മുത്തശ്ശിക്കഥ


ജനലിലൂടെ തെരുവ് കാണാമായിരുന്നു. ചലനങ്ങൾ ഒട്ടേറെ വേദനിപ്പിക്കുന്നതായ ശരീരത്തിനെ വീൽചെയറിൽ ഒതുക്കി അയാൾ തെരുവിലെ കാഴ്ചകളിൽ മുഴുകിയിരുന്നു. വീട് നിശ്ശബ്ദവും വിഷാദം നിറഞ്ഞതുമായിരുന്നു. എഴുപതാണ്ടുകൾ ജീവിച്ച് തീർത്തതിന്റെ എല്ലാ പരാധീനതകളും അയാളുടെ മനസ്സിൽ പുകഞ്ഞു. എന്നിട്ട് എന്ത് നേടി? അയാൾ എന്നും എപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമായിരുന്നു അത്. വിൽചെയറിൽ തടവിലാക്കപ്പെട്ട ഒരു ശരീരം! അതോ അതിനേക്കാൾ തടവറയായിത്തീർന്ന മനസ്സ്! ഓരോന്നോർത്തപ്പോൾ അയാൾക്ക് നൈരാശ്യം തോന്നി. ഒന്നും ഓർക്കാതിരിക്കാനാണ് ആഗ്രഹം. പക്ഷേ, ഒമ്പത് മണിയോടെ ആരവങ്ങളും ബഹളങ്ങളും നിലച്ച് മൂകമാകുന്ന വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഓർമ്മകൾ അനുവാദം ചോദിക്കാറില്ല.

അയാൾ ഗ്രാമത്തിലെ വീടും നിലവും വിറ്റ് നഗരത്തിൽ മകന്റെ കൂടെ താമസമാക്കിയിട്ട് രണ്ട് വർഷങ്ങൾ തികഞ്ഞിരുന്നു. പറയത്തക്ക അസുഖങ്ങളൊന്നുമില്ലാതെയായിരുന്നു നഗരത്തിലെത്തിയത്. പെട്ടെന്ന് ഒരു ദിവസം കുഴഞ്ഞു വീണു. ശരീരം തളർന്നു. 

ജീവിതപങ്കാളിയായി ചക്രങ്ങൾ പിടിപ്പിച്ച കസേരയും എപ്പോഴും ഉറക്കം നിഷേധിക്കുന്ന കട്ടിലും കിട്ടി. ഇനി വൈകുന്നേരം മകനും ഭാര്യയും തിരിച്ചെത്തുന്നത് വരെ തെരുവിലേയ്ക്ക് നോക്കിയിരിക്കുന്നതാണ് സമയം കൊല്ലാനുള്ള ഏക വഴി. ടെലിവിഷനും പത്രങ്ങളും ഒരിക്കലും അയാളുടെ താല്പര്യങ്ങളിൽ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് പേരക്കുട്ടികൾ സ്കൂളിൽ നിന്നും വരും. തിടുക്കത്തിൽ എന്തെങ്കിലും കഴിച്ച് റ്റ്യൂഷൻ എന്നും പറഞ്ഞ് വീണ്ടും ഓടും. പിന്നെ വൈകുന്നേരം വേറെ എന്തൊക്കെയോ പഠനങ്ങൾ. രാത്രിയാകും അവർ സ്വസ്ഥമാകാൻ. അപ്പോഴും ഹോം വർക്ക് എന്നൊക്കെ പറഞ്ഞ് പുസ്തകങ്ങളുടെ കൂമ്പാരത്തിൽ അവർ മുങ്ങിപ്പോകും. മകന്റെ ഭാര്യയാകട്ടെ അടുക്കളയിൽ തിരക്കിലായിരിക്കും. മകൻ എപ്പോഴെങ്കിലും കയറി വരും. അപ്പോഴെല്ലാം അവൻ അരിശത്തിലായിരിക്കും.

തനിക്ക് ഇങ്ങനെയൊരു ജീവിതം ഉണ്ടായിരുന്നില്ലെന്ന് അയാൾ ഓർത്തു. കൃഷിയായിരുന്നു തൊഴിൽ. പാടത്തും പറമ്പിലും പണി കഴിഞ്ഞ് എന്ത് സന്തോഷത്തോടെയായിരുന്നു വീട്ടിൽ തിരിച്ചെത്തിയിരുന്നത്. വേറൊന്നും അറിയേണ്ട ആവശ്യമില്ലായിരുന്നു. ഉച്ചയ്ക്കും രാത്രിയും രുചിയുള്ള ആഹാരം വച്ച് വിളമ്പിത്തരുന്ന ഭാര്യ. അവൾ പോയതോടെ എല്ലാം പോയി.
ഇതൊക്കെ എന്നും ഓർക്കുന്നതാണ്. രാത്രിയും പകലും പോലെ എന്നും മുടക്കമില്ലാതെ വന്നെത്തുന്നത്.

അപ്പോൾ തെരുവിൽ എന്തോ ബഹളം കേട്ടു. ഇത്തരം ബഹളങ്ങൾ എന്നുമുണ്ടാകും. അപ്പോഴാണ് കുറച്ച് നേരം ഓർമ്മകളുടെ ശല്യമില്ലാതെ കഴിഞ്ഞ് പോകുന്നത്. എന്തിനാണാവോ ഇന്നത്തെ വഴക്ക്. അയാൾ തെരുവിലേയ്ക്ക് നോക്കി.




ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ പ്രകാശന് വല്ലാത്ത മടുപ്പ് തോന്നി. നോട്ട് പുസ്തകം മടക്കി വച്ച് പേന ക്യാപ്പിട്ട് മേശപ്പുറത്ത് വച്ചു. പുറത്ത് പോയി ഒരു ചായ കുടിച്ചാലോയെന്ന് ആലോചിച്ചു. പിന്നീട് ഉപേക്ഷിച്ചു. ജങ്ക്ഷൻ വരെ നടന്ന് പോയി ചായ കുടിക്കാൻ വയ്യ. വല്ലാത്ത മടുപ്പാണ്.

മേശപ്പുറത്ത് ചത്ത് പോയ ഏതോ ജന്തുവിനെപ്പോലെ മൊബൈൽ ഫോൺ കിടക്കുന്നുണ്ടായിരുന്നു. ദിവസങ്ങളായി അത് ശബ്ദിച്ചിട്ട്. എന്തിനാണാവോ ഇത്ര മൌനം, മൌനം എന്ന എന്ന തമിഴ് സിനിമാപ്പേര് അയാൾ പിറുപിറുത്തു. മാത്രമല്ല, രണ്ട് മൂന്ന് ദിവസങ്ങളായി മുറിയിൽ ഇങ്ങനെ അടച്ചുപൂട്ടിയിരിക്കുന്നു. ഫേസ് ബുക്ക്, ജിടാക്ക് തുടങ്ങിയ എല്ലാത്തിനും അവധി കൊടുത്തു. അതെല്ലാം തുറന്നിരിക്കുമ്പോൾ ഒറ്റയ്ക്കാണെന്ന് പറയാൻ പറ്റില്ലല്ലോ. അത് മാത്രമാണോ കാരണം? അല്ലല്ലോ..രേണു വിളിച്ചിട്ട് ഇപ്പോൾ എത്ര ദിവസമായിരിക്കുന്നു. എന്തൊരു പിണക്കമാണവളുടേത്. ഒരബദ്ധം. ഒരു വാക്ക്. അത് പോലും ക്ഷമിക്കാൻ മനസ്സില്ലെങ്കിൽ എങ്ങിനെ അവൽ തന്നെ സ്നേഹിക്കുന്നെന്ന് പറയുന്നു. അന്ന് താൻ വല്ലാത്തൊരു മൂഡിലായിരുന്നു. കൺ ഫ്യൂസ്ഡ് എന്ന് തന്നെ പറയാം. അപ്പോഴാണ് അവൾ വിളിക്കുന്നത്. അവളുടെ ശബ്ദം കേട്ടപ്പോൾ ആശ്വാസം തോന്നിയിരുന്നതാണ്. അവളാകട്ടെ വല്ലാത്ത തമാശ മൂഡിലും. എന്തൊക്കെയോ പറഞ്ഞ് പറഞ്ഞ് ആകെ കുഴപ്പത്തിലാക്കി. ആകെ അസ്വസ്ഥനായിരിക്കുന്ന ഒരാളെ കൂടുതൽ വിഷമിപ്പിക്കാനേ അത്തരം സംഭാഷണങ്ങൾ ഉപകരിക്കൂ. ദേഷ്യം വന്നപ്പോൾ കാൾ കട്ട് ചെയ്തു. നിന്നെ പ്രേമിക്കുന്നത് സമയം പാഴാക്കലാണെന്ന് ഒരു എസ് എം എസ് അയച്ച് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. മനസ്സ് ഒന്ന് തണുത്തപ്പോഴാണ് എന്ത് വലിയ അബദ്ധമാണ് കാണിച്ചതെന്ന് ആലോചിച്ചത്. അവളോട്, അവളോട് അങ്ങിനെയൊക്കെ…ഇനി വിളിച്ചാൽ അവൾ ഫോൺ എടുക്കില്ല. അതാണവളുടെ സ്വഭാവം. അത്ര പെട്ടെന്നൊന്നും ക്ഷമിക്കാത്ത തരം. രണ്ട് ദിവസം കഴിഞ്ഞ് വെറുതേ വിളിച്ച് നോക്കി. ഇല്ല, മറുപടിയില്ല. മാപ്പ് പറഞ്ഞും ക്ഷമ ചോദിച്ചും എസ് എം എസുകൾ അയച്ചു. വെറുതേ സമയം പാഴാക്കണ്ടെന്ന് മാത്രം മറുപടി. ഹോ…എന്ത് ചെയ്യാൻ….
അവളിനി ഒരിക്കലും തിരിച്ച് വരില്ലായിരിക്കും. നമ്പർ പോലും മൊബൈലിൽ നിന്നു മായ്ച്ച് കളഞ്ഞു കാണും.

എല്ലാം ഓർത്തപ്പോൾ പ്രകാശന് സങ്കടവും ദേഷ്യവും ഒന്നിച്ച് വന്നു. എന്നിട്ടാണ് ഇവിടെയിരുന്ന് കിഴവന്റെ കഥ എഴുതുന്നത്. അയാൾ നോട്ട് ബുക്കിൽ നിന്നും എഴുതിയ താൾ കീറിയെടുത്ത് ചുരുട്ടിക്കൂട്ടി എറിഞ്ഞു. അത് ഒരു ഉൽക്ക പോലെ മുറിയുടെ ഒരു മൂലയിൽ പോയി വീണു.
അപ്പോൾ വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. പോയി നോക്കിയപ്പോൾ ബേബിയാണ്. അവനെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതും ഈ സമയത്ത്. അവൻ ചിരിച്ചു കൊണ്ട് വലിച്ച് തീരാറായ സിഗരറ്റ് നിലത്ത് ചവുട്ടിക്കെടുത്തി അകത്തേയ്ക്ക് വന്നു. ആദ്യം തന്നെ അവന്റെ കണ്ണിൽ പെട്ടത് പ്രകാശൻ എറിഞ്ഞു കളഞ്ഞ താൾ ആയിരുന്നു. ബേബി അതെടുത്ത് വായിച്ചു. എന്നിട്ട് പുഞ്ചിരിയോടെ അത് ചുരുട്ടിയെറിഞ്ഞു. അത്ര കൃത്യമായി അത് പഴയ സ്ഥാനത്ത് തന്നെ പതിച്ചത് പ്രകാശനെ അത്ഭുതപ്പെടുത്തി.

“ നിന്റെ കിഴവന് എന്താടാ ഇത്ര സങ്കടം?’ ബേബി കസേരയിൽ അമർന്നിരുന്ന് ചോദിച്ചു.

“ ഇത്രയും കാലം ജിവിച്ചതിന്റെ ആയിരിക്കും “ പ്രകാശൻ ആ ചോദ്യം ഇഷ്ടപ്പെടാത്തത് പോലെ പറഞ്ഞു.

“എയ്…അതല്ലല്ലോ.. എന്തെങ്കിലും കാരണം വേണ്ടേ?”

“ കാരണം ഉണ്ടല്ലോ…ജീവിതം, ഏഴ് പതിറ്റാണ്ടുകളുടെ ജീവിതം”
“ പക്ഷേ നീ എഴുതിയത് വച്ച് അയാൾക്ക് അത്ര വലിയ നൈരാശ്യം തോന്നേണ്ട 
കാര്യമില്ലല്ലോ..വേണമെങ്കിൽ നഗരത്തിലെ ജീവിതവും തന്റെ രോഗവും അയാളെ വിഷമിപ്പിക്കാവുന്നതാണ്. അതല്ലാതെ വേറെ കാരണമൊന്നും ഇല്ലല്ലോ”

“നൈരാശ്യം തോന്നാൻ കാരണം നിർബന്ധമാണോ?“

“ നിർബന്ധമല്ല, പക്ഷേ, എന്തെങ്കിലും കാരണം കൊണ്ടാണല്ലോ..അതിരിക്കട്ടെ എന്ത് കാരണത്തിനാണ് നിനക്കിത്ര നൈരാശ്യം?”

‘ ഒന്നുമില്ല…എനിക്ക് കുഴപ്പമൊന്നുമില്ല”

“ നിനക്ക് കുഴപ്പമൊന്നുമില്ലെങ്കിൽ നിന്റെ കിഴവനും കുഴപ്പം വരാൻ സാധ്യതയില്ല”

“ഓ..എനിക്കറിയില്ല…നിനക്ക് തോന്നുന്നത് പോലെ”
ബേബി ഒരു സിഗരറ്റ് കൂടി കത്തിച്ചു. പ്രകാശന് ഒരെണ്ണം സമ്മാനിച്ചു. പ്രകാശൻ കുറച്ച് നേരം ആലോചിച്ചിട്ട് ഒരു തീരുമാനത്തിൽ എത്തിപ്പെടാൻ കഴിയാതെ അത് കത്തിച്ച് പുകയൂതി.

“ പറയ്…രേണുവുമായുള്ള പ്രശ്നം തീർന്നില്ലെ?”

“ ഇല്ല..അത് തീരില്ല”

“അപ്പോ അതാണ് നിന്റെ ദുഖത്തിന്റ് ഹേതു”

“ഏയ്..അല്ല….അതിനി ഓർത്ത് വിഷമിക്കാനുള്ളതല്ല..”

“എന്ന് ആര് പറഞ്ഞു?”

“ബേബീ..ലോകമഹായുദ്ധങ്ങൾ പോലും മനുഷ്യൻ എത്രയെളുപ്പം മറക്കുന്നു? കൂട്ടക്കൊലകൾ, കുരുതികൾ, പട്ടിണിമരണങ്ങൾ, സ്ത്രീപിഢനങ്ങൾ..അങ്ങനെയങ്ങനെ..അതിനേക്കാൾ വലുതൊന്നുമല്ലല്ലോ ഇത്”

“ വാഹ്..വാഹ്..നീ സംസാരിക്കുന്നു..പക്ഷേ, സ്വയം വഞ്ചിക്കുന്നത് അത്ര നല്ല ശീലമല്ല, പുകവലിയേക്കാൾ ദോഷമാണത്”

“ ഹും..പിന്നെ ഞാനെന്ത് ചെയ്യണമെന്ന് നീ പറ”

“ എനിക്കെങ്ങിനെ പറയാൻ പറ്റും..നീ അവളെ നേരിട്ട് പോയി കാണ്”

“ വയ്യ…അവളുടെ മുഖത്തേയ്ക്ക് നോക്കാൻ വയ്യ എനിക്ക്”

“ എങ്കിൽ അടുത്ത ലോകമഹായുദ്ധം വരെ നീ കരഞ്ഞോണ്ടിരിക്ക്”

അപ്പോൾ, പെട്ടെന്ന് അവർക്കിടയിൽ ഒരു മൌനം വീണു. മേഘങ്ങൾക്കിടയിൽ നിന്നും സൂര്യൻ മുഖം കാണിക്കുന്നത് പോലെ. അവർ പുകയൂതുന്നതിൽ ശ്രദ്ധ ചെലുത്തി. കുറെ നേരം കഴിഞ്ഞിട്ടും മടുപ്പൊന്നും കൂടാതെ മിണ്ടാതിരിക്കാൻ കഴിഞ്ഞതിൽ പ്രകാശന് അതിശയം തോന്നി. ബേബിയാകട്ടെ മേൽക്കൂരയിലെ ഒരു ചിലന്തിയേയോ പല്ലിയേയോ (ആ രണ്ട് ജിവികളേ അവിടെയുണ്ടായിരുന്നുള്ളൂ) സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.

പെട്ടെന്ന്..ബേബി ഉറക്കെ ചിരിച്ചു. പ്രകാശനും ചിരി പൊട്ടി. ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വരും വരെ ചിരിച്ചു. ചിരി ഒന്നടങ്ങിയപ്പോൾ പ്രകാശൻ ചോദിച്ചു:

“ നീ എന്തിനാ ചിരിച്ചത്?”

“എത്ര നേരം ആ പല്ലിയും ചിലന്തിയും മുഖത്തോടുമുഖം നോക്കിയിരിക്കുമെന്നോർത്ത്..അല്ലാ…നീയോ?”

“ നമ്മളെ നോക്കിയിരുന്ന്...നമ്മുടെ കഥയെഴുതുന്ന അജ്ഞാതനെയോർത്തപ്പോള്‍..എനിക്ക് ചിരി വന്നുപോയി....”

ജാരന്റെ കഥ



പണ്ട് പണ്ട്..മ്മ്..എവിടെ വേണം?..ബാഗ്ദാദ്? ശരിപണ്ട് പണ്ട് ബാഗ്ദാദിൽ ഒരു സുന്ദരനായ ചെറുപ്പക്കാരനുണ്ടായിരുന്നു. സലിം എന്നായിരുന്നു അവന്റെ പേര്. ബാഗ്ദാദിലെ സുന്ദരന്മാരിൽ ഒരാളായിരുന്നു സലിം. പക്ഷേ, എന്ത് ചെയ്യാൻ, അവൻ ദരിദ്രനായിരുന്നു. വളരെ ചെറുപ്പത്തിലേ അവന്റെ ഉപ്പയും ഉമ്മയും മരിച്ചു പോയി. ആരൊക്കെയോ സഹായിച്ച് അവൻ വളർന്നു. സുന്ദരനായിരുന്നെങ്കിലും, ബുദ്ധിമാനായിരുന്നെങ്കിലും അവന് ഒരു തൊഴിലും പഠിക്കാൻ പറ്റിയില്ല. ചെരുപ്പുകുത്തിയായ കാസിം, കൊല്ലൻ സയ്യിദ്, സ്വർണ്ണപ്പണിക്കാരൻ കാജ, തുണിനെയ്ത്തുകാരൻ മുസ്തഫ എന്നിങ്ങനെ ഒരുപാട് പേർ അവനെ തൊഴിൽ പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അവൻ അതൊന്നും പഠിക്കാതെ അലഞ്ഞ് നടന്നു. ഒട്ടകങ്ങൾ മേയുന്നത് നോക്കിയിരിക്കാനും, വൈകുന്നേരങ്ങളിൽ രാത്രി സത്രങ്ങളിലെ പാട്ടും നൃത്തവും ആസ്വദിക്കാനും ആയിരുന്നു അവന് ഇഷ്ടം. സത്രത്തിൽ ചിലപ്പോൾ സുന്ദരികളായ പെൺ കുട്ടികൾ വരുമായിരുന്നു. അവർ അവനെ നോക്കി കൊതി കൊണ്ടു. അവന്റെ കൂടെ ശയിക്കാൻ ആഗ്രഹിച്ചു. അതിന് വേണ്ടി അവനെ സമീപിച്ചപ്പോഴൊക്കെ അവർക്ക് നൈരാശ്യപ്പെടേണ്ടി വന്നു. തന്റെ സ്വപ്നലോകത്തിൽ പ്രവേശിക്കാൻ അവൻ ആരേയും അനുവദിച്ചില്ല. രാത്രി സുന്ദരമായ ശബ്ദത്തിൽ അവൻ പാടുന്നത് കേട്ട് മാലാഖമാർ പോലും അവനെ കൊതിച്ചു. അവന്റെ ചുണ്ടുകളിൽ ഉമ്മ വയ്ക്കാൻ ആഗ്രഹിച്ചു. അവന്റെ ശരീരം ഓമനിക്കുന്നതായി സ്വപ്നം കണ്ടു. തങ്ങളുടെ കൂടെ ശയിക്കുന്നവർ അവനാണെന്ന് സങ്കൽ‌പ്പിച്ചു.

എന്നാൽ, സലീമിന്റെ അവസ്ഥ കഷ്ടമായിത്തീർന്നു. ജോലി ചെയ്യാതെ അവന് ആര് ആഹാരം കൊടുക്കും? മിക്കവാറും ദിവസങ്ങളും പട്ടിണി. അല്ലെങ്കിൽ എവിടെയെങ്കിലും വിരുന്നുണ്ടെങ്കിൽ അങ്ങോട്ട് പോകും. പക്ഷേ, എപ്പോഴും ആഹാരം കിട്ടിയെന്ന് വരില്ല. ക്ഷണിക്കാതെ വരുന്ന അവനെ എല്ലാവരും പരിഹസിച്ചു, ആട്ടിയോടിച്ചു. അവന്റെ വസ്ത്രങ്ങൾ മുഷിഞ്ഞു. സത്രത്തിലെ കാവൽക്കാർ അവനെ കാണുമ്പോൾ ചാട്ടവാർ വീശിയോടിച്ചു. അവൻ തെരുവിൽ ഉറങ്ങി. മരുഭൂമിയിൽ അലഞ്ഞു. അവന്റെ പാട്ടുകൾക്ക് ശബ്ദം നഷ്ടപ്പെട്ടു. അവന്റെ നിറം ഈന്തപ്പഴത്തിന്റെ പോലെയായി. അവന്റെ ശരീരം  ലുബ്ധന്റെ മനസ്സ് പോലെ ശോഷിച്ചു.
ആക്ഷേപങ്ങളും പരിഹാസങ്ങളും കേട്ട് മടുത്ത് അവൻ ബാഗ്ദാദിൽ നിന്നും പലായനം ചെയ്യാൻ തീരുമാനിച്ചു. ഒരു ദിവസം ആരൊരുമറിയാതെ, എങ്ങോട്ടെന്നില്ലാതെ അവൻ പുറപ്പെട്ടു. മരുഭൂമിയിലൂടെ നടന്ന് നടന്ന് അവൻ കുഴഞ്ഞു. ഒന്ന് വിശ്രമിക്കാൻ ഒരു തണൽ പോലും കാണാതെ കത്തുന്ന വെയിലിൽ, പൊള്ളുന്ന മണലിലൂടെ നടന്നു. കാളയെപ്പോലെ ആരോഗ്യമുള്ളവർക്ക് പോലും നടന്നെത്താനാകാത്ത മരുഭൂമിയിൽ ഈ ദുർബലന് എത്ര ദൂരം താണ്ടാനാകും! ഒടുവിൽ ഒരിടത്ത് അവൻ കുഴഞ്ഞുവീണു. ദാഹിച്ച് തൊണ്ട വരണ്ടു. ഇതായിരിക്കും ദൈവം തനിക്ക് വിധിച്ചിട്ടുണ്ടാകുകയെന്ന് അവൻ വിചാരിച്ചു. ഈ മണൽക്കാട്ടിൽ ദാഹിച്ച്, വിശന്ന് മരിക്കാനായിരിക്കും വിധി. പടച്ചോന്റെ ഏത് തീരുമാനത്തേയും സ്വീകരിക്കാൻ തയ്യാറായി അവൻ അവിടെ കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ ബോധം നഷ്ടമായി.
അപ്പോൾ അത് വഴി യാത്ര ചെയ്യുകയായിരുന്ന സുബൈർ എന്നയാൾ അവനെ കണ്ടു. ഇത്രയും സുന്ദരനായ ഒരുവനെ സുബൈർ മുമ്പ് കണ്ടിട്ടില്ലായിരുന്നു. അവന്റെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ അയാൾ സലീമിനെ ചുമലിൽ താങ്ങിയെടുത്ത് കഴുതപ്പുറത്ത് കിടത്തി. അവനെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. വരണ്ട അവന്റെ ചുണ്ടുകൾക്കിടയിലൂടെ വെള്ളം ഇറ്റിച്ചു. അല്പം കഴിഞ്ഞപ്പോൾ സലീം കണ്ണുകൾ തുറന്നു. പരിചയമില്ലാത്ത ആ വീട് കണ്ടപ്പോൾ അവൻ ഭയന്നു.

“ഞാനെവിടെയാണ്?” അവൻ ചോദിച്ചു.

“സുബൈറിന്റെ വീട്ടിൽ”

“നിങ്ങൾഞാനെങ്ങിനെ ഇവിടെയെത്തി?”

“ എല്ലാം പറയാം..ഇപ്പോൾ വിശ്രമിക്കൂ. സർവ്വശക്തനായ പടച്ചോന്റെ കൃപ കൊണ്ട് ജീവൻ തിരിച്ച് കിട്ടിയെന്ന് മാത്രം മനസ്സിലാക്കുക”

സുബൈർ അവന് ഭക്ഷണം കൊടുത്തു. ധരിക്കാൻ പുതിയ വസ്ത്രങ്ങൾ കൊടുത്തു. കുറച്ച് വിശ്രമിച്ചപ്പോൾ സലീമിന് ഉന്മേഷം തിരിച്ച് കിട്ടി.

സുബൈർ അവനെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞു. അവന്റെ കഥ കേട്ട് മനസ്സലിഞ്ഞ അയാൾ അവനെ സഹായിക്കാമെന്നേറ്റു.

അന്ന് രാത്രി അത്താഴം കഴിഞ്ഞ് മാനത്ത് തിളങ്ങി നിൽക്കുന്ന ചന്ദ്രികയെ നോക്കി സുബൈർ സ്വന്തം കഥ സലീമിനോട് പറഞ്ഞു.

ബസ്രയിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു സുബൈർ ജനിച്ചത്.അയാൾക്ക് നാല് സഹോദരിമാരും ഉണ്ട്. പെട്ടെന്നൊരുനാൾ ബാപ്പ മരിച്ച് പോയപ്പോൾ കുടുംബത്തിന്റെ ഭാരം മുഴുവൻ അയാളുടെ ചുമലിലായി. തൊഴിൽ തേടി അയാൾ ബാഗ്ദാദിലെത്തി. പക്ഷേ, അവിടെ അയാൾക്ക് പറയത്തക്ക നല്ല ജോലിയൊന്നും കിട്ടിയില്ല. കിട്ടുന്നത് കൊണ്ട് വീട്ടിലെല്ലാവർക്കും വയറ് നിറയെ ആഹാരം വാങ്ങിച്ച് കൊടുക്കാൻ പോലും തികഞ്ഞില്ല. അങ്ങിനെയിരിക്കുമ്പോൾ അയാൾ ജുമൈല എന്നൊരു സ്ത്രീയുമായി പ്രണയത്തിലായി. അവൾ അതിസുന്ദരിയും ബുദ്ധിമതിയുമായിരുന്നു. അവളുടെ തൊഴിൽ വേശ്യാവൃത്തിയായിരുന്നു. വലിയ പണക്കാരുടേയും പ്രഭുക്കളുടേയും പ്രിയപ്പെട്ടവളായിരുന്നു അവൾ. അവളെ പ്രാപിക്കാനായി എന്ത് വില കൊടുക്കാനും തയ്യാറായി ദൂരദേശങ്ങളിൽ നിന്ന് പോലും പ്രഭുക്കൾ മരുഭൂമി താണ്ടി വരുമായിരുന്നു. സുബൈറിന്റെ കഷ്ടതകൾ മനസ്സിലാക്കിയ ജുമൈല അയാളെ സഹായിക്കാമെന്നേറ്റു. അക്കാലത്ത് പണമുണ്ടാക്കാൻ ഏറ്റവും സാധ്യത കൂടിയതും എന്നാൽ അതേ പോലെ അപകടം നിറഞ്ഞതുമായ തൊഴിൽ അവൾ അയാളെ പഠിപ്പിച്ചു. ജാരവൃത്തി ആയിരുന്നു അത്.

“ജാരവൃത്തി? സലീം അതിശയത്തോടെ ചോദിച്ചു.

“അതെ, നീ വിചാരിക്കുന്നത് പോലെ എളുപ്പമല്ല അത്. തല പോകാൻ സാധ്യതയുണ്ട്. എന്നാൽ പണമോ, റംസാനിലെ നിലാവ് പോലെ ഒഴുകും”

“എങ്ങിനെയാണത്?” സലീം ചോദിച്ചു. സുബൈർ വിശദീകരിച്ചു.

വലിയ പണക്കാർക്കും പ്രഭുക്കന്മാർക്കും എണ്ണിയാലൊടുങ്ങാത്ത ബീവിമാരുണ്ടാകും. ചിലർക്ക് എത്രയെണ്ണം ഉണ്ടെന്ന് പോലും ഓർമ്മയുണ്ടാവില്ല.ഒരു പെണ്ണിനെ കണ്ട് മോഹം തോന്നിയാൽ എന്ത് വില കൊടുത്തും അവളെ സ്വന്തമാക്കുക എന്ന ദുഷിച്ച സ്വഭാവം മിക്കവാറും എല്ലാ പണക്കാർക്കും ഉണ്ടാകും. ചിലപ്പോൾ ഒരു പ്രാവശ്യം അവളെ അനുഭവിച്ച് കഴിയുമ്പോഴേയ്ക്കും താല്പര്യം നശിക്കുകയും ചെയ്യും. പിന്നെ ആ പെണ്ണ് അയാളുടെ കൊട്ടാരത്തിലെ ഒരു കാഴ്ചവസ്തു മാത്രമായിത്തീരും. ഉണ്ടും ഉറങ്ങിയും ദുർമ്മേദസ്സ് പിടിച്ചും അവർ നിരാശാഭരിതമായ ജീവിതം നയിക്കുകയായിരിക്കും. കൊട്ടാരത്തിലെ എതാണ്ടെല്ലാ റാണികാരും ഇങ്ങനെയുള്ളവരായിക്കും എന്നതാണ് രസകരം. അത്തരക്കാരെയായിരിക്കും ജാരന്മാർ നോട്ടമിടുക. അവരുമായി ജാരവൃത്തിയിലേർപ്പെട്ട് ആവുന്നത്ര പണം സമ്പാദിക്കുക.

“പക്ഷേ, അവരിലേയ്ക്ക് എങ്ങിനെ എത്തിപ്പെടും?” സലീം ചോദിച്ചു.

“പറയാം..അതിന് മുമ്പ് നീ കുറേ കാര്യങ്ങൾ പഠിക്കാനുണ്ട്. നീ എപ്പോഴെങ്കിലും പെണ്ണിന്റെ കൂടെ കിടന്നിട്ടുണ്ടോ?”

സലീം ലജ്ജയിൽ മുഖം കുനിച്ച് ഇല്ലെന്ന് തലയാട്ടി.

“മ്മ്..എനിക്ക് തോന്നി. വാ ആദ്യം സ്ത്രീ എന്താണെന്ന് മനസ്സിലാക്കി, അവരെ എങ്ങിനെ ആഹ്ലാദിപ്പിക്കാമെന്ന് പഠിയ്ക്ക്”

“എങ്ങനെ?”

സുബൈർ അവനെ ജുമൈലയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. ജുമൈല അവന് രതിരഹസ്യങ്ങളും കാമകലകളും പഠിപ്പിക്കാമെന്ന് സമ്മതിച്ചു. അതിനായി സലീം ജുമൈലയുടെ വീട്ടിൽ താമസമാക്കി. അവൾ അവനെ സ്ത്രീശരീരത്തിന്റെ അത്ഭുതകരമായ മായക്കാഴ്ചകളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. ചിലപ്പോൾ ശാന്തമായ മരുഭൂമിയായും ചിലപ്പോൾ പേമാരിയായും മറ്റ് ചിലപ്പോൾ സുൽത്താന്റെ ഉദ്യാനത്തിലെ സുഗന്ധപുഷ്പങ്ങളായും ശരീരം മാറുന്നത് അവൻ അത്ഭുതത്തോടെ അറിഞ്ഞു. സ്വന്തം ശരീരത്തെക്കുറിച്ചും അവൻ ബോധോദയമുണ്ടായത് അപ്പോഴായിരുന്നു. ഒരു മാസം ജുമൈലയുടെ കൂടെ താമസിച്ച് അവൻ ഒരു ജാരനാകാനുള്ള വിദ്യകൾ അഭ്യസിച്ചു.

ഒരു മാസം കഴിഞ്ഞപ്പോൾ സുബൈർ തിരിച്ചെത്തി. സലീമിനെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. വൈകുന്നേരങ്ങളിൽ ബാഗ്ദാദിലെ തെരുവുകളിൽ അലഞ്ഞു. ആരും സലീമിനെ തിരിച്ചറിഞ്ഞില്ലെന്നുള്ളതായിരുന്നു അതിശയം. ഏതോ ദൂരദേശത്തെ പ്രഭുകുമാരനെപ്പോലെ സുബൈ അവനെ അണിയിച്ചൊരുക്കിയിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും സുഗന്ധക്കൂട്ടുകളും വിൽക്കുന്ന തെരുവിലൂടെയാണ് അവർ നടന്നത്. അവിടെ വൈകുന്നേരമാകുമ്പോൾ പ്രഭ്വികളും തോഴിമാരും പല്ലക്കിലേറി എത്തുമായിരുന്നു. അവർ കണ്ണിൽ കണ്ടതെല്ലാം വാങ്ങിക്കൂട്ടി ഇരുട്ടും വരെ അവിടെയെല്ലാം ചുറ്റിനടക്കും.

“നോക്ക് സലീം, ഞാൻ പറഞ്ഞില്ലേ, ആ നൈരാശ്യം ബാധിച്ച തമ്പുരാട്ടിമാർ ഈ കൂട്ടത്തിൽ ധാരാളം കാണും. നേരിട്ട് അവരോടെ സംസാരിക്കാൻ ശ്രമിക്കരുത്. അവർ കയറുന്ന കടകളിൽ അലസമായി ചുറ്റിത്തിരിയുകയാണ് വേണ്ടത്. പതുക്കെ അവരുടെ ശ്രദ്ധയാകർഷിക്കാനുള്ള ചേഷ്ടകൾ കാണിക്കണം. എന്നാൽ നീ അവരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആർക്കും തോന്നാത്ത വിധം വേണം എല്ലാം.”

“എന്നിട്ടോ?”

“അവർക്ക് നിന്നോട് താല്പര്യം തോന്നിയാൽ, വേറെ ജാരന്മാർ ഇല്ലാത്തവരാണെങ്കിൽ നിന്നെ അവർ തന്നെ അറിയിച്ചോളും”

“അതെങ്ങിനെ?”

“ആ ജോലി തോഴിമാരുടേതാണ്. അവർക്കറിയാം എല്ലാ രഹസ്യങ്ങളും. പ്രഭ്വി തോഴിയോട് താല്പര്യം അറിയിക്കും. അവൾ നിന്നേയും.”

“അത് അപകടമല്ലെ? തോഴിമാർ ഒറ്റിക്കൊടുത്താൽ?”

“ഒരിക്കലുമില്ല. അത്രയും വിശ്വസ്തകളെ മാത്രമേ തോഴിയായി അംഗീകരിക്കൂ”

“എന്നിട്ട്?”

“എന്നിട്ടൊന്നും ഇല്ല. അവർ നിന്നെ അന്തപ്പുരത്തിലെത്തിച്ച് കൊള്ളും. പിന്നീടെല്ലാം നിന്റെ കഴിവ് പോലെ. തമ്പുരാട്ടിമാരെ സന്തോഷിപ്പിക്കുക. നീ പഠിച്ച എല്ലാ അടവുകളും ഉപയോഗിച്ച് അവരുടെ പ്രീതി പിടിച്ച് പറ്റുക. അവർ നിന്നെ പണം കൊണ്ട് മൂടും”
സലീം എല്ലാം ശ്രദ്ധയോടെ കേട്ടു. സുബൈർ തുടർന്നു.

“ഇനി അപകടം എവിടെയാണെന്നാൽ, നീ അവരെ വഞ്ചിക്കുകയാണെന്നോ നിന്റെ രഹസ്യം പുറത്തറിയുമെന്നോ തോന്നിയാൽ അവർ നിന്നെ കൊന്ന് കളയും. ആ തോഴിമാർക്ക് നഗരത്തിലെ കുറുക്കന്മാരുമായി ബന്ധം കാണും. അവർ ആരുമറിയാതെ നിന്നെ ഇല്ലാതാക്കും. സൂക്ഷിക്കുക”

“ശരി”. സലീം പറഞ്ഞു.

“എങ്കിൽ പോകൂ..ഇപ്പോൾ തന്നെ നിന്റെ ശ്രമങ്ങൾ തുടങ്ങ്”

സുബൈറിന്റെ നിർദ്ദേശപ്രകാരം സലീം തമ്പുരാട്ടിമാർ കൂടി നിൽക്കുന്ന കടകൾ കയറിയിറങ്ങി. അവരുടെ കണ്ണിൽ‌പ്പെടും വിധം ചുറ്റിപ്പറ്റി നിന്നു. സുന്ദരനായ സലീമിനെ ബോധിക്കാൻ തമ്പുരാട്ടിമാർക്ക് അധികം സമയം വേണ്ടി വന്നില്ല. അന്ന് തന്നെ അവനെ അന്വേഷിച്ച് ഒരു തോഴി എത്തി.

അഹമ്മദ് മുതലാളിയുടെ 88 ഭാര്യമാരിൽ ഒരുവളുടെ തോഴിയായിരുന്നു അവൾ. അവൾ അവനെ രഹസ്യമാർഗ്ഗത്തിലൂടെ അന്തപ്പുരത്തിലെത്തിച്ചു. സ്വർഗ്ഗലോകം പോലെ അലങ്കരിച്ച അന്തപ്പുരത്തിൽ പ്രഭ്വി കാത്തിരിക്കുന്നുണ്ടായിരുന്നു. അവൻ ഭയം പുറത്ത് കാണിക്കാതെ അവളുടെ നേരെ നീങ്ങി. പുറത്ത് കാവൽക്കാർ ഉലാത്തുന്ന ശബ്ദം കേൾക്കാമായിരുന്നു. പിടിക്കപ്പെട്ടാൽ തല കാണില്ല. കിടക്കയിൽ അലസമായി കിടക്കുകയായിരുന്നു അവൾ. വെളുത്ത പട്ടുതുണി കൊണ്ട് മുഖം മറച്ചിരുന്നു. അവൾ അവനോട് അടുത്തിരിക്കാൻ ആംഗ്യം കാണിച്ചു. മാസ്മരികമായ സുഗന്ധം അവിടെയെല്ലാം പരന്നിരുന്നു. അവൻ പതുക്കെ അവളുടെ മുഖപടം നീക്കി. ഹൂറിയെപ്പോലെ സുന്ദരിയായിരുന്നു അവൾ. എന്നാൽ എന്തോ ഒരു വിഷാദം അവളുടെ കണ്ണുകളിൽ നിഴലിച്ചിരുന്നു. അതൊന്നും അന്വേഷിക്കേണ്ടത് തന്റെ ജോലിയല്ലെന്ന് അറിയാമായിരുന്ന സലീം അവളെ സന്തോഷിപ്പിക്കാൻ തുടങ്ങി. അവൾക്ക് കറുത്ത കുതിരയുടെ ശക്തിയുണ്ടായിരുന്നു. അവളുടെ ആലിംഗനങ്ങളിൽ അവന്റെ ശരീരം നുറുങ്ങി. കനത്ത വെള്ളച്ചാട്ടത്തിന് താഴെ നിന്ന് കുളിയ്ക്കുന്നത് പോലെയാണ് അവന് തോന്നിയത്. ഭ്രാന്തമായ ആസക്തിയോടെ അവൾ അവനെ പ്രാപിച്ചു. പുലരാൻ രണ്ട് നാഴിക ബാക്കിയുള്ളപ്പോൾ അവൾ അവനെ തന്റെ ശരീരത്തിൽ നിന്നും മോചിപ്പിച്ചു. തോഴി രഹസ്യമാർഗ്ഗത്തിലൂടെ അവനെ പുറത്തെത്തിച്ചു. പോകാൻ തുടങ്ങുമ്പോൾ ഒരു വലിയ പണക്കിഴി സമ്മാനമായി കൊടുക്കുകയും ചെയ്തു.

പിന്നീട് ആ സുന്ദരിയുടെ സ്ഥിരം ജാരനായി മാറുകയായിരുന്നു സലീം. അവൾ ആവശ്യമുള്ളപ്പൊഴെല്ലാം അവനെ വിളിപ്പിച്ചു. എന്നാൽ അപ്പോഴും അവളുടെ കണ്ണുകളിലെ വിഷാദത്തിന്റെ കാരണം അവന് മനസ്സിലായില്ല.

അങ്ങിനെ ഒരു ദിവസം രതിലീലകൾ കഴിഞ്ഞ് ഇരുവരും തളർന്ന് കിടക്കുമ്പോൾ അവൻ അവളോട് ചോദിച്ചു.

“നീ എന്തിനാണ് അതെല്ലാം അറിയുന്നത്? നിന്റെ ജോലി മാത്രം ചെയ്താൽ പോരേ?” അവൾ ചോദിച്ചു.

“അല്ലഎനിക്ക് ആകാംക്ഷ അടക്കാൻ വയ്യ. പറയൂ..നിന്നെപ്പോലെ ഒരു മാലാഖയ്ക്ക് എന്ത് ദു:ഖമാണ്?”

“വേണ്ട..അതറിഞ്ഞാൽ നീ വിഷമിക്കും, പേടിക്കും..”

“ഇല്ല പറയൂ”

“ശരി” അവൾ പറയാൻ തുടങ്ങി. അപ്പോൾ പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ടു. കള്ളൻ..കള്ളൻ എന്ന് ആരൊക്കെയോ വിളിച്ച് കൂവുന്നുണ്ടാ‍യിരുന്നു. അവർ ഭയന്നു. സലീമിനെ എവിടെ ഒളിപ്പിക്കുമെന്ന് അവൾ നോക്കി. വാതിലിൽ കാവൽക്കാർ മുട്ടുന്നത് കേട്ടു. അവൾ അവനെ ജനൽ വഴി താഴേയ്ക്കിറങ്ങാൻ പറഞ്ഞു. താഴെയുള്ള കാവൽക്കാരെല്ലാം അകത്ത് കള്ളനെ തിരയുകയായിരുന്നു. സലീം ജനൽ വഴി പിടിച്ചിറങ്ങി മതിൽ ചാടി രക്ഷപ്പെട്ടു. ഓടുന്ന വഴി തന്റെ ഉടുപ്പിൽ നിന്നും എന്തോ താഴേയ്ക്ക് വീഴുന്നത് കണ്ട് അവൻ നിന്നു.

അവന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റാത്തതായിരുന്നു അത്. അമൂല്യമായ ഒരു രത്നം! അതെങ്ങിനെ തന്റെ കൈയ്യിൽ വന്നെന്ന് മനസ്സിലാകാതെ അവൻ കുഴങ്ങി.

പക്ഷേ, അപ്പൊഴേയ്ക്കും കാവൽക്കാർ ഓടിയെത്തുന്ന ശബ്ദം കേൾക്കാൻ തുടങ്ങി. അവൻ ജീവനും കോണ്ട് ഓടി. രത്നം വഴിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീട് ഒരിക്കലും ആ തമ്പുരാട്ടി അവനെ അന്തപ്പുരത്തിലേയ്ക്ക് വിളിപ്പിച്ചിട്ടില്ല.

അവൻ വീണ്ടും മറ്റൊരു പ്രഭ്വിയെ മോഹിപ്പിച്ച് ജാരവൃത്തി തുടർന്നു. ധാരാളം പണം സമ്പാദിച്ചു. ആ പണവുമായി അവൻ ലോകം ചുറ്റിക്കാണാൻ പുറപ്പെട്ടു. പോകുന്ന ദിക്കിലെല്ലാം അവൻ ജാരവൃത്തി ചെയ്ത് വീണ്ടും വീണ്ടും സമ്പാദിച്ച് കൂട്ടി. അങ്ങിനെ ദരിദ്രനായിരുന്ന സലീം പണക്കാരനായി.

“പക്ഷേ, എന്തായിരുന്നു ആ തമ്പുരാട്ടിയുടെ രഹസ്യം? ആ രത്നം എങ്ങിനെ അവന്റെ കൈയ്യിൽ വന്നു?”. അയാൾ ആകാംക്ഷയോടെ ചോദിച്ചു.

“അതറിയണമെങ്കിൽ അവളുടെ തോഴിയുടെ രഹസ്യത്തിന്റെ കഥ കേൾക്കണം” അവൾ പറഞ്ഞു.

“എങ്കിൽ പറയൂ..എനിക്ക് കേൾക്കാൻ ധൃതിയാകുന്നു”. അയാൾ പറഞ്ഞു.

“ഇനി നാളെ രാത്രി..ഇപ്പോൾ നേരം പുലരാറായി” അവൾ പറഞ്ഞു.

“എവിടെ..പന്ത്രണ്ട് മണി ആകുന്നേയുള്ളൂ..പറയ്”

“അതിന് മുമ്പ് ഈ തമ്പുരാട്ടിയെ സന്തോഷിപ്പിക്കൂ എന്റെ പ്രിയപ്പെട്ട ജാരാ”

അവർ ചിരിച്ചു. അയാൾ അവളെ കരവലത്തിലൊതുക്കി ഉമ്മകൾ കൊണ്ട് മൂടി..എന്റെ ഷെഹ് റസാദ്.അയാൾ അവളുടെ കാതിൽ മന്ത്രിച്ചു.
  

മറിയാമ്മയും അവിശുദ്ധബന്ധങ്ങളും (സാരോപദേശകഥ)

സുന്ദരിയായ ഒരു സ്ത്രീ ആയിരുന്നു മറിയാമ്മ. മലഞ്ചെരുവിലെ തന്റെ മനോഹരമായ മാളികയില്‍ ഒറ്റയ്ക്ക് ജീവിക്കുകയായിരുന്ന മറിയാമ്മയുടെ കെട്ടിയവന്‍ കുര്യാക്കോസ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പനി പിടിച്ച് മരിച്ച് പോയി. അന്ന് മറിയാമ്മയ്ക്ക് ഇരുപത്തഞ്ച് വയസ്സായിരുന്നു. ഇപ്പോഴും കണ്ടാല്‍ കല്യാണപ്പെണ്ണിന്റെ വേഷത്തില്‍ നില്ക്കുന്ന മറിയാമ്മയുടെ ഫോട്ടോയും ഇപ്പോഴത്തെ മറിയാമ്മയും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. മരിക്കുന്നതിന് മുമ്പ് കുര്യാക്കോസിന് മറിയാമ്മയ്ക്ക് ഒരു കുഞ്ഞിനെ കൊടുക്കാന്‍ പറ്റാതെ പോയതിനാല്‍ അവള്‍ ഒറ്റയ്ക്കായിപ്പോയതായിരുന്നു. അവളുടെ വീട്ടുകാരാകട്ടെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം അവളെ കാണാന്‍ വരുകയും കുറച്ച് ദിവസങ്ങള്‍ സ്നേഹം കൊടുത്തിട്ട് തിരിച്ച് പോകുകയും ചെയ്യുമായിരുന്നു. എല്ലാ പ്രാവശ്യവും വരുമ്പോള്‍ അമ്മച്ചി പറയാറുള്ളതാണ്, ഒന്നുകില്‍ വയനാട്ടിലെ വീട്ടിലേയ്ക്ക് താമസം മാറ്റാനോ അല്ലെങ്കില്‍ അമ്മച്ചിയെ കൂടെ താമസിപ്പിക്കാനോ. പക്ഷേ, മറിയാമ്മ രണ്ടിനും സമ്മതിക്കില്ല. എന്റെ കുര്യാക്കോസച്ചായന്റെ ഓര്‍മ്മകളുള്ള ഈ വീട്ടില്‍ എനിക്ക് ജീവിക്കണം അമ്മച്ചീ എന്ന് അവള്‍ പറയും. അമ്മച്ചിയുടെ കണ്ണ് നിറയും.
ഒറ്റയ്ക്ക് ഒരു സുന്ദരിയായ സ്ത്രീ എവിടെയെങ്കിലും ഉണ്ടെങ്കില്‍ മതിലിന് ചുറ്റും എപ്പോഴും കണ്ണുകള്‍ പറന്ന് നടക്കുന്നതാണല്ലോ സ്വാഭാവികമായും നമ്മുടെ ഒരു രീതി. അങ്ങിനെ ആദ്യമൊക്കെ പാത്തും പതുങ്ങിയും വരുന്ന ഓരോരുത്തരെ ചൂലെടുത്തോടിക്കുമായിരുന്നു അവള്‍. പള്ളിയില്‍ പോകുമ്പോഴായിരുന്നു ഏറ്റവും ശല്യം. എന്തൊക്കെ പറഞ്ഞാണ് ഓരോരുത്തന്മാര്‍ പറ്റിക്കൂടാന്‍ നോക്കുന്നത്. മറിയാമ്മയ്ക്കാണെങ്കില്‍ ആരുടേയും സഹായം ഇല്ലാതെ ജീവിക്കാനുള്ളത് കരുതി വച്ചിട്ടാണ് കുര്യാക്കോസ് പനിയ്ക്ക് വീണുകൊടുത്തത്. അങ്ങിനെ ഒരു ദിവസം, കുര്യാക്കോസ് മരിച്ചതിന്റെ ഒന്നാം ആണ്ടിന്, സെമിത്തേരിയില്‍ പോയി പ്രാര്‍ത്ഥിച്ച് കല്ലറയില്‍ ഒരു പൂവ് വച്ച് സങ്കടങ്ങള്‍ പറയുകയായിരുന്നു മറിയാമ്മ. വെയില്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ കുര്യാക്കോസിനോട് യാത്ര പറഞ്ഞ് അവള്‍ ഗേറ്റിന് പുറത്തേക്കിറങ്ങിയപ്പോള്‍ എതിരേ അതാ നില്ക്കുന്നു മത്തായിച്ചന്‍. അടയ്ക്ക, കശുവണ്ടി തുടങ്ങിയ മലഞ്ചരക്കുകളുടെ മൊത്തക്കച്ചവടമാണ് മത്തായിച്ചന്. ടൌണില്‍ എന്തൊക്കെയോ വേറെ ബിസിനസ്സുകളുമുണ്ട്. ഭാര്യയും കുട്ടികളും വേറെ എവിടെയോ ആണ്. അവര്‍ക്ക് ഈ കാട്ടുപ്രദേശത്തെ ജിവിതം ഇഷ്ടമല്ല പോലും. മത്തായിച്ചന്‍ സുന്ദരനാണ്. സത്സ്വഭാവിയും. സിഗരറ്റ് വലിക്കില്ല. കള്ള് കുടിയ്ക്കില്ല. നല്ല പോലെ അദ്ധ്വാനിക്കുകയും ചെയ്യും. മറിയാമ്മയ്ക്ക് കുറച്ച് ഇഷ്ടമൊക്കെ തോന്നിയിട്ടുള്ള വ്യക്തിയായിരുന്നു മത്തായിച്ചന്‍. എന്തിനേറെ പറയുന്നു, അവര്‍ കുറച്ച് നേരം സംസാരിച്ച് നിന്നു. പിന്നെ മറിയാമ്മയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി മത്തായിച്ചന്‍. ചിലപ്പോള്‍ മറിയാമ്മയ്ക് ഒറ്റയ്ക്ക് കിടക്കാന്‍ പേടി തോന്നുമ്പോള്‍ മത്തായിച്ചനാണ് കൂട്ടിരിക്കാറ്. എന്ന് വച്ച് അവിടെ പൊറുതിയാക്കാനൊന്നും അവള്‍ സമ്മക്കില്ല.

അതേ പോലെ തന്നെയായിരുന്നു കോപ്പറേറ്റീവ് കോളേജിലെ സുകുമാരന്‍സാറും. നല്ല മനുഷ്യന്‍. മറിയാമ്മയ്ക്ക് അയാളേയും കുറച്ചൊക്കെ ഇഷ്ടമായിരുന്നു. നല്ല തറവാട്ടിലെ നായരാണ്. സുകുമാരന്‍സാറും ഇടയ്ക്ക് മറിയാമ്മയ്ക്ക് കൂട്ടിരിക്കാന്‍ പോകാന്‍ തുടങ്ങി. മറിയാമ്മയുടെ ബുദ്ധികൂര്‍മ്മത കാരണം മത്തായിച്ചനും സുകുമാരന്‍സാറും ഇത് വരെ കൂട്ടിമുട്ടിയിട്ടില്ല.
മത്തായിച്ചന്‍ തന്റെ മുടിയില്‍ തലോടി നെഞ്ചില്‍ തല വച്ച് കിടക്കുമ്പോള്‍ അവള്‍ക്ക് കരച്ചില്‍ വരും. കുര്യാക്കോസച്ചായനും ഇങ്ങനെ നെഞ്ചില്‍ തല ചായ്ച് മുടിയില്‍ തഴുകി കിടക്കാന്‍ ഇഷ്ടമായിരുന്നല്ലോയെന്ന് ഓര്‍ക്കും. അവളുടെ കണ്ണുകള്‍ നിറയും. അത് കണ്ടാല്‍ മത്തായിച്ചന്‍ കണ്ണ് തുടച്ച് കൊടുത്ത് അവളെ ഉമ്മ വച്ച് ആശ്വസിപ്പിക്കും. സുകുമാരന്‍സാര്‍ മടിയില്‍ തല വച്ച് തന്റെ ഇളം ചൂടുള്ള വയറില്‍ തലോടുമ്പോഴും അവള്‍ക്ക് സങ്കടം വരും. എന്റെ കുര്യാക്കോസച്ചായനും ഇതേ പോലെ…. അപ്പോള്‍ സുകുമാരന്‍സാര്‍ അവളെ ആഞ്ഞ് കെട്ടിപ്പിടിക്കും.

അങ്ങിനെ മറിയാമ്മയുടെ സങ്കടങ്ങള്‍ കുറച്ച് കുറച്ചായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു. മത്തായിച്ചനും സുകുമാരന്‍സാറിനും പുറമേ ഒന്നുരണ്ട് പേര്‍ കൂടി അവള്‍ക്ക് കൂട്ട് കിടക്കാന്‍ വരാറുണ്ടായിരുന്നു. അവളുടെ മിടുക്ക് കാരണം ആരും ഇതുവരെ കൂട്ടിമുട്ടിയില്ല.

അങ്ങിനെ വര്‍ഷങ്ങള്‍ കഴിയുന്നു. മറിയാമ്മയ്ക്ക് കാര്യമായ ചില മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നു. അവളുടെ സൌന്ദര്യത്തിന്റെ കാര്യമല്ല, അവള്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ സുന്ദരിയാവുകയാണ്. പക്ഷേ, അവളുടെ മനസ്സില്‍ എന്തൊക്കെയോ അശുഭചിന്തകള്‍ കുടിയേറാന്‍ തുടങ്ങിയിരുന്നു. സദാ സമയവും കുര്യാക്കോസിന്റെ വിചാരങ്ങളില്‍ മുഴുകിയിരുന്ന അവളുടെ മനസ്സില്‍ ചില മേഘങ്ങള്‍ കൂടുകൂട്ടി. ഉദാ: അവള്‍ക്ക് ഏറ്റവും ഇഷ്ടമായിരുന്ന ചുവന്ന റോസപ്പൂ കാണുമ്പോള്‍ അവള്‍ക്കിപ്പോള്‍ സങ്കടം വരുന്നു. അത് പറിച്ചെടുത്ത് ചവുട്ടിയരക്കാന്‍ തോന്നുന്നു. ഇന്നാളൊരിക്കല്‍ അവള്‍ക്കിഷ്ടമുള്ള ചിക്കന്‍കറി വച്ചത് അങ്ങിനെ തന്നെ എടുത്ത് കുപ്പത്തൊട്ടിയില്‍ കളഞ്ഞു. അങ്ങിനെയങ്ങിനെ എന്തൊക്കെയോ മാറ്റങ്ങള്‍ തനിക്ക് സംഭവിക്കുന്നതായി അവള്‍ക്ക് മനസ്സിലായി.
അവള്‍ മാതാവിന്റെ പടത്തിന് മുന്നില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. അപ്പോള്‍ തന്റെ മാറ്റത്തിന്റെ കാരണം മനസ്സിലായി. ഇനി ഒരു മത്തായിച്ചനേയും താന്‍ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. എനിക്കെന്റെ കുര്യാക്കോസച്ചായന്റെ ഓര്‍മ്മകള്‍ മതിയെന്ന് മനസ്സില്‍ ഉരുവിട്ടു. അതിന്റെ അടുത്ത ഞായറാഴ്ച അവള്‍ കുമ്പസാരിക്കാന്‍ ചെന്നു. പള്ളീലച്ചന്‍ അവളെ കുമ്പസാരക്കൂട്ടിന് മുന്നില്‍ക്കണ്ട് അതിശയിച്ചു.

‘പറയൂ കുഞ്ഞേ..എന്താണ് നിന്റെ സങ്കടം?’ (നീ ചെയ്ത് പാപം എന്താനെന്നല്ല അച്ചന്‍ ചോദിച്ചതെന്ന് പ്രത്യേകം ശ്രദ്ധിക്കണം)

അവള്‍ മുഖം കുനിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇടയ്ക്ക് അവളുടെ കണ്ണുകള്‍ നിറഞ്ഞ് കവിളിലൂടെ നനവ് പടരുന്നത് അച്ചന്‍ കണ്ടു.

‘എങ്കിലും എന്തിനായിരുന്നു കുഞ്ഞേ ഇതെല്ലാം? നീ അങ്ങിനെ ഉള്ളവളല്ലെന്ന് എനിക്കറിയാം. നിന്റെ പിതാവ് പൈലി തടുത്തില്ലായിരുന്നെങ്കില്‍ കര്‍ത്താവിന്റെ മണവാട്ടിയാകേണ്ടവളായിരുന്നില്ലേ നീ? എന്നിട്ടെന്തിനായിരുന്നു?’

‘അച്ചോ..എനിക്കെന്റെ കുര്യാക്കോസച്ചായനെ നഷ്ടമായില്ലേ’ അവള്‍ കുറച്ചുനേരം ശബ്ദമില്ലാതെ കരഞ്ഞു. ‘ഇനിയും ഞാന്‍ ഒളിച്ചുവെയ്ക്കുന്നതില്‍ കാര്യമില്ല. എന്റെ പതിനൊന്നാം വയസ്സില്‍ റബ്ബര്‍വെട്ടുകാരന്‍ എല്‍ദോ എന്നെ ബലമായി പിടിച്ച് റബ്ബര്‍ പുരയില്‍ കൊണ്ടുപോയി…’ അവള്‍ക്കത് മുഴുമിപ്പിക്കാന്‍ പറ്റിയില്ല. അപ്പോഴേയ്ക്കും വലിയൊരു കരച്ചില്‍ വാക്കുകളെ ഒഴുക്കിക്കൊണ്ട് പോയി.

‘അയ്യോ കുഞ്ഞേ..എന്നിട്ട് നീ അതാരോടും പറഞ്ഞില്ലേ? ആ പാപിയെ ശിക്ഷിക്കാതെ വിട്ടതെന്തിനായിരുന്നു?’

‘ആരോട് പറയാനാണച്ചോ? അന്ന് പേടിയായിരുന്നു. അപ്പച്ചനറിഞ്ഞാല്‍ എല്‍ദോയെ ഒന്നുകില്‍ വെട്ടിക്കൊല്ലും, അല്ലെങ്കില്‍ എന്നെ അയാളെക്കൊണ്ട് കെട്ടിക്കും. അത് രണ്ടും എനിക്കിഷ്ടമല്ലായിരുന്നു അച്ചോ.. അത് കൊണ്ടാ എല്ലാം നാട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞ് എല്‍ദോ എന്നെ പേടിപ്പിച്ചപ്പൊഴൊക്കെ ഞാന്‍ റബ്ബര്‍പുരയിലേയ്ക്ക് പോയത്. അവിടെ പിന്നെ എത്ര പേര്‍ എന്നെ…’ (വീണ്ടും കരച്ചില്‍)

‘എന്നിട്ട് കുര്യാക്കോസ് നിന്നെ കെട്ടാന്‍ വന്നപ്പോള്‍ നീ ഒന്നും പറഞ്ഞില്ലേ?’

‘ഇല്ലച്ചോ..ആ നല്ല മനുഷ്യനെ എന്തിന് വിഷമിപ്പിക്കണമെന്ന് വിചാരിച്ച് ഒന്നും പറഞ്ഞില്ല.’

കുമ്പസാരം കഴിഞ്ഞപ്പൊഴേയ്ക്കും അവള്‍ കരഞ്ഞുതളര്‍ന്നിരുന്നു. എന്നിട്ടും തന്റെ സങ്കടം മാറുന്നില്ലെന്നും മനസ്സിലെ മേഘങ്ങള്‍ ഒഴിയുന്നില്ലെന്നും അവള്‍ കണ്ടു. ഇനിയെന്താണ് ഞാന്‍ ചെയ്യേണ്ടത്? അവള്‍ മാതാവിനോട് ചോദിച്ചു. അപ്പോഴെല്ലാം സ്നേഹം വഴിയുന്ന പുഞ്ചിരി മാത്രമായിരുന്നു മാതാവിന്റെ മറുപടി.

അവള്‍ തീരുമാനിച്ചു. ഇനി ഒരു മത്തായിയേയും താന്‍ സ്വീകരിക്കില്ല. ഇനിയുള്ള കാലം ഒറ്റയ്ക്ക് കുര്യാക്കോസച്ചായന്റെ ഓര്‍മ്മകള്‍ക്ക് വേണ്ടി മാത്രം താന്‍ ജീവിക്കും. അന്ന് തന്നെ അവള്‍ വയനാട്ടിലെ തന്റെ വീട്ടിലേയ്ക്ക് പോയി. കുറച്ച് നാള്‍ അപ്പച്ചന്റേയും അമ്മച്ചിയുടേയും കൂടെ നിന്ന് സങ്കടങ്ങള്‍ മാറിക്കഴിഞ്ഞ് തിരിച്ചുവരാമെന്ന് തീരുമാനിച്ചു.

എന്നാലും ദിവസങ്ങള്‍ കഴിയുന്തോറും അവളുടെ സങ്കടം കൂടിയതേയുള്ളൂ. റോസാപ്പൂ കാണുമ്പോള്‍ ഇപ്പോഴും സന്തോഷം തോന്നുന്നില്ല. വേറെ കല്ല്യാണം കഴിക്കാന്‍ അമ്മച്ചി പറഞ്ഞപ്പോള്‍ അവള്‍ വിതുമ്പിപ്പൊയി. കുര്യാക്കോസച്ചായനെപ്പോലെ ഒരാളെ ഇനി കണ്ടെത്താന്‍ പറ്റുമോയെന്ന് ചോദിച്ചു. അമ്മച്ചിയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ടുതന്നെ.

ഒരു മാസം അങ്ങിനെ കഴിഞ്ഞപ്പോള്‍ അവള്‍ തിരിച്ച് പോകാന്‍ തീരുമാനിച്ചു. തന്റെ വീട്ടില്‍ ഓര്‍മ്മകള്‍ ഒറ്റയ്ക്കാണെന്ന് ഓര്‍ത്തു. വീട്ടില്‍ തിരിച്ചെത്തിയ അന്ന് രാത്രി മത്തായിച്ചന്‍ വന്നു.

‘എന്താ മറിയാമ്മേ..നീ എവടാരുന്നൂ? ഞാന്‍ എന്നും വന്ന് നോക്കുമായിരുന്നു. നിന്നെ കാണാതെ ഞാന്‍ എത്ര വിഷമിച്ചെന്നോ’

‘ഇല്ല മത്തായിച്ചാ.. ഇനി മത്തായിച്ചന്‍ ഇങ്ങോട്ട് വരരുത്. എനിക്കിനി അതിന് കഴിയില്ല’

‘മറിയാമ്മേ…’ മത്തായിച്ചന്‍ അതിശയവും ഞെട്ടലും കലര്‍ന്ന സ്വരത്തില്‍ വിളിച്ചു. അവളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങിയിരുന്നു.

‘മറിയാമ്മേ..നിനക്ക് എന്ത് പറ്റി? ദൈവവിളി വല്ലതുമുണ്ടായോ, അതോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ? എന്താണെങ്കിലും മത്തായിച്ചനോട് പറ.. ഞാന്‍ നേരിട്ടോളാം എല്ലാം.. എന്നാലും നീ അത് മാത്രം പറയരുത്’

‘മത്തായിച്ചന്‍ എന്നോട് ക്ഷമിക്കണം.. ഈ നേരത്ത് ഇങ്ങനെ ഇനി വരാന്‍ പാടില്ല.’

‘ഓഹോ..നീ ചാരിത്രവതിയാകുവാണല്ലേ.. എന്നാ നോക്കിക്കോ.. മത്തായിച്ചനെ നിനക്കറിയില്ല’

അയാള്‍ എഴുന്നേറ്റ് മുണ്ടുമടക്കിക്കുത്തി.

‘അവസാനായിട്ട് ചോദിക്കുവാ…നിന്റെ തീരുമാനം മാറ്റുന്നോ ഇല്ലയോ?
അവള്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് ഇല്ലെന്ന് തലയാട്ടി. അയാള്‍ ദേഷ്യത്തോടെ വാതില്‍ വലിച്ചടച്ച് ഇടങ്ങിപ്പോയി.

പിന്നീട് മറിയാമ്മയ്ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടാല്‍ ആരുടേയും ചങ്ക് തകര്‍ന്നുപോകും. ലോകം ഇത്ര ക്രൂരവും ദയാരഹിതവുമാണെന്ന് മനസ്സിലാകും. മത്തായിച്ചന് ശേഷം അവളെ കാണാന്‍ വന്ന എല്ലാവരോടും അവള്‍ ഒരേ കാര്യം തന്നെ പറഞ്ഞു. ചിലര്‍ വിഷമിച്ച് ഇറങ്ങിപ്പോയി, ചിലര്‍ ഭീഷണിപ്പെടുത്തി, ചിലര്‍ കാല് പിടിച്ച് നോക്കി. മറിയാമ്മ വഴങ്ങിയില്ല. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് എന്തോ കാര്യത്തിനായി പുറത്തേയ്ക്കിറങ്ങിയതായിരുന്നു. അപ്പോള്‍ വഴിവക്കില്‍ നില്ക്കുകയായിരുന്ന സാമൂഹ്യവിരുദ്ധരെന്ന് സംശയിക്കാന്‍ തോന്നുന്ന കുറച്ച് ആളുകള്‍ അവളെ നോക്കി ആഭാസം പറഞ്ഞു. അര്‍ത്ഥം വച്ചുള്ള നോട്ടങ്ങളേറ്റ് അവള്‍ക്ക് തൊലിപ്പുറത്ത് കനല്‍ വീഴുന്നത് പോലെ തോന്നി. രാത്രി ആരൊക്കെയോ ഗേറ്റില്‍ മുട്ടുകയും ജനല്‍ക്കണ്ണാടിയിലൂടെ ടോര്‍ച്ചടിയ്ക്കുകയും ചെയ്തു. അവള്‍ ഭയന്നുപോയെങ്കിലും എല്ലാം നേരിടാന്‍ തന്നെ ഉറച്ചു. ഭയം തോന്നുമ്പോള്‍ മാതാവിന്റെ പടത്തിന് മുന്നില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കും.

ഒരു രാത്രി ഒട്ടും വിചാരിക്കാത്ത നേരത്ത് സുകുമാരന്‍സാര്‍ അവളെ കാണാന്‍ വന്നു. അവള്‍ വാതില്‍ തുറന്നില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു.

‘നോക്കൂ മറിയാമ്മേ.. എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ. നിന്നെ ഉപദ്രവിക്കാനോ മനസ്സ് മാറ്റാനോ വന്നതല്ല ഞാന്‍. നിന്റെ മനംമാറ്റത്തില്‍ ഇപ്പോള്‍ എനിക്ക് എന്ത് സന്തോഷമാണെന്നോ. കുറച്ച് നേരം നിന്നോട് സംസാരിക്കണമെന്നേ എനിക്കുള്ളൂ. ഇനി അതും പറ്റില്ലെന്നാണെങ്കിലും കുഴപ്പമില്ല. ഞാന്‍ പോയേക്കാം’

അത് കേട്ടപ്പോള്‍ മറിയാമ്മയ്ക്ക് കുറ്റബോധം തോന്നി. സുകുമാരന്‍സാറിനോട് അങ്ങിനെ പെരുമാറരുതായിരുന്നെന്ന് തോന്നി. അദ്ദേഹവും മനസ്സ് മാറി സന്മാര്‍ഗ്ഗചിന്തകളുകായി വന്നിരിക്കുകയാണല്ലോ. അപ്പോള്‍ കുറച്ചുനേരം സംസാരിച്ചിരിക്കുന്നതില്‍ തെറ്റൊന്നുമില്ല.
അവള്‍ വാതില്‍തുറന്നു. സന്തോഷം കൊണ്ട് വിടര്‍ന്നമുഖത്തോടെ അയാള്‍ അകത്തേയ്ക്ക് കയറി. അവര്‍ ഹാളിലെ സോഫയിലിരുന്ന് ഓരോന്ന് സംസാരിച്ചിരുന്നു. ഒരു പ്രാവശ്യം പോലും സുകുമാരന്‍സാര്‍ തെറ്റായ രീതിയില്‍ തന്നെ നോക്കുകയോ വാക്കുകള്‍ക്കിടയില്‍ അര്‍ത്ഥം ഒളിപ്പിക്കുകയോ ചെയ്തില്ലെന്നത് അവളെ ആഹ്ലാദിപ്പിച്ചു. തന്റെ സങ്കടങ്ങള്‍ തീരാന്‍ പോകുകയാണെന്ന് തോന്നി. അപ്പോള്‍ പെട്ടെന്ന് മുറ്റത്ത് ഒരു ബഹളം കേട്ട് സുകുമാരന്‍സാര്‍ ജനല്‍കര്‍ട്ടന്‍ നീക്കിനോക്കി.

‘കുഴഞ്ഞല്ലോ മറിയാമ്മേ.. നാട്ടുകാര്‍ മുഴുവനും ഉണ്ട് പുറത്ത്. എന്ത് ചെയ്യും?’
അവള്‍ക്ക് ഭൂമി കീഴ്മേല്‍ മറിയുന്നതുപോലെ തോന്നി. അപ്പോഴേയ്ക്കും നാട്ടുകാരുടെ ആക്രോശങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു.

ഇറങ്ങി വാടീ തേവിടിശ്ശീ.. നിനക്കൊക്കെ എന്തുമാകാമെന്നാണോ.. ഇവിടെ ചോദിക്കാനും പറയാനും ആളൊക്കെയൊണ്ട്.. നിന്നെയൊന്നും അങ്ങനെ വിട്ടാ പറ്റില്ലല്ലോ.. എന്നിങ്ങനെ തുടങ്ങി അശ്ലീലപദങ്ങള്‍ വരെ അവര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇടയ്ക്ക് കേട്ട ശബ്ദം മത്തായിച്ചന്റേതാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.

‘സാര്‍.. എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്.. സാറിന് വേണമെങ്കില്‍ അടുക്കള വഴി രക്ഷപ്പെടാം.. അവര്‍ വീട് വളയുന്നതിന് മുമ്പ് രക്ഷപ്പെടൂ..’ അവള്‍ പറഞ്ഞു. അത് കേള്‍ക്കേണ്ട താമസം സുകുമാരന്‍സാര്‍ അടുക്കള വാതില്‍തുറന്ന് രക്ഷപ്പെട്ടു.
അവള്‍ കിടപ്പുമുറിയിലേയ്ക്ക് പോയി. അപ്പൊഴേയ്ക്കും ആരോ കല്ലെറിഞ്ഞ് ജനല്‍കണ്ണാടി പൊട്ടിച്ചു. അവള്‍ അതിലൊന്നും ഭയക്കാതെ മാതാവിന്റെ പടത്തിന് മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

ആരോ വാതില്‍ ചവുട്ടിപ്പൊളിക്കാന്‍ ശ്രമിക്കുന്നു. കല്ലെറിയുന്നു. അസഭ്യവാക്കുകള്‍ ഉറക്കെ പറയുന്നു.

‘എന്റെ മാതാവേ’ അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

അപ്പോള്‍ മച്ചിനുമുകളില്‍ എന്തോ ശബ്ദം കേട്ടു. ദിവ്യമായ ഒരു പ്രകാശം പതുക്കെ തെളിയാന്‍ തുടങ്ങി. നോക്കിയപ്പോള്‍ ആ പ്രകാശത്തില്‍ നിന്നും ആരോ പറന്നിറങ്ങുന്നത് കണ്ടു. അത് കന്യാമറിയം ആയിരുന്നു.

‘മകളേ’ മാതാവ് വിളിച്ചു. സ്നേഹപൂര്‍വ്വം പുഞ്ചിരിച്ചു.

‘അമ്മേ..അയ്യോ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..

മാതാവ് ചിരിച്ചു.

‘അമ്മേ..കണ്ടില്ലേ അവര്‍ എന്നെ ഇങ്ങനെ ഭയപ്പെടുത്തുന്നതു്.’മാതാവ് അവളുടെ തലയില്‍ തലോടി. കവിളില്‍ ഉമ്മ വച്ചു. എന്നിട്ട് വാതില്‍ തുറന്ന് പുറത്ത് ബഹളം വയ്ക്കുന്നവരെ നോക്കി (ആര്‍ക്കും മാതാവിനെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പക്ഷേ, ദിവ്യമായ എന്തോ ചേതനയേറ്റത് പോലെ അവര്‍ ബഹളം വയ്ക്കുന്നത് നിര്‍ത്തി.)

കന്യാമറിയത്തിന്റെ കണ്ണുകളില്‍ നിന്നും നേര്‍ത്ത ഒരു പ്രകാശം എല്ലാവരേയും ഉഴിഞ്ഞ് പോയി. അപ്പോള്‍ എല്ലവരും എന്തിനാണ് അവിടെ വന്നതെന്ന് പോലും അറിയാതെ പിരിഞ്ഞുപോയി.

മത്തായിച്ചന്‍ ഒന്നും മനസ്സിലാകാതെ വരാന്തയില്‍ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ മാതാവ് ആകാശത്തിലേയ്ക്ക് പറന്ന് പോയി.

ബഹളം പെട്ടെന്ന് നിലച്ചത് മറിയാമ്മയെ അതിശയപ്പെടുത്തി. പുറത്തുവന്ന് നോക്കിയപ്പോള്‍ തലയില്‍ കൈ വച്ചിരിക്കുന്ന മത്തായിച്ചനെ കണ്ടു.

മറിയാമ്മയെ കണ്ടതും മത്തായിച്ചന്‍ പൊട്ടിക്കരഞ്ഞു എന്നിട്ട് ഇങ്ങനെ പറഞ്ഞു.

‘എന്റെ മറിയാമ്മേ.. നിന്നെ ഞാന്‍ ഏതെല്ലാം വിധത്തില്‍ ഉപദ്രവിച്ചു, നിന്നെ നാട്ടുകാരുടെ മുന്നില്‍ വച്ച് അപമാനിക്കുകയും ചെയ്തു. ഈ പാപിയോട് പൊറുക്കണം. ഇനി മുതല്‍ മറിയാമ്മയുടെ സഹോദരനായി ഞാന്‍ കൂടെയുണ്ടാകും. ഒരിക്കലും ഞാനിനി ആരോടും മോശമായി പെരുമാറുകയോ തെറ്റായ വഴിയില്‍ ചിന്തിക്കുകയോ ചെയ്യില്ല.’

മറിയാമ്മയും കരഞ്ഞു. അവര്‍ ഒന്നിച്ചിരുന്ന് സ്തോത്രങ്ങള്‍ പാടി. അപ്പോള്‍ ആകാശത്ത് നിന്ന് സ്നേഹത്തിന്റെ പ്രകാശം ലോകമാകെ ഒഴുകി.

ഗുണപാഠം : ഇതൊക്കെ ആര്‍ക്കും എപ്പൊ വേണമെങ്കിലും സംഭവിക്കാവുന്നതേയുള്ളൂ.

തര്‍ ജ്ജനി - നവമ്പര്‍ ലക്കം

വൈറ്റില


ബസ്റ്റോപ്പിൽ പതിവിലും വൈകി ബസ് കാത്ത് നിൽക്കുന്നതിന്റെ എല്ലാ അക്ഷമകളും ആശങ്കകളും അപ്പോൾ എന്നെ കീഴടക്കി. പറയുകയാണെങ്കിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലാത്ത കാര്യമാണെങ്കിലും ഓഫീസിൽ പതിവിൽ കൂടുതൽ മുഷിഞ്ഞിരുന്ന് ജോലി ചെയ്തതിന്റെ അസ്വസ്ഥത വിഴുപ്പ് പോലെ തലയിൽ ഭാരിച്ചു.  ഒടുവിൽ എനിക്ക് പോകാനുള്ള ബസ്സ് വന്നെത്തി. ഓറഞ്ച് നിറമുള്ള ശീതീകരിച്ച സർക്കാർ ബസ്സ്. മൂന്നിരട്ടി ചാർജ്ജ് കൊടുക്കേണ്ടിവരുമെന്നോർത്തപ്പോൾ ഒന്ന് മടിച്ചെങ്കിലും എങ്ങനെയെങ്കിലും വീട് പറ്റാനുള്ള ആഗ്രഹം എന്നെ ബസ്സിലേയ്ക്ക് തള്ളിയിട്ടു.
പലപ്പോഴും അത്തരം ബസ്സിലെ തിരക്ക് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. തിരക്കിത്തിരക്കി ശീതീകരണിയെ തളർത്തും വിധം നിറഞ്ഞ് പോകുന്ന ബസ്സ്. ലോക്കൽ ബസ്സിലെ വിയർപ്പ് നാറുന്ന പ്രഭാതയാത്രകൾക്കിടയിൽ എപ്പോഴെങ്കിലും മുഖം ജനാലയ്ക്ക് നേരെ എത്തിക്കാൻ കഴിയുന്ന നിമിഷങ്ങളിലെല്ലാം കാണുന്നത് കപ്പൽ പോലെ നീങ്ങുന്ന ആ ബസ്സിലെ തിരക്കാണ്. ഒരു പക്ഷേ അതിൽ വിയർപ്പ് നാറ്റം അറിയാൻ കഴിയില്ലായിരിക്കും. ചേർന്ന് നിൽക്കുന്നവരുടെ ചൂടും. എന്തോ, നേരം വൈകിയത് കൊണ്ടായിരിക്കും ഒട്ടും തിരക്കില്ലായിരുന്നു. ഒഴിഞ്ഞ ഇരിപ്പിടങ്ങളായിരുന്നു മിക്കതും. സമയത്തിന് ഓഫീസിൽ നിന്നിറങ്ങാൻ കഴിഞ്ഞവർ തിരക്കുകളെ ആദ്യം തന്നെ ബസ്സുകളിൽ കയറ്റിക്കൊണ്ട് പോയിരിക്കും.
ഈ ബസ്സിലെ മുഖാമുഖമുള്ള ഇരിപ്പിടസംവിധാനം സത്യത്തിൽ അരോചകമാണ്. അന്യന് മുഖം കൊടുത്തിരിക്കുമ്പോഴുണ്ടാകുന്ന അസ്വാസ്ഥ്യത്തെ സർക്കാർ എങ്ങിനെ വിലയിരുത്തുന്നുണ്ടാകുമോ എന്തോ! അതോ, അപരിചിതരായ മനുഷ്യർക്കിടയിൽ പരസ്പരം എന്തെങ്കിലും ഗുണം ഉണ്ടാക്കാനുള്ള ചിന്തയായിരിക്കുമോ? എന്തായാലും എതിരേയുള്ള സീറ്റ് ഒഴിഞ്ഞിരുന്നത് അല്പമെങ്കിലും ആശ്വാസം നൽകി. മാത്രമല്ല ഉയരം കൂടിയവർക്ക് സ്വസ്ഥമായി ഇരിക്കാൻ കഴിയുന്നതല്ല സംവിധാനം. അല്ലെങ്കിൽ എതിരെ ഇരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം കാലുകളെ ഒതുക്കാൻ പരിശ്രമിക്കേണ്ടിയിരിക്കുന്നു. തൽക്കാലത്തേയ്ക്ക് അത്തരം കുഴപ്പങ്ങളൊന്നുമില്ലാത്തതിനാൽ ഞാൻ പുറം കാഴ്ചകളിൽ മുഴുകാൻ ശ്രമിച്ചു. ഇതിനിടയിൽ എപ്പോഴോ കണ്ടക്ടർ ടിക്കറ്റ് തന്ന് പോയി. ആദ്യത്തെ രണ്ട് മൂന്ന് സ്റ്റോപ്പുകൾ വരെ എല്ലാം ആഗ്രഹിച്ചത് പോലെയായിരുന്നു. അധികം ആളുകൾ ഇറങ്ങുകയും കുറച്ച് ആളുകൾ കയറുകയും ആയത് കൊണ്ട് ബസ്സിലെ ഒഴിവിടങ്ങൾക്ക് ബാലൻസിങ് ഉണ്ടായിരുന്നു. പിന്നത്തെ ഒരു സ്റ്റോപ്പിൽ വച്ചാണ് എന്നെ സംബന്ധിച്ചിടത്തോളം ലോകമഹായുദ്ധത്തേക്കാൾ ഭീകരമായ ഒരു സംഭവം അരങ്ങേറുന്നത്. മുൻ വശത്തെ വാതിലിലൂടെയല്ലാത്തതിനാൽ ആദ്യം ശ്രദ്ധിച്ചില്ല. ഇടത്തോട്ട് ചെരിഞ്ഞിരുന്ന് കാഴ്ചകൾ കാണുകയായിരുന്ന എന്നെ ഉലച്ചുകൊണ്ട് അയാൾ എനിക്കെതിരേയുള്ള ഇരിപ്പിടത്തിൽ ഇരിക്കാൻ തുടങ്ങുന്നു.അല്ല ഇരുന്നു. ഞാൻ ചുറ്റും നോക്കി. മിക്കവാറും ഒഴിഞ്ഞ് തന്നെയിരിക്കുന്നു. എനിക്കെന്തോ വല്ലാതെ തോന്നി. നൈരാശ്യവും സങ്കടവും നിസ്സഹായതയും അനുബന്ധവാക്കുകളും എന്നിൽ നിറഞ്ഞ് കരച്ചിലിന്റെ വക്കിലെത്തി. വാസ്തവത്തിൽ ഈ ബസ്സിൽ കയറേണ്ടവനല്ലായിരുന്നു ഞാൻ. പത്ത് മിനിറ്റ് മുമ്പേ റോഡ് മുറിച്ച് കടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഏതെങ്കിലും ചുവന്ന ലോക്കൽ ബസ്സിൽ കയറിപ്പറ്റി വിയർത്ത് മുഷിഞ്ഞ് ഞെരുങ്ങി യാത്ര ചെയ്യേണ്ടവനായിരുന്നു. പക്ഷേ ആവശ്യത്തിലധികം ഗതാഗതക്കുരുക്കുള്ള ആ പാതയിൽ റോഡ് മുറിച്ച് കടക്കുകയെന്നത് ഒരു സിദ്ധിയാണ്. പാഞ്ഞ് വരുന്ന വാഹനങ്ങളുടെ വേഗവും നമുക്ക് അക്കരെയെത്താൻ വേണ്ട സമയവും കണക്കാക്കി സാഹസികതയോടെ പ്രവർത്തിച്ചാൽ മാത്രമേ അത് സാധ്യമാകൂ. ചെറുപ്പം മുതലേ ഒരു കാര്യത്തിലും കലാകാരനല്ലാത്തതിനാൽ എനിക്കെല്ലാം പ്രയാസം നിറഞ്ഞതായി അനുഭവപ്പെടുന്നു. അല്ലെങ്കിൽ ഒരു വിധത്തിൽ സമയം കണക്കാക്കി മുന്നോട്ടായുമ്പോൾ വേഗം കുറഞ്ഞ ഒരു വാഹനം അല്ലെങ്കിൽ പൊടുന്നനെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഒരു സൈക്കിൾ എന്നിങ്ങനെ എന്റെ സമയബോധത്തെ ചോദ്യം ചെയ്ത് മുന്നോട്ട് വച്ച കാൽ പേടിയോടെ തിരിച്ചെടുപ്പിക്കുന്ന നിമിഷങ്ങൾ കടന്ന് പോയത് പത്തെണ്ണമായിരുന്നു. അതിനിടയിൽ അക്കരെ എനിക്ക് ആവശ്യമുള്ള ബസ്സുകൾ വരുന്നതും പോകുന്നതും ഇക്കരെ നിന്ന് നോക്കി വിഷമിക്കേണ്ടി വരില്ലായിരുന്നു. ആരെയും കുറ്റം പറയുന്നില്ല. എന്റെ കഴിവില്ലായ്മ, എന്റെ പിടിപ്പുകേട്..അല്ലാതെന്ത്..!

എന്നെപ്പോലെ തന്നെ ആവശ്യത്തിൽ കൂടുതൽ ഉയരമുള്ള ഒരാളായിരുന്നു എനിക്കെതിരെ ഇടം പിടിച്ചത്. പേടിസ്വപ്നം എന്നൊക്കെ പറയാവുന്ന അവസ്ഥ. അത്രയും ഇടുങ്ങിയ സ്ഥലത്ത് ഞങ്ങൾ രണ്ടുപേരും കാലുകളെ എവിടെ ഒതുക്കി വയ്ക്കും എന്ന് ഞാൻ ആലോചിച്ചു. അയാൾ ഒന്നും ആലോചിക്കുന്നതായി തോന്നിയില്ലെങ്കിലും. അയാളുടെ മുഖം കാണാതിരിക്കാൻ ഞാൻ കൂടുതൽ ഇടത്തോട്ട് ചെരിഞ്ഞിരുന്ന് മുഴുവനായും പുറം കാഴ്ചകളിലേയ്ക്ക് ശ്രദ്ധയെ മാറ്റി. പക്ഷേ ഇടയ്ക്കെല്ലാം അയാൾ കാലുകളുടെ സ്ഥാനം മാറ്റുന്നത് എന്റെ ശ്രദ്ധയിൽ വളവുകളും തിരിവുകളും ഉണ്ടാക്കി. കുറച്ച് നേരം കഴിഞ്ഞപ്പോൾ എനിക്ക് ഒരേ രിതിയിൽ കാലുകൾ മടക്കി വച്ചിരിക്കുന്നത് കൊണ്ട് ചെറിയൊരു വേദന അനുഭവപ്പെട്ടു. ഉടനെയെങ്കിലും നിവർന്നിരുന്നില്ലെങ്കിൽ മാരകമായ എന്തെങ്കിലും എന്റെ കാലുകൾക്ക് സംഭവിക്കുമെന്ന് ഉറപ്പായപ്പോൾ ഞാൻ കീഴടങ്ങി. മുഖാമുഖം ഇരുന്നാൽ മാത്രമേ ഇനിയുള്ള യാത്ര കുറഞ്ഞ പക്ഷം വേദനപ്പെടാത്തതെങ്കിലുമാകൂയെന്ന് എനിക്ക് ബോധ്യമായി. ഞാൻ നിവർന്നിരുന്നു. അപ്പോൾ ഞങ്ങളുടെ കാലുകൾ കൂട്ടിമുട്ടുകയും കൊളുത്തിപ്പിടിക്കുകയും ചെയ്തതെല്ലാം ഇനി കുറേ കാലത്തേയ്ക്ക് വിമ്മിഷ്ടമുണ്ടാക്കാൻ പോരുന്നതായിരുന്നു. പണ്ടൊരിക്കൽ ഉപ്പ് തിന്നുന്നതായി സ്വപ്നം കണ്ട് കുറേ ദിവസങ്ങൾ തൊണ്ട വരളുന്നതായി തോന്നി എപ്പോഴും വെള്ളം കുടിച്ചിരുന്നത് പോലെ.
ഒരു സന്ധിസംഭാഷണത്തിന് അയാൾ ഒരുമ്പെടുന്നത് പോലെ തോന്നി. അപ്പോഴാണ് അയാളുടെ മുഖം ഞാൻ ശ്രദ്ധിക്കുന്നത്. ഒട്ടും താല്പര്യം തോന്നാത്തതിനാൽ അയാളെക്കുറിച്ച് എന്തെങ്കിലും മനസ്സിൽ രൂപപ്പെടാൻ ഞാൻ അനുവദിച്ചില്ല. അയാൾ ആരുമായിക്കോട്ടെ, എന്തുമായിക്കോട്ടെ..എനിക്ക് എന്ത് കാര്യം? എന്നെ സംഭന്ധിച്ചിടത്തോളം ഒരു യാത്രയെ മുഷിപ്പിച്ച ഏതോ ഒരാൾ മാത്രം. ചിലപ്പോൾ അയാളും എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ കരുതുന്നുണ്ടാകാം. എനിക്കെതിരെ വന്നിരുന്നതിൽ പശ്ചാത്തപിക്കുന്നുണ്ടാകാം. ആയിക്കോട്ടെ..എന്തും ആയിക്കോട്ടെ. എല്ലായിടത്തും പരാജയം നേരിടുന്നവന് ഇതൊന്നും ഒരു വെല്ലുവിളിയല്ല. വെല്ലുവിളി ഏറ്റെടുക്കുന്നവർക്കല്ലേ വിജയം. എനിക്ക് വിജയിയാകണ്ട. ഇനി മുതൽ ഞാൻ അയാളുടെ ഇംഗിതങ്ങൾക്കനുസരിച്ച് എന്റെ കാലുകളെ അനുസരിപ്പിക്കാൻ പോകുന്നു. അല്പനേരത്തിനകം അത് സംഭവിക്കുകയും ചെയ്തു. അയാൾ നേർത്ത പുഞ്ചിരിയോടെ കാലുകൾ കുറച്ചകത്തി വച്ചു. അപ്പോൾ എന്റെ ഒരു കാൽ അയാളുടെ കാലുകളുടെ ഇടയിലേയ്ക്ക് ആയിപ്പോയി. അങ്ങേയറ്റം അശ്ലീലം മണത്ത എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത വിധം ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ട പോലെ എന്റെ ഒരു കാൽ അവിടെ കുടുങ്ങിപ്പോയി. സ്വതന്ത്രനെന്ന് കരുതിയ മറ്റേ കാൽ ചുവരിനും അയാളുടെ കാലിനിനുമിടയിൽ നിസ്സഹായതയോടെ ഞെരുങ്ങി. ആദ്യമേ തീരുമാനിച്ചത് പോലെ ഞാൻ കീഴടങ്ങളിലേയ്ക്ക് തിരിച്ച് പോയി. ഇപ്പോൾ വേദനയൊന്നുമില്ല. അങ്ങിനെ തന്നെയിരിക്കട്ടെ. കൂടി വന്നാൽ ഏതാനും കിലോമീറ്ററുകൾ മാത്രം നീണ്ടുനിൽക്കുന്ന ആ പരാജയബോധത്തെ ഞാൻ സഹിക്കാൻ തീരുമാനിച്ചു. അതിനെക്കുറിച്ച് കൂടുതൽ അലോചിക്കാതിരിക്കാനായി കഴുത്ത് ഇടത്തേയ്ക്ക് ചെരിച്ച് പുറത്ത് നോക്കിയിരിക്കാൻ തുനിഞ്ഞത് മറ്റൊരു വേദന കൂടി സംഭാവന ചെയ്യാനേ ഉപകരിച്ചുള്ളൂ.
അടച്ച് പൂട്ടിയ ബസ്സായതിനാൽ പുറത്തെ കാറ്റേറ്റ് യാത്ര ചെയ്യുന്ന സുഖം പറ്റിയില്ല. തണുത്ത കാറ്റ് പമ്പ് ചെയ്യുന്ന ചെറിയ ഫാനുകൾ സീറ്റിന് മുകളിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അത് ഏതെങ്കിലും വശത്തേയ്ക്ക് തിരിച്ച് നെറുകയിൽ വന്നടിയുന്ന തണുപ്പിനെ അകറ്റണമെന്ന് തോന്നിയെങ്കിലും അനങ്ങാൻ പോലുമാകാത്ത ആ നിമിഷത്തിൽ എല്ലാം വ്യഥാസ്വപ്നങ്ങളായി കണക്കാക്കി. അപ്പോൾ രണ്ടാമത്തെ സംഭവം ഉണ്ടായി. അതും തുടങ്ങിവച്ചത് അയാൾ തന്നെ.

‘ ഈ ബസ്സ് ഫോർട്ട് കൊച്ചിയ്ക്കല്ലേ? ‘ അയാൾ ആരോടെന്നില്ലാതെ ചോദിച്ചു. അത് കേട്ടത് ഞാൻ മാത്രമായതിനാൽ പെട്ടെന്നുണ്ടായ പ്രതികരണത്തെ മറച്ചുപിടിക്കാനായില്ല. ഞാനും ആ സംശയത്തിൽ അപ്പോഴേയ്ക്കും അകപ്പെട്ടിരുന്നു. എന്ത് ആലോചിച്ചാണ് ഞാൻ ബസ്സിൽ കയറിയത്. നെറ്റിയിൽ സ്ക്രോൾ ചെയ്യുന്ന സ്ഥലപ്പേരിലേതെങ്കിലും ഫോർട്ട് കൊച്ചി എന്നായിരുന്നോ? അല്ല, എനിക്കിറങ്ങേണ്ടത് വൈറ്റിലയിൽ ആണല്ലോ. വൈറ്റില എന്ന് വായിച്ചത് ഓർക്കാൻ ശ്രമിച്ചു. ഭീകരമായ ചുഴിയിൽ‌പ്പെട്ട് ഉഴലുകയായിരുന്നു ഞാൻ. കടന്ന് പോയ സ്റ്റോപ്പുകൾ ഓർക്കുന്നില്ല. അല്ലെങ്കിൽ എല്ലാം ഒരേ പോലെയുണ്ടായിരുന്നു. എനിക്ക് അലറിവിളിക്കണമെന്ന് തോന്നി. ആരെങ്കിലും പറയൂ..ഈ ബസ്സ് ഫോർട്ട് കൊച്ചിയിലേയ്ക്കോ കുറഞ്ഞ പക്ഷം വൈറ്റില വരെയെങ്കിലുമോ ആണെന്ന്. ആരും അനങ്ങുന്നില്ല. എല്ലാം അറിഞ്ഞിട്ടും ധാർഷ്ട്യം നിറഞ്ഞ ഭാവത്തോടെ അവർ ഇരിയ്ക്കുന്നു. എതിരാളിയാകട്ടെ ആ ചോദ്യത്തിന് ശേഷം കാര്യമായ സംഘർഷങ്ങൾ അനുഭവിക്കുന്നതായി തോന്നിയില്ല. എവിടേയ്ക്കാണെങ്കിലും കുഴപ്പമില്ലെന്ന ചങ്കൂറ്റത്തോടെ അയാൾ കൈകൾ നെഞ്ചിന് മുകളിൽ മടക്കി വച്ചു.
‘കണ്ടക്ടർ..’ ഞാൻ അലറി. ഇല്ല..ആരും അത് കേട്ടതായിപ്പോലും തോന്നുന്നില്ല. അതെ എന്റെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്ത് വരുന്നില്ല. എഴുന്നേറ്റ് നോക്കാമെന്ന് വച്ചാൽ കാലുകൾ അയാളുടെ ബുദ്ധിപരമായ തടവിലാണ്. ഇക്കണക്കിന് വൈറ്റിലയെത്തിയാലും എനിക്കിറങ്ങാൻ കഴിയില്ല. എ സിയിലും ഞാൻ വിയർത്തു. നെറ്റിയിലൂടെയും കഴുത്തിലൂടെയും വിയർപ്പ് ഉറവ പൊട്ടി. നെഞ്ചിടിപ്പ് വ്യക്തമായി കേൾക്കാം. ശ്വാസം മുട്ടി പിടയാൻ പോകുന്നത് പോലെ. ഹാ..ആരെങ്കിലും എന്തെങ്കിലും പറയൂ..ഞാൻ നിലവിളിച്ചു. ഇല്ല.ഇല്ലശൂന്യമായ ബസ്സ് പോലെ നിശ്ശബ്ദം. പതിയെ എന്റെ ബോധം മറഞ്ഞു. തണുപ്പ് പറ്റിയിരിക്കുന്ന കണ്ണാടിയിലേയ്ക്ക് തല ചെരിച്ച് ഞാൻ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടവനായി.

അല്പനേരം കഴിഞ്ഞ് ആരോ എന്നെ തട്ടിയുണർത്തി.

‘ എണീക്ക്..വൈറ്റിലയെത്തി ‘ ഒരു ശബ്ദം. യുഗങ്ങൾക്ക് ശേഷം കേൾവി തിരിച്ച് കിട്ടിയവനെപ്പോലെ ഞാൻ അത്ഭുതത്തോടെ നോക്കി. എതിർ സീറ്റിൽ അയാളുണ്ടായിരുന്നില്ല. എന്റെ കാലുകൾ ഇഷ്ടമുള്ളത് പോലെ ഒതുങ്ങിയിരിക്കുന്നു.
‘ ഇറങ്ങുന്നില്ലേ? ‘ കണ്ടക്ടറാണ് ശബ്ദത്തിന്റെ ഉടമ. അയാൾ അക്ഷമനാകുന്നു. ഞാൻ എഴുന്നേറ്റ് പുറത്തിറങ്ങി. യുദ്ധം അവസാനിച്ചെന്നും എതിരാളി കൂടുതൽ നോവിക്കാതെ എന്നെ വിട്ടുവെന്നും മനസ്സിലായി. ബസ്സ് കപ്പലിന്റെ പ്രൌഢിയോടെ മുന്നോട്ട് നീങ്ങി. രാത്രിവെളിച്ചങ്ങളിൽ ഏതാണ്ട് സ്വയം നഷ്ടപ്പെട്ട് വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഒരു ചിന്ത എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു.

ബസ്സ് ഫോർട്ട് കൊച്ചിയിലേയ്ക്കായിരുന്നോ?!

കഫേ മെക്സിക്കോ - സസ് പെന്‍സ് ത്രില്ലര്‍

ഒരു ത്രില്ലർ എഴുതാനുള്ള ശ്രമമാണ്...ക്ഷമിക്കുക...



കഥ ഇത് വരെ.....

( നഗരത്തിലെ  “കഫേ മെക്സിക്കോ “ എന്ന ഹോട്ടലിലെ   മുറിയില്‍  അജ്ഞാതനായ   ഒരു യുവാവിനെ കൊല്ലപ്പെട്ട  നിലയില്‍ കാണപ്പെടുന്നു. ഏറെ വിവാദങ്ങള്‍ ക്കും ചര്‍ ച്ചകള്‍ ക്കും ശേഷം ഡിക്റ്ററ്റീവ്   സുബോധിനെ   കേസിന്റെ ചുമതല ഏല്‍ പ്പിക്കുന്നു. സുബോധ്   അന്വേഷണവുമായി  മുന്നോട്ട് പോകുകയാണ്‌ )

തുടര്‍ ന്ന് വായിക്കുക

കഫേ മെക്സിക്കോയിലെ  കൊലപാതകം നടന്ന് ഒരു വര്‍ ഷത്തിന്‌ ശേഷം അതേ നഗരത്തിലെ ഒരു ബസ് സ്റ്റാന്റ്. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ബസ്റ്റാന്റിലെ തിരക്കുകള്‍ ക്കിടയില്‍  ഒരു പെണ്‍ കുട്ടി പരിഭ്രമിച്ച് നില്‍ ക്കുന്നു. കൈയ്യില്‍ ഒരു ചെറിയ ബാഗ് ഉണ്ട്. അത് മാറോടണച്ച് പിടിച്ച് ആരേയോ കാത്തിരിക്കുന്നത് പോലെ അവള്‍ കാണപ്പെട്ടു. കുറേ യാത്ര ചെയ്തു തളര്‍ ന്നിട്ടുണ്ട് മുഖം . ഇടയ്ക്കിടെ അക്ഷമയോടെ വാച്ചില്‍ നോക്കുനുണ്ട്.

ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ ബസ്റ്റാന്റില്‍ തിരക്ക് കുറഞ്ഞു. അവസാനത്തെ ബസ്സ് പിടിക്കാനായി പായുന്നവരുടെ കിതപ്പുകള്‍ മാത്രം .അവള്‍ ക്ഷീണത്തോടെ ബന്ചില്‍ ഇരുന്നു. അവളെ ആരും ശ്രദ്ധിക്കുന്നിണ്ടായിരുന്നില്ല. സിഗരറ്റ് വലിച്ച് കൊണ്ട് രണ്ട് പോലീസുകാര്‍ അതുവഴി കടന്ന് പോയപ്പോള്‍ അവള്‍ ഭയന്ന് മുഖമൊളിപ്പിച്ചു. അവര്‍ പോയപ്പോള്‍ അവള്‍ എഴുന്നേറ്റ് വേറൊരിടത്ത് സ്ഥാനം പിടിച്ചു.

അല്പനേരം കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അവളുടെയടുത്തേയ്ക്ക് നടന്നടുത്തു. ഭയം കൊണ്ട് നിറഞ്ഞ അവളുടെ മുഖത്ത് അയാളെക്കണ്ടപ്പോള്‍   ആശ്വാസത്തിന്റെ  നിഴലുകള്‍ തെളിഞ്ഞു.

' ഞാന്‍ വിചാരിച്ചു ' അവള്‍ ക്ക് സം സാരിക്കാന്‍ പോലും തടസ്സമുണ്ടാകും വിധം പേടിച്ചിരുന്നു.

' വരില്ലന്ന്, അല്ലേ? ' ചെറുപ്പക്കാരന്‍ ചെറുതായൊന്ന് ചിരിച്ചു.

' പിന്നെ? ഹോസ്റ്റലില്‍ നിന്ന് ആരുമറിയാതെ ഇത്ര ദൂരം വന്നിട്ട്……...ഞാന്‍ ശരിക്കും പേടിച്ചു '

' സാരമില്ല..ഞാന്‍ വന്നില്ലേ..'

അയാള്‍ അവളുടെ ബാഗ് വാങ്ങി തോളിലിട്ടു. അവര്‍ ബസ്റ്റാന്റിന്‌ പുറത്തേയ്ലല്‍ നടക്കുമ്പോള്‍ അവരുടെ കൈവിരലുകള്‍ കോര്‍ ത്ത് പിടിച്ചിരുന്നു.

' എങ്ങോട്ടാ പോകുന്നത്? '

' തല്‍ ക്കാലം ഒരു ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ട്. ഞാനും ഈ നഗരത്തില്‍ മുന്പ് വന്നിട്ടില്ലല്ലോ..എല്ലാം ഒന്ന് കെട്ടടങ്ങും വരെ അവിടെ കൂടാം '

ഓട്ടോറിക്ഷയില്‍ കയറി അയാള്‍ സ്ഥലം പറഞ്ഞു. തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. അവള്‍ അയാളോട് കൂടുതല്‍ ചേര്‍ ന്നിരുന്നു. ഇരുളില്‍ വഴിവിളക്കുകള്‍ തീര്‍ ത്ത തുരങ്കത്തിലൂടെ ഓട്ടോറിക്ഷ പാഞ്ഞു.

കഫേ മെക്സിക്കോയുടെ കവാടത്തിനരികില്‍ ഓട്ടോ നിര്‍ ത്തി.

' ഇത് ആ കൊലപാതകം നടന്ന സ്ഥലമല്ലേ? ' അവള്‍ സം ശയത്തോടെ ചോദിച്ചു.

' അതേ..അതിനെന്താ? '

' എനിക്ക് പേടിയാകുന്നു..ഇത്തരം ഒരു സ്ഥലത്ത് തന്നെ വേണായിരുന്നോ?'

' ലോകത്ത് എന്തൊക്കെ നടക്കുന്നു..അതൊക്കെ നോക്കാന്‍ പോയാല്‍ നമ്മുടെ കാര്യങ്ങള്‍ കുഴയും ..ഇപ്പൊ ഇവിടെ ഒരു കുഴപ്പവും ഇല്ല'

അത്രയും പറഞ്ഞ് അയാള്‍ ഹോട്ടലിലേയ്ക്ക് കയറി. മടിച്ചാണെങ്കിലും അവളും . റിസപ്ഷനില്‍ നിന്ന് താക്കോല്‍ വാങ്ങി അവര്‍ മുറിയിലേയ്ക്ക് നടന്നു. അങ്ങേയറ്റം തളര്‍ ന്ന് പോയിരുന്ന അവള്‍ ഉടനെ തന്നെ കിടക്കയിലേയ്ക്ക് ചാഞ്ഞു. അയാള്‍ ഒരു സിഗരറ്റ് കത്തിച്ച് ബാല്‍ ക്കണിയില്‍ പോയി നിന്നു. നല്ല തണുപ്പുണ്ടായിരുന്നു. അയാള്‍ ഇരുള്‍ വീണ നഗരത്തിലേയ്ക്ക് നോക്കി നിന്നു.

ഒരുപാട് വൈകിയാണ്‌ അവള്‍ ഉണര്‍ ന്നത്. ചെറുപ്പക്കാരന്‍ മുറിയിലുണ്ടായിരുന്നില്ല. വാഷ് ബേസിനില്‍ മുഖം കഴുകി അവള്‍ സോഫയില്‍ കാത്തിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രഭാതഭക്ഷണവുമായി റൂം ബോയ് വന്നു. അവള്‍ ക്ക് വിശക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും കഴിക്കാന്‍ തോന്നിയില്ല. ഒരു ഗ്ലാസ്സ് കാപ്പി മാത്രം കുടിച്ചു.

ഹോസ്റ്റലില്‍ നിന്നും ഒളിച്ചോടിയ ഒരു പെണ്‍ കുട്ടിയെപ്പറ്റി പത്രങ്ങളില്‍ വാര്‍ ത്ത വന്ന് കാണുമോയെന്ന് അറിയണമെന്നുണ്ടായിരുന്നു അവള്‍ ക്ക്. പക്ഷേ, പുറത്തേയ്ക്കിറങ്ങാന്‍ പേടി തോന്നി. വിദൂരനഗരമണെങ്കിലും തന്നെ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ .... അവള്‍ അയാള്‍ വരാനായി കാത്തിരുന്നു.


ചെറുപ്പക്കാരന്‍ ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ അവള്‍ നല്ല ഉറക്കമായിരുന്നു. വാതിലടയ്ക്കുന്ന ശബ്ദം കേട്ട് അവള്‍ ഉണര്‍ ന്നു.

' എവിടെയായിരുന്നു? '

' കുറച്ച് ജോലിയുണ്ടായിരുന്നു..എത്ര നാള്‍ ഈ ഹോട്ടലില്‍ കഴിയും നമ്മള്‍ ? വേറെ എന്തെങ്കിലും വഴി കണ്ടുപിടിക്കാന്‍ പറ്റുമോന്ന് നോക്കി'

' എന്നിട്ട്? '

' കുറച്ച് നാള്‍ കൂടി ഇവിടെ കഴിയേണ്ടി വരും ... സാധാരണ ആരേയുമല്ലല്ലോ ഞാന്‍ കടത്തിക്കൊണ്ട് വന്നത്..ഒരു പണക്കാരന്റെ മകളായിപ്പോയില്ലേ '

' ഓഹ്...അതാണിപ്പോ എന്റെ കുറ്റം '

' കുറ്റമൊന്നും അല്ല..പക്ഷേ, ഇത് വരെ പോലീസ് സ്റ്റേഷനില്‍ നിന്റെ തിരോധാനത്തെപ്പറ്റി ഒരു പരാതി പോയിട്ടില്ല, പത്രങ്ങളില്‍ വാര്‍ ത്തയില്ല...അപ്പോള്‍ എന്തൊക്കെയോ കരുതിത്തന്നെയായിരിക്കണം അവര്‍  '

' എന്റെ അച്ഛന്‍ അല്ലേ?'

' അതെ'

' എങ്കില്‍ സൂക്ഷിക്കണം ..അവര്‍ എന്തും ചെയ്യും '

' പേടിക്കണ്ട..എല്ലാം ശരിയാവും ' അയാള്‍ പറഞ്ഞു. അവള്‍ എന്തോ ആലോചനയില്‍ മുഴുകിപ്പോയി.


                         സുബോധ് തന്റെ സുഹൃത്തും ഡിക്റ്ററ്റീവുമായ ആന്‍ സനിനൊപ്പം ഒരു സായാഹനം ​ചിലവിടുകയായിരുന്നു. കൊലപാതകം നടന്ന വിധമായിരുന്നു സുബോധിനെ അതിശയിപ്പിച്ചത്. ബാത്ത് റൂമില്‍ ചോര തുപ്പി കമിഴ്ന്ന് കിടക്കുകയായിരുന്നു. വിഷം . ഞരമ്പുകളെ പതുക്കെപ്പതുക്കെ മരവിപ്പിച്ച് സാവധാനം കൊല്ലുന്ന വിഷം . താന്‍ മരിക്കാന്‍ പോകുകയാണെന്ന് കൊലയാളിയുടെ മുഖത്ത് നിന്നും അറിഞ്ഞ ശേഷമായിരിക്കണം അയാള്‍ ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. അത്രയും സമയം ആ വിഷം അനുവദിച്ചിരുന്നു. എത്ര പരിശോധിച്ചിട്ടും താന്‍ തിരയുന്ന എന്തോ ഒന്ന്, അതിലുണ്ടായിട്ടും പിടി തരാത്തത് പോലെ തോന്നി അയാള്‍ ക്ക്.


' സുബോധ്..എനിക്കുറപ്പാണ്‌, നിന്റെ അനുമാനമാണ്‌ ശരി , ഒരു പെണ്ണ്. ' ആന്‍ സന്‍ പറഞ്ഞു.

' അതെനിക്കും ഉറപ്പാണ്‌. പക്ഷേ, എന്തിന്റെ അടിസ്ഥാനത്തിലാണ്‌ അതൊരു പെണ്ണാണെന്ന് ഉറപ്പിക്കുക? '

' ഒരു ഇല്ല്യൂഷന്‍ ..അത്ര മാത്രം ... ആരുടെയോ പെരുമാറ്റത്തിന്റെ ശേഷിപ്പുകള്‍ എന്റെ ആറാമിന്ദ്രിയത്തിന്‌ അനുഭവിക്കാന്‍ കഴിഞ്ഞു'

' ഉം ...അപ്പോള്‍ ആ ചെറുപ്പക്കാരന്റെ മരണസമയത്തും അവിടെ ഒരു പെണ്‍ കുട്ടി ഉണ്ടായിരിക്കണമല്ലോ '

' ആ സ്ഥലം ഞാൻ കണ്ടിട്ടില്ല. അല്ലാ, നീയും അവിടേ പരിശോധിച്ചില്ലല്ലോ ഇത് വരെ ? '

' അതിന്റെ ആവശ്യമില്ല. ഇത്രയും കാലമായ സ്ഥിതിയ്ക്ക് കൂടുതലൊന്നും അവിടെ നിന്നും കിട്ടാന്‍ പോകുന്നില്ല. മാത്രമല്ല, ഞാന്‍ രഹസ്യമായി ഒരു കാര്യം ചെയ്തിരുന്നു'

' എന്ത്?'

' വേഷം മാറി കഫേ മെക്സിക്കോയിലെ ബാറിൽ ചെന്നിരുന്നു. അവിടത്തെ പഴയ ആളുകളെ ഒന്ന് വലവീശി..അന്ന് പറഞ്ഞതിലും കൂടുതലായൊന്നും ഇപ്പോഴും അവര്‍ പറയുന്നില്ല.

' നമുക്ക് നോക്കാം ..എത്ര വരെ പോകുമെന്ന്'

' അതെ..നോക്കാം '.. അവര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു.



4

വൈകുന്നേരം പുറത്തേയ്ക്ക് പോയ ചെറുപ്പക്കാരനെ കാത്തിരിക്കുകയായിരുന്നു അവള്‍ . ഇപ്പോഴും ഒരു ഭയം തന്റെയുള്ളില്‍ തളം കെട്ടി നില്‍ ക്കുന്നുണ്ടെന്ന് അവളറിഞ്ഞു. തണുത്ത സന്ധ്യയിലും വിയര്‍ ക്കുന്നു. പുറത്ത് നിന്നുള്ള ഒരോ ശബ്ദത്തിലും ഹൃദയം പിടയ്ക്കുന്നു. ഹോട്ടല്‍ മുറിയിലെ വിശാലതയില്‍ അവള്‍ പകച്ചിരുന്നു.

ചെറുപ്പക്കാരനുമായുള്ള പ്രണയവും തുടര്‍ ന്നുള്ള ഒളിച്ചോട്ടവും അവള്‍ പരിശോധനയ്ക്കെടുക്കുകയായിരുന്നു.. സത്യത്തില്‍ അയാളോടുള്ള താല്പര്യം മാത്രമായിരുന്നില്ല ആ തീരുമാനത്തിന്‌ പിന്നില്‍ . വേറെ എന്തൊക്കെയോ കാരണങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം . അതൊന്നും ഇഴപിരിച്ചെടുക്കാന്‍ അവള്‍ ക്കായില്ല.

രാത്രി വളരെ വൈകിയാണ്‌ അയാള്‍ തിരിച്ചെത്തിയത്. ഒരുപാട് അലഞ്ഞത് പോലെയുണ്ടായിരുന്നു അയാള്‍ .

' നമ്മള്‍ ഇവിടെ നിന്നും എത്രയും വേഗം മാറണം ' അയാള്‍ പറഞ്ഞു.

' എന്ത് പറ്റി? ആരെങ്കിലും അറിഞ്ഞോ?'

' അതല്ല...പണ്ട് ഇവിടെ നടന്ന ഒരു കൊലപാതകമില്ലേ, അതിനെപ്പറ്റി അന്വേഷിക്കാന്‍ പുതിയ ഡിക്റ്ററ്റീവിനെ നിയമിച്ചിട്ടുണ്ട്. ചിലപ്പോള്‍ അവര്‍ പരിശോധനയ്ക്കായി വന്നേക്കും ..'

' അതിന്‌ നമുക്കെന്താ..അതുമായി നമുക്കെന്ത് ബന്ധം ?'

'നമുക്ക് ബന്ധമൊന്നുമില്ല.പക്ഷേ, നമ്മള്‍ താമസിക്കുന്ന ഈ മുറിയുടെ തൊട്ടടുത്താണ്‌ കൊലപാതകം നടന്ന മുറി. ഒരു പക്ഷേ അവര്‍ അന്വേഷണവുമായി ഇവിടെ വന്നാല്‍ നമ്മളെപ്പറ്റി ചോദിച്ചാല്‍ ...'

' ഓ..ശരിയാണ്‌..അപ്പോള്‍ എന്ത് ചെയ്യും ?'

'എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ..ഞാന്‍ അന്വേഷിച്ചു..കുറച്ച് ദൂരെയെവിടെയെങ്കിലും താമസിക്കാന്‍ ഒരു വീട് കിട്ടുമോയെന്ന്..നാളെ ഒരാളെ കാണണം ..ചിലപ്പോള്‍ കിട്ടിയേക്കും '

അപ്പോഴേയ്ക്കും അവള്‍ ക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. അയാള്‍ അവളെ ഉറങ്ങാന്‍ വിട്ട് ബാല്‍ ക്കണിയില്‍ പോയി നിന്നു. ഉറക്കം തൂങ്ങുന്ന നഗരം രാത്രിവണ്ടികളുടെ കൂര്‍ ക്കം വലിയിലേയ്ക്ക് ചാഞ്ഞു.

                                   

                                                  അനുമാനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു സുബോധ്. രാത്രി ഏറെ വൈകിയിരുന്നു. ഏറെക്കുറെ എല്ലാം ഉറപ്പായിക്കഴിഞ്ഞിരുന്നു. കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ കൂടെ ഒരു പെണ്‍ കുട്ടിയുണ്ടായിരുന്നെന്ന് വിശ്വസിക്കാന്‍ സാഹചര്യങ്ങളുണ്ടായിരുന്നു. അവള്‍ അയാളുടെ കൂടെ ആ ഹോട്ടലില്‍ താമസിച്ചിരുന്നില്ല. പക്ഷേ, അവള്‍ ഇടയ്ക്കിടെ അയാളെ സന്ദര്‍ ശിക്കാറുണ്ടായിരുന്നു. അല്ലെങ്കില്‍ അയാള്‍ അവളെ.


' ബിച്ച്.' സുബോധ് മുറുമുറുത്തു. അപ്പോള്‍ അയാളുടെ മൊബൈല്‍ ശബ്ദിച്ചു.

' ഡിക്റ്ററ്റീവ് സുബോധ് ?' ഒരു സ്ത്രീശബ്ദമായിരുന്നു അത്.

' അതേ '

' ഞാനാരാനെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ അല്ലേ..നിങ്ങള്‍ ഊഹിച്ച് കണ്ടുപിടിച്ച അവള്‍ തന്നെ '

' ഉം ..' സുബോധിനെ രക്തം മരവിക്കുന്നത് പോലെ തോന്നി.

' നിങ്ങള്‍ ബുദ്ധിമാനാണ്‌ സുബോധ്..എല്ലാം പെട്ടെന്ന് ഊഹിക്കുന്നു'

' എങ്കില്‍ നീയും ഒരുങ്ങിയിരുന്നോ ..നിന്നെ കുരുക്കാനുള്ള വല എന്റെ കൈയ്യിലുണ്ട്'

' പാവം ഡിക്റ്ററ്റീവ്'..നീ എന്ത് സുന്ദരനാണ്..എനിക്ക് നിന്നോട് പ്രേമം തോന്നുന്നു’  അവള്‍ ചിരിച്ചു. എന്നിട്ടു സം ഭാഷണം നിര്‍ ത്തി.

5


ചെറുപ്പക്കാരന്‍ സോഫയിലാണ്‌ ഉറങ്ങിയത്. ഉണര്‍ ന്നപ്പോള്‍ അവള്‍ ചിരിച്ച് കൊണ്ട് മുന്നിലിരിക്കുന്നുണ്ടായിരുന്നു. മുന്തിരി ജ്യൂസ് നിറച്ച ചില്ല്‌ ഗ്ലാസ്സുകള്‍ ടിപേയില്‍ ഉണ്ടായിരുന്നു.

' എന്തൊരുറക്കമായിത്? ഇന്നലെ രാത്രി വല്ലതും കഴിച്ചോ? അവള്‍ ചോദിച്ചു.
' ഇല്ല..ആകെ അലച്ചിലായിരുന്നു..നല്ല വിശപ്പുണ്ട്'

' അറിയാം ..അതാ രാവിലെ ഞാന്‍ ജ്യൂസ് വരുത്തി'

അവള്‍ ഒരു ഗ്ലാസ്സ് എടുത്ത് അയാള്‍ ക്ക് നേരെ നീട്ടി. അയാള്‍ ദാഹവും വിശപ്പും കൊണ്ട് വലഞ്ഞിരുന്നു. ഒറ്റ വലിയ്ക്ക് ഗ്ലാസ്സ് കാലിയാക്കി.

' ഞാന്‍ ഒന്ന് കുളിച്ചിട്ട് വരാം ' എന്ന് പറഞ്ഞ് അവള്‍ വസ്തങ്ങളെടുത്ത് കുളിമുറിയിലേയ്ക്ക് പോയി.

അവള്‍ കുളിമുറിയുടെ വാതിലടച്ചു എന്നുറപ്പായപ്പോള്‍ ചെറുപ്പക്കാരന്‍ എഴുന്നേറ്റു. അവളുടെ ബാഗ് തുറന്ന് പരിശോധിക്കാന്‍ തുടങ്ങി. കുറേ വസ്ത്രങ്ങളും ഒരു ബൈബിളും അല്ലാതെ ഒന്നുമുണ്ടായിരുന്നില്ല അതില്‍ . ശേഷം അയാള്‍ അലമാരകള്‍ ഓരോന്നായി പരിശോധിച്ചു. തലയണയ്ക്കടിയിലും കിടയ്ക്കക്കടിയിലും പരിശോധിച്ചു.

' നിങ്ങള്‍ അന്വേഷിക്കുന്നത് ഇവിടെയില്ല ഡിക്റ്ററ്റീവ്'

അവളുടെ ശബ്ദം കേട്ട് ചെറുപ്പക്കാരന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള്‍ ഈറന്‍ മുടി വിരിച്ചിട്ട് ഒരു ഗൌണ്‍ മാത്രം ധരിച്ച് അവള്‍ നില്‍ ക്കുന്നതാണ്‌ കണ്ടത്.പരിഹാസം നിറഞ്ഞ ഒരു ചിരി അവളുടെ ചുണ്ടിലുണ്ടായിരുന്നു.

' നിങ്ങള്‍ വിചാരിക്കുന്നത്ര ബുദ്ധിമാനൊന്നുമല്ല സുബോധ്..' അവള്‍ പറഞ്ഞു.

അവള്‍ എല്ലാം മനസ്സിലാക്കിയ സ്ഥിതിയ്ക്ക് ഇനിയും അഭിനയത്തിന്റെ ആവശ്യമില്ലെന്നുറപ്പായപ്പോള്‍ സുബോധ് അടുത്ത നീക്കത്തെക്കുറിച്ചാലോചിച്ചു.

' നീ...'

' അതെ ഡിക്റ്ററ്റീവ്..ഞാന്‍ തന്നെ..അല്ല, ഞാനൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ..നിങ്ങള്‍ ക്ക് എല്ലാം അറിയാവുന്നതല്ലേ'

' കുറേയൊക്കെ..പക്ഷേ എല്ലാം അറിയില്ല'

' പറയാം ..നിങ്ങള്‍ പ്രണയം അഭിനയിച്ച് എന്റെയടുത്ത് വന്നപ്പോഴേ ഞാന്‍ എല്ലാം മനസ്സിലാക്കിയിരുന്നു സുബോധ്.

' ഓഹ്.. അത് ഞാൻ ഊഹിച്ചില്ല....എന്തിന്‌..എങ്ങിനെ..ഇത് മാത്രമേ എനിക്ക് ഉറപ്പാക്കേണ്ടതുള്ളൂ'


' ആദ്യം ആ ചെറുപ്പക്കാരന്‍ ..അത് തല്ക്കാലം വിശദീകരിക്കാന്‍ വയ്യ.. പക്ഷേ നിങ്ങള്‍ ഒരു  വിഡ്ഡിത്തം കാണിച്ചു. എന്നെക്കുറിച്ച് അറിയാവുന്നതൊന്നും നിങ്ങള്‍ ആരുമായും പങ്കുവച്ചില്ല. ഒരു കണക്കിന്‌ അത് നന്നായി..നിങ്ങള്‍ ക്ക് ശേഷം ഇനി ആരും എന്നെ അന്വേഷിച്ച് വരില്ല. '

' എനിക്ക് ശേഷം ? നിന്നെ ഇപ്പോള്‍ ത്തന്നെ അറസ്റ്റ് ചെയ്യാന്‍ പോകുകയാണ്‌ ഞാന്‍ ' സുബോധ് കോപത്തോടെ പറഞ്ഞു.

' അതാണ്‌ ഞാന്‍ പറഞ്ഞത് സുബോധ്..നിങ്ങള്‍ അത്രയ്ക്ക് ബുദ്ധിമാനൊന്നുമല്ല..ആയിരുന്നെങ്കില്‍ ഞാന്‍ തന്ന മുന്തിരിജ്യൂസ് കണ്ണുമടച്ച് കുടിക്കില്ലായിരുന്നു. ഇനിയും വൈകിയാല്‍ ചിലപ്പോള്‍ നീ എന്നെ കുടുക്കിയാലോയെന്ന് ഭയമുണ്ടായിരുന്നു.’


സുബോധ് ഒന്നും മനസ്സിലാകാതെ നിന്നു.

' അതേ വിഷം .അത് തന്നെയാണ്‌ ഞാന്‍ നിങ്ങള്‍ ക്ക് തന്നത്...മരിക്കുന്നതിന്‌ മുമ്പ് എല്ലാം തുറന്ന് പറയാനുള്ള സാവകാശം ..അതാണിപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്നത് '

സുബോധിന്‌ ശരീരം തളരുന്നത് പോലെ തോന്നി. നില്‍ ക്കാന്‍ വയ്യാതെ അയാള്‍ കിടക്കയില്‍ ഇരുന്നു. കൈകാലുകള്‍ കുഴയുന്നത് പോല്..കാഴ്ച മങ്ങുന്നത് പോലെ..

' ഇനിയും ഒരാളും ഈ മണ്ടത്തരം കാണിക്കാതിരിക്കട്ടെ' അവള്‍ അയാളുടെ നെറ്റിയില്‍ ചും ബിച്ചു.

' നീ..' സുബോധ് എന്തോ പറയാന്‍ ശ്രമിച്ചു. പക്ഷേ തൊണ്ട അടങ്ങിരുന്നു.

' നാന്‍ സി..എന്റെ പേര്... ഇതല്ലേ നിങ്ങള്‍ ക്കറിയേണ്ടത്?'

' പക്ഷേ, ആ ഡിക്റ്ററ്റീവിനെ നീ..?'

 അവള്‍ തന്റെ ഗൌണ്‍ അഴിച്ചെറിഞ്ഞു. വടിവൊത്ത അവളുടേ ശരീരം അയാള്‍ ക്ക് മുന്നില്‍ ഒരു ശില്‍ പം പോലെ നിന്നു.

' ഈ സൌന്ദര്യത്തേക്കാള്‍ വലുതൊന്നുമല്ലായിരുന്നു അയാള്‍ ക്ക് ആ കൊലപാതകം പ്രിയപ്പെട്ടവനേ..'

അത്രയും പറഞ്ഞ് അവള്‍ ബാഗ് തുറന്ന് വസ്ത്രങ്ങള്‍ ധരിച്ചു.

സുബോധിന്‌ അനങ്ങാള്‍ വയ്യാത്ത വിധം ശരീരം തളര്‍ ന്നിരുന്നു. വിഷം തന്നെ മരണത്തിലേയ്ക്ക് കൈപിടിച്ച് കൊണ്ടുപോകുന്നത് അറിയാന്‍ കഴിഞ്ഞു.

വെളുത്ത പാട പോലെ കാഴ്ച. അതില്‍ അവള്‍ ഒരു നിഴലായി നടന്നകലുന്നത് അയാള്‍ കണ്ടു.