‍ പോലെ അവളുടെ കണ്ണുകള്‍ തിളങ്ങി.



" സ്റ്റീഫന്‍ വരാന്‍ ഇനി ഒരാഴ്ച കൂടിയുണ്ട്. സീസണ്‍ തുടങ്ങിയാല്‍ പ്പിന്നെ നിനക്കറിയാമല്ലോ, അവനെ കാണാനേ കിട്ടില്ല. "



ഞാന്‍ താല്പര്യമില്ലാത്ത പോലെ മൂളി. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടണമെന്നേയുണ്ടായിരുന്നുള്ളൂ.



കണ്ടുപിടിക്കപ്പെടാതെ പോകുന്ന കുറ്റകൃത്യമാണ്‌ എന്റെ ജീവിതമെന്ന് തോന്നിത്തുടങ്ങിയിട്ട് കുറേ നാളുകളാകുന്നു. കൃത്യമായി പറഞ്ഞാല്‍ രതിപ്രിയയെ പരിചയപ്പെട്ടതിന്‌ ശേഷം . അവളുടെ വിയര്‍പ്പേറ്റ് വാങ്ങുന്ന ഓരോ നിമിഷവും മനസ്സില്‍ തേനീച്ചകള്‍ കൂട് കൂട്ടുന്നു. ഇത് അവസാനത്തേതെന്നുറപ്പിച്ച് പടിയിറങ്ങുമ്പോള്‍ കൂടിളകി അവ തലച്ചോറിനെ പുതയുന്നു. തിരിച്ച് അവളുടെ മടിയിലെത്തണം എല്ലാം ശാന്തമാകണമെങ്കില്‍ . അവള്‍ ആഭിചാരം ചെയ്യുന്നത് പോലെ, കളിപ്പാവയില്‍ എന്റെ മനസ്സിനെ ആവാഹിച്ച് കളിപ്പിക്കുന്നു. അവളുടെ തോന്നലുകള്‍ ക്കനുസരിച്ച് എന്റെ പാവക്കൂത്ത്. രക്തത്തില്‍ വിഷം പോലെ അലിഞ്ഞിറങ്ങുന്ന രതിപ്രിയ. സ്റ്റീഫന്‍ വീട്ടിലുള്ളപ്പോള്‍ , ഞാന്‍ എന്റെ മുറിയില്‍ ശ്വാസം കിട്ടാതെ ഉഴലുകയായിരിക്കും . കാണാച്ചരടുകളില്‍ തൂങ്ങിയാടുകയായിരിക്കും . അവളുടെ ശബ്ദമെങ്കിലും കേള്‍ ക്കാനായി ശ്രമിക്കുമ്പോള്‍ അവള്‍ ബുദ്ധിപൂര്‍വ്വം പഴുതുകളടയ്ക്കും .എന്റെ പ്രാണനേയും വലിച്ചിഴച്ച് ഒരു ഹിംസ്രജന്തു നഗരവീഥികളില്‍ അലഞ്ഞ് നടക്കും . കൂര്‍ത്ത ദംഷ്ട്രങ്ങള്‍ കാട്ടി പേടിപ്പിക്കും . ചിലപ്പോള്‍ മറുപടിയുമായി സ് റ്റീഫനായിരിക്കും വരുക. അവള്‍ കൊടുത്തയച്ച പലഹാരമോ അന്വേഷണങ്ങളോ എന്റെ മുന്നില്‍ വിളമ്പാന്‍ വേണ്ടി. നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വക എന്ന് പറഞ്ഞ്. ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവനെപ്പോലെ പിടയ്ക്കുന്ന എന്നെക്കണ്ട് അവന്‍ അകമേ ചിരിക്കുന്നുണ്ടായിരിക്കുമോ?



പറഞ്ഞ് വരുമ്പോള്‍ രതിപ്രിയയെയല്ല, സ്റ്റീഫനെയാണ്‌ ആദ്യം പരിചയപ്പെട്ടത്. നഗരത്തിലെ ചെറുകിട ടൂര്‍ ഓപ്പറേറ്റര്‍ , ട്രാവല്‍ ഏജന്റ്. മിക്കപ്പോഴും യാത്രയിലായിരിക്കും . ആദ്യമായി അവളുടെ ചുമതല എന്നെയേല്പ്പിച്ച് എവിടേയ്ക്കോ യാത്ര തിരിച്ചപ്പോള്‍ അവന്‍ എന്തെങ്കിലും മനസ്സില്‍ കണക്ക് കൂട്ടിയിട്ടുണ്ടാകുമോ. ഞാന്‍ അവന്റെ വീട്ടിലേയ്ക്ക് ഒരാഴ്ചത്തേയ്ക്ക് താമസം മാറ്റി. ഇരുട്ടിനെ പേടിക്കുന്ന, ഒരു നിഴലനങ്ങുന്നത് കണ്ടാല്‍ നിലവിളിക്കുന്ന അവളുടെ പുതുപ്പെണ്ണിന്‌ കൂട്ടിരിക്കാന്‍ വേണ്ടി.



നിന്നെ എനിക്ക് ഭയമില്ലെന്ന് അവന്‍ പറഞ്ഞത് ഏതർഥത്തിലായിരിക്കും? നീയുള്ളപ്പോൾ എനിക്ക് എവിടെപ്പോയാലും സമാധാനമാണെന്ന് പറഞ്ഞത്?



ഇരുട്ടിനോട് അവള്‍ക്ക് ഭയമില്ലെന്നും നിഴലുകളെ സ്നേഹിക്കുന്നെന്നും അറിഞ്ഞ രാത്രി ആദ്യമായി അവള്‍ എന്റെ കൈത്തണ്ടയില്‍ വിഷമിറക്കി. പേടിച്ച മാൻപേടയുടെ കണ്ണുകൾ മാഞ്ഞു. സർപ്പങ്ങൾ വിഷം ചീറ്റുന്ന പോലെ നോട്ടം. എല്ലാം മുന്‍ കൂട്ടി തീരുമാനിച്ചുറപ്പിച്ചത് പോലെ എന്റെ സ്വകാര്യതയില്‍ അവള്‍ പുതച്ച് കിടന്നു. ഞങ്ങളിൽ ആരേയാണ് അവൾ ചതിക്കുന്നത്? അല്ലെങ്കിൽ വിഡ്ഡിയാക്കുന്നത്?



അന്നത്തെ മോഹാലസ്യത്തില്‍ നിന്നും ഞാനൊരിക്കലും ഉണര്‍ന്നില്ല.



0



കുറ്റകൃത്യങ്ങള്‍ ക്കിടയിലെ ഇടവേള പോലെ ഒരു അവധിദിവസം . എന്റെ മാത്രം ഒരു ദിവസം ടി വിയില്‍ ഗ്ലോബല്‍ വാമിങിനെക്കുറിച്ച് പരിപാടി. വാര്‍ത്താചാനലുകളില്‍ വേനല്‍ക്കാലം പ്രധാനവിഷയം. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതക്ഷാമ . നഗരത്തിലെ പവര്‍ കട്ട് സമയം വര്‍ ദ്ധിപ്പിക്കേണ്ടി വരുമെന്ന് അധികൃതര്‍. പ്രേതസിനിമ കാണുന്നത് പോലെയുണ്ടായിരുന്നു വാര്‍ത്തകള്‍. നെറ്റിയില്‍ നിന്നും വിയര്‍പ്പ് ഒലിച്ചിറങ്ങിയപ്പോഴാണ്‌ കനത്ത ഉഷ്ണത്തിലാണ്‌ എന്റെ ഇരുപ്പെന്ന് ഓര്‍ മ്മിച്ചത്. ഒന്ന് കൂടി കുളിക്കണമെന്ന് തോന്നി. ഞാന്‍ എന്നെ മണത്ത് നോക്കി. ഓറഞ്ച് സോപ്പിന്റെ ഗന്ധം പാടെ പോയിട്ടില്ല. സൂക്ഷമായി ഘ്രാണിച്ചാല്‍ പാട പോലെ ആ ഗന്ധം എന്നെപ്പൊതിഞ്ഞിരിക്കുന്നത് അറിയാം . രതിപ്രിയയെ പിരിഞ്ഞ് പോരുമ്പോഴെല്ലാം മണിക്കൂറുകളോളം അവളുടെ മണം കൂടെയുണ്ടാകും .അവള്‍ ഉപയോഗിക്കുന്ന പെര്‍ ഫ്യൂമിന്റെ, മുഖത്ത് തേയ്ക്കുന്ന ക്രീമിന്റെ അങ്ങിനെയെന്തെങ്കിലും. സ്റ്റീഫന്‍ ഓരോ തവണ യാത്ര കഴിഞ്ഞ് വരുമ്പോഴും അവള്‍ക്ക് സൌന്ദര്യവര്‍ ദ്ധക സമഗ്രികള്‍ കൊണ്ടുവരും . പല ഫ്ലേവറുകളില്‍ , നിറങ്ങളില്‍, കുപ്പികളില്‍. ഒരിക്കലെങ്കിലും അവന്‍ അതിലേതെങ്കിലും തിരിച്ചറിഞ്ഞെന്ന് വരില്ല. കൈമാറുന്നതോടെ ഉപേക്ഷിക്കപ്പെടുന്നതാണവനെല്ലാം . കൈമാറിയോ!



ഒരു പോപ്പ് ഗായകന്റെ രൂപമാണ്‌ സ്റ്റീഫന്. ജോലിത്തിരക്കില്ലാത്തപ്പോഴൊക്കെ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്നവന്‍. നഗരത്തിലെ ഇരുണ്ട ഗലികളുടെ രഹസ്യം അവനറിയാം . കഞ്ചാവിന്റേയും ഭാംഗിന്റേയും രുചി എന്റെ സിരകളില്‍ ആവാഹിച്ചിറക്കിയത് അവനാണ്‌. ജോ പാസ്സിന്റെ ഗിറ്റാര്‍ വായന കേട്ടുകൊണ്ട് മണിക്കൂറുകളോളം ഞങ്ങള്‍ ചേര്‍ ന്നിരിക്കും . അവന്‍ ചിലപ്പോള്‍ എന്നെ കെട്ടിപ്പിടിക്കും .



ജോലിയൊന്നുമില്ലാതെ നിര്‍ദ്ദയമായ ദിവസങ്ങളെ പഴിക്കുന്ന എനിക്ക് അതെല്ലാം സ്വപ്നം പോലെ. പുക മൂടിയ മുറിയിലിരുന്ന് ഞങ്ങള്‍ ബോബ് മാര്‍ലിയെ കേള്‍ക്കുമായിരുന്നു. ചിലപ്പോള്‍ ആ ധാരയില്‍ ലയിച്ച് അന്തമില്ലാതെ സംസാരിക്കുമായിരുന്നു. ഒരിക്കല്‍ മാത്രം താന്‍ സ്നേഹിക്കുന്ന ഭാര്യയെക്കുറിച്ച് അവന്‍ പറഞ്ഞു. അവള്‍ വെറും തോന്നലാണെന്ന്. കഞ്ചാവ് തന്ന സുഖമാണെന്ന്. ലഹരിയുടെ മങ്ങിയ കാഴ്ചയിലാണ് അവൾ സുന്ദരിയെന്ന്.



അവന്റെ സഹായം കൊണ്ട് ഒരു ജോലി തരപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞു. ആഴ്ചയിലെ വലിയൊരു വിടവ് പോലെയുള്ള ഞായറാഴ്ചകളില്‍ മാത്രമായി ഞങ്ങളുടെ ഒത്തുചേരല്‍ .അവന്‌ ഭ്രാന്താണെന്ന് തീരുമാനിക്കാന്‍ തോന്നിയ നിമിഷങ്ങളില്‍ എന്നിലേയ്ക്ക് ഭ്രാന്ത് പകര്‍ന്ന് തന്ന് എന്‍ ഫീല്‍ഡ് ബുള്ളറ്റിന്റെ കനത്ത ശബ്ദത്തോടൊപ്പം നഗരവീഥികളിലേയ്ക്ക് അവന്‍ മുങ്ങാങ്കുഴിടും .



അപ്പോഴും ഞാന്‍ അവന്റെ മാത്രം തോന്നലായ രതിപ്രിയയെ കണ്ടിട്ടില്ല. പക്ഷേ, അവളെക്കുറിച്ച് ഓര്‍ക്കാന്‍ തുടങ്ങിയിരുന്നു.



ഒരു ദിവസം അവന്‍ വന്നു. പതിവില്ലാതെ ആഴ്ചദിവസം . രതിപ്രിയയെ എനിക്ക് പരിചയപ്പെടുത്താന്‍ പോകുകയാണെന്ന് പറഞ്ഞു. എനിക്ക് രക്തം വറ്റിയ പോലെ തോന്നി. അവന്റെ വീട്ടിലേയ്ക്ക് കയറിയപ്പോള്‍ പ്രേതയാമങ്ങളില്‍ ശ്മശാനത്തിലേയ്ക്ക് പോകുന്നവന്റെ ഉള്ളിടിപ്പായിരുന്നു. നര്‍ ത്തകിയുടെ അംഗലാവണ്യമുള്ള അവന്റെ തോന്നല്‍ എന്നെ പരിചയപ്പെട്ടു. ഏതെങ്കിലും ജ്വല്ലറിയുടെ കലണ്ടറിന്‌ പറ്റിയതായിരുന്നു അവളുടെ രൂപം . എന്നെക്കൂടാതെ ആരും ഇതുവരെ അവിടേയ്ക്ക് ക്ഷണിക്കപ്പെട്ടിട്ടില്ലെന്നറിഞ്ഞപ്പോള്‍ ആഹ്ലാദം തോന്നി. രതിപ്രിയയുടെ ഗന്ധം ആദ്യമായി ആസ്വദിച്ച ആ ഫ്ലാറ്റില്‍ എന്റെ ഏകാന്തത മരിച്ച് വീണു.



പിന്നീട് അവൾ സ്നേഹിച്ചിട്ടുണ്ടാകുക മുഷിഞ്ഞ വസ്ത്രം പോലെ ഞാൻ ഉപേക്ഷിച്ച ഏകാന്തതയെ ആയിരിക്കണം. കാരണം ആ വിജയം എന്നിൽ നിഗൂഢമായ ഒരു അഹങ്കാരം ജനിപ്പിച്ചിരുന്നു.



2



സ്റ്റീഫന്‍ ടൂര്‍ പകുതിയില്‍ നിര്‍ത്തി തിരിച്ചെത്തി. സീസണ്‍ തുടങ്ങിയിട്ടും വേണ്ടത്ര ബുക്കിങ് ഇല്ല പോലും . രതിപ്രിയയുടെ വിഷാദം കലര്‍ന്ന ശബ്ദം എന്റെ റിസീവറില്‍ മേഘങ്ങളെ നിരത്തി. എന്റെ ശരീരം ചൂട് പിടിച്ചു. അവളുടെ ഗന്ധത്തിനായി കൊതിച്ചു. അവളെ എനിക്ക് വിട്ട് തരാന്‍ സ്റ്റീഫനോട് അപേക്ഷിക്കണമെന്ന് അവള്‍ പറഞ്ഞു. എന്നെ അവള്‍ ക്ക് വിട്ട് കൊടുക്കാന്‍ എന്നോട് അപേക്ഷിക്കുന്നത് പോലെ തോന്നി അത്.



മടി പിടിച്ച് അവധിയെടുത്തിരിക്കുകയായിരുന്നു ഞാന്‍. ആരും വരാനിടയില്ലാത്ത നിര്‍ജ്ജീവമായ ഒരു ദിവസം . ഒരു കുപ്പി റം ഫ്രിജ്ജിലിരിക്കുന്നതിനെ ആശ്രയിക്കാം എന്ന് കരുതി. കുറേ നാളുകളായി അതിന്റെ കഴുത്ത് പൊട്ടിക്കുന്നതിനെക്കുറിച്ചാലോചിക്കുന്നു. ഇനിയെങ്കിലും അത് ചെയ്തില്ലെങ്കില്‍ താഴേയ്ക്ക് ചാടി അത് ആത്മഹത്യ ചെയ്തേക്കും. രതിപ്രിയയെ കണ്ടില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേക്കുമെന്ന പോലെ.



ഉയര്‍ന്ന താപനിലയില്‍ എന്റെ മുറി വിയര്‍ത്തു. അത്ഭുതം പോലെ രതിപ്രിയ വന്നെത്തുന്നത് വരെ ആ കുപ്പിയെ മനസ്സിലിട്ടുരുട്ടുകയായിരുന്നു ഞാന്‍ .



അവള്‍ ഓറഞ്ച് സോപ്പ് തേച്ച് കുളിച്ചിട്ടുണ്ടായിരുന്നു. അവൾ ദിവസം എത്ര പ്രാവശ്യം കുളിക്കുമെന്ന് ചോദിക്കാൻ തോന്നി. ചുവന്ന കുര്‍ത്തയും നീല ജീന്‍സും ധരിച്ചിരുന്നു. സോഫയില്‍ ചേര്‍ന്നിരുന്ന് ഞങ്ങള്‍ റം കുടിച്ചു. അവള്‍ പതിവില്ലാതെ മൌനത്തിലായിരുന്നു. എന്റെ നെഞ്ചില്‍ തല ചായ്ച്ച് അവള്‍ കിടന്നു. പക്ഷേ കരയുന്നുണ്ടായിരുന്നില്ല.



അവള്‍ കരയണമെന്ന് ഞാന്‍ എന്തിനാഗ്രഹിച്ചു!



അവള്‍ പോയശേഷവും മുറിയില്‍ ഓറഞ്ചിന്റെ മണം തളം കെട്ടി നിന്നു. കുപ്പിയിലെ ദ്രാവകം ഞാന്‍ വെള്ളം തൊടാതെ വിഴുങ്ങി. തൊണ്ടയെ പൊള്ളിച്ച് കൊണ്ട് അത് എന്നിലേയ്ക്ക് കഠാര പോലെ കുത്തിയിറങ്ങി.



ഞാന്‍ എന്നെ മണത്ത് നോക്കി. രതിപ്രിയയെ കിട്ടി. അതില്‍ മുഴുകിയിരുന്ന് അവിചാരിതമായ അവളുടെ വരവിനെക്കുറിച്ച് ആലോചിച്ചു. അവള്‍ ആഭിചാരം നിര്‍ത്തിക്കാണണം . ഇല്ലെങ്കില്‍ അവളൊന്ന് മനസ്സില്‍ വിചാരിച്ചാല്‍ ഞാന്‍ പുറപ്പെട്ടിരിക്കും .



എനിക്ക് ഉറക്കം വന്നു. ഉഷ്ണം അതിന്റെ കൊടുമുടിയിലിരുന്ന് എന്നെ വേവിച്ചെടുത്തു. സോഫയില്‍ മലര്‍ന്ന് കിടന്ന് ഉറക്കത്തെ സ്വീകരിച്ചു. അവളെ സ്വപ്നം കാണുന്നതായി സ്വപ്നം കാണാൻ ശ്രമിച്ചു. അവൾ എന്നെ സ്വപ്നം കാണുന്നതായി സ്വപ്നം കാണാൻ ശ്രമിച്ചു. വാൻ ഗോഗ് പെയിന്റിങ് പോലെ പരന്ന് കിടക്കുന്ന നെൽ‌പ്പാടങ്ങൾ. വരമ്പിലൂടെ നടക്കുന്ന രതിപ്രിയ. അവളെ നോക്കി നോക്കി പിന്തുടരുന്ന ഞാൻ. അവൾ നെൽക്കതിരുകളെ ഉമ്മ വച്ചു.ചുരം കടന്നെത്തുന്ന കാറ്റിനെ കെട്ടിപ്പിടിച്ചു. ഞാൻ നെൽക്കതിരുകളെ വെറുക്കുന്നു. ചുരം കടന്നെത്തുന്ന കാറ്റിനെ വെറുക്കുന്നു.



3



എനിക്ക് ആരേപ്പറ്റിയും എങ്ങിനേയും വിചാരിക്കാം. ആർക്കും എന്നെപ്പറ്റി എങ്ങിനേയും വിചാരിക്കാം. സ്വകാര്യമായ ആ സ്വാതന്ത്ര്യത്തിൽ എനിക്ക് ഉളുപ്പ് തോന്നി. പരശരീരം കാമിക്കുന്ന കീടമാകുന്നോ ഞാൻ. എന്റെ വിചാരങ്ങളിൽ കൊല ചെയ്യപ്പെടുന്നവർ, ബലാത്സംഗം ചെയ്യപ്പെടുന്നവർ എന്നോട് എങ്ങിനെ പകരം വീട്ടും? ഞാൻ എന്നോട് എങ്ങിനെ പക കാണിക്കും?



പൊടുന്നനെ സ്റ്റീഫന്‍. പഴയ നഗരത്തിലെ ഏതോ തെരുവില്‍ നിന്നാണ്‌ വരുന്നതെന്ന് മനസ്സിലായി. അവനെ കഞ്ചാവ് മണക്കുന്നുണ്ടായിരുന്നു. അവൻ എൽട്ടൺ ജോണിന്റെ സാക്രിഫൈസ് മൂളുന്നുണ്ടായിരുന്നു. വന്നപാടെ സോഫയിൽ എന്നെ തള്ളിയിട്ട് അവൻ രൂക്ഷമായി നോക്കി. പിന്നെ തിരമാല പോലെ വന്ന ചിരിയിൽ സ്വയം തള്ളിയിട്ടു.



‘ ഐ ലൈക്ക് യു മൈ ഡിയർ ‘ അവൻ കഞ്ചാവിൽ ആടി. ഞാൻ പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ലാതെ ഇരുന്നു. ആ സമയത്ത് അവൻ വന്നത് എനിക്കിഷ്ടമായില്ല. അവൻ ,എന്നെ രതിപ്രിയയിൽ കെട്ടിയിട്ടവൻ, എന്നിട്ട് അവളെ എനിക്ക് പിശുക്കി പിശുക്കി തരുന്നവൻ.



അവൻ സോഫയിൽ ഇരുന്നു. മതിമറന്ന് സന്തോഷിക്കുകയാണവൻ. എന്തുണ്ടായോ എന്തോ. അവന്റെ നേർത്ത കുർത്ത വിയർപ്പിൽ കുതിർന്നിരുന്നു.



‘ എന്ത് പറ്റി? ഇന്ന് വലിയ സന്തോഷത്തിലാണല്ലോ’ . ഞാൻ ചോദിച്ചു.



‘ അവൾ ഇവിടെ വന്നിരുന്നോ?’ . സ്റ്റീഫൻ



ഞാൻ മൂളി.



‘ഉം...നിനക്കിഷ്ടമുള്ള ഓറഞ്ച് സോപ്പിന്റെ മണം എനിക്കും കിട്ടുന്നുണ്ട്. സത്യം പറയട്ടെ നിന്റെയടുത്ത് വരുമ്പോഴാണ് ഞാൻ ശരിക്കും അവളെ ആസ്വദിക്കുന്നത്. ‘



‘സ്റ്റീഫൻ?’



‘ ഹ..ഹ...അവൾക്ക് നിന്നെ വലിയ ഇഷ്ടമാണ്. എനിക്ക് അതിലേറെ’ ഇത്രയും പറഞ്ഞ് അവൻ എന്റെ ഷർട്ടിന്റെ കുടുക്കുകൾ അഴിച്ചു. രോമമില്ലാതെ മരുഭൂമി പോലത്തെ എന്റെ മാറിൽ തല ചായ്ച്ചു. ഉമ്മ വച്ചു. അവനെ അത്രയെങ്കിലും അനുവദിക്കണമെന്ന് എനിക്ക് തോന്നി. ഇടയ്ക്കെപ്പോഴോ രതിപ്രിയാ എന്ന് വിളിച്ച് എനന്റെ ചുണ്ടിൽ ഉമ്മ വയ്ക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തടുത്തു.



‘ ഓ’ അവൻ നൈരാശ്യപൂർവ്വം മൂളി. എന്നിട്ട് എന്റെ റം കുപ്പിയിൽ നിന്ന് കുറച്ച് കുടിച്ചു. സ്വതവേ ആടുന്ന അവൻ പിന്നേയും ആടി പുറത്തേയ്ക്ക് നടന്നു. നനഞ്ഞ കണ്ണാടിയിലൂടെ ഒരാളെ കാണുന്നത് പോലെ വികൃതമായിരുന്നു അവൻ.



രതിപ്രിയയെ സ്വപ്നം കാണാൻ ശ്രമിച്ച് ഞാൻ കണ്ണടച്ച് കിടന്നു. ചില സമയങ്ങൾ എത്ര ദീർ ഘമായാലും ചെറുതാണെന്ന് തോന്നും.



4



മടി പിടിച്ചിരുന്നാൽ സ്ഥിരമായി വീട്ടിലിരിക്കേണ്ടി വരുമെന്ന് ഓർത്തപ്പോൾ ഓഫീസിൽ പോകാൻ തുടങ്ങി. ജോലിത്തിരക്കിനിടയിൽ രതിപ്രിയ മനസ്സിൽ വന്നെങ്കിലും മങ്ങിയ ഒരു ചിത്രം പോലെയേ ഉണ്ടായിരുന്നുള്ളൂ. കൂടെ ജോലി ചെയ്യുന്ന സുന്ദരികളുടെ നാട്യങ്ങൾ കുറച്ചൊക്കെ ആശ്വാസം തരുന്നുണ്ട്. അവളോളമില്ലെങ്കിലും.



ഒന്ന് ശരിക്ക് കാണും മുന്നേ ഒരാഴ്ച കടന്ന് പോയി. വീണ്ടും വാരാന്ത്യം.അവധി. ഒറ്റ, ഏകാന്തത…രതിപ്രിയ ..എന്നിങ്ങനെ മനസ്സ് പൂപ്പലടിക്കാൻ തുടങ്ങി. അവളുടെ നമ്പറിലേയ്ക്ക് വിളിച്ചു. ഇത്രയും നാൾ മറന്ന് പോയതിന് ദേഷ്യപ്പെടുമായിരിക്കും.



‘ നീ ഇങ്ങോട്ട് വാ..വേഗം’.. ഇത്രയുമേ അവൾ പറഞ്ഞുള്ളൂ.



പതിവില്ലാത്ത വിധം വല്ലാത്ത മൂകതയാണ് എന്നെ വരവേറ്റത്. സ്റ്റീഫൻ അവിടെയില്ലെന്ന് മനസ്സിലായി. പക്ഷേ അവൾ ആവേശപൂർവ്വം എന്നെ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്തില്ല. മഞ്ഞിനേക്കാൾ തണുത്ത ഭാവത്തോടെ എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു.



‘ എന്ത് പറ്റി എന്റെ യെരുസലേം പുത്രീ?’



‘ സ്റ്റീഫൻ നിന്നെ കാണാൻ വന്നിരുന്നോ?’



‘ ഉവ്വ്..കഴിഞ്ഞാഴ്ച. നീ വന്ന് പോയതിന് ശേഷം’



‘ അവൻ എന്ത് പറഞ്ഞു?’



‘ അവൻ ലഹരിയിലായിരുന്നു. എന്നെ വലിയ ഇഷ്ടമാണെന്ന് പറഞ്ഞു.പിന്നേ…’



‘ പിന്നെ?’



‘ പിന്നെ ഒന്നുമില്ല. കുറച്ച് നേരം ഇരുന്നിട്ട് പോയി.’



‘ എങ്ങോട്ട്?’



‘ അറിയില്ല. എന്തേ അവൻ ഇങ്ങോട്ടല്ലേ വന്നത്?’



‘ അതിന് ശേഷം അവൻ വന്നിട്ടില്ല. പിന്നെ ഞാൻ കണ്ടിട്ടില്ല’



‘ ങ്ങേ?എന്ന് വച്ചാൽ ?’



‘ അവൻ പോയി..എന്നെ വിട്ട്, നിന്നെ വിട്ട്?’



‘ രതിപ്രിയ,നീ എന്തൊക്കെയാ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല.’



‘ പക്ഷേ ഞാൻ പ്രതീക്ഷിച്ചിരുന്നു’



‘ എന്ത്?’



‘ നിനക്കറിയാമോ,സ്റ്റീഫൻ എന്തിനാണ് നിന്നെ എനിക്ക് പരിചയപ്പെടുത്തിയതെന്ന്?’



‘ ഇല്ല’



‘ എനിക്ക് ഒരു കൂട്ടായിരിക്കാൻ. അവൻ പോകുമ്പോൾ ഞാൻ ഒറ്റപ്പെടാതിരിക്കാൻ’



‘ ഛെ..നീയിങ്ങനെ യക്ഷിക്കഥകൾ പറയാതെ വ്യക്തമായി പറയൂ’



‘ അവന് എന്നെ വലിയ ഇഷ്ടമായിരുന്നു. എന്നെ അവനേക്കാൾ സ്നേഹിച്ചിരുന്നു. പക്ഷേ..’



‘ പക്ഷേ?’



‘ ആദ്യരാത്രിയിൽ നവവധുവിനോട് താൻ ഷണ്ഡനാണെന്ന് പറയേണ്ടി വരുന്ന ഒരാളുടെ അവസ്ഥ’



‘ ഓഹ്..അതെനിക്കറിയില്ലായിരുന്നു’



‘ അവൻ പറഞ്ഞു അത്. എന്നിട്ട് കിടപ്പുമുറിയിൽ നിന്നും ഇറങ്ങിപ്പോയി. ‘



‘ അത് കൊണ്ടാണോ അവൻ എന്നെ…?’



‘ അത് മാത്രമല്ല. അവന്റെ മനസ്സിൽ നീറ്റലുണ്ടായിരുന്നു.എന്നെ കാണുമ്പോഴൊക്കെ ആ നീറ്റൽ അവനെ പൊള്ളിക്കുമായിരുന്നു. അത് സഹിക്കാൻ പറ്റാതെ ഒരു ദിവസം എന്നെ വിട്ട് പോകുമെന്ന് അവനറിയാമായിരുന്നു, എനിക്കറിയാമായിരുന്നത് പോലെ.’



‘ അപ്പോൾ ഞാൻ ?’



‘ എന്നാണ് അവൻ കരുതിയിരുന്നത്.’



എനിക്ക് ആ സമയത്ത് എന്ത് വികാരമാണ് ചേരുന്നതെന്ന് അറിയില്ലായിരുന്നു. ദുരന്തമാണോ,വീണ് കിട്ടിയ സൌഭാഗ്യമാണോ? രതിപ്രിയ ഇനി എന്നെന്നേയ്ക്കും എന്റേതാകുമെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. പൾപ്പ് നോവലുകളിലെപ്പോലെ അവിചാരിതമായ വഴിത്തിരിവുകൾ എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് ആര് പ്രതീക്ഷിച്ചു.



ഞങ്ങൾക്കിടയിൽ മൌനം പടർന്ന് പന്തലിച്ചു. അവൾ നിശ്ശബ്ദമായി കരയുകയായിരുന്നു.



‘ നീ ഇപ്പോൾ പൊയ്ക്കോളൂ’ ഒടുവിൽ അവൾ പറഞ്ഞു. അത് അവസാനത്തെ യാത്ര പറച്ചിലാണെന്ന് എനിക്ക് തോന്നി. ഇനിയൊരിക്കലും അവളെ കാണില്ലെന്ന് ആരോ എന്റെയുള്ളിലിരുന്ന് പറഞ്ഞു. ഞാൻ എഴുന്നേറ്റ് എന്റെ മുറിയിലേയ്ക്ക് തിരിച്ചെത്തി.



വിചാരിച്ച പോലെ പിന്നീടിരിക്കലും ഞാൻ അവളെ കണ്ടില്ല.



(യഥാർ ത്ഥത്തിൽ ഈ നിമിഷത്തിൽ നിന്നായിരുന്നു ഈ കഥ തുടങ്ങേണ്ടിയിരുന്നത്. എഴുത്തുകാരന്റെ കരവിരുതിൽ പഴയ കാര്യങ്ങൾ ഒന്നൊന്നായി പൊലിപ്പിച്ചെടുക്കാമായിരുന്നു. വെറും കാമുകനായ എനിക്ക് അത്രയ്ക്കൊന്നും ഭാവനാശേഷിയില്ലാത്തത് കൊണ്ട് എല്ലാം വരുന്ന പോലെ പറഞ്ഞ് വയ്ക്കാനേ കഴിഞ്ഞുള്ളൂ.)



5



ഞാൻ ജോലി രാജി വച്ച് വീട്ടിലിരിക്കാൻ തുടങ്ങി. പിരിഞ്ഞപ്പോൾ കിട്ടിയ കുറച്ച് പണം കൊണ്ട് തൽക്കാലം കഴിഞ്ഞ് കൂടാം. രതിപ്രിയ ഒരു മുറിവായി മനസ്സിൽ നീറിക്കൊണ്ടിരുന്നു. അവൾ എങ്ങോട്ട് പോയെന്നോ എവിടെയാണെന്നോ അന്വേഷിക്കാൻ മിനക്കെട്ടില്ല. ഒരു ദു:സ്വപനമായിരുന്നിരിക്കണം.



‘ ഡാ..നിനക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്’ എന്റെ സുഹൃത്ത് പറഞ്ഞു.കുറേ നാള്‍ ഒന്നിച്ച് ജോലി ചെയ്തതിന്റെ അടുപ്പം അവനോടെനിക്കുണ്ടായിരുന്നു.



' എന്ത് കുഴപ്പം ?'



' ഞാന്‍ കുറേ നാളായി നിന്നെ ശ്രദ്ധിക്കുന്നു. നിന്റെ മനസ്സില്‍ എന്തോ അലട്ടുന്നുണ്ട്'



' ഏയ്..അങ്ങിനെയൊന്നുമില്ല'



' അല്ല.എന്തോ ഉണ്ട്. നോക്കൂ എനിക്കും ഇതേ പോലെ അലട്ടല്‍ ഉണ്ടായിരുന്നതാണ്‌'



' എന്നിട്ട്?'



' കല്ല്യാണം കഴിച്ചതോടെ അതങ്ങ് മാറി'



' നീ എന്താ പറഞ്ഞ് വരുന്നത്?'



' ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. നീ കന്യകനാണോ?'



' അല്ല'ഞാന്‍ നിസ്സം ഗതയോടെ പറഞ്ഞു.



' അല്ല?ഞാന്‍ വിശ്വസിക്കില്ല. എന്റെയറിവില്‍ നിനക്ക് ഏതെങ്കിലും പെണ്ണുമായി എന്തെങ്കിലും ഉള്ളതായി അറിവില്ല'



അവനെ വിശ്വസിപ്പിക്കാനായി ഞാന്‍ രതിപ്രിയയുടേയും സ്റ്റീഫന്റേയും കഥ പറഞ്ഞു. അവന്‍ പൊട്ടിച്ചിരിച്ചു.



' നിനക്ക് മാനസികമായി എന്തോ പ്രശ്നമുണ്ട്. അതാണ്‌ ഇങ്ങനെയൊക്കെ നടന്നതായി തോന്നുന്നത്'



' എന്ന് വച്ചാല്‍ ഞാന്‍ നുണ പറയുകയാണെന്നോ?'



' അല്ല,നിന്റെ മനസ്സില്‍ എന്തൊക്കെയോ വിഭ്രാന്തികള്‍ ഉണ്ട്.അതാണ്‌ ഇങ്ങനെയൊക്കെ'



' എനിക്കെന്ത് വിഭ്രാന്തി? ഞാന്‍ പറഞ്ഞതെല്ലാം നടന്ന കാര്യങ്ങളാണ്‌'



' ബ്യൂട്ടിഫുള്‍ മൈന്റ് എന്ന സിനിമ കണ്ടിട്ടുണ്ടോ നീ?'



'ഇല്ല'



' ശരി.നീ പറഞ്ഞ രതിപ്രിയ ഇപ്പോള്‍ എവിടെയുണ്ട്?'



' അവള്‍ പോയെന്ന് പറഞ്ഞില്ലേ?'



' എവിടെയാണവള്‍ താമസിച്ചിരുന്നത്?'



' ഇനിയിപ്പോള്‍ അതൊന്നും നോക്കിയിട്ട് കാര്യമില്ല'



' അവളുടെ പഴയ ഫോണ്‍ നമ്പര്‍ നിന്റെ കൈയ്യിലിണ്ടോ?'



' ഇല്ല...'



' അവള്‍ നിനക്കയച്ച കത്തുകള്‍ , ഗ്രീറ്റിങ്ങ് കാര്‍ ഡ് ,ഗിഫ്റ്റ് അങ്ങിനെയെന്തെങ്കിലും ?'



' ഇല്ല'



' പിന്നെ എന്തുണ്ട് നിന്റെ കൈയ്യില്‍ ?'



' സോപ്പ് ‘



' വാട്ട്?'



'അവളുടെ സോപ്പ്. ഓറഞ്ച് മണമുള്ള സോപ്പ്'.



ഒരിക്കൽ അവളറിയാതെ ഞാൻ എടുത്തുകൊണ്ട് വന്ന സോപ്പ് കഷ്ണം.



അവന്‍ കുലുങ്ങിച്ചിരിച്ചു. ഒരു മനോരോഗിയെ നോക്കുന്ന സൈക്കാട്രിസ്റ്റിനെപ്പോലെ അവന്‍ എന്നെ നോക്കി.



' നീ ഇനി അധികം നാള്‍ ഇവിടെ നില്ക്കരുത്. എത്രയും വേഗം നാട് വിട്ടോ'



' എന്തിന്?'



' കൂടുതല്‍ കുഴപ്പമാകുന്നതിന്‌ മുന്പ് വീട് പറ്റാന്‍ നോക്ക്'



അവനെ കഴുത്തിന്‌ പിടിച്ച് പുറത്താകാനാണ്‌ എനിക്ക് തോന്നിയത്.



' എനിക്ക് കുഴപ്പമൊന്നുമില്ല. നീയായിട്ട് ഓരോന്ന് ഉണ്ടാക്കാതിരുന്നാല്‍ മതി' ഞാന്‍ പറഞ്ഞു.



' ശരി.നിന്റെയിഷ്ടം പോലെ.' അവന്‍ യാത്ര പറഞ്ഞു.



അവന്‍ പോയ ശേഷം ഞാന്‍ കുളിമുറിയില്‍ ചെന്ന് ആ സോപ്പ് തപ്പിയെടുത്തു. അലിഞ്ഞലിഞ്ഞ് ഒരു സ്ഫടികം പോലെ അതുണ്ടായിരുന്നു. എങ്കിലും ആ മണം തീവ്രമായിരുന്നു. ഞാന്‍ സോപ്പ് തേച്ച് കൈ കഴുകി.



രതിപ്രിയയുടെ മണം എന്റെ കൈകളില്‍ . അതാസ്വദിച്ചുകൊണ്ട് ഞാനിരുന്നു.



എല്ലാം എന്റെ വിഭ്രാന്തികളായിരുന്നെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അപ്പോള്‍ .