Wednesday, December 28, 2011

മുത്തശ്ശിക്കഥ


ജനലിലൂടെ തെരുവ് കാണാമായിരുന്നു. ചലനങ്ങൾ ഒട്ടേറെ വേദനിപ്പിക്കുന്നതായ ശരീരത്തിനെ വീൽചെയറിൽ ഒതുക്കി അയാൾ തെരുവിലെ കാഴ്ചകളിൽ മുഴുകിയിരുന്നു. വീട് നിശ്ശബ്ദവും വിഷാദം നിറഞ്ഞതുമായിരുന്നു. എഴുപതാണ്ടുകൾ ജീവിച്ച് തീർത്തതിന്റെ എല്ലാ പരാധീനതകളും അയാളുടെ മനസ്സിൽ പുകഞ്ഞു. എന്നിട്ട് എന്ത് നേടി? അയാൾ എന്നും എപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമായിരുന്നു അത്. വിൽചെയറിൽ തടവിലാക്കപ്പെട്ട ഒരു ശരീരം! അതോ അതിനേക്കാൾ തടവറയായിത്തീർന്ന മനസ്സ്! ഓരോന്നോർത്തപ്പോൾ അയാൾക്ക് നൈരാശ്യം തോന്നി. ഒന്നും ഓർക്കാതിരിക്കാനാണ് ആഗ്രഹം. പക്ഷേ, ഒമ്പത് മണിയോടെ ആരവങ്ങളും ബഹളങ്ങളും നിലച്ച് മൂകമാകുന്ന വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ ഓർമ്മകൾ അനുവാദം ചോദിക്കാറില്ല.

അയാൾ ഗ്രാമത്തിലെ വീടും നിലവും വിറ്റ് നഗരത്തിൽ മകന്റെ കൂടെ താമസമാക്കിയിട്ട് രണ്ട് വർഷങ്ങൾ തികഞ്ഞിരുന്നു. പറയത്തക്ക അസുഖങ്ങളൊന്നുമില്ലാതെയായിരുന്നു നഗരത്തിലെത്തിയത്. പെട്ടെന്ന് ഒരു ദിവസം കുഴഞ്ഞു വീണു. ശരീരം തളർന്നു. 

ജീവിതപങ്കാളിയായി ചക്രങ്ങൾ പിടിപ്പിച്ച കസേരയും എപ്പോഴും ഉറക്കം നിഷേധിക്കുന്ന കട്ടിലും കിട്ടി. ഇനി വൈകുന്നേരം മകനും ഭാര്യയും തിരിച്ചെത്തുന്നത് വരെ തെരുവിലേയ്ക്ക് നോക്കിയിരിക്കുന്നതാണ് സമയം കൊല്ലാനുള്ള ഏക വഴി. ടെലിവിഷനും പത്രങ്ങളും ഒരിക്കലും അയാളുടെ താല്പര്യങ്ങളിൽ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് പേരക്കുട്ടികൾ സ്കൂളിൽ നിന്നും വരും. തിടുക്കത്തിൽ എന്തെങ്കിലും കഴിച്ച് റ്റ്യൂഷൻ എന്നും പറഞ്ഞ് വീണ്ടും ഓടും. പിന്നെ വൈകുന്നേരം വേറെ എന്തൊക്കെയോ പഠനങ്ങൾ. രാത്രിയാകും അവർ സ്വസ്ഥമാകാൻ. അപ്പോഴും ഹോം വർക്ക് എന്നൊക്കെ പറഞ്ഞ് പുസ്തകങ്ങളുടെ കൂമ്പാരത്തിൽ അവർ മുങ്ങിപ്പോകും. മകന്റെ ഭാര്യയാകട്ടെ അടുക്കളയിൽ തിരക്കിലായിരിക്കും. മകൻ എപ്പോഴെങ്കിലും കയറി വരും. അപ്പോഴെല്ലാം അവൻ അരിശത്തിലായിരിക്കും.

തനിക്ക് ഇങ്ങനെയൊരു ജീവിതം ഉണ്ടായിരുന്നില്ലെന്ന് അയാൾ ഓർത്തു. കൃഷിയായിരുന്നു തൊഴിൽ. പാടത്തും പറമ്പിലും പണി കഴിഞ്ഞ് എന്ത് സന്തോഷത്തോടെയായിരുന്നു വീട്ടിൽ തിരിച്ചെത്തിയിരുന്നത്. വേറൊന്നും അറിയേണ്ട ആവശ്യമില്ലായിരുന്നു. ഉച്ചയ്ക്കും രാത്രിയും രുചിയുള്ള ആഹാരം വച്ച് വിളമ്പിത്തരുന്ന ഭാര്യ. അവൾ പോയതോടെ എല്ലാം പോയി.
ഇതൊക്കെ എന്നും ഓർക്കുന്നതാണ്. രാത്രിയും പകലും പോലെ എന്നും മുടക്കമില്ലാതെ വന്നെത്തുന്നത്.

അപ്പോൾ തെരുവിൽ എന്തോ ബഹളം കേട്ടു. ഇത്തരം ബഹളങ്ങൾ എന്നുമുണ്ടാകും. അപ്പോഴാണ് കുറച്ച് നേരം ഓർമ്മകളുടെ ശല്യമില്ലാതെ കഴിഞ്ഞ് പോകുന്നത്. എന്തിനാണാവോ ഇന്നത്തെ വഴക്ക്. അയാൾ തെരുവിലേയ്ക്ക് നോക്കി.
ഇത്രയും എഴുതിക്കഴിഞ്ഞപ്പോൾ പ്രകാശന് വല്ലാത്ത മടുപ്പ് തോന്നി. നോട്ട് പുസ്തകം മടക്കി വച്ച് പേന ക്യാപ്പിട്ട് മേശപ്പുറത്ത് വച്ചു. പുറത്ത് പോയി ഒരു ചായ കുടിച്ചാലോയെന്ന് ആലോചിച്ചു. പിന്നീട് ഉപേക്ഷിച്ചു. ജങ്ക്ഷൻ വരെ നടന്ന് പോയി ചായ കുടിക്കാൻ വയ്യ. വല്ലാത്ത മടുപ്പാണ്.

മേശപ്പുറത്ത് ചത്ത് പോയ ഏതോ ജന്തുവിനെപ്പോലെ മൊബൈൽ ഫോൺ കിടക്കുന്നുണ്ടായിരുന്നു. ദിവസങ്ങളായി അത് ശബ്ദിച്ചിട്ട്. എന്തിനാണാവോ ഇത്ര മൌനം, മൌനം എന്ന എന്ന തമിഴ് സിനിമാപ്പേര് അയാൾ പിറുപിറുത്തു. മാത്രമല്ല, രണ്ട് മൂന്ന് ദിവസങ്ങളായി മുറിയിൽ ഇങ്ങനെ അടച്ചുപൂട്ടിയിരിക്കുന്നു. ഫേസ് ബുക്ക്, ജിടാക്ക് തുടങ്ങിയ എല്ലാത്തിനും അവധി കൊടുത്തു. അതെല്ലാം തുറന്നിരിക്കുമ്പോൾ ഒറ്റയ്ക്കാണെന്ന് പറയാൻ പറ്റില്ലല്ലോ. അത് മാത്രമാണോ കാരണം? അല്ലല്ലോ..രേണു വിളിച്ചിട്ട് ഇപ്പോൾ എത്ര ദിവസമായിരിക്കുന്നു. എന്തൊരു പിണക്കമാണവളുടേത്. ഒരബദ്ധം. ഒരു വാക്ക്. അത് പോലും ക്ഷമിക്കാൻ മനസ്സില്ലെങ്കിൽ എങ്ങിനെ അവൽ തന്നെ സ്നേഹിക്കുന്നെന്ന് പറയുന്നു. അന്ന് താൻ വല്ലാത്തൊരു മൂഡിലായിരുന്നു. കൺ ഫ്യൂസ്ഡ് എന്ന് തന്നെ പറയാം. അപ്പോഴാണ് അവൾ വിളിക്കുന്നത്. അവളുടെ ശബ്ദം കേട്ടപ്പോൾ ആശ്വാസം തോന്നിയിരുന്നതാണ്. അവളാകട്ടെ വല്ലാത്ത തമാശ മൂഡിലും. എന്തൊക്കെയോ പറഞ്ഞ് പറഞ്ഞ് ആകെ കുഴപ്പത്തിലാക്കി. ആകെ അസ്വസ്ഥനായിരിക്കുന്ന ഒരാളെ കൂടുതൽ വിഷമിപ്പിക്കാനേ അത്തരം സംഭാഷണങ്ങൾ ഉപകരിക്കൂ. ദേഷ്യം വന്നപ്പോൾ കാൾ കട്ട് ചെയ്തു. നിന്നെ പ്രേമിക്കുന്നത് സമയം പാഴാക്കലാണെന്ന് ഒരു എസ് എം എസ് അയച്ച് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. മനസ്സ് ഒന്ന് തണുത്തപ്പോഴാണ് എന്ത് വലിയ അബദ്ധമാണ് കാണിച്ചതെന്ന് ആലോചിച്ചത്. അവളോട്, അവളോട് അങ്ങിനെയൊക്കെ…ഇനി വിളിച്ചാൽ അവൾ ഫോൺ എടുക്കില്ല. അതാണവളുടെ സ്വഭാവം. അത്ര പെട്ടെന്നൊന്നും ക്ഷമിക്കാത്ത തരം. രണ്ട് ദിവസം കഴിഞ്ഞ് വെറുതേ വിളിച്ച് നോക്കി. ഇല്ല, മറുപടിയില്ല. മാപ്പ് പറഞ്ഞും ക്ഷമ ചോദിച്ചും എസ് എം എസുകൾ അയച്ചു. വെറുതേ സമയം പാഴാക്കണ്ടെന്ന് മാത്രം മറുപടി. ഹോ…എന്ത് ചെയ്യാൻ….
അവളിനി ഒരിക്കലും തിരിച്ച് വരില്ലായിരിക്കും. നമ്പർ പോലും മൊബൈലിൽ നിന്നു മായ്ച്ച് കളഞ്ഞു കാണും.

എല്ലാം ഓർത്തപ്പോൾ പ്രകാശന് സങ്കടവും ദേഷ്യവും ഒന്നിച്ച് വന്നു. എന്നിട്ടാണ് ഇവിടെയിരുന്ന് കിഴവന്റെ കഥ എഴുതുന്നത്. അയാൾ നോട്ട് ബുക്കിൽ നിന്നും എഴുതിയ താൾ കീറിയെടുത്ത് ചുരുട്ടിക്കൂട്ടി എറിഞ്ഞു. അത് ഒരു ഉൽക്ക പോലെ മുറിയുടെ ഒരു മൂലയിൽ പോയി വീണു.
അപ്പോൾ വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. പോയി നോക്കിയപ്പോൾ ബേബിയാണ്. അവനെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതും ഈ സമയത്ത്. അവൻ ചിരിച്ചു കൊണ്ട് വലിച്ച് തീരാറായ സിഗരറ്റ് നിലത്ത് ചവുട്ടിക്കെടുത്തി അകത്തേയ്ക്ക് വന്നു. ആദ്യം തന്നെ അവന്റെ കണ്ണിൽ പെട്ടത് പ്രകാശൻ എറിഞ്ഞു കളഞ്ഞ താൾ ആയിരുന്നു. ബേബി അതെടുത്ത് വായിച്ചു. എന്നിട്ട് പുഞ്ചിരിയോടെ അത് ചുരുട്ടിയെറിഞ്ഞു. അത്ര കൃത്യമായി അത് പഴയ സ്ഥാനത്ത് തന്നെ പതിച്ചത് പ്രകാശനെ അത്ഭുതപ്പെടുത്തി.

“ നിന്റെ കിഴവന് എന്താടാ ഇത്ര സങ്കടം?’ ബേബി കസേരയിൽ അമർന്നിരുന്ന് ചോദിച്ചു.

“ ഇത്രയും കാലം ജിവിച്ചതിന്റെ ആയിരിക്കും “ പ്രകാശൻ ആ ചോദ്യം ഇഷ്ടപ്പെടാത്തത് പോലെ പറഞ്ഞു.

“എയ്…അതല്ലല്ലോ.. എന്തെങ്കിലും കാരണം വേണ്ടേ?”

“ കാരണം ഉണ്ടല്ലോ…ജീവിതം, ഏഴ് പതിറ്റാണ്ടുകളുടെ ജീവിതം”
“ പക്ഷേ നീ എഴുതിയത് വച്ച് അയാൾക്ക് അത്ര വലിയ നൈരാശ്യം തോന്നേണ്ട 
കാര്യമില്ലല്ലോ..വേണമെങ്കിൽ നഗരത്തിലെ ജീവിതവും തന്റെ രോഗവും അയാളെ വിഷമിപ്പിക്കാവുന്നതാണ്. അതല്ലാതെ വേറെ കാരണമൊന്നും ഇല്ലല്ലോ”

“നൈരാശ്യം തോന്നാൻ കാരണം നിർബന്ധമാണോ?“

“ നിർബന്ധമല്ല, പക്ഷേ, എന്തെങ്കിലും കാരണം കൊണ്ടാണല്ലോ..അതിരിക്കട്ടെ എന്ത് കാരണത്തിനാണ് നിനക്കിത്ര നൈരാശ്യം?”

‘ ഒന്നുമില്ല…എനിക്ക് കുഴപ്പമൊന്നുമില്ല”

“ നിനക്ക് കുഴപ്പമൊന്നുമില്ലെങ്കിൽ നിന്റെ കിഴവനും കുഴപ്പം വരാൻ സാധ്യതയില്ല”

“ഓ..എനിക്കറിയില്ല…നിനക്ക് തോന്നുന്നത് പോലെ”
ബേബി ഒരു സിഗരറ്റ് കൂടി കത്തിച്ചു. പ്രകാശന് ഒരെണ്ണം സമ്മാനിച്ചു. പ്രകാശൻ കുറച്ച് നേരം ആലോചിച്ചിട്ട് ഒരു തീരുമാനത്തിൽ എത്തിപ്പെടാൻ കഴിയാതെ അത് കത്തിച്ച് പുകയൂതി.

“ പറയ്…രേണുവുമായുള്ള പ്രശ്നം തീർന്നില്ലെ?”

“ ഇല്ല..അത് തീരില്ല”

“അപ്പോ അതാണ് നിന്റെ ദുഖത്തിന്റ് ഹേതു”

“ഏയ്..അല്ല….അതിനി ഓർത്ത് വിഷമിക്കാനുള്ളതല്ല..”

“എന്ന് ആര് പറഞ്ഞു?”

“ബേബീ..ലോകമഹായുദ്ധങ്ങൾ പോലും മനുഷ്യൻ എത്രയെളുപ്പം മറക്കുന്നു? കൂട്ടക്കൊലകൾ, കുരുതികൾ, പട്ടിണിമരണങ്ങൾ, സ്ത്രീപിഢനങ്ങൾ..അങ്ങനെയങ്ങനെ..അതിനേക്കാൾ വലുതൊന്നുമല്ലല്ലോ ഇത്”

“ വാഹ്..വാഹ്..നീ സംസാരിക്കുന്നു..പക്ഷേ, സ്വയം വഞ്ചിക്കുന്നത് അത്ര നല്ല ശീലമല്ല, പുകവലിയേക്കാൾ ദോഷമാണത്”

“ ഹും..പിന്നെ ഞാനെന്ത് ചെയ്യണമെന്ന് നീ പറ”

“ എനിക്കെങ്ങിനെ പറയാൻ പറ്റും..നീ അവളെ നേരിട്ട് പോയി കാണ്”

“ വയ്യ…അവളുടെ മുഖത്തേയ്ക്ക് നോക്കാൻ വയ്യ എനിക്ക്”

“ എങ്കിൽ അടുത്ത ലോകമഹായുദ്ധം വരെ നീ കരഞ്ഞോണ്ടിരിക്ക്”

അപ്പോൾ, പെട്ടെന്ന് അവർക്കിടയിൽ ഒരു മൌനം വീണു. മേഘങ്ങൾക്കിടയിൽ നിന്നും സൂര്യൻ മുഖം കാണിക്കുന്നത് പോലെ. അവർ പുകയൂതുന്നതിൽ ശ്രദ്ധ ചെലുത്തി. കുറെ നേരം കഴിഞ്ഞിട്ടും മടുപ്പൊന്നും കൂടാതെ മിണ്ടാതിരിക്കാൻ കഴിഞ്ഞതിൽ പ്രകാശന് അതിശയം തോന്നി. ബേബിയാകട്ടെ മേൽക്കൂരയിലെ ഒരു ചിലന്തിയേയോ പല്ലിയേയോ (ആ രണ്ട് ജിവികളേ അവിടെയുണ്ടായിരുന്നുള്ളൂ) സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.

പെട്ടെന്ന്..ബേബി ഉറക്കെ ചിരിച്ചു. പ്രകാശനും ചിരി പൊട്ടി. ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വരും വരെ ചിരിച്ചു. ചിരി ഒന്നടങ്ങിയപ്പോൾ പ്രകാശൻ ചോദിച്ചു:

“ നീ എന്തിനാ ചിരിച്ചത്?”

“എത്ര നേരം ആ പല്ലിയും ചിലന്തിയും മുഖത്തോടുമുഖം നോക്കിയിരിക്കുമെന്നോർത്ത്..അല്ലാ…നീയോ?”

“ നമ്മളെ നോക്കിയിരുന്ന്...നമ്മുടെ കഥയെഴുതുന്ന അജ്ഞാതനെയോർത്തപ്പോള്‍..എനിക്ക് ചിരി വന്നുപോയി....”

Tuesday, December 13, 2011

ജാരന്റെ കഥപണ്ട് പണ്ട്..മ്മ്..എവിടെ വേണം?..ബാഗ്ദാദ്? ശരിപണ്ട് പണ്ട് ബാഗ്ദാദിൽ ഒരു സുന്ദരനായ ചെറുപ്പക്കാരനുണ്ടായിരുന്നു. സലിം എന്നായിരുന്നു അവന്റെ പേര്. ബാഗ്ദാദിലെ സുന്ദരന്മാരിൽ ഒരാളായിരുന്നു സലിം. പക്ഷേ, എന്ത് ചെയ്യാൻ, അവൻ ദരിദ്രനായിരുന്നു. വളരെ ചെറുപ്പത്തിലേ അവന്റെ ഉപ്പയും ഉമ്മയും മരിച്ചു പോയി. ആരൊക്കെയോ സഹായിച്ച് അവൻ വളർന്നു. സുന്ദരനായിരുന്നെങ്കിലും, ബുദ്ധിമാനായിരുന്നെങ്കിലും അവന് ഒരു തൊഴിലും പഠിക്കാൻ പറ്റിയില്ല. ചെരുപ്പുകുത്തിയായ കാസിം, കൊല്ലൻ സയ്യിദ്, സ്വർണ്ണപ്പണിക്കാരൻ കാജ, തുണിനെയ്ത്തുകാരൻ മുസ്തഫ എന്നിങ്ങനെ ഒരുപാട് പേർ അവനെ തൊഴിൽ പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അവൻ അതൊന്നും പഠിക്കാതെ അലഞ്ഞ് നടന്നു. ഒട്ടകങ്ങൾ മേയുന്നത് നോക്കിയിരിക്കാനും, വൈകുന്നേരങ്ങളിൽ രാത്രി സത്രങ്ങളിലെ പാട്ടും നൃത്തവും ആസ്വദിക്കാനും ആയിരുന്നു അവന് ഇഷ്ടം. സത്രത്തിൽ ചിലപ്പോൾ സുന്ദരികളായ പെൺ കുട്ടികൾ വരുമായിരുന്നു. അവർ അവനെ നോക്കി കൊതി കൊണ്ടു. അവന്റെ കൂടെ ശയിക്കാൻ ആഗ്രഹിച്ചു. അതിന് വേണ്ടി അവനെ സമീപിച്ചപ്പോഴൊക്കെ അവർക്ക് നൈരാശ്യപ്പെടേണ്ടി വന്നു. തന്റെ സ്വപ്നലോകത്തിൽ പ്രവേശിക്കാൻ അവൻ ആരേയും അനുവദിച്ചില്ല. രാത്രി സുന്ദരമായ ശബ്ദത്തിൽ അവൻ പാടുന്നത് കേട്ട് മാലാഖമാർ പോലും അവനെ കൊതിച്ചു. അവന്റെ ചുണ്ടുകളിൽ ഉമ്മ വയ്ക്കാൻ ആഗ്രഹിച്ചു. അവന്റെ ശരീരം ഓമനിക്കുന്നതായി സ്വപ്നം കണ്ടു. തങ്ങളുടെ കൂടെ ശയിക്കുന്നവർ അവനാണെന്ന് സങ്കൽ‌പ്പിച്ചു.

എന്നാൽ, സലീമിന്റെ അവസ്ഥ കഷ്ടമായിത്തീർന്നു. ജോലി ചെയ്യാതെ അവന് ആര് ആഹാരം കൊടുക്കും? മിക്കവാറും ദിവസങ്ങളും പട്ടിണി. അല്ലെങ്കിൽ എവിടെയെങ്കിലും വിരുന്നുണ്ടെങ്കിൽ അങ്ങോട്ട് പോകും. പക്ഷേ, എപ്പോഴും ആഹാരം കിട്ടിയെന്ന് വരില്ല. ക്ഷണിക്കാതെ വരുന്ന അവനെ എല്ലാവരും പരിഹസിച്ചു, ആട്ടിയോടിച്ചു. അവന്റെ വസ്ത്രങ്ങൾ മുഷിഞ്ഞു. സത്രത്തിലെ കാവൽക്കാർ അവനെ കാണുമ്പോൾ ചാട്ടവാർ വീശിയോടിച്ചു. അവൻ തെരുവിൽ ഉറങ്ങി. മരുഭൂമിയിൽ അലഞ്ഞു. അവന്റെ പാട്ടുകൾക്ക് ശബ്ദം നഷ്ടപ്പെട്ടു. അവന്റെ നിറം ഈന്തപ്പഴത്തിന്റെ പോലെയായി. അവന്റെ ശരീരം  ലുബ്ധന്റെ മനസ്സ് പോലെ ശോഷിച്ചു.
ആക്ഷേപങ്ങളും പരിഹാസങ്ങളും കേട്ട് മടുത്ത് അവൻ ബാഗ്ദാദിൽ നിന്നും പലായനം ചെയ്യാൻ തീരുമാനിച്ചു. ഒരു ദിവസം ആരൊരുമറിയാതെ, എങ്ങോട്ടെന്നില്ലാതെ അവൻ പുറപ്പെട്ടു. മരുഭൂമിയിലൂടെ നടന്ന് നടന്ന് അവൻ കുഴഞ്ഞു. ഒന്ന് വിശ്രമിക്കാൻ ഒരു തണൽ പോലും കാണാതെ കത്തുന്ന വെയിലിൽ, പൊള്ളുന്ന മണലിലൂടെ നടന്നു. കാളയെപ്പോലെ ആരോഗ്യമുള്ളവർക്ക് പോലും നടന്നെത്താനാകാത്ത മരുഭൂമിയിൽ ഈ ദുർബലന് എത്ര ദൂരം താണ്ടാനാകും! ഒടുവിൽ ഒരിടത്ത് അവൻ കുഴഞ്ഞുവീണു. ദാഹിച്ച് തൊണ്ട വരണ്ടു. ഇതായിരിക്കും ദൈവം തനിക്ക് വിധിച്ചിട്ടുണ്ടാകുകയെന്ന് അവൻ വിചാരിച്ചു. ഈ മണൽക്കാട്ടിൽ ദാഹിച്ച്, വിശന്ന് മരിക്കാനായിരിക്കും വിധി. പടച്ചോന്റെ ഏത് തീരുമാനത്തേയും സ്വീകരിക്കാൻ തയ്യാറായി അവൻ അവിടെ കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ ബോധം നഷ്ടമായി.
അപ്പോൾ അത് വഴി യാത്ര ചെയ്യുകയായിരുന്ന സുബൈർ എന്നയാൾ അവനെ കണ്ടു. ഇത്രയും സുന്ദരനായ ഒരുവനെ സുബൈർ മുമ്പ് കണ്ടിട്ടില്ലായിരുന്നു. അവന്റെ അവസ്ഥ കണ്ട് മനസ്സലിഞ്ഞ അയാൾ സലീമിനെ ചുമലിൽ താങ്ങിയെടുത്ത് കഴുതപ്പുറത്ത് കിടത്തി. അവനെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. വരണ്ട അവന്റെ ചുണ്ടുകൾക്കിടയിലൂടെ വെള്ളം ഇറ്റിച്ചു. അല്പം കഴിഞ്ഞപ്പോൾ സലീം കണ്ണുകൾ തുറന്നു. പരിചയമില്ലാത്ത ആ വീട് കണ്ടപ്പോൾ അവൻ ഭയന്നു.

“ഞാനെവിടെയാണ്?” അവൻ ചോദിച്ചു.

“സുബൈറിന്റെ വീട്ടിൽ”

“നിങ്ങൾഞാനെങ്ങിനെ ഇവിടെയെത്തി?”

“ എല്ലാം പറയാം..ഇപ്പോൾ വിശ്രമിക്കൂ. സർവ്വശക്തനായ പടച്ചോന്റെ കൃപ കൊണ്ട് ജീവൻ തിരിച്ച് കിട്ടിയെന്ന് മാത്രം മനസ്സിലാക്കുക”

സുബൈർ അവന് ഭക്ഷണം കൊടുത്തു. ധരിക്കാൻ പുതിയ വസ്ത്രങ്ങൾ കൊടുത്തു. കുറച്ച് വിശ്രമിച്ചപ്പോൾ സലീമിന് ഉന്മേഷം തിരിച്ച് കിട്ടി.

സുബൈർ അവനെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞു. അവന്റെ കഥ കേട്ട് മനസ്സലിഞ്ഞ അയാൾ അവനെ സഹായിക്കാമെന്നേറ്റു.

അന്ന് രാത്രി അത്താഴം കഴിഞ്ഞ് മാനത്ത് തിളങ്ങി നിൽക്കുന്ന ചന്ദ്രികയെ നോക്കി സുബൈർ സ്വന്തം കഥ സലീമിനോട് പറഞ്ഞു.

ബസ്രയിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു സുബൈർ ജനിച്ചത്.അയാൾക്ക് നാല് സഹോദരിമാരും ഉണ്ട്. പെട്ടെന്നൊരുനാൾ ബാപ്പ മരിച്ച് പോയപ്പോൾ കുടുംബത്തിന്റെ ഭാരം മുഴുവൻ അയാളുടെ ചുമലിലായി. തൊഴിൽ തേടി അയാൾ ബാഗ്ദാദിലെത്തി. പക്ഷേ, അവിടെ അയാൾക്ക് പറയത്തക്ക നല്ല ജോലിയൊന്നും കിട്ടിയില്ല. കിട്ടുന്നത് കൊണ്ട് വീട്ടിലെല്ലാവർക്കും വയറ് നിറയെ ആഹാരം വാങ്ങിച്ച് കൊടുക്കാൻ പോലും തികഞ്ഞില്ല. അങ്ങിനെയിരിക്കുമ്പോൾ അയാൾ ജുമൈല എന്നൊരു സ്ത്രീയുമായി പ്രണയത്തിലായി. അവൾ അതിസുന്ദരിയും ബുദ്ധിമതിയുമായിരുന്നു. അവളുടെ തൊഴിൽ വേശ്യാവൃത്തിയായിരുന്നു. വലിയ പണക്കാരുടേയും പ്രഭുക്കളുടേയും പ്രിയപ്പെട്ടവളായിരുന്നു അവൾ. അവളെ പ്രാപിക്കാനായി എന്ത് വില കൊടുക്കാനും തയ്യാറായി ദൂരദേശങ്ങളിൽ നിന്ന് പോലും പ്രഭുക്കൾ മരുഭൂമി താണ്ടി വരുമായിരുന്നു. സുബൈറിന്റെ കഷ്ടതകൾ മനസ്സിലാക്കിയ ജുമൈല അയാളെ സഹായിക്കാമെന്നേറ്റു. അക്കാലത്ത് പണമുണ്ടാക്കാൻ ഏറ്റവും സാധ്യത കൂടിയതും എന്നാൽ അതേ പോലെ അപകടം നിറഞ്ഞതുമായ തൊഴിൽ അവൾ അയാളെ പഠിപ്പിച്ചു. ജാരവൃത്തി ആയിരുന്നു അത്.

“ജാരവൃത്തി? സലീം അതിശയത്തോടെ ചോദിച്ചു.

“അതെ, നീ വിചാരിക്കുന്നത് പോലെ എളുപ്പമല്ല അത്. തല പോകാൻ സാധ്യതയുണ്ട്. എന്നാൽ പണമോ, റംസാനിലെ നിലാവ് പോലെ ഒഴുകും”

“എങ്ങിനെയാണത്?” സലീം ചോദിച്ചു. സുബൈർ വിശദീകരിച്ചു.

വലിയ പണക്കാർക്കും പ്രഭുക്കന്മാർക്കും എണ്ണിയാലൊടുങ്ങാത്ത ബീവിമാരുണ്ടാകും. ചിലർക്ക് എത്രയെണ്ണം ഉണ്ടെന്ന് പോലും ഓർമ്മയുണ്ടാവില്ല.ഒരു പെണ്ണിനെ കണ്ട് മോഹം തോന്നിയാൽ എന്ത് വില കൊടുത്തും അവളെ സ്വന്തമാക്കുക എന്ന ദുഷിച്ച സ്വഭാവം മിക്കവാറും എല്ലാ പണക്കാർക്കും ഉണ്ടാകും. ചിലപ്പോൾ ഒരു പ്രാവശ്യം അവളെ അനുഭവിച്ച് കഴിയുമ്പോഴേയ്ക്കും താല്പര്യം നശിക്കുകയും ചെയ്യും. പിന്നെ ആ പെണ്ണ് അയാളുടെ കൊട്ടാരത്തിലെ ഒരു കാഴ്ചവസ്തു മാത്രമായിത്തീരും. ഉണ്ടും ഉറങ്ങിയും ദുർമ്മേദസ്സ് പിടിച്ചും അവർ നിരാശാഭരിതമായ ജീവിതം നയിക്കുകയായിരിക്കും. കൊട്ടാരത്തിലെ എതാണ്ടെല്ലാ റാണികാരും ഇങ്ങനെയുള്ളവരായിക്കും എന്നതാണ് രസകരം. അത്തരക്കാരെയായിരിക്കും ജാരന്മാർ നോട്ടമിടുക. അവരുമായി ജാരവൃത്തിയിലേർപ്പെട്ട് ആവുന്നത്ര പണം സമ്പാദിക്കുക.

“പക്ഷേ, അവരിലേയ്ക്ക് എങ്ങിനെ എത്തിപ്പെടും?” സലീം ചോദിച്ചു.

“പറയാം..അതിന് മുമ്പ് നീ കുറേ കാര്യങ്ങൾ പഠിക്കാനുണ്ട്. നീ എപ്പോഴെങ്കിലും പെണ്ണിന്റെ കൂടെ കിടന്നിട്ടുണ്ടോ?”

സലീം ലജ്ജയിൽ മുഖം കുനിച്ച് ഇല്ലെന്ന് തലയാട്ടി.

“മ്മ്..എനിക്ക് തോന്നി. വാ ആദ്യം സ്ത്രീ എന്താണെന്ന് മനസ്സിലാക്കി, അവരെ എങ്ങിനെ ആഹ്ലാദിപ്പിക്കാമെന്ന് പഠിയ്ക്ക്”

“എങ്ങനെ?”

സുബൈർ അവനെ ജുമൈലയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. ജുമൈല അവന് രതിരഹസ്യങ്ങളും കാമകലകളും പഠിപ്പിക്കാമെന്ന് സമ്മതിച്ചു. അതിനായി സലീം ജുമൈലയുടെ വീട്ടിൽ താമസമാക്കി. അവൾ അവനെ സ്ത്രീശരീരത്തിന്റെ അത്ഭുതകരമായ മായക്കാഴ്ചകളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. ചിലപ്പോൾ ശാന്തമായ മരുഭൂമിയായും ചിലപ്പോൾ പേമാരിയായും മറ്റ് ചിലപ്പോൾ സുൽത്താന്റെ ഉദ്യാനത്തിലെ സുഗന്ധപുഷ്പങ്ങളായും ശരീരം മാറുന്നത് അവൻ അത്ഭുതത്തോടെ അറിഞ്ഞു. സ്വന്തം ശരീരത്തെക്കുറിച്ചും അവൻ ബോധോദയമുണ്ടായത് അപ്പോഴായിരുന്നു. ഒരു മാസം ജുമൈലയുടെ കൂടെ താമസിച്ച് അവൻ ഒരു ജാരനാകാനുള്ള വിദ്യകൾ അഭ്യസിച്ചു.

ഒരു മാസം കഴിഞ്ഞപ്പോൾ സുബൈർ തിരിച്ചെത്തി. സലീമിനെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. വൈകുന്നേരങ്ങളിൽ ബാഗ്ദാദിലെ തെരുവുകളിൽ അലഞ്ഞു. ആരും സലീമിനെ തിരിച്ചറിഞ്ഞില്ലെന്നുള്ളതായിരുന്നു അതിശയം. ഏതോ ദൂരദേശത്തെ പ്രഭുകുമാരനെപ്പോലെ സുബൈ അവനെ അണിയിച്ചൊരുക്കിയിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും സുഗന്ധക്കൂട്ടുകളും വിൽക്കുന്ന തെരുവിലൂടെയാണ് അവർ നടന്നത്. അവിടെ വൈകുന്നേരമാകുമ്പോൾ പ്രഭ്വികളും തോഴിമാരും പല്ലക്കിലേറി എത്തുമായിരുന്നു. അവർ കണ്ണിൽ കണ്ടതെല്ലാം വാങ്ങിക്കൂട്ടി ഇരുട്ടും വരെ അവിടെയെല്ലാം ചുറ്റിനടക്കും.

“നോക്ക് സലീം, ഞാൻ പറഞ്ഞില്ലേ, ആ നൈരാശ്യം ബാധിച്ച തമ്പുരാട്ടിമാർ ഈ കൂട്ടത്തിൽ ധാരാളം കാണും. നേരിട്ട് അവരോടെ സംസാരിക്കാൻ ശ്രമിക്കരുത്. അവർ കയറുന്ന കടകളിൽ അലസമായി ചുറ്റിത്തിരിയുകയാണ് വേണ്ടത്. പതുക്കെ അവരുടെ ശ്രദ്ധയാകർഷിക്കാനുള്ള ചേഷ്ടകൾ കാണിക്കണം. എന്നാൽ നീ അവരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആർക്കും തോന്നാത്ത വിധം വേണം എല്ലാം.”

“എന്നിട്ടോ?”

“അവർക്ക് നിന്നോട് താല്പര്യം തോന്നിയാൽ, വേറെ ജാരന്മാർ ഇല്ലാത്തവരാണെങ്കിൽ നിന്നെ അവർ തന്നെ അറിയിച്ചോളും”

“അതെങ്ങിനെ?”

“ആ ജോലി തോഴിമാരുടേതാണ്. അവർക്കറിയാം എല്ലാ രഹസ്യങ്ങളും. പ്രഭ്വി തോഴിയോട് താല്പര്യം അറിയിക്കും. അവൾ നിന്നേയും.”

“അത് അപകടമല്ലെ? തോഴിമാർ ഒറ്റിക്കൊടുത്താൽ?”

“ഒരിക്കലുമില്ല. അത്രയും വിശ്വസ്തകളെ മാത്രമേ തോഴിയായി അംഗീകരിക്കൂ”

“എന്നിട്ട്?”

“എന്നിട്ടൊന്നും ഇല്ല. അവർ നിന്നെ അന്തപ്പുരത്തിലെത്തിച്ച് കൊള്ളും. പിന്നീടെല്ലാം നിന്റെ കഴിവ് പോലെ. തമ്പുരാട്ടിമാരെ സന്തോഷിപ്പിക്കുക. നീ പഠിച്ച എല്ലാ അടവുകളും ഉപയോഗിച്ച് അവരുടെ പ്രീതി പിടിച്ച് പറ്റുക. അവർ നിന്നെ പണം കൊണ്ട് മൂടും”
സലീം എല്ലാം ശ്രദ്ധയോടെ കേട്ടു. സുബൈർ തുടർന്നു.

“ഇനി അപകടം എവിടെയാണെന്നാൽ, നീ അവരെ വഞ്ചിക്കുകയാണെന്നോ നിന്റെ രഹസ്യം പുറത്തറിയുമെന്നോ തോന്നിയാൽ അവർ നിന്നെ കൊന്ന് കളയും. ആ തോഴിമാർക്ക് നഗരത്തിലെ കുറുക്കന്മാരുമായി ബന്ധം കാണും. അവർ ആരുമറിയാതെ നിന്നെ ഇല്ലാതാക്കും. സൂക്ഷിക്കുക”

“ശരി”. സലീം പറഞ്ഞു.

“എങ്കിൽ പോകൂ..ഇപ്പോൾ തന്നെ നിന്റെ ശ്രമങ്ങൾ തുടങ്ങ്”

സുബൈറിന്റെ നിർദ്ദേശപ്രകാരം സലീം തമ്പുരാട്ടിമാർ കൂടി നിൽക്കുന്ന കടകൾ കയറിയിറങ്ങി. അവരുടെ കണ്ണിൽ‌പ്പെടും വിധം ചുറ്റിപ്പറ്റി നിന്നു. സുന്ദരനായ സലീമിനെ ബോധിക്കാൻ തമ്പുരാട്ടിമാർക്ക് അധികം സമയം വേണ്ടി വന്നില്ല. അന്ന് തന്നെ അവനെ അന്വേഷിച്ച് ഒരു തോഴി എത്തി.

അഹമ്മദ് മുതലാളിയുടെ 88 ഭാര്യമാരിൽ ഒരുവളുടെ തോഴിയായിരുന്നു അവൾ. അവൾ അവനെ രഹസ്യമാർഗ്ഗത്തിലൂടെ അന്തപ്പുരത്തിലെത്തിച്ചു. സ്വർഗ്ഗലോകം പോലെ അലങ്കരിച്ച അന്തപ്പുരത്തിൽ പ്രഭ്വി കാത്തിരിക്കുന്നുണ്ടായിരുന്നു. അവൻ ഭയം പുറത്ത് കാണിക്കാതെ അവളുടെ നേരെ നീങ്ങി. പുറത്ത് കാവൽക്കാർ ഉലാത്തുന്ന ശബ്ദം കേൾക്കാമായിരുന്നു. പിടിക്കപ്പെട്ടാൽ തല കാണില്ല. കിടക്കയിൽ അലസമായി കിടക്കുകയായിരുന്നു അവൾ. വെളുത്ത പട്ടുതുണി കൊണ്ട് മുഖം മറച്ചിരുന്നു. അവൾ അവനോട് അടുത്തിരിക്കാൻ ആംഗ്യം കാണിച്ചു. മാസ്മരികമായ സുഗന്ധം അവിടെയെല്ലാം പരന്നിരുന്നു. അവൻ പതുക്കെ അവളുടെ മുഖപടം നീക്കി. ഹൂറിയെപ്പോലെ സുന്ദരിയായിരുന്നു അവൾ. എന്നാൽ എന്തോ ഒരു വിഷാദം അവളുടെ കണ്ണുകളിൽ നിഴലിച്ചിരുന്നു. അതൊന്നും അന്വേഷിക്കേണ്ടത് തന്റെ ജോലിയല്ലെന്ന് അറിയാമായിരുന്ന സലീം അവളെ സന്തോഷിപ്പിക്കാൻ തുടങ്ങി. അവൾക്ക് കറുത്ത കുതിരയുടെ ശക്തിയുണ്ടായിരുന്നു. അവളുടെ ആലിംഗനങ്ങളിൽ അവന്റെ ശരീരം നുറുങ്ങി. കനത്ത വെള്ളച്ചാട്ടത്തിന് താഴെ നിന്ന് കുളിയ്ക്കുന്നത് പോലെയാണ് അവന് തോന്നിയത്. ഭ്രാന്തമായ ആസക്തിയോടെ അവൾ അവനെ പ്രാപിച്ചു. പുലരാൻ രണ്ട് നാഴിക ബാക്കിയുള്ളപ്പോൾ അവൾ അവനെ തന്റെ ശരീരത്തിൽ നിന്നും മോചിപ്പിച്ചു. തോഴി രഹസ്യമാർഗ്ഗത്തിലൂടെ അവനെ പുറത്തെത്തിച്ചു. പോകാൻ തുടങ്ങുമ്പോൾ ഒരു വലിയ പണക്കിഴി സമ്മാനമായി കൊടുക്കുകയും ചെയ്തു.

പിന്നീട് ആ സുന്ദരിയുടെ സ്ഥിരം ജാരനായി മാറുകയായിരുന്നു സലീം. അവൾ ആവശ്യമുള്ളപ്പൊഴെല്ലാം അവനെ വിളിപ്പിച്ചു. എന്നാൽ അപ്പോഴും അവളുടെ കണ്ണുകളിലെ വിഷാദത്തിന്റെ കാരണം അവന് മനസ്സിലായില്ല.

അങ്ങിനെ ഒരു ദിവസം രതിലീലകൾ കഴിഞ്ഞ് ഇരുവരും തളർന്ന് കിടക്കുമ്പോൾ അവൻ അവളോട് ചോദിച്ചു.

“നീ എന്തിനാണ് അതെല്ലാം അറിയുന്നത്? നിന്റെ ജോലി മാത്രം ചെയ്താൽ പോരേ?” അവൾ ചോദിച്ചു.

“അല്ലഎനിക്ക് ആകാംക്ഷ അടക്കാൻ വയ്യ. പറയൂ..നിന്നെപ്പോലെ ഒരു മാലാഖയ്ക്ക് എന്ത് ദു:ഖമാണ്?”

“വേണ്ട..അതറിഞ്ഞാൽ നീ വിഷമിക്കും, പേടിക്കും..”

“ഇല്ല പറയൂ”

“ശരി” അവൾ പറയാൻ തുടങ്ങി. അപ്പോൾ പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ടു. കള്ളൻ..കള്ളൻ എന്ന് ആരൊക്കെയോ വിളിച്ച് കൂവുന്നുണ്ടാ‍യിരുന്നു. അവർ ഭയന്നു. സലീമിനെ എവിടെ ഒളിപ്പിക്കുമെന്ന് അവൾ നോക്കി. വാതിലിൽ കാവൽക്കാർ മുട്ടുന്നത് കേട്ടു. അവൾ അവനെ ജനൽ വഴി താഴേയ്ക്കിറങ്ങാൻ പറഞ്ഞു. താഴെയുള്ള കാവൽക്കാരെല്ലാം അകത്ത് കള്ളനെ തിരയുകയായിരുന്നു. സലീം ജനൽ വഴി പിടിച്ചിറങ്ങി മതിൽ ചാടി രക്ഷപ്പെട്ടു. ഓടുന്ന വഴി തന്റെ ഉടുപ്പിൽ നിന്നും എന്തോ താഴേയ്ക്ക് വീഴുന്നത് കണ്ട് അവൻ നിന്നു.

അവന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റാത്തതായിരുന്നു അത്. അമൂല്യമായ ഒരു രത്നം! അതെങ്ങിനെ തന്റെ കൈയ്യിൽ വന്നെന്ന് മനസ്സിലാകാതെ അവൻ കുഴങ്ങി.

പക്ഷേ, അപ്പൊഴേയ്ക്കും കാവൽക്കാർ ഓടിയെത്തുന്ന ശബ്ദം കേൾക്കാൻ തുടങ്ങി. അവൻ ജീവനും കോണ്ട് ഓടി. രത്നം വഴിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. പിന്നീട് ഒരിക്കലും ആ തമ്പുരാട്ടി അവനെ അന്തപ്പുരത്തിലേയ്ക്ക് വിളിപ്പിച്ചിട്ടില്ല.

അവൻ വീണ്ടും മറ്റൊരു പ്രഭ്വിയെ മോഹിപ്പിച്ച് ജാരവൃത്തി തുടർന്നു. ധാരാളം പണം സമ്പാദിച്ചു. ആ പണവുമായി അവൻ ലോകം ചുറ്റിക്കാണാൻ പുറപ്പെട്ടു. പോകുന്ന ദിക്കിലെല്ലാം അവൻ ജാരവൃത്തി ചെയ്ത് വീണ്ടും വീണ്ടും സമ്പാദിച്ച് കൂട്ടി. അങ്ങിനെ ദരിദ്രനായിരുന്ന സലീം പണക്കാരനായി.

“പക്ഷേ, എന്തായിരുന്നു ആ തമ്പുരാട്ടിയുടെ രഹസ്യം? ആ രത്നം എങ്ങിനെ അവന്റെ കൈയ്യിൽ വന്നു?”. അയാൾ ആകാംക്ഷയോടെ ചോദിച്ചു.

“അതറിയണമെങ്കിൽ അവളുടെ തോഴിയുടെ രഹസ്യത്തിന്റെ കഥ കേൾക്കണം” അവൾ പറഞ്ഞു.

“എങ്കിൽ പറയൂ..എനിക്ക് കേൾക്കാൻ ധൃതിയാകുന്നു”. അയാൾ പറഞ്ഞു.

“ഇനി നാളെ രാത്രി..ഇപ്പോൾ നേരം പുലരാറായി” അവൾ പറഞ്ഞു.

“എവിടെ..പന്ത്രണ്ട് മണി ആകുന്നേയുള്ളൂ..പറയ്”

“അതിന് മുമ്പ് ഈ തമ്പുരാട്ടിയെ സന്തോഷിപ്പിക്കൂ എന്റെ പ്രിയപ്പെട്ട ജാരാ”

അവർ ചിരിച്ചു. അയാൾ അവളെ കരവലത്തിലൊതുക്കി ഉമ്മകൾ കൊണ്ട് മൂടി..എന്റെ ഷെഹ് റസാദ്.അയാൾ അവളുടെ കാതിൽ മന്ത്രിച്ചു.