Sunday, September 23, 2012

രാസലീല
സഹോദരിയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ അവൾക്ക് ഒരു പെൺ കുഞ്ഞ് പിറന്നു. അതിന് കാത് കുത്തണം; തിരുപ്പതിയിൽ വച്ച് കുത്താൻ ഇത്ര പണം വേണം; അമ്മാവൻ എന്ന മുറയിൽ നീയാണ് തോട വാങ്ങിക്കൊടുക്കേണ്ടത് എന്ന് അച്ഛൻ ഒരു കത്ത് അയച്ചിരുന്നു. അപ്പോൾ ഉദയായ്ക്ക് 27 വയസ്സ്. നല്ല ഓർമ്മയുണ്ട്. ഇപ്പോഴും അവൻ തന്റെ അച്ഛന് എഴുതിയ ആഭാസക്കത്തിനെപ്പറ്റി കൂട്ടുകാരോട് പറയാറുണ്ട്.

ആ കത്തിന്റെ ചുരുക്കം ഇതാണ്. ‘നിങ്ങൾക്ക് എന്റെ പ്രായത്തിൽ രണ്ട് മക്കളുണ്ടായിരുന്നിരിക്കും. ഞാൻ ഇവിടെ 27 വയസ്സിൽ യാതൊരു സ്ത്രീ സംബന്ധവുമില്ലാതെ കൈയ്യിൽ പിടിച്ചു കൊണ്ടിരിക്കുന്നു. (ഇതേ വാക്ക് തന്നെയാണ് ഉപയോഗിച്ചത്). ഈ നിലയിൽ ആര് ആരെയോ പണ്ണി കുഞ്ഞിനെയുണ്ടാക്കിയാൽ അതിനും ഞാൻ തന്നെ ശിക്ഷ അനുഭവിക്കണോ? നിങ്ങൾ ഇനിയും രണ്ട് പെൺ കുട്ടികളെ ഉണ്ടാക്കി വച്ചിട്ടുണ്ട്. അവർക്കും മുതിർന്നവൻ എന്ന നിലയിൽ ഞാനേ കല്ല്യാണം ചെയ്തു വയ്ക്കണമെങ്കിൽ ഞാൻ കല്ല്യാണം കഴിക്കുമ്പോഴേയ്ക്കും സാമാനം പണി ചെയ്യാതാകും’

-   ചാരു നിവേദിതയുടെ എക്സൈൽ എന്ന നോവലിൽ നിന്ന്.

1

ഉദയൻ അപ്പോൾ അതിനെക്കുറിച്ചൊന്നും ആലോചിക്കുകയായിരുന്നില്ല. ഒന്നിനെക്കുറിച്ചും ആലോചിക്കുകയായിരുന്നില്ല….ആലോചിക്കുകയേയായിരുന്നില്ല.

എന്ത് ബോറൻ വാചകം!

ആരോ എഴുതിയ കോഡിലെ അക്ഷരത്തെറ്റ് കണ്ടുപിടിക്കാൻ ശ്രമിക്കുകയായിരുന്നു ഉദയൻ. ഒരു കുത്ത്, അർദ്ധവിരാ‍മം, അനാവശ്യമായി കടന്നു കൂടിയ അക്ഷരം…അല്ലെങ്കിലും മറ്റുള്ളവരുടെ തെറ്റുകളിൽ അഭിരമിച്ച് കടന്ന് പോകുന്ന…

ബുൾ ഷിറ്റ്…..നോ എലിഫന്റ് ഷിറ്റ്…

അടുത്ത സീറ്റിലിരുന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്ന സുമേഷ് ഒരു കള്ളച്ചിരിയോടെ നോക്കി. ഉദയൻ നെറ്റി ചുളിച്ച് എന്താണെന്ന് ആംഗ്യം കാണിച്ചു.

‘ഇന്നല്ലെഡാ അവർ വരുന്നേ?’

‘ആര്?’

‘ഹാ..നീ മറന്നോ? എച്ച് ആർ വക ഒരു സെമിനാർ സംഘടിപ്പിക്കുന്നെന്ന് പറഞ്ഞിരുന്നില്ലേ…അതിന്നാ.’

‘ഓ’

ബോയ്സ് റഷ് റ്റു ദ മീറ്റിങ് ഹാൾ -  എച്ച് ആറിലെ സുഷമയുടെ ശബ്ദം ഫ്ലോറിൽ മുഴങ്ങി. ബോയ്സും ഗേൾസും തങ്ങളുടെ കസേരകളിൽ നിന്നും സാവധാനം എഴുന്നേറ്റ് മീറ്റിങ് ഹാൾ ലക്ഷ്യമാക്കി നീങ്ങി. ഏറ്റവും ഉദയനും സുമേഷും പതിവു പോലെ ഏറ്റവും പിന്നിൽ ഇടം പിടിച്ചു.

‘എന്താ കാര്യം? എനിക്കൊന്നും മനസ്സിലാവുന്നില്ലെഡാ’ ഉദയൻ പറഞ്ഞു.

‘പതിവ് ബോറൻ പ്രഭാഷണമാകാൻ വഴിയില്ല. ഇന്ന് ബോധവൽക്കരണമാണ്…എയ്ഡ്സ് ബോധവൽക്കരണം, സുരക്ഷിതമായ ലൈംഗികബന്ധം..ഹ ഹാ’

‘ഓ..അതാണോ സുഷമക്കൊച്ചിന് പതിവില്ലാത്ത ഗൌരവം?’

ഉദയന് ഒട്ടും താല്പര്യം തോന്നിയില്ല. ഇതൊക്കെ ലൈംഗികബന്ധം ഉള്ളവർക്കല്ലേ..ജനിച്ചിട്ടിന്നു വരെ ഒരു പെണ്ണിനെ തൊട്ടിട്ടില്ലാത്ത തനിക്കൊക്കെ വല്ല യോഗയോ അല്ലെങ്കിൽ പോസിറ്റീവ് തിങ്കിങോ പറഞ്ഞു തരേണ്ടതിനു പകരം… മ്മ്..സുമേഷിന് ഇതിന്റെയൊക്കെ ആവശ്യമുണ്ട്. അവൻ ഒരേ സമയം മൂന്ന് പെണ്ണുങ്ങളുമായി ബന്ധം വയ്ക്കുന്നവനാണ്. അവന്റെ ലാപ്ടോപ്പ് ബാഗിൽ എപ്പോഴും ഒരു കൂട് കോണ്ടം കാണും. ഉദയൻ സുമേഷിനെ നോക്കി, തെല്ല് അസൂയയോടെ. സുമേഷ് എസ് എം എസ് അയക്കുന്ന തിരക്കിലായിരുന്നു.

അവർ രണ്ടു പേരുണ്ടായിരുന്നു. ഒരാണും ഒരു പെണ്ണും. അയാളെ കണ്ടാൽ വഴിയരികിൽ നിന്ന് തിരുവചനങ്ങൾ ചൊല്ലുന്ന ഉപദേശിയെപ്പോലെയുണ്ട്. അവൾ അല്പം തടിച്ച് ഇരുണ്ട ഒരു എണ്ണമൈലി. അവരുടെ കൈയ്യിൽ എന്തൊക്കെയോ കടലാസുകെട്ടുകളുണ്ടായിരുന്നു. അയാൾ പ്രഭാഷണത്തിന് തയ്യാറാകുമ്പോൾ അവൾ കടലാസുകെട്ടിൽ നിന്നും എല്ലാവർക്കും വിതരണം തുടങ്ങി.

എയ്ഡ്സ് എന്ന മഹാവ്യാധിയെപ്പറ്റി ഏതാണ്ട് പതിനഞ്ച് മിനിറ്റോളം അയാൾ പ്രസംഗിച്ചു. സാമാന്യം ബോറ് തന്നെ. അപ്പോഴേയ്ക്കും അവൾ ഉദയന്റെയടുത്തെത്തിയിരുന്നു. സുമേഷ് രഹസ്യമെന്നത് പോലെ അവളുടെ പേര് ചോദിച്ചു.

‘ശബ്നം’ അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. അവളെ മുമ്പെവിടെയോ കണ്ടിട്ടുള്ളത് പോലെ തോന്നി ഉദയന്. സുമേഷ് ആ നേരം കൊണ്ട് അവളെ മൊത്തത്തിൽ സ്കാൻ ചെയ്തെടുത്തിരുന്നു.

അപ്പോൾ ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ബന്ധങ്ങളുടെ കെട്ടുറപ്പ് ഉലഞ്ഞിട്ടുണ്ടെന്ന് പറയാതെ വയ്യ. നൈമിഷികമായ ആനന്ദത്തിന് വേണ്ടി, അതായത് അല്പനേരത്തെ ശാരീരികസുഖം മാത്രം ലക്ഷ്യമാക്കി നമ്മുടെ ചെറുപ്പക്കാർ അല്പസമയത്തേയ്ക്കുള്ള ലൈംഗികബന്ധങ്ങളിൽ മുഴുകുന്നു. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയാവുന്ന സിറിഞ്ച് പോലെയാണ് ആ സെക്സ്. പക്ഷേ തിരക്ക് പിടിച്ചുള്ള ആ ബന്ധപ്പെടലുകൾ എത്രത്തോളം സുരക്ഷിതമാണ്? ഗർഭധാരണം ഒഴിവാക്കാൻ വേണ്ടി മാത്രമാണ് കോണ്ടം ഉപയോഗിക്കുന്നതെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. കോണ്ടൊം അസ്വസ്ഥയുണ്ടാക്കുന്നവർ മറ്റ് ഗർഭനിരോധനമാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. പക്ഷേ അപ്പോൾ നിങ്ങൾ സ്വയം അപകടത്തിലാകുകയാണ്…..

ഗിരിപ്രഭാഷണം അതിന്റെ അന്ത്യഘട്ടത്തിലെത്തുകയായിരുന്നു….

അതുകൊണ്ട് കോണ്ടം ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അത് എങ്ങിനെ ഉപയോഗിക്കണമെന്നും മിസ്. ശബ്നം ഇപ്പോൾ വിശദീകരിക്കും..

ശബ്നം പുഞ്ചിരിയോടെ സദസ്സിനെ വണങ്ങി. അല്പനേരം മുമ്പ് കേട്ട അതേ കാര്യങ്ങൾ തന്നെ അവൾ ആവർത്തിച്ചു. എന്നിട്ട് മേശപ്പുറത്ത് വച്ചിരുന്ന ഒരു സഞ്ചിയിൽ നിന്ന് എന്തോ എടുത്ത് ഉയർത്തിക്കാണിച്ചു.

അതൊരു കോണ്ടമായിരുന്നു. ഒരു കൈയ്യടി പ്രതീക്ഷിച്ചിരുന്നത് പോലെ അവൾ എല്ലാവർക്കും കാണാവുന്ന വിധം അത് ഇടത്തോട്ടും വലത്തോട്ടും മാറ്റി മാറ്റി കാണിച്ചു. അവൾ കോണ്ടം പായ്ക്കറ്റ് തുറന്നു. ഉറങ്ങുന്ന വഴുവഴുപ്പുള്ള ഒരു ജീവിയെപ്പോലെയുണ്ടായിരുന്നു അത്. തന്റെ തള്ള വിരൽ ലിംഗമായി സങ്കൽ‌പ്പിച്ചുകൊണ്ട് അവൾ കോണ്ടം ധരിക്കുന്നതെങ്ങിനെയെന്ന് വിശദീകരിച്ചു.

എന്തിന്? ഉദയന് ദേഷ്യം വന്നു.

ബോധവൽക്കരണം കഴിഞ്ഞ് സ്വന്തം സീറ്റിലേയ്ക്ക് തിരിച്ചെത്തിയപ്പൊഴും ശബ്നത്തിന്റെ പരിചയമുള്ള മുഖമായിരുന്നു ഉദയന്റെ മനസ്സിൽ. യേസ്..യേസ്….കിട്ടി…ഐശുമ്മ..ഐശുമ്മയുടെ ഛായയാണവൾക്ക്.


2

സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല ലൈംഗികതയുടെ കാര്യത്തിലും വലിയ അസമത്വം നിലനിൽക്കുന്നുണ്ട് ഈ രാജ്യത്ത്. സുമേഷിനെപ്പോലുള്ളവർ ലൈംഗികത അധിക അളവിൽ അനുഭവിക്കുമ്പോൾ തന്നെപ്പോലെയുള്ളവർക്ക് അത് കിട്ടാക്കനിയാകുന്നു. ഇതേ അവസ്ഥയിലുള്ള പെണ്ണുങ്ങളും ഉണ്ടാകാം. സുമേഷിനെപ്പോലുള്ള മിടുക്കന്മാരും മിടുക്കികളും ഏറിയ പങ്കും അനുഭവിക്കുന്നത് കൊണ്ട് കോടിക്കണക്കിന് ചെറുപ്പക്കാർ സ്വയംഭോഗത്തിലും നീലച്ചിത്രങ്ങളിലും അഭയം തേടി തൃപ്തിയടയേണ്ടി വരുന്നു. ഈ വ്യവസ്ഥിതിയ്ക്ക് ഒരു മാറ്റമുണ്ടായില്ലെങ്കിൽ സമൂഹത്തിൽ ചെറുപ്പക്കാരിലെ അക്രമവാസനയും അസഹിഷ്ണുതയും കൂടിയ അളവിൽ അനുഭവിക്കേണ്ടിവരും….

വൈകുന്നേരം വീട്ടിലേയ്ക്ക് തിരിക്കുമ്പോൾ ഉദയൻ ആലോചിച്ചു. എയ്ഡ്സിനെപ്പറ്റി പ്രസംഗിക്കാൻ വരുന്നവർ ആദ്യം ചെയ്യേണ്ടത് സുതാര്യമായ സെക്സ് ലഭ്യത ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുകയാണ്. അതല്ലാതെ അതിനു ശേഷം മാത്രംവരുന്നകാര്യങ്ങളെപ്പറ്റി പഠിപ്പിക്കാൻ വരുന്നത് കുട്ടി ജനിക്കുന്നതിനു മുമ്പ് ജാതകമെഴുതുന്നത് പോലെയാണ്. ജാതി, മതം, പണം, തൊഴിൽ എന്നിങ്ങനെ എത്രയോ ഘടകങ്ങൾ ഒരാൾക്ക് സെക്സ് നിഷേധിക്കാൻ കാരണമാകുന്നുണ്ട്. വിശാലമായ ഒരു സമീപനമാണ് ഇക്കാര്യത്തിൽ അത്യാവശ്യം….

അതിനേക്കാൾ ഇപ്പോൾ ഒരു കാപ്പി കുടിക്കുകയാണ് ആവശ്യം. കൃത്യം ആ സമയത്ത് കോഫീഡേയുടെ മുന്നിലെത്തിയതിനാൽ വേറൊന്നും ആലോചിക്കാതെ അങ്ങോട്ട് തന്നെ കയറി. A lot can happen over coffee!

വലിയ തിരക്കില്ലായിരുന്നു. അങ്ങിങ്ങായി ഏതാനും ചെറുപ്പക്കാർ, കമിതാക്കളായിരിക്കണം, അല്ലെങ്കിൽ കൂട്ടുകാർ…

ഒരു കപചീനോ ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ എതിരെ വന്നിരുന്നു. ശബ്നം. അത്ഭുതമായി.

‘നമ്മൾ ഇന്ന് കണ്ടിരുന്നു..ഓഫീസിൽ…അല്ലേ?’ അവൾ ചോദിച്ചു.

‘അതെ..എന്താ ഇവിടെ?’

‘ഇന്നത്തെ ജോലികൾ കഴിഞ്ഞു…ഒരു കാപ്പി കുടിക്കാമെന്ന് കരുതി’

പെട്ടെന്ന് ഒരു പെണ്ണ് ഇടിച്ചു കയറി സംസാരിക്കാൻ തുടങ്ങിയപ്പോൾ പരിചയക്കുറവ് കാരണം അയാൾക്ക് അസ്വസ്ഥത തോന്നി. പെണ്ണുങ്ങളോട് സംസാരിക്കുന്നത് ഒരു കലയാണ്. സുമേഷിനെപ്പോലുള്ളവർ യാതൊരു പരിചയമില്ലാത്ത പെണ്ണുങ്ങളൊട് പോലും വാതോരാതെ സംസാരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നാറുണ്ട്. അതും അവർക്ക് ഒട്ടും മുഷിപ്പ് തോന്നാത്ത തരത്തിൽ രസകരമായി…

‘ശബ്നം ശരിക്കും എന്ത് ജോലിയാ ചെയ്യുന്നത്?’

‘ഓഹ്..അങ്ങിനെയൊന്നുമില്ല…കുറച്ച് ജേർണലിസം, ആക്റ്റിവിസം..പിന്നെ ഇതുപോലെ ഓരോ പരിപാടികൾക്ക് പോകും…’

‘ഒരു കാര്യം ചോദിച്ചോട്ടെ?’

‘ഹാ..എന്തിനാ ഒരു മുഖവുര..ചോദിക്കൂ’

‘ഇങ്ങനെ എല്ലാവരുടേം മുന്നിൽ വച്ച്…നാണം തോന്നില്ലേ?’

‘ഓ നോ…നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാർ ഇങ്ങനെ ചോദിക്കുന്നത് കഷ്ടമാണ്. ഇതിൽ നാണിക്കാനൊന്നുമില്ല. മനുഷ്യന് അടിസ്ഥനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ടത് അത്യാവശ്യമാണ്. കുറച്ച് പേരെങ്കിലും അതിന് തുനിഞ്ഞിറങ്ങിയില്ലെങ്കി……’

‘ഞാൻ അങ്ങിനെയൊന്നും ഉദ്ദേശിച്ചല്ല’

‘മ്….നിങ്ങൾ ചെറുപ്പക്കാർ വളരെ പ്രിജുഡൈസ്ഡ് ആണ്.’

അപ്പോഴേയ്ക്കും കാപ്പി എത്തി. അപ്പോഴേയ്ക്കും ശബ്നത്തിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു.

‘ഓക്കേ ഉദയ്…എനിക്ക് അത്യാവശ്യമായി ഒരിടത്ത് പോണം…കാണാം’

ശബ്നം ധൃതിയിൽ കാപ്പി കുടിച്ചിറങ്ങി. ഉദയനും.

3

ഐശുമ്മ അല്പം തടിച്ച് ഇരുണ്ട സ്ത്രീയായിരുന്നു. ശബ്നത്തിനെപ്പോലെ. അല്പം പ്രായക്കൂടുതൽ കാണും. നാട്ടിൽ ഉദയന്റെ അയൽക്കാരിയായിരുന്നു ഐശുമ്മ. ഒറ്റയ്ക്കാണ് താമസം. ചെറിയ മുറ്റമുള്ള ചെറിയ വീട്. ഐശുമ്മയ്ക്ക് ഉദയനെ വലിയ ഇഷ്ടമായിരുന്നു. ഐശുമ്മയുടെ കെട്ട്യോൻ ഒരു തുണിക്കച്ചവടക്കാരനായിരുന്നു. സാരിയും ബ്ലൌസിന്റെ തുണിയും അരയിൽ ഉറച്ചിരിക്കാത്ത ദുബായ് ലുങ്കിയും ഒരു വലിയ ശീലയിൽ പൊതിഞ്ഞ് ആ തുണിക്കെട്ട് തലയിൽ ചുമന്ന് നാട് നീളെ നടന്ന് കച്ചവടം ചെയ്യും. പോയിക്കഴിഞ്ഞാൽ ചിലപ്പോൾ ആഴ്ചകൾ കഴിഞ്ഞായിരിക്കും തിരിച്ചെത്തുക. അയാൾ വന്നുകഴിഞ്ഞാൽ‌പ്പിന്നെ ഐശുമ്മയുടെ വീട്ടിൽ എപ്പോഴും വഴക്കും ബഹളവുമാണ്. ഒരു ദിവസം എന്ത് കാരണത്തിനാണെന്നറിയില്ല, ഐശുമ്മ അയാളെ വീട്ടിൽ നിന്നും പുറത്താക്കി. പിന്നെ അയാളെ കണ്ടിട്ടില്ല.

ഉദയൻ അന്ന് ഹൈസ്ക്കൂളിൽ പഠിക്കുന്ന സമയം. സ്ക്കൂളില്ലാത്തപ്പോൾ അവൻ മിക്കവാറും ഐശുമ്മയുടെ വീട്ടിൽ പോകും. ഐശുമ്മ അവന് പലഹാരം ഉണ്ടാക്കിക്കൊടുക്കും, ചക്കരക്കാപ്പിയും. ചിലപ്പോഴൊക്കെ ഐശുമ്മയുടെ വീട്ടിൽ ആരെങ്കിലും വിരുന്ന് വരും. ആണുങ്ങളായിരിക്കും. അപ്പോൾ ഐശുമ്മ ഉദയനെ വിളിക്കും. മോനേ…..

ബിരിയാണി വാങ്ങാനാണ് വിളിക്കുന്നതെന്ന് അവനറിയാം. ഹോട്ടലിൽ പോയി ബിരിയാണി വാങ്ങിക്കൊടുത്താൽ ചില്ലറ വല്ലതും കൊടുക്കും ഐശുമ്മ. അതുകൊണ്ട് ഐശുമ്മയ്ക്ക് എപ്പോഴും വിരുന്നുകാർ വരണേയെന്ന് അവൻ പ്രാർഥിക്കാറുണ്ടായിരുന്നു. വിരുന്ന് വന്നയാൾ അടുത്ത ദിവസം അതിരാവിലെ പോകും. അതെന്താണെന്ന് ഉദയന് മനസ്സിലായതേയില്ല. ഹോട്ടലിലെ ബിരിയാണി കഴിക്കാൻ ഐശുമ്മയുടെ വീട്ടിലേയ്ക്ക് വരുന്നതെന്തിനാണ്?

ആരാണ് വന്നിരുന്നതെന്ന് ചോദിച്ചാൽ ഐശുമ്മ ഒന്നും മിണ്ടില്ല. ഉമ്മറത്ത് അവനെ അടുത്ത് ചേർത്തിരുത്തി ഓരോന്ന് ചോദിക്കും. അപ്പോൾ അവരുടെ വലിയ മുലയിൽ തൊട്ടുരുമ്മിയിരിക്കും അവൻ. ചെറിയ ചൂടും മൃദുവുമായ ആ ഇരിപ്പ് അവന്റെ ജിവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവമാണ്.

4

അവർ ഇടയ്ക്കിടെ കൊഫീ ഡേയിൽ കണ്ടുമുട്ടാറുണ്ടായിരുന്നു. ശബ്നം അവിടെ സ്ഥിരമായി വരാറുണ്ടെന്നറിഞ്ഞപ്പോൾ ഉദയയും അവിടെ പോകാൻ തുടങ്ങി.

‘അപ്പോ നീ അവളെ വളച്ചോ?’ സുമേഷ് ചോദിച്ചു.

‘വളക്കാനോ? എങ്ങിനെ?’

‘ഹാ ഹാ അതു പോലുമറിയാത്ത നീയൊരു കെഴങ്ങൻ തന്നെ’

‘പറ..എനിക്കറിയില്ല. നീ അതിന്റെ ഉസ്താതല്ലേ?’

‘അത് ശരിയാ…ഞാനായിരുന്നെങ്കിൽ ഇപ്പോൾ അവളെന്റെ കൂടെക്കിടന്നേനേ’

‘ഓ…വലിയ കാസനോവ..’

‘എനിക്ക് തോന്നണത്..നീ നേരിട്ട് ചോദിച്ചാൽ അവൾ സമ്മതിക്കുമെന്നാണ്’

‘അയ്യോ…എനിക്ക് വയ്യ അവളുടെ അടി കൊള്ളാൻ’

‘ചിലപ്പോൾ അതൊക്കെ സഹിക്കേണ്ടി വരുമെടാ..എന്നാലുമെന്താ?’

‘ഹും’

അവൾ സെക്സിനെക്കുറിച്ച് സംസാ‍രിക്കും. പ്രണയത്തിനെക്കുറിച്ച് സംസാരിക്കും. പക്ഷേ ഒരിക്കലും സെക്സിന് കൂട്ടുവരില്ല. വാ കൊണ്ടുള്ള അഭ്യാസങ്ങൾ മാത്രമേയുള്ളൂ. പല പ്രാവശ്യം ഉദയന് ചോദിക്കണമെന്ന് തോന്നിയതാണ്, പക്ഷേ അവൾ അപ്പോഴേയ്ക്കും വേറെ എന്തെങ്കിലും വിഷയം എടുത്തിടും. ദേഹം എരിയുന്നത് അവനറിയാൻ തുടങ്ങി.

ഓഫീസിൽ നിന്നും വീടെത്തുന്നത് വരെയുള്ള വഴിയിൽ അഞ്ചാറ് മെഡിക്കൽ ഷോപ്പുകളുണ്ട്. എല്ലായിടത്തും തിരക്ക്. അവൻ കാത്ത് നിന്നു. ഒരു മെഡിക്കൽ ഷോപ്പിൽ ആളുകുറഞ്ഞപ്പോൾ അവൻ പതുങ്ങിച്ചെന്നു.

‘ഒരു പായ്ക്കറ്റ് കോണ്ടം’ അവൻ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു. ജീവിതത്തിലിതുവരെ കോണ്ടം കൈ കൊണ്ട് തൊട്ടിട്ടില്ലാത്തതിനാൽ ആ പൊതി കൈനീട്ടി വാങ്ങിയപ്പോൾ അല്പം വിറച്ചെന്ന് തോന്നി.

പൊതി പോക്കറ്റിലിട്ട് അവൻ നടന്നു. വല്ലാത്ത ഉൾക്കിടിലം. എന്തോ അത്ഭുതം സംഭവിച്ചത് പോലെ. ഒരു ആഹ്ലാദം. അതുമായി കോഫീഡേയിലേയ്ക്ക് ചെന്നു. അവിടെ ശബ്നമുണ്ടായിരുന്നു. പോക്കറ്റിൽ കോണ്ടവുമായി അവളുടെ മുന്നിലിരിക്കുമ്പോൾ അവളെ പലതവണ ഭോഗിച്ചത് പോലെ തോന്നി.

5

ഐശുമ്മ ഒരു വേശ്യയാണെന്ന് അവന് പറഞ്ഞ് കൊടുത്തത് ഒരു കൂട്ടുകാരനാണ്. ആദ്യം അവനത് മനസ്സിലായില്ല. കൂട്ടുകാരൻ പുസ്തത്തിന്റെയിടയിൽ നിന്നും മടക്കിവച്ച ഒരു ചെറിയ പുസ്തകമെടുത്ത് കാണിച്ചു. അതിൽ നിറയെ ആണുങ്ങളും പെണ്ണുങ്ങളും തുണിയില്ലാതെ കെട്ടിപ്പിടിച്ച് കിടക്കുന്ന ചിത്രങ്ങളായിരുന്നു. കഥയും ഉണ്ടായിരുന്നു.

‘അയ്യേ..ഇതെന്താ ഇങ്ങനെ?’ അവൻ ചോദിച്ചു.

‘ഇതാണെഡാ കമ്പിപ്പുസ്തകം..നീ കൊണ്ടോയി വായിച്ചോ.’

‘അയ്യോ ആരെങ്കിലും കണ്ടാലോ?’

‘ആരേം കാണിക്കാതെ വായിക്ക്’

ആ പുസ്തകം അവൻ എങ്ങിനെയോ വായിച്ചു. ആകെയൊരു വെപ്രാളം. കാലുകൾക്കിടയിൽ ഒരു ഇടിമിന്നൽ. ഇങ്ങനെയൊക്കെയുണ്ടോയെന്ന് സംശയം.

‘ഉണ്ടെടാ..അതാ പറഞ്ഞേ നിന്റെ ഐശുമ്മ ചെയ്യണത് ഈ പണിയാ..നീ ഭാഗ്യവാനാ…നിനക്കും ചോദിച്ചാലവര് തരാതിരിക്കില്ല.‘

‘എന്ന് വച്ചാ?’

‘ഡാ..ആ പുസ്തകത്തിലെപ്പോലൊക്കെ നിനക്കും ചെയ്യാമെന്ന്’

പിന്നീട് ഐശുമ്മയെ പറ്റിച്ചേർന്നിരിക്കുമ്പോൾ അവന് എന്തൊക്കെയോ തോന്നി. ഐശുമ്മയ്ക്ക് അപാരസൌന്ദര്യമാണെന്ന് ആദ്യമായി മനസ്സ് പറഞ്ഞു.

‘എന്താ മോനേ..ബല്ലാണ്ടിരിക്കണത്?’ ഐശുമ്മ ചോദിച്ചു.

‘ഒന്നൂല്ല…’ അവൻ അവരുടെ മാറിൽ അമർത്തി മുഖം ചേർത്തു. ചോദിച്ചാലോ?


6

ശബ്നത്തിനെപ്പോലുള്ളവർ യഥാർത്ഥത്തിൽ പറഞ്ഞു പരത്തുന്നത് കപടസദാചാരമാണ്. ലൈംഗികരോഗങ്ങളേയും അനാവശ്യഗർഭത്തിനേയും പറ്റി പറഞ്ഞ് മനുഷ്യനെ ലൈംഗികതയിൽ നിന്നും അകന്ന് നിൽക്കാൻ പ്രേരിപ്പിക്കുന്നു. വിവാഹത്തിന് ശേഷമുള്ള ഭാര്യാഭർത്താക്കന്മാരായുള്ള സെക്സ് ആണ് സുരക്ഷിതം എന്ന് പറയാതെ പറയുന്നു. ഇതുമൂലം സംഭവിക്കുന്നതെന്താണ്? പട്ടിണി കിടക്കുന്ന ഒരു ജനതയെ സൃഷ്ടിക്കലാണ്. ബലാത്സംഗങ്ങളും പെണ്ണുകച്ചവടവും പച്ച പിടിക്കുന്നത് അങ്ങിനെയാണ്. ഒരുപക്ഷേ ശബ്നത്തിനെപ്പോലുള്ളവർ മാർക്കറ്റ് ചെയ്യുന്നതും അതായിരിക്കാം….

ഉദയൻ ആലോചിക്കുകയായിരുന്നു.

കോപ്പ്, നിനക്ക് വട്ടാണ്. കഴപ്പ് മൂത്ത് വട്ടായതാണ് – സുമേഷ്.

അല്ല, നീ വേണമെങ്കിൽ പരീക്ഷിച്ചു നോക്കിക്കോ. ഒരു ദിവസം നീ ശബ്നത്തിനെ സെക്സിന് ക്ഷണിക്ക്. അപ്പോൾ കാണാം അവളുടെ കപടസദാചാരം പുറത്തു ചാടുന്നത്.

ഹും..എന്തായാലും അവൾ നിനക്ക് തരുമെന്നാ എനിക്ക് തോന്നുന്നേ..

വൈ?

അതൊക്കെ എനിക്കറിയാം മോനേ…നീയൊന്ന് തുടക്കമിടാൻ കാത്തിരിക്കുകയല്ലേ അവൾ..


പോക്കറ്റിൽ ഒരു പായ്ക്കറ്റ് കോണ്ടം കൊണ്ടുനടക്കുന്നത് ബുദ്ധിമുട്ടായി തോന്നിത്തുടങ്ങിയപ്പോൾ അവൻ അത് തുറന്ന് ഒരെണ്ണമെടുത്ത് പഴ്സിൽ വച്ച് നടക്കാൻ തുടങ്ങി. പ്രത്യേകിച്ച് ശബ്നത്തിന്റെ മുന്നിലിരിക്കുമ്പോൾ ആ കോണ്ടം നിലവിളിക്കുന്നത് പോലെ തോന്നുമ്പോൾ എന്തെന്നില്ലാത്ത നിർവൃതി അവന് കിട്ടുമായിരുന്നു. ഒരുപക്ഷേ സുമേഷ് പറഞ്ഞത് പോലെ അവൾക്ക് അങ്ങിനെയൊരു ആഗ്രഹമുണ്ടെങ്കിൽ! ഉണ്ടെങ്കിൽ? ഉണ്ടെങ്കിൽ…

അവന് മേലാകെ കോരിത്തരിച്ചു. അവളുടെ ശരീരത്തിന് നല്ല ചൂടായിരിക്കുമെന്ന് അവനറിയാമായിരുന്നു. എങ്ങിനെയെന്ന് ചോദിക്കരുത്, അവനറിയാം…

‘ഓക്കേ..നീ എന്റെ വീട്ടിൽ വന്നിട്ടില്ലല്ലോ?...’ ശബ്നം.

‘ക്ഷണിച്ചില്ലല്ലോ…അതുകൊണ്ട് വന്നില്ല…’

‘ഹോ…ക്ഷണിക്കണമായിരുന്നോ? ശരി ക്ഷണിച്ചിരിക്കുന്നു..ഈ ഞായറാഴ്ച വരൂ…നമുക്ക് കുറെ സംസാരിക്കാം..’

‘ഓക്കേയ്’

(മിടുക്കൻ, മിടുമിടുക്കൻ….അം പ്രൌഡ് ഓഫ് യു മൈ ബോയ് – സുമേഷ്.

എന്ത് പ്രൌഡ്…വീട്ടിലേയ്ക്ക് ക്ഷണിച്ചതല്ലേയുള്ളൂ..കാര്യത്തിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ..

മണ്ടാ..മണ്ടഗണേശാ…അത് ഏതെങ്കിലും പെണ്ണ് തുറന്ന് പറയുമോ? നീ മുൻ കൈ എടുത്ത് ചെയ്യണം..അവളെക്കൊണ്ട് പറ്റുന്നത് അവൾ ചെയ്തു…ഇനി നിന്റെ ഊഴമാണ്.

അപ്പോൾ അവൾ ശരിക്കും…..

‘അല്ലാതെ പിന്നെ…അവളുടെ വീട്ടിൽ ആരുമില്ലല്ലോ…നിന്നെ മാത്രം ക്ഷണിക്കുന്നതെന്തിന്? ഓഹ് ഗോഡ്…നിന്നെപ്പോലൊരു പൊട്ടൻ….)

7

ആദ്യത്തെ തവണയായതുകൊണ്ട് അല്പം തയ്യാറെടുക്കാനുണ്ട്. അവൻ ആദ്യമായി കോണ്ടം ഉപയോഗിച്ചു നോക്കി. നല്ലൊരു നീലച്ചിത്രം കമ്പ്യൂട്ടറിൽ കണ്ടുകൊണ്ട് ഉറക്കമുണരുന്നത് പോലെ പതുക്കെ ഉണർന്നു വന്ന ലിംഗത്തിൽ കോണ്ടം സ്പർശിച്ചപ്പോൾ…അവന് ജനിമൃതികളെക്കുറിച്ച് വെളിപാടുണ്ടായി. പതുക്കെപ്പതുക്കെ ചുരുൾ നിവരുന്ന രഹസ്യം. നന്നായി പായ്ക്ക് ചെയ്ത വിദേശ ഉൽ‌പ്പന്നം പോലെ ഉറയുടെ വഴുവഴുപ്പിൽ ശ്വാസം മുട്ടുന്ന ജീവിയെ അവൻ പതുക്കെ തലോടി.. ഇത്രയും നാൾ സ്വയംഭോഗം ചെയതത് പോലെയല്ലായിരുന്നു അന്നത്തേത്. കോണ്ടത്തിന്റെ അറ്റത്തെ തൊപ്പിയിൽ വീണ് കിടക്കുന്ന വെളുത്ത ദ്രാവകം അവന്റെ മനസ്സിൽ ഭോഗത്തിന്റെ ഇതിഹാസമെഴുതി.

യെസ്..ഇതാണ്….ആം റെഡി…റെഡി ഫോർ ദ വാർ…ഐശുമ്മയെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന വേറൊരു കാര്യം അവരുടെ മകളാണ്. ദൂരെയെവിടെയോ ഭർത്താവിന്റെ കൂടെ താമസിക്കുന്ന അവൾ വല്ലപ്പോഴും ഐശുമ്മയെ കാണാൻ വരും. വന്നുകഴിഞ്ഞാൽ എപ്പോഴും വഴക്കാണ്. രാവിലെ വന്നാൽ വൈകുന്നേരം പോകുന്നത് വരെ ഒച്ചപ്പാടും ബഹളവും. ഇതിനുവേണ്ടിയാണ് അവൾ ഇത്രയും ദൂരം യാത്ര ചെയ്യുന്നതെന്ന് തോന്നിപ്പോകും.

ഒരു ദിവസം ഐശുമ്മയ്ക്ക് വിരുന്നുകാരൻ വന്നപ്പോൾ ഉദയനെ ബിരിയാണി വാങ്ങിക്കാൻ അയച്ചു. അന്ന് ഹോട്ടലിൽ നല്ല തിരക്കുണ്ടായിരുന്നു. കുറേ നേരം കാത്തു നിന്നിട്ടാണ് ബിരിയാണി പൊതിഞ്ഞു കിട്ടിയത്. വീട്ടിലേയ്ക്ക് തിരിച്ച് നടക്കുമ്പോൾ, പാടവരമ്പത്ത് ആളുകൾ എങ്ങോട്ടോ ഓടുന്നത് കണ്ടു. വീടടുക്കാറായപ്പോഴാണ് എല്ലാവരും ഐശുമ്മയുടെ വീട് ലക്ഷ്യമാക്കിയാണ് ഓടുന്നതെന്ന് മനസ്സിലായത്. ഐശുമ്മയുടെ വീടിന് മുന്നിൽ ഒരു ആൾക്കൂട്ടം. ഐശുമ്മയുടെ മകൾ മുറ്റത്ത് നിന്ന് ഒച്ചയെടുക്കുന്നുണ്ടായിരുന്നു. ഐശുമ്മയുടെ വിരുന്നുകാരൻ തിണ്ണയിൽ തലകുനിച്ചിരിക്കുന്നു. അവന് ഒന്നും മനസ്സിലായില്ല. ബിരിയാണിപ്പൊതി എന്ത് ചെയ്യുമെന്നായിരുന്നു അവന്റെ അപ്പോഴത്തെ വിഷമം.

അടുത്ത ദിവസം ഐശുമ്മ നാട് വിട്ടു. വീട് ആർക്കോ വിറ്റെന്നറിഞ്ഞു. പിന്നീട് ഒരിക്കലും ഐശുമ്മ ആ നാട്ടിലേയ്ക്ക് വന്നിട്ടില്ല. പൂർത്തിയാക്കപ്പെടാത്ത എന്തോ ഒരു സ്വപ്നം പോലെ ഐശുമ്മ അവന്റെ മനസ്സിൽ തങ്ങി നിന്നു. പിന്നീടെപ്പോഴോ മറന്നു.


8

ഇത്തവണ ചമ്മലൊന്നുമില്ലാതെ അവൻ പറഞ്ഞു.

‘രണ്ട് പായ്ക്കറ്റ് കോണ്ടം’

അത് പോക്കറ്റിലിട്ട് ശബ്നത്തിന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി പോകുമ്പോൾ അവന് അഭിമാനം തോന്നി. ലോകമേ..ഇതാ ഒരാൾ കെട്ടുപൊട്ടിക്കാൻ പോകുന്നു….


ശബ്നം ഒറ്റയ്ക്കായിരുന്നു താമസിക്കുന്നത്. നഗരത്തിന് പുറത്ത് ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്ത് താമസിക്കുന്നു. ഉദയൻ പടി കയറുമ്പോൾത്തന്നെ ബിരിയാണിയുടെ വാസന കിട്ടിയിരുന്നു. കോളിങ് ബെൽ അടിച്ച് കുറച്ചു നേരം കാത്തുനിൽക്കേണ്ടി വന്നു.

വാതിൽ തുറന്ന് വലിയൊരു ചിരിയോടെ ശബ്നം അവനെ അകത്തേയ്ക്ക് ആനയിച്ചു.

‘ഞാൻ വിചാരിച്ചു വരില്ലെന്ന്’

‘വരാതിരിക്കാൻ പറ്റുമോ..’

‘ഉം…ഇരിക്ക്..ഞാൻ ബിരിയാണി ഉണ്ടാക്കുകയാ….അതിനിടയ്ക്ക് കുളിക്കാൻ കയറിയപ്പോഴാ നീ വന്നത്…ഇരിക്ക്..ഞാൻ പെട്ടെന്ന് കുളി കഴിഞ്ഞ് വരാം’

കേമി…ഭോഗത്തിന് മുമ്പ് സ്വയം വൃത്തിയാക്കുകയാണ്. ഉദയന് സന്തോഷം തോന്നി. ബിരിയാണിയുടെ വാസന കാമബാണം പോലെ ഫ്ലാറ്റിൽ പരന്നു.

അവൾ കുളി കഴിഞ്ഞ് വന്നു. കടും നിറത്തിലുള്ള ചുരീദാർ ധരിച്ചിരുന്നു. ഈറൻ മുടി കോതിക്കൊണ്ട് അവൾ എന്തൊക്കെയോ സംസാരിച്ചു. ഇടയ്ക്ക് അടുക്കളയിൽ പോയി ബിരിയാണി പരിശോധിച്ചു.

തുടങ്ങാൻ എന്തിനാണ് ഇത്ര താമസം എന്നായിരുന്നു ഉദയൻ ആലോചിച്ചിരുന്നത്. ഓ…ഒരു പക്ഷേ അവളും അതായിരിക്കും വിചാരിക്കുന്നത്…ഒന്ന് തുടങ്ങിക്കൂടെ…ഞാൻ കാത്തിരിക്കുന്നു…ഓക്കേ…ഇനി അവൾ അടുത്തിരിക്കുമ്പോൾ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണം…

അപ്പോൾ കോളിങ് ബെൽ മുഴങ്ങി. ശബ്നം വാതിൽ തുറന്നു. രണ്ടുമൂന്ന് ആണുങ്ങളും പെണ്ണുങ്ങളും അകത്തേയ്ക്ക് വന്നു.

‘ഉദയാ..ഇതൊക്കെ എന്റെ കൂട്ടുകാരാണ്..ഇന്ന് എല്ലാവർക്കും ബിരിയാണി കൊടുക്കാമെന്ന് ഞാൻ ഏറ്റിരുന്നു…കൂട്ടത്തിൽ നിനക്കും…’

അവൻ ഓരോരുത്തരേയായി പരിചയപ്പെട്ടു. ശബ്നം എല്ലാവർക്കും പേപ്പർ പ്ലേറ്റുകൾ വിതരണം ചെയ്തു. ചൂടുള്ള ബിരിയാണിയും സലാഡും വിളമ്പപ്പെട്ടു.

സ്പൂണിൽ ബിരിയാണി കോരിത്തിന്നുമ്പോൾ അവന് ഐശുമ്മായെ ഓർമ്മ വന്നു. സങ്കടം വന്നു…ഐശുമ്മാ…ഐശുമ്മാ…

------
നന്ദി : ഐശുമ്മയുടെ കഥ തന്ന എൻ എം സുജീഷിന്.

Monday, September 3, 2012

മകുടിയും പാമ്പുംരാവിലെയുണർന്ന് അയ്യപ്പേട്ടന്റെ ചായക്കടയിൽ പോയി ഒരു ചായയും കുറച്ച് പത്രവായനയും കഴിഞ്ഞ് വീട്ടിലെത്തി പ്രഭാതകൃത്യങ്ങളും കുളിയും കഴിഞ്ഞ് സ്ക്കൂളിലേയ്ക്ക് പുറപ്പെടാറുള്ള ഒരു അദ്ധ്യാപകനാണ് ഞാൻ. ഒരു വീട് വാടകയ്ക്കെടുത്തിട്ടുണ്ട്. മുറ്റവും മതിലും ഗേറ്റും പുറകുവശത്ത് മോശമില്ലാത്ത തൊടിയും എല്ലാമുള്ള വീട്. തൊടിയിൽ വാഴയും തെങ്ങുമുണ്ട്. വീട്ടുടമസ്ഥന്റേതാണ്.

അങ്ങിനെ ഒരു ദിവസം അയ്യപ്പേട്ടന്റെ ചായയും കുടിച്ച് അന്ന് പത്രത്തിൽ വായിച്ച ഒരു വാർത്തയുടെ പെരുക്കവുമായി വീടെത്താറായപ്പോൾ, വീടിനു മുന്നിൽ ഒരാൾ നിൽക്കുന്നത് കണ്ടു. ഗേറ്റിലൂടെ അകത്തേയ്ക്ക് എത്തി നോക്കുകയാണയാൾ. എന്നെ കണ്ടപ്പോൾ ചുണ്ടിലെ ബീഡിയോടെ ഒന്ന് ചിരിച്ചു. തുടയ്ക്ക് മുകളിലേയ്ക്ക് മടക്കിക്കുത്തിയ ലുങ്കി ഒരു ആഭരണം പോലെ പറ്റിപ്പിടിച്ചിരുന്നു. മേൽക്കുപ്പായം ഇല്ല.

‘ആരാ…എന്താ?’ ഞാൻ ചോദിച്ചു.

‘ചാത്തുണ്ണിയാണേ’.

‘എന്ത് വേണം?’.

‘ഒന്നും വേണ്ടേ’. അയാൾ എനിക്ക് പോകാനായി വഴി മാറിത്തന്നു. ഞാൻ ഗേറ്റ് തുടന്ന് മുറ്റത്തേയ്ക്ക് കടന്നപ്പോൾ അയാളും പതുങ്ങിപ്പതുങ്ങി പിന്നാലെ വന്നു. അപ്പോഴാണ് ശ്രദ്ധിച്ചത്, അയാളുടെ തോളിലെ മാറാപ്പ്.

‘വാതിൽ തുറക്കാതെ ഞാൻ അയാൾക്ക് നേരെ തിരിഞ്ഞു. അയാൾ തല ചൊറിഞ്ഞു.

‘എന്താ…കാര്യം പറ..ആരാ നിങ്ങൾ?’

‘പാമ്പുപിടുത്തക്കാരൻ ചാത്തുണ്ണീന്ന് പറഞ്ഞാ ല്ലാർക്കു അറിയും.’

‘ഓഹോ..എനിക്കറിയില്ല…ഞാനീ നാട്ടുകാരനല്ല..എന്താ വന്നത്?.’

‘പാമ്പ്….’

‘ഇവടെ പാമ്പൊന്നുല്ല…പോയേ..എനിക്കേ ജോലിക്ക് പോകാൻ നേരായി.’

‘അതല്ല…..ഈ വീട്ടില് പാമ്പ്ണ്ട്…അതാ.’

‘ഹാ…ഇല്ലെന്ന് പറഞ്ഞില്ലേ…ഞാനിന്നേ വരെ ഇവടെ പാമ്പിനേം പഴ്താരേനേം കണ്ടട്ട്ല്ല…നിങ്ങള് വേറെ വല്ലോടത്തും അന്വേഷിക്ക്.’

‘ഞാൻ പാമ്പുപിടുത്തക്കാരൻ ചാത്തുണ്ണി…’

‘അത് പറഞ്ഞല്ലോ…പോയേ..പോയേ…’

അയാൾ മടിക്കുത്തിൽ നിന്നും ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്തു. വീണ്ടും മനോഹരമായി ഒന്ന് ചിരിച്ചിട്ട് ഗേറ്റ് കടന്ന് പോയി.

വൈകുന്നേരം സ്കൂളിൽ നിന്നും വരുന്ന വഴിയ്ക്കും അയ്യപ്പേട്ടന്റെ ഒരു ചായ പതിവുണ്ട്. ഒപ്പം കുറച്ചു നേരം നാട്ടുവർത്തമാനവും. വീട്ടിൽ ചെന്നിട്ട് അത്യാവശ്യമൊന്നുമില്ലല്ലോ. അതുകൊണ്ട് കുറെ നേരം അവിടെയിരിക്കും.

‘അയ്യപ്പേട്ടാ…ഈ ചാത്തുണ്ണീനെ അറിയോ? പാമ്പിനെ പിടിക്കണ ചാത്തുണ്ണി?’

‘ങ്ഹാ..അവൻ വന്നോ….കൊറേ നാളായി കാണാൻല്ലാരുന്നു. എന്തേ ചോദിച്ചേ?’

‘അല്ലാ…വഴീല് വച്ച് കണ്ടു…അതാ..ആളെങ്ങനെ?’

‘ങാ….എടക്കിങ്ങനെ വന്നും പോയുമിരിക്കും…’

‘ഓ’

പിന്നെ വേറെയെന്തൊക്കെയോ സംസാരിച്ച് ഞാൻ വീട്ടിലേയ്ക്ക് തിരിച്ചു. പ്രതീക്ഷിച്ചത് പോലെ ചാത്തുണ്ണി ഗേറ്റിന്റെ മുന്നിലുണ്ടായിരുന്നു. ബീഡി, ചിരി, ലുങ്കി, മാറാപ്പ്.

‘പോയില്ലേ?’ ഞാൻ അല്പം നിരസത്തോടെ ചോദിച്ചു.

‘അല്ലാ…രാവിലെ പറഞ്ഞില്ലേ..ഇവടെ പാമ്പ്ണ്ട് സാറേ…ഒറപ്പാ…’

അയാൾ എന്റെയൊപ്പം മുറ്റത്തേക്ക് വന്നു. മാറാപ്പ് താഴെ വച്ച് ലുങ്കി അഴിച്ച് കുത്തി. ഞാൻ വാതിൽ തുറക്കാതെ തിണ്ണയിരുന്നു. ചാത്തുണ്ണിയോട് കുറച്ച് സംസാരിക്കാമെന്ന് വിചാരിച്ചു. ചാത്തുണ്ണിയും മുറ്റത്ത് കുന്തിച്ചിരുന്നു.

‘പാമ്പ് പിടുത്തക്കാരനല്ലേ?’

‘ഓ’

‘അതു മാത്രേള്ളൂ?’

‘ഏ…പാമ്പിനെ പിടിച്ച് ജീവിക്കാനൊക്കെ പറ്റ്വോ സാറേ…കൂലിപ്പണീം ചെയ്യും…ഇവടെ വേലി കെട്ടണതും പുല്ല് ചെത്തണതും തെങ്ങേ കേറണതുമൊക്കെ ഞാനാ…പിന്നെ വല്ലപ്പോഴും പാമ്പിനെ കിട്ട്യാലായിന്ന് മാത്രം..’

അതെനിക്കിഷ്ടപ്പെട്ടു. വല്ലാത്ത ആത്മാർഥത.

‘ആ മാറാപ്പിലെന്താ?’

‘പാമ്പിനെ കെടത്താനുള്ള കൂടാണ്.’

‘ഇപ്പോ പാമ്പുണ്ടോ?’

‘ഇപ്പോല്ല..പക്ഷേ ഒരെണ്ണം വരും..അതിവിടെണ്ട്.’

‘ദേ പിന്നേം..ചാത്തുണ്ണീ…ഞാൻ ഈ വീട്ടിൽ താമസം തുടങ്ങീട്ട് ഒരു വർഷായി..ഇന്ന് വരെ അങ്ങിനൊന്നിനെ കണ്ടിട്ടില്ല.’

‘ആയിക്കോട്ടെ..ന്ന് വച്ച് ഇനി വരാമ്പാടില്ലന്നില്ലല്ലോ?’

‘ഹും…ശരി…ചാത്തുണ്ണി പൊയ്ക്കോ…എനിക്ക് കുറച്ച് ജോലിയുണ്ട്.

ചാത്തുണ്ണി പോയി. ഞാൻ വാതിൽ തുറന്ന് പതിവ് വൈകുന്നേരപ്പരിപാടികളിലേയ്ക്ക് കടന്നു. കുറച്ചു നേരം ആഴ്ചപ്പതിപ്പ് വായന, പിന്നെ ടിവി, പിന്നെ പതുക്കെ അടുക്കളയിലേയ്ക്ക്. അത്താഴം കഴിച്ച് ഉറങ്ങാൻ കിടക്കുന്നതോടെ കഴിഞ്ഞു ആ ദിവസം. വർഷങ്ങളായി തുടർന്നു വരുന്ന ശീലം.

രാവിലെയുണർന്ന് വാതിൽ തുറന്നതും ചാത്തുണ്ണിയെ കണ്ടപ്പോൾ ഞാൻ അമ്പരക്കാതിരുന്നില്ല. ദേഷ്യവും വന്നു.

‘എന്താ..രാവിലെ തന്നെ? പാമ്പിനെ പിടിക്കാൻ വന്നതാണോ?’

‘അല്ല സാറേ..രണ്ടീസായ്ട്ട് പണിയൊന്നൂല്ല..ഞാനീ പറമ്പിലെ പുല്ല് ചെത്തട്ടെ…എന്തേലും തന്നാ മതി.’

എന്തോ ഞാനങ്ങ് സമ്മതിച്ചു. അല്ലെങ്കിലും പുല്ല് വളർന്ന് ആകെ കാട് പിടിച്ചു കിടക്കുകയാണ്. വാടകയ്ക്കാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം എനിക്ക് ശ്രദ്ധയാണ്.

സമ്മതം മൂളിയതും എവിടെ നിന്നാണെന്നറിയില്ല, ഒരു അരിവാളും കൈക്കോട്ടും പ്രത്യക്ഷപ്പെട്ടു. മാറാപ്പിൽ നിന്നായിരിക്കുമെന്ന് ഞാൻ കരുതി. ചാത്തുണ്ണി തൊടിയിലേയ്ക്ക് കയറി യുദ്ധം തുടങ്ങി. അയാൾക്ക് യുദ്ധത്തിനിടയിൽ പാമ്പിനെ കിട്ടുകയാണെങ്കിൽ കിട്ടിക്കോട്ടേന്ന് ഞാനും വിചാരിച്ചു. കുളിച്ചൊരുങ്ങി സ്കൂളിലേയ്ക്ക് പുറപ്പെടുമ്പോഴും ചാത്തുണ്ണി പുല്ല് വെട്ടിയരിയുകയായിരുന്നു.

വൈകുന്നേരം വരുമ്പോൾ അധികനേരം അയ്യപ്പേട്ടന്റെ ചായക്കടയിൽ ചിലവഴിക്കാൻ തോന്നിയില്ല. മനസ്സ് നിറയെ ചാത്തുണ്ണിയായിരുന്നു. എന്തോ അയാളെ ചുറ്റിപ്പറ്റി എന്തൊക്കെയോ രഹസ്യങ്ങൾ ഉള്ളതുപോലെ. ചില സംശയങ്ങൾ. ധൃതിയിൽ ചായ കുടിച്ച് വീട്ടിലേയ്ക്ക് നടന്നു. തിണ്ണയിൽ ബീഡി വലിച്ചു കൊണ്ട് അയാളിരിക്കുന്നുണ്ടായിരുന്നു. മിടുക്കനായ ക്ഷുരകന്റെ മികവോടെ തൊടി വെട്ടി വൃത്തിയാക്കിയിരിക്കുന്നു. ചാഞ്ഞു തുടങ്ങിയിരുന്ന വാഴച്ചെടികൾക്ക് ഊന്ന് കൊടുത്തിരിക്കുന്നു. പടവലത്തിന് പന്തലും…കൊള്ളാം…ചാത്തുണ്ണി കൊള്ളാം..

‘ന്താ പാമ്പിനെ കിട്ടിയോ ചാത്തുണ്ണീ?’

‘ഓ…പാമ്പ് അങ്ങനെ ഒരിടത്ത് കാണില്ല…അതങ്ങനെ വന്നും പോയുമിരിക്കില്ലേ…എന്റെ കൈയ്യിൽ കിട്ടും…’

ചാത്തുണ്ണി തല ചൊറിഞ്ഞു. എനിക്ക് കാര്യം മനസ്സിലായി. ഞാൻ കുറച്ച് രൂപ കൊടുത്തു. എണ്ണി നോക്കാനോ തർക്കിക്കാനോ നിൽക്കാതെ അയാളത് എളിയിൽ തിരുകി.

‘ഇനിയെന്താ?’

‘സാറൊറ്റക്കാണല്ലേ താമസം?’

‘അതേ..എന്തേ?’

‘അല്ലാ…രാത്രി ഞാനീ തിണ്ണേക്കെടന്നോട്ടെ? എനിക്ക് വീടില്ല.’

‘ശരി’ എന്ന് പറഞ്ഞ് ഞാൻ വാതിൽ തുറന്നു. പിന്നീടാലോചിച്ചപ്പോൾ ഞാനതെന്തിന് സമ്മതിച്ചെന്ന് മനസ്സിലായില്ല. ചാത്തുണ്ണിയെ തിണ്ണയിൽ കിടക്കാൻ സമ്മതിച്ചത്.

രാത്രി വൈകിയപ്പോൾ മുറ്റത്ത് ശബ്ദം കേട്ടു. നോക്കിയപ്പോൾ ചാത്തുണ്ണി ഗേറ്റിലിടിക്കുകയാണ്. കുടിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആടിയാടി വന്ന് അരിച്ചാക്ക് പോലെ തിണ്ണയിൽ വീണു. ഉടനേ കൂർക്കം വലിയും തുടങ്ങി. ഞാൻ വാതിലടച്ച് കിടന്നു.

‘ചാത്തുണ്ണിക്ക് കുടുംബോന്നൂല്ലേ?’

‘ഉണ്ടാരുന്നു…ഒക്കെ പോയി സാറേ..’

‘അതെന്ത് പറ്റി?’

‘ഓള്ക്ക് വേറെയാരോടോ സ്നേഹമായി…അങ്ങനൊരു ദീസം പോയി’

‘ഹൈ..അപ്പോ അന്വേഷിച്ചില്ലേ?’

‘പോട്ടേന്ന്…അന്വേഷിച്ചിട്ടെന്താകാനാ? പോട്ടേന്ന് വച്ചു’

‘കുട്ടികൾ?’

‘ഹും ഓളെ ഒന്ന് തൊടാൻ സമ്മതിച്ചാലല്ലേ അതൊക്കെ’

ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. ഞായറാഴ്ചയായതിനാൽ തുണിയലക്ക്, വീട് വൃത്തിയാക്കൽ തുടങ്ങി കുറേ ജോലികളുണ്ടായിരുന്നു. ചാത്തുണ്ണിയും കൂടി. ചൂലും വെള്ളവുമെടുത്ത് തറ കഴുകി. മാറാലയടിച്ചു. കൂട്ടിന് ഒരാളായപ്പോൾ എനിക്കും സന്തോഷം തോന്നി.

‘സാറേ..ഇപ്പൊ വരാ’ എന്നും പറഞ്ഞ് ചാത്തുണ്ണി ധൃതിയിൽ ഇറങ്ങിപ്പോയി. മാറാപ്പ് തിണ്ണയിലുണ്ടായിരുന്നു.

അര മണിക്കൂറിനകം അയാൾ തിരിച്ചെത്തി. കൈയ്യിൽ രണ്ട് കുപ്പികൾ. ചാരായം.

‘വാ സാറേ..കൊറച്ചടിക്ക്’

‘ഏയ്…എനിക്കിതൊന്നും പതിവില്ല.’

‘ചുമ്മാ….ഞാൻ പറേണു സാറ് കഴിക്കൂന്ന്.’

‘ശരി ഒഴി’

രണ്ട് കുപ്പി ചാരായം ഒന്നിനുമായില്ല. ചാത്തുണ്ണി വീണ്ടും പോയി രണ്ട് കുപ്പി കൂടി വാങ്ങി വന്നു. അതും കുടിച്ചപ്പോൾ തലയ്ക്ക് ഒരു വെട്ട് കിട്ടിയതുപോലെയായി.

ചാത്തുണ്ണി അടുക്കളയിൽ കയറുന്നു. ചാത്തുണ്ണി അരി കഴുകുന്നു. ചാത്തുണ്ണി അടുപ്പ് കത്തിക്കുന്നു. ചാത്തുണ്ണി പച്ചക്കറിയരിയുന്നു..ചാത്തുണ്ണീ….ചാത്തുണ്ണി…ചാത്തുണ്ണി…..

ചുരുക്കത്തിൽ ചാത്തുണ്ണി എന്റെ കൂടെ താമസമാക്കി. എല്ലാ ദിവസവും കാണില്ല. ഇടയ്ക്ക് ഒരു പോക്കു പോയാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞേ വരൂ. അതേ മാറാപ്പ്, അതേ ലുങ്കി, അതേ ചിരി. വീട്ടിലുള്ളപ്പോൾ രസമാണ്. കുറേ കഥകൾ പറയാനുണ്ട് ചാത്തുണ്ണിയ്ക്ക്. മിക്കവാറും പാമ്പുകളായിരിക്കും നായകന്മാർ. കൂടാതെ പാമ്പുകളെക്കുറിച്ച് അസാമാന്യ ജ്ഞാനമുണ്ട് അയാൾക്കെന്ന് മനസ്സിലായി. പ്രസവിക്കുന്ന പാമ്പ്, മുട്ടയിടുന്ന പാമ്പ്, ചിരിക്കുന്ന പാമ്പ്, കരയുന്ന പാമ്പ്, പറക്കുന്ന പാമ്പ്, കടലിലെ പാമ്പ്, കാണാൻ പറ്റാത്ത പാമ്പ്, രുചിയുള്ള പാമ്പ്, പാമ്പ് വിഷങ്ങൾ, പാമ്പ് കടികൾ…എന്നിങ്ങനെ എല്ലാം പാമ്പ് മയം.

‘എന്നിട്ടിതുവരെ ഒരു പാമ്പിനെപ്പോലും കൊണ്ടുവന്നില്ലല്ലോ ചാത്തൂ?’

‘ഹേ..കൊണ്ടു നടക്കാൻ പറ്റ്വോ സാറേ? അതപ്പത്തന്നെ കച്ചോടാകും’

‘ആർക്ക്?’

‘പാമ്പാട്ടികൾക്ക്, പാമ്പ് വെഷം വേണ്ടവർക്ക്…’

‘ഹോ..അപ്പോ നല്ല ഡിമാന്റാണല്ലേ?’

‘ആണോന്നോ? ഇപ്പത്തന്നെ മൂന്ന് മൂർഖന് ആർഡറുണ്ട്. രാജവെമ്പാലേ വേണന്നാ വേറൊരാൾക്ക്. പല്ല് പറിച്ച മൂർഖനും വേണം….പിന്നെ പച്ചിലക്കൊത്തി, അണലി, വള്ളിക്കെട്ടൻ, ശംഖുവരയൻ, ദേവാംകുട്ടി…..ഞാനിതൊക്കെ എങ്ങനെ കൊടുക്കും..ഇതെന്താ വാഴക്കൊലയാണോ വെറുതേ വെട്ടിക്കൊടുക്കാൻ?’

‘ഹാ.ഹാ…ഇവിടെ പാമ്പുണ്ടന്നല്ലേ പറഞ്ഞത്…പിടിച്ച് കൊടുത്തോ ചാത്തൂ.’

‘കളിയാക്കണ്ട സാറേ…ഇവടത്തെ പാമ്പ് എന്റെ കൂട്ടിൽ കയറും.’

‘എപ്പൊ?’

‘ഒരീസം’

ചാത്തുണ്ണി വീട്ടിലില്ലാത്ത ദിവസങ്ങൾ മുഷിപ്പനായി തോന്നിത്തുടങ്ങിയിരുന്നു. വീട്ടിലെവിടെയോ ഒരു പാമ്പിഴയുന്ന ശബ്ദം കേൾക്കുന്നത് പോലെ ഒരുരു അസ്വസ്ഥത. അത്തരം ദിവസങ്ങളിൽ ഞാൻ വൈകുന്നേരം അയ്യപ്പേട്ടന്റെ ചായക്കടയിൽ ഏറെനേരം ചിലവഴിക്കും. നാട്ടുവർത്തമാനങ്ങൾ പറഞ്ഞിരിക്കും. ചാത്തുണ്ണിയേ വായോ എന്ന് മനസ്സിൽ നിലവിളിക്കും.

ഒരു വൈകുന്നേരം ചായക്കടയിൽ ചാത്തുണ്ണിയായിരുന്നു ചർച്ചാവിഷയം. ഞാൻ ഒന്നുമറിയാത്തത് പോലെ കാതോർത്തു.

‘ഈടെയായിട്ടേ ഈ പ്രദേശത്ത് ചുറ്റിത്തിരീണ് ണ്ട്..ന്താണാവോ!‘

‘മ്മ്…വല്ല കോളും കണ്ടിട്ട്ണ്ടാവും’

‘ഓ..ഇവടെ എന്ത് കിട്ടാനാ? ഇവിടെന്തിരിക്കണൂ?’

‘ഹേയ്..മണ്ടത്തരം പറയാതെ..ഒരു വാഴക്കൊലയോ തേങ്ങാക്കൊലയോ കിട്ട്യാപ്പോരേ?’

‘ങാ..അതും ശെരിയാ’

പൊടുന്നനെ ചർച്ച ചെയ്യുന്നവർ എന്റെ നേർക്ക് തിരിഞ്ഞു.

‘അല്ലാ…ചാത്തുണ്ണി സാറിന്റെ കൂടെയാണല്ലേ താമസം?’

‘അങ്ങിനൊന്നൂല്ല…ചെലപ്പൊ വന്ന് തിണ്ണേക്കെടക്കും’

‘ങാ..സൂക്ഷിക്കണം…സൂക്ഷിക്കണം..ആള് വിരുതനാ’

‘അതെന്താ?’

‘അവൻ ഭാര്യേനെ ചവിട്ടിക്കൊന്നതാ…മോഷണോണ്ട്’

ഞാനൊന്ന് നടുങ്ങി.

‘അയാൾടെ ഭാര്യ ആരുടെയോ കൂടെ…’

‘വെറ്തേ പറയ്ണതാ….ല്ലാർക്കും അറിണതല്ലേ…അവൻ കൊന്നതന്ന്യാ…’

‘ന്തായാലും സാറ്` നി അവനെ പടി ചവിട്ടാൻ സമ്മതിക്കര്ത്.’

വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സ് നിറയെ ചാത്തുണ്ണിയായിരുന്നു. ഭാര്യയെ ചവുട്ടിക്കൊന്ന ചാത്തുണ്ണി. വാഴക്കുല മോഷ്ടിക്കുന്ന ചാത്തുണ്ണി. എന്നോട് നുണ പറയുന്ന ചാത്തുണ്ണി….

തിണ്ണയിൽ ചാത്തുണ്ണിയുണ്ടായിരുന്നു. ഞാൻ ഗൌരവത്തോടെ വാതിൽ തുറന്നു. ചാത്തുണ്ണിയും കൂടെ അകത്തേക്ക് വന്നു. കൈയ്യിൽ ചാരായക്കുപ്പികളുണ്ടായിരുന്നു.

‘ന്താ സാറേ..എന്ത് പറ്റീ?’

‘ചാത്തൂ…നിന്റെ ഇവടത്തെ കെടപ്പ് മതിയാക്കിക്കൊ…വേറെ എവടേങ്കിലും പൊയ്ക്കോ’

‘അതെന്താ സാറെ?’

‘അത്രന്നെ’

‘അപ്പൊ പാമ്പ്…ആ പാമ്പ് വല്യ വെഷള്ള സാധനാ’

‘ആയിക്കോട്ടെ..ഞാൻ സഹിച്ചു…കുറേ നാളായല്ലോ പാമ്പിനെ പിടിക്കണു..എന്നിട്ടിന്നേ വരെ ഒർ മണ്ണിരേനെപ്പോലും കിട്ടീല്ല.’

‘ഓ..അതാണോ…സാറിന് എത്ര പാമ്പ് വേണം? ഇപ്പക്കൊണ്ടോരാ.’

‘എനിക്കൊന്നും വേണ്ട..നീ പോകാൻ നോക്ക്.’

‘ശരി…ന്നാപ്പിന്നെ ചാത്തുണ്ണി പോണു. അതിനേ മുമ്പ് ഇതൊന്ന് കുടിച്ച് നോക്ക്യേ’

ചാത്തുണ്ണി കൊണ്ടുവന്ന ചാരായക്കുപ്പി ഞാൻ ഒറ്റ വലിയ്ക്ക് കുടിച്ചു. സൊയമ്പൻ സാധനം. കുടിച്ചു കൊണ്ടേയിരിക്കാൻ തോന്നും.

‘സാറിനിപ്പൊന്താ…പാമ്പിനെ കാണണം..ഞാൻ പറഞ്ഞട്ട്ല്ലേ…ഇവടെ പാമ്പ്ണ്ട്..ഉഗ്രവെഷം….ഇപ്പൊ വിളിക്കാം…’

അയാൾ മാറാപ്പ് തുറന്ന് പാമ്പിനെയിടുന്ന കുട്ടയും മകുടിയുമെടുത്ത്. അത് ഞാൻ ആദ്യമായിട്ട് കാണുകയായിരുന്നു, മകുടി.

കുട്ടയുടെ മൂടി തുറന്ന് ചാത്തുണ്ണി മകുടിയൂതാൻ തുടങ്ങി. നല്ല താളം, നല്ല ലയം…

മകുടി മുകളിലേയ്ക്കും താഴേയ്ക്കും വശങ്ങളിലേയ്ക്കും നൃത്തം ചെയ്തു. എന്റെ കണ്ണിൽ രണ്ട് ചാത്തുണ്ണിമാർ, പിന്നെ മൂന്ന് നാല് അഞ്ച് ചാത്തുണ്ണിമാർ…എനിക്ക് ചുറ്റും ഓടിനടന്ന് മകുടിയൂതുന്ന ചാത്തുണ്ണിമാർ…..

ചാത്തുണ്ണി എന്റെ തലയിൽ തട്ടി.

എന്റെ പത്തിയുണർന്നു. നിവർന്ന് നിന്നു. അടിവയറിൽ നിന്നും എന്തോ അരിച്ചു കയറുന്നതുപോലെ. വിഷം. ഉഗ്രവിഷം. അണപ്പല്ലിൽ മധുരം. തികട്ടിത്തികട്ടി വരുന്നു. എന്റെ പത്തി മകുടിയിൽ കുടുങ്ങി. മകുടിയുടെ താളത്തിൽ ഞാനാടി. ആടിയാടിയാടിയാഴിയാഴിയായി….ഇഴഞ്ഞിഴഞ്ഞ് നീങ്ങി…ചാത്തുണ്ണിമാർ മുന്നോട്ടും പുറകോട്ടും ചാടിച്ചാടി മകുടിയൂതി… ആടാട് പാമ്പേ..പുള്ളുവൻ പാട്ടിന്റെ ലാസ്യം…
..ഞാനും മകുടിയ്ക്കൊപ്പം നീന്തി….നീന്തി..നീന്തി കുട്ടയിൽ കയറി.

ടപ്പ്…ചാത്തുണ്ണി കുട്ട മൂടി. മകുടി നിർത്തി. കുട്ടയ്ക്കുള്ളിൽ ചുരുണ്ട് ഞാൻ സുഖസുഷുപ്തിയിലായി….സുഖസുഖസുഖസുഷുപ്തി….


- റിപ്പോർട്ടർ ഓൺ ലൈനിൽ വന്ന കഥ