Quentin Tarantino : Chapter 2 – Pulp Fiction – part 2




If I was like writing a movie, the day that I sit down to do it, whatever is going on with me at that time will find its way into the piece. It has to, or the piece isn’t worth making. All my movies are achingly personal’ – Quentin Tarantino.

പള്‍പ് ഫിക്ഷന്‍ സിനിമയിലെ ആദ്യത്തെ രംഗം, പംപ്കിനും ഹണി ബണ്ണിയും റെസ്റ്റോറന്റ് കൊള്ളയടിക്കാന്‍ പദ്ധതിയിടുന്ന രംഗം. റിസര്‍വോയര്‍ ഡോഗ്സ് കണ്ടശേഷം ക്വെന്റിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്ന ഏതൊരാളും ഈ രംഗം കാണുമ്പോഴേ ഇത് ഒരു ടരന്റിനോ പടം തന്നെയെന്ന് മനസ്സിലാക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. റിസര്‍വോയര്‍ ഡോഗ്സിലെ ആദ്യത്തെ രംഗം ഓര്‍മ്മ വരുന്ന തരത്തിലാണ് ഈ രംഗവും മെനഞ്ഞിരിക്കുന്നത്. അതിലും ഒരു റസ്റ്റോറന്റ് ഇതിലും ഒരു റസ്റ്റോറന്റ്. അതില്‍ റെസ്റ്റോറന്റില്‍ ഇരിക്കുന്ന കൊള്ളക്കൂട്ടം ഏകദേശം ആഹാരം കഴിച്ച് കഴിഞ്ഞ് സ്വാഭാവികമായി സംസാരിക്കുന്ന രംഗമാണ്. ഇതിലും ഏകദേശം ആഹാരം കഴിച്ച് കാപ്പി കുടിച്ച് കഴിയാനാകുമ്പോള്‍ പം പ്കിന്‍ ഹണി ബണ്ണിയോട് തന്റെ ഉദ്ദേശ്യം വിശദീകരിക്കുന്ന രംഗമാണ്. അതില്‍ റസ്റ്റോറന്റില്‍ ജോലി ചെയ്യുന്ന സര്‍വ്വര്‍മാരുടെ ജീവിതത്തിനേയും, ഇവര്‍ കൊടുക്കുന്ന ടിപ്സ് അവര്‍ക്ക് എങ്ങിനെയെല്ലാം ഉപകരിക്കുമെന്നും ധാരാളം സംസാരിക്കുന്നു. ഇതില്‍ കടകളുടെ മുതലാളികളേയും റെസ്റ്റോറന്റ് മുതലാളികളേയും താരതമ്യം ചെയ്ത് സംസാരിക്കുന്നു. അതില്‍ രംഗം അവസാനിക്കുമ്പോള്‍ മനോഹരമായി Little Green Bag പാട്ടിനോടൊപ്പം ടൈറ്റില്‍ കാണിക്കും. ഇതി രംഗം അവസാനിക്കുമ്പോള്‍ ഫ്രീസ് ആയി, Misirlouപാട്ടിണൊടൊപ്പം ടൈറ്റില്‍ കാണിക്കുന്നു.

ഈ Misirlou പാട്ടിന്റെ പ്രത്യേകത എന്താണെന്നാല്‍, ‘The King of the Surf Guitar’ എന്ന് അറിയപ്പെടുന്ന ഡിക്ക് ടേല്‍ (Dick Tale) സംഗീതം നല്‍കിയതാണീ പാട്ട്.സര്‍ഫ് മ്യൂസിക് എന്നാല്‍ കടലില്‍ സര്‍ഫിങ് ചെയ്യുന്നതില്‍ നിന്നും വന്നതാണ്. അറുപതുകളില്‍ പ്രശസ്തമായിരുന്ന സംഗീതരൂപമാണിത്. ഇതിന്റെ പിതാമഹന്മാരില്‍ ഒരാളാണ് ഡിക്ടേല്‍. സര്‍ഫ് സംഗീതത്തിലെ പ്രധാന അംശം - അധികവും ഗായകര്‍ ഇല്ലാതെ ഒരു ഗിറ്റാറോ അല്ലെങ്കില്‍ സാക്സോഫോണോ മാത്രം ആയിരിക്കും പ്രധാനം. ഡിക് ടേല്‍ ഇതില്‍ പല പരീക്ഷണങ്ങളും നടത്തിയിട്ടുള്ള ആളാണ്. സംഗീതം തുടങ്ങി അതിന്റെ അലകളിലൂടെയുള്ള reverberationകളില്‍ അവസാനിക്കുന്നത് വരെ പരീക്ഷണങ്ങള്‍ ചെയ്തിട്ടുണ്ട് ഡിക് ടേല്‍. അങ്ങിനെ ഈ Misirlou പാട്ടിനെ ഏകദേശം 95 തരത്തില്‍ പരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. 1962 ഇല്‍ പുറത്ത് വന്ന ഈ പാട്ട് ഇന്നും ഡിക് ടേലിന്റെ വലിയ ഹിറ്റുകളില്‍ ഒന്നാണ്.
ഈ പാട്ടുമായി സിനിമ തുടങ്ങുന്നതിന്റെ കാരണമെന്താണ്?
‘ഈ പാട്ട് സിനിമയുടെ തുടക്കത്തില്‍ കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ സിനിമ കാണുന്ന ഓഡിയന്‍സിന് ഇതൊരു epic സിനിമയാണെന്ന തോന്നലുണ്ടാകും. ഈ സംഗീതത്തിന്റെ പ്രാധാന്യം അതാണ്. അതു മാത്രമല്ല എന്റെ സിനിമ വരും കാലങ്ങളില്‍ പലരുടെയും ഓര്‍മ്മകളില്‍ തങ്ങി നിര്‍ത്താനുള്ള കഴിവ് ഈ പാട്ടിനുണ്ടെന്ന് ഞാന്‍ കരുതുന്നു’ ടരന്റിനോ പറയുന്നു.

ഇതാ Dick Tale ന്റെ Misirlou . ഈ പാട്ട്, ഒരു പഴയ middle east  നാടന്‍ പാട്ടിന്റെ ഗിറ്റാര്‍ രൂപമാണ്.

ടൈറ്റിലിന്റെ പകുതിയ്ക്ക് വച്ച് ഈ പാട്ട് പെട്ടെന്ന് മാറി Jungle Boogie പാട്ട് വരും. പാട്ട് മാറുമ്പോള്‍ റേഡിയോയില്‍ ചാനല്‍ മാറ്റുന്ന ശബ്ദം വരും. അതും റിസര്‍വ്വോയര്‍ ഡോഗ്സില്‍ ഉള്ളത് തന്നെ. ആ സിനിമയുടെ പശ്ചാത്തലത്തില്‍ ഇടയ്ക്കിടെ ഇങ്ങനെ റേഡിയോ ശബ്ദം വന്നുകൊണ്ടിരിക്കും.
ശേഷം സിനിമ തുടങ്ങുമ്പോള്‍ വിന്‍സന്റും ജൂള്‍സും ഒരു കാറില്‍ യാത്ര ചെയ്യുകയായിരിക്കും. അവരെപ്പറ്റി ഒരു പരിചയപ്പെടുത്തലുമില്ല. അവരുടെ സംഭാഷണത്തിലേയ്ക്ക് നമ്മള്‍ കടക്കുകയാണ്. അപ്പോള്‍ ജൂള്‍സ് വിന്‍സന്റിനോട് ഹാഷ് ബാറുകളെപ്പറ്റി ചോദിക്കുന്നു. യൂറോപ്പിലെ ആംസ്റ്റര്‍ഡാമില്‍ നിന്നും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ് വിന്‍സന്റ്. അവിടെ അയാള്‍ പോയിട്ടുള്ള കഞ്ചാവ് വില്‍ക്കുന്ന കടകളെപ്പറ്റി ജൂളിനോട് പറയാന്‍ തുടങ്ങുന്നു. ആംസ്റ്റര്‍ഡാമിനും അമേരിക്കയ്ക്കും ഉള്ള വിത്യാസങ്ങള്‍, അവിടത്തെ അയാളുടെ അനുഭവങ്ങള്‍ എന്നിങ്ങനെ സംഭാഷണം നീളുന്നു. അതുവരെ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ആര്‍ക്കും ഈ രണ്ടുപേരും ആരാണെന്നോ അവര്‍ എവിടെ പോകുകയാണെന്നോ ഒന്നും അറിയില്ല. സംഭാഷണത്തിന്റെ സ്വാഭാവികതയിലും നര്‍മ്മത്തിലും മയങ്ങി ഓഡിയന്‍സും ചിരിക്കാന്‍ തുടങ്ങുന്നു (ഇപ്പോള്‍ മുകളില്‍ കൊടുത്തിട്ടുള്ള ഓര്‍ക്കുക. ഇതെല്ലാം ടരന്റിനോ ആംസ്റ്റര്‍ഡാമില്‍ പള്‍പ് ഫിക്ഷന്റെ തിരക്കഥ എഴുതുമ്പോള്‍ അനുഭവിച്ചതാണ്).
ഈ രംഗം അവസാനിച്ചതും വണ്ടി നിര്‍ത്തി, വണ്ടിയുടെ പിന്നിലുണ്ടായിരുന്ന തോക്കുകള്‍ എടുത്ത് ഒരുവരും മുകളിലേയ്ക്ക് പോകുമ്പോഴാണ് അവര്‍ ശരിക്കും സുഹൃത്തുക്കളല്ലെന്നും എന്തോ കുഴപ്പം നടക്കാന്‍ പോകുകയാണെന്നും പ്രേക്ഷകര്‍ക്ക് മനസ്സിലാവാന്‍ തുടങ്ങുന്നത്. എന്നാല്‍ അതിനുള്ളില്‍ പ്രേക്ഷകര്‍ വിന്‍സന്റിനേയും ജൂള്‍സിനേയും കണ്ട് ചിരിച്ച്, അവരുടെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു. ഇപ്പോള്‍, അവര്‍  ചെയ്യാന്‍ പോകുന്ന കുറ്റകൃത്യത്തില് പ്രേക്ഷകര്‍ക്കും പങ്കുണ്ടെന്നല്ലേ വാസ്തവം? അതാണ് ടരന്റിനോയുടെ സ്റ്റൈല്‍. പ്രേക്ഷകരെ ഏത് രംഗമായാലും അകത്തേയ്ക്ക് കൊണ്ടുപോയി പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ അവരുടെ കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കുക. ഇതുതന്നെയാണ് റിസര്‍വോയര്‍ ഡോഗ്സില്‍ കാത് അറുക്കുന്ന ക്രൂരമായ രംഗവും ടരന്റിനോ ചെയ്തിരിക്കുന്നത്.
അതിനുശേഷമാണ് സിനിമയിലെ പ്രധാനപ്പെട്ട രംഗം വരുന്നത്. ബര്‍ഗര്‍ സീന്‍ എന്ന് വിളിക്കപ്പെടുന്ന ഈ രംഗത്തില്‍, ടരന്റിനോ പ്രത്യേകം എഴുതിയ (Ezekiel 25:17 – The path of the Righteous man)  ബൈബിള്‍ വചനങ്ങള്‍ പറഞ്ഞ് ജൂള്‍സ് ആ മുറിയിലുള്ളവരെ വെടി വച്ച് കൊല്ലുന്നു.

അടുത്തത് Vincent Vega & Marsellus Wallace’s Wife എന്ന അദ്ധ്യായം ആരംഭിക്കുന്നു.
നേരേ തന്നെ ബ്രൂസ് വില്ലീസിന്റെ തലയില്‍ തുടങ്ങുന്ന രംഗത്തില്‍, ബ്രൂസ് വില്ലീസിന്റെ ബുച്ച് എന്ന കഥാപാത്ര ആരോ ഒരാള്‍ സംസാരിക്കുന്നത് കേട്ടുകൊണ്ടിരിക്കുകയാണ് (പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത് Let’s Stay Together – Al Green എന്ന പാട്ട്). വളരെ ദൈര്‍ഘ്യമുള്ള ആ വാചകത്തില്‍ ഒരു ബോക്സിങ് പന്തയത്തില്‍ അഞ്ചാമത്തെ റൌണ്ടില്‍ ബുച്ച് തോല്‍ക്കണമെന്ന് ആ കഥാപാത്രം പറയുന്നു. അതുന് മുമ്പ് തന്നെ ആ രൂപം ബുച്ചിന് പണവും കൊടുക്കുന്നുണ്ട്. അപ്പോള്‍ ആ രൂപത്തിന്റെ തലയുടെ പിന്‍ ഭാഗം കാണുന്നു. അപ്പോഴാണ് ജൂള്‍സും വിന്‍സന്റും രസികന്‍ വസ്ത്രങ്ങളണിഞ്ഞ് വരുന്നത്. അവിടെ വച്ച് ബുച്ചും വിന്‍സന്റും ഉടക്കുന്നു. ഇരുവരും പരസ്പരം തുറിച്ച് നോക്കുന്നു. അതാണ് ഇരുവരും ഒന്നിക്കുന്ന വേറൊരു രംഗത്തിന്റെ തുടക്കവും.

ഈ രംഗം അവസാനിച്ചതും വിന്‍സന്റ് അയാളുടെ കൂട്ടുകാന്റെയടുത്ത് നിന്നും കൊക്കേയ്ന്‍ വാങ്ങുന്ന സീന്‍ ആണ്. ഈ രംഗത്തില്‍ വരുന്ന റോസാന ആര്‍ക്ക്വേറ്റിന്റെ Fellatio സംഭാഷണം പ്രശസ്തമാണ്. ഉടല്‍ മുഴുവനും piercing ചെയ്തിരിക്കുന്ന ആര്‍ക്ക്വേറ്റ് തന്റെ ക്ലിറ്റില്‍ ഉള്ള piercing എന്തിനാണെന്ന് പറയുന്ന രംഗം. (പിന്നണിയില്‍ Bustin’ Surfboards പാട്ട്)
ഈ രംഗത്തിന് ശേഷമാണ് സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ സീക്വന്‍സ് തുടങ്ങുന്നത്. വിന്‍സന്റ്, മാസെലസ് വാലസിന്റെ ഭാര്യ മിയായെ റെസ്റ്റോറന്റില്‍ കൊണ്ടുപോകുന്ന സീക്വന്‍സ്. ഇതില്‍ പല രസികന്‍ കാര്യങ്ങളുണ്ട്. Black comedyയും ഉണ്ട്. എല്ലാത്തിനും ഉപരി, ജോണ്‍ ട്രവോള്‍ട്ടയുടെ നൃത്തവും അപ്പോഴാണ്.

ട്രവോള്‍ട്ടയുടെ Saturday Night Fever നെപ്പറ്റി എല്ലാ സിനിമാപ്രേമികള്‍ക്കും അറിയാമായിരിക്കും. എഴുപതുകളുടെ അവസാനം ട്രവോള്‍ട്ടയെ ഒരു വലിയ സൂപ്പര്‍ സ്റ്റാര്‍ ആക്കിയ സിനിമ. പിന്നാലെ സിനിമയും പുറത്തിറങ്ങി തകര്‍ത്തോടിയപ്പോള്‍ ചെരുപ്പക്കാരികള്‍ ഓര്‍ഗാസം വന്ന് തിളയ്ക്കുമ്പോള്‍ ഓര്‍ക്കുന്ന ആളായി മാറി ജോണ്‍ ട്രവോള്‍ട്ട. തന്റെ 24 ആം വയസ്സില്‍ പ്രശസ്തിയുടെ ഉച്ചത്തില്‍ ഒരു നടന്‍ എത്തുന്നത് ആലോചിച്ച് നോക്കൂ. ഈ രണ്ട് സിനിമകളും ട്രവോള്‍ട്ടയുടെ അഭിനയമികവ് മനോഹരമായി ഉപയോഗിച്ച സിനിമകളായിരുന്നു. പിന്നീട് ഉണ്ടായ ചില തോ വികള്‍ കാരണം ട്രവോള്‍ട്ട ഒരു പരാജയനടനായി മാറി, വല്ലപ്പോഴും ചില സിനിമകളില്‍ തല കാണിക്കുന്ന കാലമായിരുന്നു അത്. ഇതിനെപ്പറ്റി കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. പിടിവാശിയോടെ വിന്‍സന്റിന്റെ കഥാപാത്രത്തിനെ ടരന്റിനോ ട്രവോള്‍ട്ടയ്ക്ക് മാത്രമേകൊടുക്കുകയുള്ളൂ എന്ന് ആഗ്രഹിച്ചതും നമ്മള്‍ കണ്ടു.

ഈ റസ്റ്റോറന്റ് രംഗത്തിലാണ് നമ്മള്‍ ആദ്യമായി മിയായെ ശ്രദ്ധിക്കാന്‍ പോകുന്നത്. അതുവരെ മിയാ എങ്ങിനെയുള്ള കഥാപാത്രമാണെന്ന് നമുക്കറിയില്ല. ഈ രംഗത്തിലെ സംഭാഷണങ്ങളില്‍ രണ്ട് പേരുടേയും കഥാപാത്രങ്ങളേയും മനോഹരമായി വര്‍ണ്ണിക്കുന്നുണ്ട് ടരന്റിനോ. രണ്ട് പേരും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് മുതല്‍ (വിന്‍സന്റ് – Douglas Sirk Steak – bloody as hell, Vanilla Coke, മിയാ - Durward Kirby Burger – bloody as hell, a 5 dollar shake). ഈ അഞ്ച് ഡോളര്‍ ഷേക്കിനെപ്പറ്റി ഒരു രസകരമായ സംഭാഷണം ഉണ്ട്. അതിനുശേഷമാണ് ഇരുവരും പതുക്കെപ്പതുക്കെ സംസാരിക്കാന്‍ തുടങ്ങുന്നത്. അപ്പോള്‍ മിയയുടെ രസകരമായ ടിവി പൈലറ്റ് എപിസോഡിന്റെ കഥ വരുന്നു (മിയ പറയുന്ന ഈ കഥ ശ്രദ്ധിച്ചവര്‍ക്ക്, ഈ കഥ തന്നെയാണ് ടരന്റിനോ പിന്നീട് നിര്‍മ്മിച്ച കില്‍-ബില്ലിന്റെ ചുരുക്കം എന്ന് മനസ്സിലാകും. എങ്ങനെ? സംഭാഷണം ശ്രദ്ധിക്കൂ). പിന്നീട് മാര്‍സലസ് വാലസ്, ടോണി റോക്കി ഹാറര്‍ എന്ന് വിളിക്കുന്ന ഒരാളെ ടെറസില്‍ നിന്നും താഴേയ്ക്കെറിഞ്ഞതിനെപ്പറ്റി വിന്‍സന്റ് കേള്‍ക്കുന്ന സംഭാഷണം.
അപ്പോഴാണ് അവിടെ നടക്കാന്‍ പോകുന്ന മത്സരത്തിനെപ്പറ്റി അനൌണ്‍സ്മെന്റ് വരുന്നത്. അല്ലെങ്കില്‍ത്തന്നെ മരിയുവാനയുടെ ലഹരിയിലുള്ള മിയ, അതില്‍ പങ്കെടുക്കാന്‍ വിന്‍സന്റിനേയും കൊണ്ട് പോകുന്നു.

അപ്പോള്‍ കേള്‍ക്കുന്ന പാട്ടാണ്You Never can Tell. ചക് ബെറിയുടെ വളരെ പ്രശസ്തമായ പാട്ടുകളില്‍ ഒന്നാണത്. ചക്ക് ബെറി അമേരിക്കയിലെ റോക്ക് & റോള്‍ പിതാമഹന്മാരില്‍ ഒരാളാണ്. അമ്പതുകളുടെ അവസാനം അദ്ദേഹം സൃഷ്ടിച്ച പാട്ടാണിത്. ഈ പാട്ടിന്റെ പ്രത്യേകത - പാട്ട് നിര്‍മ്മിക്കുമ്പോള്‍ ചക്ക് ബെറി ജയിലില്‍ ആയിരുന്നെന്നതാണ്. കാരണം Mann Act  എന്ന ഒരു നിയമത്തിനെ അദ്ദേഹം മറികടന്നു. ആ നിയമം വ്യഭിചാരത്തിനെതിരായ ഒന്നായിരുന്നു. പെണ്ണുങ്ങളെ ഒരിടത്ത് നിന്നും വ്യഭിചാരത്തിനായി വേറൊരിടത്തിലേയ്ക്ക് കൊണ്ടുപോകുന്നത് തടയുന്ന നിയമം. മെക്സിക്കോയില്‍ അദ്ദേഹത്തിനെ ഇഷ്ടപ്പെട്ടിരുന്ന ജാനിസ് നോറീന്‍ എസ്കലാന്റി എന്ന 14 വയസ്സുകാരിയ്ക്ക് ചക്ക് ബെറിയുടെ സെയിന്റ് ലൂയിസ് നൈറ്റ് ക്ലബ്ബില്‍ ജോലി കൊടുത്തു. എന്നാല്‍ പിന്നീട് ആ പെണ്ണിനെ ജോലിയില്‍ നിന്നും പുറത്താക്കി. ആ പെണ്ണ് കൊടുത്ത പരാതിയുടെ പേരില്‍ ചക് ബെറി അറസ്റ്റ് ചെയ്യപ്പെട്ടു. ആ സമയം റോക്ക് & റോള്‍ സംഗീതം ഉന്നതിയിലെത്തിയിരുന്ന കാലമായിരുന്നു. അതില്‍ ചക് ബെറിയുടെ പങ്ക് വലുതായിരുന്നു. പ്രശസ്തിയുടെ കൊടുമുടി. അങ്ങിനെ ജയിലില്‍ ആയിരുന്നപ്പോഴാണ് ഈ പാട്ട് ചക് ബെറി സൃഷ്ടിച്ചതെന്ന് പറയപ്പെടുന്നു. 1964 ഇല്‍ പുറത്തു വന്നു അത്. അമേര്‍ക്കന്‍ ഫോക്ക് സംഗീതവും വെസ്റ്റേണ്‍ സംഗീതവും കലര്‍ത്തിയ Rockabilly വകയിലുള്ള പാട്ടായിരുന്നു അത്.
പാട്ട് തുടങ്ങുമ്പോള്‍ അനൌണ്‍സര്‍ വിളിച്ചതും സ്വയം പരിചയപ്പെടുത്തുന്ന മിയയെ ശ്രദ്ധിക്കൂ. അവള്‍ മരിയുവാനയുടെ ലഹരിയിലാണ് (വിന്ദന്റും കൊക്കേയ്ന്‍ ഉപയോഗിക്കുകയായിരുന്നു). ഒരു മടിയുമില്ലാതെ കുറുമ്പോടെ എല്‍ വിസ് പ്രസ്ലിയുടെ ശൈലിയില്‍ മൈക്ക് പിടിച്ച് സ്വയം പരിചയപ്പെടുത്തുന്നു അവള്‍. പിന്നീട് വിന്‍സന്റിന്റെ പേര് വിളിക്കുമ്പോള്‍ ശബ്ദവും എല്‍ വിസിനെപ്പോലെ മാറ്റുന്നു അവള്‍. പാട്ട് തുടങ്ങുന്നതിന് മുമ്പ് ജോണ്‍ ട്രവോള്‍ട്ടയുടെ ഷൂ അഴിച്ച് വയ്ക്കുന്ന രംഗം. പാട്ടിനായുള്ള കാത്തിരിപ്പാണത്. ചക് ബെറിയുടെ മനോഹരമായ പാട്ട് അങ്ങിനെ തുടങ്ങുന്നു.

പാട്ട് ആദ്യമായി തിരശ്ശീലയില്‍ കണ്ടിട്ടുള്ളവര്‍ തീര്‍ച്ചയായും രോമാഞ്ചമണിഞ്ഞിട്ടുണ്ടാകും എന്നത് തീര്‍ച്ച. ജോണ്‍ ട്രവോള്‍ട്ടയുടെ ഭൂതകാലം അങ്ങിനെയാണ്. ഉദാഹരണത്തിന്, രജനിയോ കമലോ പത്ത് വര്‍ഷങ്ങളായി പടമൊന്നുമില്ലാതിരുന്ന് പെട്ടെന്ന് ഒരു സൂപ്പര്‍ ഹിറ്റ് സ്നിമയില്‍ അഭിനയിക്കുകയാണെന്ന് വിചാരിക്കുക. അതില്‍ രജനി/കമല്‍ എന്നിവരുടെ പ്രവേശനം കാണുന്ന ആരാധകര്‍ക്ക് എന്ത് തോന്നും? അതേ വികാരമാണ് ഈ പാട്ടില്‍ ജോണ്‍ ട്രവോള്‍ട്ട നൃത്തം ചെയ്യുന്നത് കാണുന്ന ആസ്വാദകര്‍ക്ക് ഉണ്ടാകുന്നത്. അതും ആ പാട്ടോ? റോക്ക് & റോളിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകളില്‍ ഒന്നാണത്.

ഈ പാട്ട് ചിത്രീകരിക്കുമ്പോള്‍ ഉമ തര്‍മന് ഭയമായിരുന്നു. ട്രവോള്‍ട്ടയുമായി എങ്ങിനെ നൃത്തം ചെയ്യുമെന്ന്. എന്നാല്‍ ട്രവോള്‍ട്ട ഓരോ സ്റ്റെപ്പായി ഉമയ്ക്ക് പറഞ്ഞ് കൊടുത്തു. ഒപ്പം തന്നെ, പാട്ട് ചിത്രീകരിക്കുമ്പോള്‍ ആ വേദിയെ ചുറ്റി ഉത്സാഹത്തോടെ തുള്ളിച്ചാടി ടരന്റിനോ വന്ന്, അദ്ദേഹം ഓരോ നൃത്തച്ചുവടിന്റേയും പേര് വിളിച്ച് പറഞ്ഞ്, ഉടന്‍ തന്നെ ആ ചുവടുകള്‍ മാറ്റി നൃത്തം ചെയ്തു ട്രവോള്‍ട്ട. എല്ലാം ഓണ്‍ ദ സ്പോട്ട്. ആ നൃത്തമത്സരം തന്നെ Twist നെപ്പറ്റിയാണ്. ജോണ്‍ ട്രവോള്‍ട്ടയോ Twist ഇല്‍ തോല്‍പ്പിക്കാന്‍ പറ്റാത്ത മനുഷ്യനും. അദ്ദേഹത്തിന്റെ എട്ടാമത്തെ വയസ്സില്‍ ഒരു ട്വിസ്റ്റ് നൃത്തമത്സരത്തില്‍ ഒന്നാം സമ്മാനം വാങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഈ രംഗം തുടങ്ങുന്നതിന് മുമ്പ് ടരന്റിനോ ട്രവൊള്‍ട്ടയെ വിളിച്ച് ‘ട്വിസ്റ്റില്‍ നിങ്ങളുടെ കഴിവ് എനിക്കറിയാം; പക്ഷേ ഇതില്‍ ക്ലാസ്സി ട്വിസ്റ്റ് മാത്രമല്ല, ഇപ്പോള്‍ പ്രശസ്തമായ പുതിയ ചില ഇനങ്ങളും കാണിച്ചാല്‍ നന്നായിരിക്കും’ എന്ന് പറഞ്ഞു. അപ്പോള്‍ ട്രവോള്‍ട്ടാ ‘നിങ്ങള്‍ക്ക് എന്താണോ വേണ്ടത് അത് വിളിച്ച് പറഞ്ഞു കൊണ്ടിരിക്കുക. ബാക്കി ഞാന്‍ നോക്കിക്കോളാം’ എന്ന് മറുപടി പറഞ്ഞു.

അന്നത്തെ ദിവസം ആ വേദിയില്‍ ആഘോഷമായിരുന്നു. ജോണ്‍ ട്രവോള്‍ട്ട നൃത്തം ചെയ്യുന്ന കാണാന്‍ എല്ലാവരും തയ്യാര്‍. രംഗം തുടങ്ങുന്നതിന് മുമ്പ് ഉമയ്ക്ക് ട്വിസ്റ്റ് മൂവുകള്‍ ട്രവോള്‍ട്ട പഠിപ്പിച്ച് കൊടുത്തു. പിന്നീട് ചിത്രീകരണം തുടങ്ങി. ടരന്റിനോ ഉറക്കെ വേദിയെച്ചുറ്റിക്കൊണ്ട് ഒരു കുട്ടിയെപ്പോലെ തുള്ളിക്കുതിച്ച് കൊണ്ട് 
‘Watusi!!!’, ‘Hitchhiker!!!’, ‘Batman!!!’എന്നെല്ലാം ട്വിസ്റ്റിലെ ഇനങ്ങള്‍ പറയുമ്പോള്‍, ഉടന്‍ ട്രവോള്‍ട്ട അനായാസമായി സ്വയം മാറ്റുന്നത് വീഡിയോവില്‍ കാണാം.

അങ്ങനെ ഈ സിനിമയിലെ മറക്കാന്‍ പറ്റാത്ത രംഗങ്ങളില്‍ ഒന്നായി ഈ നൃത്തമത്സരം.

(തുടരും)

Click here to read original article

2 comments:

  1. സൂപ്പര്‍ ഫിലിം, പള്‍പ്പ് ഫിക്‌ഷന്‍!

    ReplyDelete
  2. excellent article, waiting for the remaining chapters.

    ReplyDelete