ലിയോനാർഡ് കോഹൻ



ബോബ് ഡിലന് സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചപ്പോൾ, സമ്മിശ്രപ്രതികരണങ്ങൾക്കിടയിൽ, മാദ്ധ്യമങ്ങളുടെ ശ്രദ്ധ ലിയോനാർഡ് കോഹനിലേയ്ക്ക് തിരിഞ്ഞതിൽ അതിശയമൊന്നും ഇല്ലായിരുന്നു. ഗായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായിരിക്കുമ്പോഴും മികച്ച സാഹിത്യകാരൻ എന്നും അദ്ദേഹത്തിനെ ലോകം അംഗീകരിച്ചിരുന്നു. നോവലുകളും കവിതകളുമായി സമ്പന്നമായിരുന്നു കോഹന്റെ എഴുത്തുജീവിതം. ബോബ് ഡിലന് നോബേൽ സമ്മാനം ലഭിച്ചപ്പോൾ കോഹൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഏറ്റവും ഉയരമുള്ള കൊടുമുടിയ്ക്കുള്ള പുരസ്കാരം എവറസ്റ്റിന്റെ നെഞ്ചിൽ പതിയ്ക്കുന്നത് പോലെയാണത്’.

നിരവധി സാഹിത്യപുരസ്കാരങ്ങൾ നേടിയിട്ടുള്ള കോഹൻ മറിച്ചൊരു അഭിപ്രായം പറയാൻ സാധ്യതയില്ലായിരുന്നു. ആറ് പതിറ്റാണ്ട് കാലത്തെ സംഗീത/സാഹിത്യജീവിതം അദ്ദേഹത്തിനെ ലോകത്തിലെ ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളായിത്തീർത്തു. അദ്ദേഹത്തിന്റെ സൃഷ്ടികൾ പോലെത്തന്നെ വ്യത്യസ്തമായിരുന്നു  ജീവിതവും. ആത്മീയതയും ലൈംഗികതയും കൂടിക്കുഴഞ്ഞ രീതിയിലായിരുന്നു ജീവിതം. തന്റെ ജീവിതത്തിനേയും തൊഴിലിനേയും പറ്റി എപ്പോഴും ആശങ്കാകുലനായിരുന്ന കോഹൻ ബുദ്ധിസത്തിൽ അഭയം തേടി. സാമ്പത്തികക്രമക്കേട് സംബന്ധിച്ച് സ്വന്തം മാനേജർ ആയിരുന്ന കെല്ലി ലിഞ്ചിനെതിരെ കേസ് കൊടുത്തപ്പോൾ കോഹൻ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. സംഗീതവും സാഹിത്യവും ഉപാസനയായി സ്വീകരിച്ചിരുന്ന അദ്ദേഹത്തിന്റെ താളം തെറ്റിക്കാൻ ഇത്രയുമെല്ലാം മതിയാവുമായിരുന്നു.

മോണ്ട്രിയലിൽ ഒരു സമ്പന്നന്റെ മകനായി ജനിച്ച കോഹൻ ചെറുപ്പം തൊട്ടേ കവിതയെഴുത്തിൽ പ്രതിഭ പ്രദർശിപ്പിച്ചിരുന്നു. രാജ്യത്തിലെ പ്രതിഭാശാലിയായ യുവ എഴുത്തുകാരിൽ ഒരാളായി കോഹൻ പ്രശസ്തി നേടി. ബിരുദപഠനകാലത്ത് പ്രസിദ്ധീകരിച്ച കവിതാസമാഹാരം ഒട്ടേറേ പ്രശംസകൾ നേടി. തുടർന്നും നോവലുകളും കവിതകളുമായി എഴുത്തുജീവിതത്തിനെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു അദ്ദേഹം. എങ്കിലും തന്റെ സാഹിത്യജീവിതത്തിനെക്കുറിച്ച് വേവലാതികൾ വച്ചുപുലർത്തിയിരുന്നത് കൊണ്ട് പാട്ടെഴുത്തിലേയ്ക്ക് തിരിയുകയായിരുന്നു. ജൂഡി കോളിൻസ് എന്ന ഫോൾക്ക് ഗായികയ്ക്ക് വേണ്ടി എഴുതിയ ഒരു ഗാനം വളരെ പ്രശസ്തമായിത്തീർന്നപ്പോൾ കോഹൻ സംഗീതലോകത്തും അറിയപ്പെടുന്ന പ്രതിഭയായി മാറി.


എങ്കിലും ഡിപ്രഷന് അടിമയായിരുന്ന അദ്ദേഹം ബുദ്ധിസത്തിലേയ്ക്കും പിന്നീട് മുംബൈയിലെത്തി ഹിന്ദു ആത്മീയതയതയിലേയ്ക്കും തിരിഞ്ഞു. അതിനിടയിലായിരുന്നു തന്റെ മാനേജർ സാമ്പത്തികക്രമക്കേട് കാണിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് കോടതി കയറുന്നത്. കേസ് ജയിച്ചെങ്കിലും കോഹന് നഷ്ടപരിഹാരം നേടാനായില്ലെന്നത് വലിയൊരു തിരിച്ചടിയായി. വീണ്ടും സംഗീതലോകത്തെത്തിയ കോഹൻ ഒരു ലോകപര്യടനത്തിലൂടെ ലോകത്തിലെ ഏറ്റവും ആരാധിക്കപ്പെടുന്ന സെലിബ്രിറ്റി ആയി മാറി. അപ്പോൾ അദ്ദേഹത്തിന് എൺപത് വയസ്സ് കഴിഞ്ഞിരുന്നു. ആത്മീയതയും, വിശ്വാസവും, പ്രണയവും, ജീവിതവീക്ഷണവും കലർന്ന ഗാനങ്ങൾ ആസ്വാദകർക്ക് എന്നും വിരുന്നായിരുന്നു.

No comments:

Post a Comment