പിഴച്ച തീരുമാനം


അച്ഛന്റെ പേരു നാരായണൻ എന്നായതുകൊണ്ടു മാത്രം ജയപ്രകാശ് എന്ന നാമധേയനായിത്തീർന്ന ജെപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അയാൾ അന്നും രാവിലെ കൃത്യസമയത്ത് ആപ്പീസിലെത്തി തന്റെ കസേരയിൽ അമർന്നു. പഴയ രീതിയിൽ പ്രവർത്തിയ്ക്കുന്ന ആ സ്ഥാപനത്തിലെ കസേരകൾ പുതിയരീതിയിൽ ഉള്ളവയായിരുന്നു. അതുകൊണ്ടു വല്ലാത്ത മുഷിപ്പു തോന്നുമ്പോഴോ ശൂന്യത അനുഭവപ്പെടുമ്പോഴോ കറങ്ങുന്ന കസേരയുടെ സൌകര്യം ഉപയോഗപ്പെടുത്താമായിരുന്നു. മറ്റെല്ലാം പഴയ രീതിയിൽത്തന്നെ എന്നത് അയാൾക്കു വലയ പ്രശ്നമായി തോന്നിയതുമില്ല.


(ചിത്രീകരണം: ലീനാരാജ്)

ഒരു വർഷമേ ആയിട്ടുള്ളൂ അയാൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അതിനു മുമ്പ് എറണാകുളത്തെ ഒരു തുണിക്കടയിൽ മാനേജറായും അതിനും മുമ്പു തിരുപ്പൂരിലെ ബനിയൻ ഫാക്ടറിയിലെ സൂപ്പർവൈസറായും  പതിറ്റാണ്ടുകൾ ജോലി ചെയ്തിരുന്നു അയാൾ. ആ തൊഴിൽ പരിചയം തന്നെയാണ് ഇപ്പോഴത്തെ ജോലിയിലേയ്ക്കു ക്ഷണിക്കപ്പെടാൻ അയാളെ യോഗ്യനാക്കിയതും. ദോഷം പറയരുതല്ലോ, തന്റെ അനുഭവസമ്പത്തും ആത്മാർത്ഥതയും ഒട്ടും ചോരാതെ സ്ഥാപനത്തിനായി ചെലവഴിയ്ക്കാൻ ജെപി തയ്യാറായിരുന്നു. അതു ചെയ്യുന്നുമുണ്ടായിരുന്നു.

ഐ ആം ജെപി... ജയപ്രകാശ് നാരായണൻ എന്നു പറയുമ്പോൾ ഒഴിഞ്ഞു പോകുന്നതെത്രയെത്ര പ്രതിബന്ധങ്ങൾ!

ചുരുക്കത്തിൽ കാര്യങ്ങളെല്ലാം സുഗമമായി പോകുന്നു. മുതലാളിയും തൊഴിലാളിമാരും സന്തുഷ്ടർ. ജെപിയെക്കൂടാതെ ഒരു അക്കൌണ്ടന്റും (കുമാരപിള്ള) ഒരു ടൈപ്പിസ്റ്റും (സുമതി പി ജോർജ്ജ്) മുപ്പതു ഫീൽഡ് വർക്കേഴ്സും ആ സ്ഥാപനത്തിലുണ്ടായിരുന്നു. ഫീൽഡ് വർക്കേഴ്സിന്റെ ചുമതലയായിരുന്നു അയാൾക്ക്. അതിരാവിലെ തന്നെ ഹൃദയത്തിന്റെ വശത്തു കമ്പനിയുടെ മുദ്ര തുന്നിയ തൂവെള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ച ഫീൽഡ് വർക്കേഴ്സ് അയാൾക്കു മുന്നിൽ ഹാജരാകും (റിപ്പോർട്ട് ചെയ്യുക എന്നാണു പുതിയ ഭാഷ). ഓരോരുത്തരും അന്നു ചുറ്റിത്തിരിയാൻ വിചാരിക്കുന്ന സ്ഥലങ്ങളെപ്പറ്റി അറിയിക്കും. അതു ശരുവയ്ക്കുകയോ മാറ്റുകയോ ചെയ്യുന്നതാണ് അയാളുടെ ഉത്തരവാദിത്തം എന്നും പറയാം.

അതിനിടയിൽ ഫീൽഡ് വർക്കേഴ്സിനിടയിലെ പ്രശ്നങ്ങൾ, തർക്കങ്ങൾ, ദുരനുഭവങ്ങൾ മുതലായവയും ചർച്ചയിൽ വരും. അതെല്ലാം തീരുമാനമാക്കുക എന്ന ഉത്തരവാദിത്തവും അയാൾക്കാണ്. രാവിലത്തെ സമ്മേളനം കഴിയുന്നതോടെ വലിയ ബാഗുകളിൽ വിൽപ്പനയ്ക്കായുള്ള തുണിത്തരങ്ങളുമായി ഫീൽഡ് വർക്കേഴ്സ് കൂട്ടിൽനിന്നും പറക്കുന്ന വെള്ളരിപ്രാവുകളെപ്പോലെ നഗരത്തിന്റെ നാനാഭാഗങ്ങളിലേയ്ക്ക് അപ്രത്യക്ഷരാകും.

വൈകുന്നേരം അവരെല്ലാം തിരിച്ചെത്തുന്നതുവരെ കാര്യമായ ജോലിയൊന്നും അയാൾക്കുണ്ടാകാറില്ല. ചിലപ്പോൾ സെയിൽസ് റിപ്പോർട്ട് തയ്യാറാക്കേണ്ടി വരും. അല്ലെങ്കിൽ കച്ചവടം വർദ്ധിപ്പിക്കാനുള്ള പദ്ധതികളിൽ തീരുമാനം എടുക്കേണ്ടതായും വരും.
ഇത്രയും ദീർഘമായ ആമുഖം ആവശ്യമായി വന്നതു ജെപിയുടെ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ചു വിശദീകരിക്കുന്നതിന്റെ എളുപ്പത്തിനായിരുന്നു.

മുമ്പേ സൂചിപ്പിച്ചതുപോലെ തീരുമാനങ്ങളെടുക്കുക എന്നതു തന്നെയായിരുന്നു അയാളുടെ പ്രധാന കർത്തവ്യം. അതിൽ അയാൾ ഒരു വിശാരദൻ ആയിരുന്നെന്നു മാത്രമല്ല, പലപ്പോഴും സമയോചിതവും ബുദ്ധിപൂർവ്വവുമായ തീരുമാനങ്ങൾ വഴി നഷ്ടസാധ്യതകളെ തട്ടിത്തെറിപ്പിക്കാനും ആയിട്ടുണ്ട്. മുതലാളിയ്ക്ക് അക്കാര്യത്തിൽ ജെപിയെ വലിയ വിശ്വാസവും ബഹുമാനവും ആയിരുന്നു. ആപ്പീസിൽ വന്നു തന്റെ കാബിനുഷ കയറിക്കഴിഞ്ഞാൽ മുതലാളിയ്ക്കു ചോദിക്കാൻ ഒരു കാര്യമേയുണ്ടാകുകയുള്ളൂ: ജേപീ, തീരുമാനമായോ?
അതോടെ പല വിഷയങ്ങളിലെയും തീരുമാനങ്ങൾ ജെപി നിരത്തുകയായി. അതെല്ലാം സശ്രദ്ധം കേട്ട് അംഗീകരിച്ച് ഒപ്പു വയ്ക്കുന്നതു പോലെ മുതലാളി മൂളിക്കഴിയുന്നതോടെ അയാൾ അടുത്ത പ്രശ്നങ്ങൾക്കുള്ള തീരുമാനമെടുക്കാൻ പുറപ്പെടുകയായി.

ആദ്യമേ പറഞ്ഞല്ലോ, ഒരു വർഷമാകുന്നു അയാൾ പ്രസ്തുത സ്ഥാപനത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. തുടക്കത്തിലുണ്ടായിരുന്ന അതേ ഉത്സാഹവും ആത്മാർത്ഥതയും അയാളിൽ നിലനിൽക്കുന്നുണ്ടെന്നു മാത്രമല്ല, ജയപ്രകാശ് നാരായണൻ എന്നാൽ വിശ്വാസിയ്ക്കു ജ്യോത്സ്യനെന്ന പോലെ എല്ലാവർക്കും തീരുമാനങ്ങളെടുക്കാൻ ജെപി വേണമെന്നത് ഒരു ശീലവും കീഴ്വഴക്കവും പോലുമായിക്കഴിഞ്ഞിരുന്നു.
എന്നാൽ ഡിസംബർ മാസത്തിന്റെ പകുതിയോടടുത്തപ്പോൾ തന്നിലെന്തോ വക്കുപൊട്ടലുകൾ സംഭവിക്കുന്നുണ്ടെന്ന തോന്നൽ അയാളിൽ മുളയ്ക്കാൻ തുടങ്ങിയിരുന്നു. അതുകാരണം വൻ അബദ്ധങ്ങളായിത്തീരാവുന്ന ചില തീരുമാനങ്ങൾ അയാൾ എടുക്കാൻ പോയതുമായിരുന്നു. എന്തൊക്കേയോ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ലെല്ലേയുള്ളൂ. തീരുമാനമെടുക്കുക എന്ന തന്റെ ചുമതലയിൽ പരിണമിച്ചു കൊണ്ടിരിക്കുന്ന വിള്ളലുകൾ അയാളേ അത്രയേറെ അലട്ടുന്നുണ്ടായിരുന്നു. ജെപിയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിച്ച മുതലാളിയും ഒന്നുരണ്ടു പ്രാവശ്യം അതിനെപ്പറ്റി പരാമർശിക്കുകയുമുണ്ടായി. ജോലിഭാരം കാരണമാണെങ്കിൽ ഒരു അസിസ്റ്റന്റിനെ വയ്ക്കാനും അനുമതി കൊടുത്തു. അതെല്ലാം പക്ഷേ തന്റെ കഴിവിനെ ചോദ്യം ചെയ്യുന്നതു പോലെയാണു ജെപിയ്ക്കു തോന്നിയതു. ഒരു തീരുമാനമെടുക്കാനാകാതെ അയാൾ കുഴങ്ങിയെന്നു പ്രത്യേകം പറയേണ്ടല്ലോ!

ഈ അപ്രതീക്ഷിതമായ സ്വഭാവമാറ്റത്തിന്റെ തുടക്കം കഴിഞ്ഞ ഓണത്തിനു നാട്ടിൽ പോയപ്പോഴായിരുന്നു എന്നും അയാളോർത്തു. നല്ലപാതിയായ ഗിരിജയും ഒപ്പമുണ്ടായിരുന്നു. ഒരു ദിവസം, ഉത്രാടത്തിന്റെ അന്നാണെന്നു തോന്നുന്നു, ഉച്ചയ്ക്കു തൊടിയിലെ തെങ്ങിൻ ചുവട്ടിൽ കെട്ടിയിട്ടിരിക്കുകയായിരുന്ന പൂവാലിപ്പശുവിനെ തൊഴുത്തിലേയ്ക്കു മാറ്റിക്കെട്ടാൻ അമ്മ ആവശ്യപ്പോഴായിരുന്നു അയാൾ ആദ്യമായി തീരുമാനത്തിന്റെ പ്രതിസന്ധി അനുഭവിച്ചത്. പശുവുനെ തൊഴുത്തിൽ കെട്ടുക എന്ന വളരെ സ്വാഭാവികമായ പ്രവൃത്തി അയാളിൽ സന്ദേഹങ്ങളുടെ അലകളുയർത്തി.

ബന്ധനസ്ഥയായ പശുവിനെ വീണ്ടും ബന്ധിയ്ക്കുന്നതിന്റെ യുക്തിയെന്ത് എന്നായിരുന്നു ആദ്യം തോന്നിയത്. തൊടിയിൽ നിന്നും തൊഴുത്തിലേയ്ക്കു എന്ന പറിച്ചുനടലല്ലാതെ പശുവിനു കാര്യമായ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ല. തൊടിയിലും പുല്ല്, തൊഴുത്തിലും പുല്ല്. ഒന്ന് നൈസർഗികവും ഒന്ന് കൃത്രിമവും. ഒന്ന് ആകാശക്കൂരയും ഒന്ന് മേൽക്കൂരയും എന്നിങ്ങനെ അയാളുടെ മനസ്സിൽ ചോദ്യങ്ങൾ എട്ടുകാലി മുട്ട പോലെ പൊട്ടിപ്പുറപ്പെട്ടു.
ഒരു തീരുമാനമെടുക്കാനാകാതെ അമ്മിക്കല്ലിനരികെ നിൽക്കുകയായിരുന്ന ജെപിയെ ഉണർത്തിയതു ഗിരിജയായിരുന്നു.

എന്തേ പ്രകാശേട്ടാ?’ അവൾ ചോദിച്ചു.

ഒന്നൂല്ല

അല്ല, എന്തോ ഉണ്ട്... പിന്നെന്തിനാ ഇവിടിങ്ങനെ ഒറ്റയ്ക്ക് നിക്കണേ…’
ഒന്നൂല്ലന്ന് പറഞ്ഞില്ലേ,’ അയാളുടെ ശബ്ദം അറിയാതെ ഉയർന്നു പോയി. ഗിരിജ വിടാനുള്ള ഭാവമില്ലായിരുന്നു. അവൾ കുത്തിക്കുത്തിച്ചോദിച്ചു. അവസാനം അയാളെ പ്രശ്നത്തിലാക്കിയ കാര്യം വെളിപ്പെടുത്തുകയും അപ്പോൾത്തന്നെ അവൾ തീരുമാനമെടുക്കുകയും ചെയ്തു. പശുവിനെ തൊഴുത്തിലേയ്ക്കു മാറ്റിക്കെട്ടുക എന്നതായിരുന്നു അത്. അങ്ങിനെ പശു തൊഴുത്തിലായി എന്നു പറഞ്ഞാൽ മതിയല്ലോ.

ഗിരിജയ്ക്കു അതു നിസ്സാരകാര്യമായിരുന്നെങ്കിലും അയാൾക്ക് അതത്ര തൃപ്തികരമായി തോന്നിയില്ല. വീചിതരംഗന്യായേന സംശയങ്ങൾ ഉയരുകയും തീരുമാനമെടുക്കാനാകാതെ വിഷമിക്കുകയും ചെയ്യുന്നത് അനുദിനം മൂർച്ഛിച്ചു വരുന്ന തിക്കുമുട്ടലായി മാറുകയുമായിരുന്നു.
ഒരേ ദിശയിലേയ്ക്കു രണ്ടോ മൂന്നോ ഫീൽഡ് വർക്കേഴ്സ് പോകുമ്പോൾ സ്വാഭാവികമായും തർക്കത്തിനു സാധ്യതയുണ്ട്. അതെല്ലാം വളരെ പെട്ടെന്നു പരിഹരിച്ചു തീരുമാനമെടുക്കാൻ അയാൾക്കു പ്രത്യേക കഴിവും ഉണ്ടായിരുന്നതായി തുടക്കത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. 

എന്നാലിപ്പോൾ ഏതാനും ആഴ്ചകൾക്കു മുമ്പ് അത്തരമൊരു തർക്കത്തിൽ തീരുമാനമെടുക്കാനാകാതെ ഒരു ഏരിയയിലെ മൊത്തം പ്രവർത്തനങ്ങൾ നിലച്ചു പോകുകയും ചെയ്തു. സ്ഥാപനത്തിനെ സംബന്ധിച്ചിടത്തോളം വളരെ ഗൌരവമുള്ള വീഴ്ചയായിരുന്നു അത്.
ജെപിയുടെ ഈ മാറ്റങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്ന മുതലാളി കടുത്ത തീരുമാനങ്ങളൊന്നും എടുക്കാതിരുന്നത് അപ്പോഴും അദ്ദേഹത്തിനു ജേപിയിൽ വിശ്വാസമുണ്ടായിരുന്നതു കൊണ്ടു മാത്രമാണ്. ഒരാളുടെ സമയം മോശമാകുന്നതിന് ഒരു ക്രമമുണ്ടെന്നായിരുന്നു ജെപിയുടെ വിശ്വാസം. അതു മന്ദഗതിയിൽ ആരംഭിച്ചു വീഴ്ത്താനുള്ള കുഴികൾ കുഴിച്ച് ആഴം കൂട്ടിക്കൂട്ടി കാത്തിരിക്കും. കെട്ടിടത്തിനു മുകളിൽ നിന്നും വീഴുന്നതു പോലെയോ വാഹനാപകടം പോലെയോ അല്ല അതു പ്രവർത്തിക്കുക. കുട്ടിക്കാലത്തു ഇടവഴിയിൽ കുഴികുത്തി ചപ്പില കൊണ്ടു മൂടി വഴിപോക്കരെ വീഴ്ത്തുന്നതുപോലെ വളരെ കൃത്യമായ പ്ലാനിംഗ് അതിലുണ്ടാകും. അതിവിദഗ്ദ്ധനായ കായികാഭ്യാസിയെപ്പോലെയാണത്. അടി പറ്റിയതു തിരിച്ചറിയുമ്പോഴേയ്ക്കും ഒരു തിരിച്ചു പോക്കില്ലാത്ത വിധം ശരീരത്തിനേയും മനസ്സിനേയും കവർന്നെടുത്തു അജ്ഞാതകേന്ദ്രങ്ങളിലേയ്ക്കു ഒളിപ്പിച്ചു കടത്തുകയും ചെയ്യും.

ഓർത്തപ്പോൾത്തന്നെ അയാൾക്കു ശരീരത്തിലൂടെ വൈദ്യുതി പാഞ്ഞു. മുതലാളിയുടെ പെരുമാറ്റത്തിലെ ചില മാറ്റങ്ങൾ എന്തിന്റെയൊക്കേയോ സൂചനകളാണെന്ന് അയാൾക്കു തോന്നിത്തുടങ്ങിയിരുന്നു. മുമ്പൊക്കെ താൻ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ ഒന്നു മറിച്ചുനോക്കുക പോലും ചെയ്യാത്ത മതലാളിയിപ്പോൾ അതെല്ലാം പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. തൊഴിലാളിയുടെ കഴിവിൽ വിശ്വാസം കുറയുമ്പോഴോ കള്ളത്തരം മണക്കുമ്പോഴോ ആണല്ലോ അങ്ങിനെ സംഭവിക്കുക! ഫീൽഡ് വർക്കേഴ്സ് പോലും ഇപ്പോൾ തീരുമാനങ്ങൾക്കായി വരാതായിട്ടുണ്ട്.
ഒരു ദിവസം വൈകുന്നോരം മുതലാളി തന്റെ ക്യാബിനിലേയ്ക്കു വിളിപ്പിച്ചപ്പോഴേ പ്രതീക്ഷിച്ചിരുന്ന ഒരു പൊട്ടിത്തെറിയുടെ അവസാനം അയാൾ ഉറപ്പിച്ചു. മേശപ്പുറത്തു കൈകളൂന്നി മുഖം കുനിച്ചിരിക്കുകയായിരുന്നു മുതലാളി.

ജെപീ, എന്തൊക്കെയാ വിശേഷങ്ങൾ?’

കുഴപ്പമൊന്നുമില്ല സാർ

സെയിൽസൊക്കെ നോക്കാറുണ്ടോ?’

അതെന്താണ് സാർ അങ്ങിനെ ചോദിച്ചത്?’

അല്ലാ, ഈയ്യിടെയായി ജെപിയ്ക്ക് അതിനൊന്നും സമയമില്ലാത്തത് പോലെ

ഒന്നും മിണ്ടാതിരിക്കാനേ അയാൾക്കു കഴിഞ്ഞുള്ളൂ. അല്ലാതെന്തു ചെയ്യാൻ. ഇത്തരം തരുണങ്ങളിൽ എന്തു പറഞ്ഞാലും അതു തനിയ്ക്കു വിപരീതമായേ വരൂയെന്ന് ഇത്രയും കാലത്തെ അനുഭവങ്ങൾ അയാളെ പഠിപ്പിച്ചിരുന്നു.

ഉം... ഒന്ന് ശ്രദ്ധിക്കണം എന്ന് പറയാൻ വിളിപ്പിച്ചതാണ്. ജെപി പൊയ്ക്കോളൂ...

തന്നേക്കാൾ വളരെ പ്രായക്കുറവുള്ള മുതലാളി തന്നെ കുറ്റപ്പെടുത്തിയതു പോലെ സംസാരിക്കുന്നു. അത്തരം അവസ്ഥയുണ്ടാകുന്നത് ആർക്കാണെങ്കിലും എത്ര വിഷമകരമായിരിക്കും.

അന്നു വൈകിയാണ് അയാൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. ഫീൽഡ് വർക്കേഴ്സ് വർത്തമാനത്തിനൊന്നും നിൽക്കാതെ ബാഗുകൾ ഏൽപ്പിച്ചു പോയി. ഇരുൾ വീണപ്പോൾ അയാൾ വീട്ടിലേയ്ക്കു നടന്നു.

പൂനിലാവ് ഉദിച്ചു നിൽക്കുന്നുണ്ടായിരുന്നു. എവിടെനിന്നോ തണുപ്പും കൊണ്ടു വരുന്ന കാറ്റ്. മുറ്റത്തു വേലിയ്ക്കരികിലെ പവിഴമല്ലി മാദകഗന്ധം പൂശിയിട്ടുണ്ടായിരുന്നു. ഗിരിജ അന്നു രാത്രി അയാൾക്കു വളരെ പ്രിയമുള്ള വിഭവങ്ങൾ അത്താഴത്തിനൊരുക്കിയിരുന്നു. എന്നിട്ടും അയാൾക്ക് ഒട്ടും സന്തോഷം തോന്നിയില്ല.

ഓർമ്മുയുണ്ടോ, അന്നൊരു ദിവസം ഗ്രന്ഥശാലയിൽ വച്ച് ഞാൻ ചോദിച്ചത്?’ ഗിരിജ ഏതോ ഓർമ്മിയിലേയ്ക്ക് അയാളെ ക്ഷണിച്ചു.

ഉം, മറക്കാൻ പറ്റ്വോ...

അതിങ്ങനെയായിരുന്നു: നാടറിയുന്ന അവരുടെ പ്രണയം ഉത്തുംഗശൃംഘത്തിലായിരുന്നു. ഇരുവീട്ടുകാരും അതിനെച്ചൊല്ലി വഴക്കും വക്കാണവും. ഗിരിജയെ എത്രയും വേഗം വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. പ്രതിരോധം കൊണ്ട് അധികകാലം തുടരാനാവില്ലെന്നറിഞ്ഞപ്പോൾ അവൾ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഗ്രന്ഥശാലയിലെത്തി. ജെപി അവിടെയേ കാണൂയെന്ന് അവൾക്കുറപ്പായിരുന്നു.

ദേ... എനിക്കിനി കാത്തുനിൽക്കാനാവില്ല...ഇപ്പൊത്തന്നെ ഒരു തീരുമാനമെടുക്കണം... അവൾ പറഞ്ഞു.

എന്റെ പേരു ജയപ്രകാശ് നാരായണനെന്നാണെങ്കി എനിക്കൊരു തീരുമാനമേയുള്ളൂ...

അപ്പോൾത്തന്നെ, ഉടുത്ത തുണിയോടെ അവർ നാടുവിട്ടു. ഉറച്ച തീരുമാനങ്ങളുടെ ആളുകളായിരുന്നു ഇരുവരും. അതുകൊണടു തന്നെ പ്രതിസന്ധികളെ പുഷ്പം പോലെ തരണം ചെയ്തു വിജയകരമായ ദാമ്പത്യജീവിതത്തിന്റെ ഉദാഹരണങ്ങളായിത്തീർന്നു അവർ, കുട്ടികളില്ലെങ്കിലും.

ആ ആളായിപ്പോ ഇങ്ങലെ വിഷമിച്ചിരിക്കുന്നത്?’

ആകെ വല്ലാത്ത പോലെ...

ഒക്കെ ശരിയാവൂന്നേ...

അങ്ങിനെ ആശ്വസിപ്പിച്ചും തലോടിയും ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ജെപിയുടെ പ്രശ്നത്തിനു തീരുമാനം ആയില്ലെന്നു മാത്രമല്ല അനുദിനം വഷളാകുകയായിരുന്നു. തന്നെക്കുറിച്ചുള്ള പരാതികൾ മുതലാളിയ്ക്കു ലഭിക്കുന്നുണ്ടെന്നും അറിഞ്ഞപ്പോൾ നിരായുധനായിപ്പോയി അയാൾ.

ജെപി, ഐ തിങ്ക് യൂ ആർ അൺഫിറ്റ് ഫോർ മാനേജിംഗ് ദീസ് പീപ്പിൾ മുതലാളി പറഞ്ഞു. ദേഷ്യം വരുമ്പോൾ മാത്രം പതിഞ്ഞ ശബ്ദത്തിൽ ഇംഗ്ലീഷ് സംസാരിക്കാറുള്ള പ്രകൃതക്കാരനാണു മുതലാളിയെന്ന് അയാളേക്കാൾ നന്നായി ആർക്കാണറിയാവുന്നത്. സ്വമേധയാ ജോലിയിൽ നിന്നും വിരമിക്കുന്നതായി അറിയിച്ച് അയാൾ പടിയിറങ്ങി.
ജയപ്രകാശ് നാരായൺ ആരായിരുന്നെന്നറിയാമോ?’ അക്കൌണ്ടന്റ് കുമാരപിള്ള ചോദിച്ചു. വിടപറച്ചിലിന്റെ ഭാഗമായി ഒരു ബാറിൽ കയറിയിരിക്കുകയായിരുന്നു അവർ.

കേട്ടുമടുത്ത കഥ പോലെ അയാൾ വിരസമായി തലയാട്ടി.
താനായിട്ട് ആ പേരിന് കളങ്കമുണ്ടാക്കരുത്... കുമാരപിള്ള പറഞ്ഞു. പ്രായത്തിൽ മൂത്തയാളായതിനാൽ ജെപി ഒന്നും മിണ്ടാതിരുന്നു.
കുറച്ചു ദിവസം നാട്ടിൽ പോയി നിൽക്കാമെന്നു പറഞ്ഞതു ഗിരിജയാണ്. അതു നല്ലതാണെന്ന് അയാൾക്കും തോന്നി. അച്ഛനു തീരെ വയ്യാതിരിക്കുകയാണ്. മാത്രമല്ല നാട്ടിൽ ഒരു മിടുക്കൻ വൈദ്യനുമുണ്ട്. കിടന്ന കിടപ്പിലായിരുന്ന അച്ഛനെ എഴുന്നേറ്റിരുന്നു സ്വന്തമായി കുഴമ്പു തേയ്ക്കാവുന്ന വിധത്തിലാക്കിയത് അയാളാണ്. തന്റെ പ്രശ്നത്തിനും അയാൾ എന്തെങ്കിലും പരിഹാരം കാണാതിരിക്കില്ല.

വാർദ്ധക്യം വാടിച്ചു കളഞ്ഞിരുന്നു നാരായണനെ. പുറത്തേയ്ക്കൊന്നും ഇറങ്ങാറില്ല. മിക്കവാറും കിടപ്പു തന്നെ. രാവിലെ കുറച്ചു നേരം ഇരുന്നു കാൽമുട്ടുകളിൽ കുഴമ്പു പുരട്ടിയിരിക്കും. വേറെ ചലനങ്ങളൊന്നുമില്ല.

എന്നാലും ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല ജെപിയ്ക്ക്. അമ്മയും ഗിരിജയും എവിടെയോ പോയിരുന്ന തക്കമായിരുന്നു. അച്ഛൻ കാലിലെ കുഴമ്പിന്റെ തിളക്കത്തിലേയ്ക്കു കണ്ണും നട്ടിരിക്കുന്നു. ജെപി അടുത്തേയ്ക്കു ചെന്നു.

അച്ഛാ...

എന്താടാ ജേപ്പീ?’

എനിക്കെന്തിനാ ജയപ്രകാശ് എന്ന് പേരിട്ടത്?’

ഓ...അതൊരു കഥയാടാ...

പറയ്...എനിക്കറിയണം...

എന്റച്ഛൻ എനിക്ക് നാരായണന്ന് പേരിട്ടു... നീയൊണ്ടായപ്പോ എല്ലാരും പറഞ്ഞു ജയപ്രകാശെന്ന്...

അതിന്?’

എല്ലാരും കൂടെ ജയപ്രകാശെന്ന് വിളിച്ചപ്പോ എനിക്കൊരു തീരുമാനമെടുക്കാൻ പറ്റീല്ലെടാ...

അപ്പോൾ അകത്തളത്തിലെവിടെയോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടതുപോലെ തോന്നി ജയപ്രകാശിന്!

(സമകാലിക മലയാളം വാരിക, നവംബർ 2017)

സ്പൈഡറും മുരുഗദാസും മഹേഷ് ബാബുവും...



ഹൈദരാബാദ് വാസക്കാലത്ത് വളരെ കുറച്ചു തെലുഗു സിനിമകളേ തിയ്യറ്ററിൽ പോയി കണ്ടിട്ടുള്ളൂ. തെലുഗു സുഹൃത്തുക്കൾ ടിക്കറ്റ് എടുക്കാമെന്നു പറഞ്ഞാലും സ്നേഹപൂർവ്വം നിരസിക്കുകയേയുള്ളൂ. നിർബന്ധം സഹിച്ച് തിയ്യറ്ററിൽ പോയപ്പോഴെല്ലാം തലവേദനയും ഓക്കാനവും കൊണ്ടേ തിരിച്ചു വന്നിട്ടുള്ളൂ. ശബ്ദമലിനീകരണം ആദ്യത്തെ കാരണം. ആൾക്കൂട്ടത്തിനിടയിൽ അകപ്പെടുമ്പോൾ തല കറങ്ങുന്ന പ്രശ്നം (എന്തോ മാനിയ) ഉള്ളതിനാൽ പത്തുനൂറു പേർ ഭീകരപാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് കണ്ടാൽ ആകെ പ്രശ്നമാകും. നിർഭാഗ്യവശാൽ കണ്ടതിൽ മിക്കവാറും സിനിമകളിലും നൃത്തക്കാരുടെ തിരക്ക് അധികമായിരുന്നു. വയലൻസ് അതിനപ്പുറം. തെലുഗു കൂട്ടുകാർ അതെല്ലാം ആസ്വദിക്കുന്ന കൂട്ടരാണ്. പൊതുവേ അവിടത്തുകാർ ആഘോഷങ്ങളുടെ ആൾക്കാരാണ്. പരമാവധി ഒച്ചയുണ്ടാക്കുക എന്നതാകുന്നു അവരുടെ ആഘോഷം. അതിരിക്കട്ടെ!

തെലുഗു സിനിമയിൽ ലോജിക് തിരയുന്നവർ കാലം തെറ്റിപ്പിറന്നവരത്രേ. ഇടി, ഡാൻസ്, ഇടി ഡാൻസ് പിന്നെ പുട്ടിന് പീര പോലെ തകർപ്പൻ ഡയലോഗുകൾ. കഥാപാത്രങ്ങളെല്ലാം ചെവിപൊട്ടന്മാരാണോയെന്നു സംശയം തോന്നും ഡയലോഗ് ഡെലിവെറി കേട്ടാൽ. പോട്ടെ, അവർക്ക് അതൊക്കെ കൈയ്യടിക്കാനുള്ളതാണ്.

ഇതിനിടയിലും അപവാദങ്ങൾ ഇല്ലെന്ന് പറഞ്ഞൂടാ. രസിച്ചു കണ്ട തെലുഗു സിനിമകളും ഉണ്ട്. സിദ്ധാർഥിന്റെ ബൊമ്മരില്ലു, നുവ്വൊസ്താനണ്ടെ നേനൊദ്ദണ്ടാനാ എല്ലാം തരക്കേടില്ലാത്ത സിനിമകളായിരുന്നു. ആക്ഷൻ സിനിമകളിൽ കണ്ടിരിക്കാവുന്ന ആൾ മഹേഷ് ബാബുവിന്റെ സിനിമകൾ തന്നെ. ഒക്കഡു, അതഡു, കൌബോയ് സിനിമയായ തക്കാരി ദൊംഗ, പോക്കിരി, എല്ലാം തലവേദന സമ്മാനിക്കാത്തതും കണ്ടിരിക്കാവുന്നതുമായ സിനിമകൾ ആയിരുന്നു. തെലുഗു സിനിമയിൽ കുറച്ചു ബോധം ഉള്ള നടനും ആണ് മഹേഷ് ബാബു എന്നും തോന്നിയിട്ടുണ്ട്. റീമേയ്ക്കുകളിൽ അഭിനയിക്കാൻ താല്പര്യമില്ല എന്ന അദ്ദേഹത്തിന്റെ അഭിപ്രായമെല്ലാം നല്ലതായി തോന്നിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് കണ്ട അർജുൻ റെഡ്ഡിയും ക്ലൈമാക്സ് ഒഴിച്ചാൽ നല്ല സിനിമയായിരുന്നു.
ഏ ആർ മുരുഗദാസിനെപ്പറ്റി പണ്ടേ അഭിപ്രായമില്ല. ഓവർറേറ്റഡ് ആയ സംവിധായകനായിട്ടേ അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞിട്ടുള്ളൂ. നമ്മടെ പ്രിയദർശനെപ്പോലെയാണ് അദ്ദേഹം. പേരു കേൾക്കുമ്പോൾ സിനിമാലോകം എഴുന്നേറ്റു നിൽക്കും. പടൈപ്പുകളൊക്കെ ഒരുമാതിരി ആയിരിക്കുകയും ചെയ്യും. ആ മുരുഗദാസ് മഹേഷ് ബാബുവിനെ നായകനാക്കി സിനിമ, അതും തമിഴിൽ, ചെയ്യുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നിയത് മഹേഷ് ബാബു എന്ന ആകർഷണം കൊണ്ടു മാത്രമായിരുന്നു. വിജയിനെ വച്ച് മാസ് സിനിമകൾ (മാസ് ഗാർബേജുകൾ) സംവിധാനം ചെയ്ത് പരിചയമുള്ള മുരുഗദാസ് മഹേഷേട്ടനെ എങ്ങിനെ അവതരിപ്പിക്കും എന്ന കൌതുകവും ഉണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷകൾക്ക് വിപരീതമായി ഒന്നും സംഭവിച്ചില്ല. മഹേഷേട്ടൻ തല വച്ചു കൊടുത്തു എന്നേ പറയാനുള്ളൂ.
ആക്ഷൻ സിനിമയിൽ (സിനിമയിൽത്തന്നെ) ലോജിക് തേടരുതെന്ന് സ്വയം പഠിപ്പിച്ച ശീലമാണ്. പക്ഷേ, മഹേഷ് ബാബുവിന്റെ ഞാൻ കണ്ടിട്ടുള്ള സിനിമകൾ അത്രയ്ക്കൊന്നും പ്രശ്നപൂരിതമായിരുന്നില്ല. ആ കുറവ് നികത്താൻ മുരുഗദാസിനായി, സ്പൈഡർ എന്ന സിനിമയിലൂടെ.
എസ് ജെ സൂര്യയുടെ കഥാപാത്രം ഡിസ്നി കാർട്ടൂണുകളിലെ വില്ലന്മാരെപ്പോലെയായിപ്പോയി. നന്നായി ജോലി ചെയ്തിട്ടുണ്ട് സൂര്യ. സൈക്കോ വില്ലൻ ഒരുതരം പ്രത്യേക ശബ്ദത്തിൽ നാടകശൈലിയിൽ സംസാരിക്കണമെന്ന് ഉണ്ടോ ആവോ. അവസാനം ബാറ്റ്മാനിലെ ജോക്കറുടെ രൂപമെല്ലാം തോന്നുന്നുണ്ട് സുടലൈയ്ക്ക്. പാറയുരുട്ടലും ആശുപത്രി തകർക്കലും അവസരം കിട്ടുമ്പോൾ പാട്ടുകളും (അല്ലാ, ആ നായിക എന്തിനായിരുന്നു? ആകെ ഒരു നിർണ്ണായക ക്ലൂ കൊടുക്കുക മാത്രമേ മൊത്തം സിനിമയിൽ ആ കുട്ടി ചെയ്തിട്ടുള്ളൂ).
സ്പൈഡർ എത്രത്തോളം മുഷിപ്പിച്ചെന്നും നിരാശപ്പെടുത്തിയെന്നും വിശദീകരിക്കാൻ വയ്യ. ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം, മഹേഷ് ബാബുവിനു പകരം വിജയിനെ നായകനാക്കിയിരുന്നെങ്കിൽ ഉപകാരപ്പെട്ടേനേം. സിനിമ കാണുകേം വേണ്ട, ഉൽക്കയെ പിടിച്ചു നിർത്തിയാലും അതിശയിക്കുകയും വേണ്ട.

എന്നാലും ന്റെ മഹേഷ് ബാബു അണ്ണയ്യാ, മീരു എന്തുക്കു എലാ ചേസാരു???


സ്വപ്നങ്ങൾ കൈവിടാത്ത കെന്നഡി, അല്ല വിക്രം


നിറഞ്ഞ കരഘോഷം, സദസ്സിലുള്ളവരുടെ മുഖങ്ങളില്‍ ആഹ്ലാദം. ഓടി വന്ന് 'കലക്കി' എന്ന് പറഞ്ഞ കോളേജ് വിദ്യാര്‍ഥിനി. അത്രയും മതിയായിരുന്നു കെന്നഡിയ്ക്ക് മനസ്സ് നിറയാന്‍. 1986 ല്‍ ചെന്നൈ ഐഐറ്റിയില്‍ ആയിരുന്നു കാണികളുടെ പ്രശംസകള്‍ ഏറ്റു വാങ്ങിയ കെന്നഡിയുടെ പ്രകടനം. ആ നാടകമത്സരത്തില്‍ ലയോള കോളേജ് വിദ്യാര്‍ഥിയായ കെന്നഡി മികച്ച നടനുള്ള പുരസ്‌കാരം നേടി.

ചെറുപ്രായം തൊട്ടേ കെന്നഡിയ്ക്ക് അഭിനയത്തിനോട് ഭ്രമമായിരുന്നു. ഏര്‍ക്കാട് മൗണ്ട് ഫോര്‍ട്ട് സ്‌കൂളില്‍ മൂന്നം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌റ്റേഡ് പെര്‍ഫോര്‍മന്‍സ് കാണിച്ച് എല്ലാവരേയും അതിശയിപ്പിക്കുമായിരുന്നു. കൈയടി കേള്‍ക്കുന്നത് ലഹരിയായിരുന്നു അവന്. ഒരു നടനായാലേ ഇങ്ങനെ കൈയടി കേള്‍ക്കാന്‍ സാധിക്കൂയെന്ന് കെന്നഡിയ്ക്ക് ആ പ്രായത്തില്‍ തന്നെ തോന്നിയിരുന്നു.\


അഭിനയം എന്ന സ്വപ്‌നവുമായാണ് അവന്‍ വളര്‍ന്നത്. ഒട്ടേറെ കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ ചെന്നൈ ലയോള കോളേജില്‍ പഠിക്കുമ്പോള്‍ സിനിമകളില്‍ താന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കൈയടികള്‍ മുഴങ്ങുന്നത് മാത്രമായിരുന്നു മനസ്സില്‍. അതേ ഉത്സാഹത്തോടെ ഒരു ദിവസം കൂട്ടുകാരന്‌റെ ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഗവര്‍ണറുടെ ബംഗ്ലാവിന്‌റെ അരികിലെ ഒരു വളവ്. ചെറുപ്പത്തിന്‌റെ ആവേശത്തില്‍ അല്പം വേഗത്തിലായിരുന്നു കൂട്ടുകാരന്‍ ബൈക്ക് ഓടിച്ചിരുന്നത്.

പ്രതീക്ഷിക്കാതെ എതിര്‍വശത്തു നിന്നും ഒരു ലോറി വന്നു. അപകടം ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചതാണ്. ചോരയൊലിപ്പിച്ച് നടുറോഡില്‍ കിടന്നു കെന്നഡി. ആ വഴിയ്ക്ക് കാറില്‍ വന്ന ഏതോ കൂട്ടുകാര്‍ കെന്നഡിയെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചു. കാലുകള്‍ക്ക് സാരമായ പരുക്ക്. കാല്‍ മുറിച്ചു കളഞ്ഞാലേ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂയെന്ന് ഡോക്ടര്‍.

'എത്ര ചെലവായാലും കുഴപ്പമില്ല. എന്‌റെ മകന്‍ പഴയപോലെ ആകണം' എന്നു പറഞ്ഞ് കെന്നഡിയെ ചെന്നൈയിലെ ഒരു പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി കെന്നഡിയുടെ അമ്മ.

ഒരു അഭിനേതാവിനു കാലുകള്‍ പ്രധാനമാണ് എന്ന് കെന്നഡിയുടെ അമ്മ അന്ന് ധൈര്യപൂര്‍വം പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് 'ചീയാന്‍' വിക്രം എന്ന താരം ഉണ്ടാകുമായിരുന്നില്ല. ആ അപകടത്തില്‍ നിന്നും കെന്നഡി കരകയറിയത് മറ്റൊരു കഥ. കൂട്ടുകാരും മാതാപിതാക്കളും നല്‍കിയ ധൈര്യവും പിന്തുണയും കെന്നഡിയെ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിച്ചു.

വിക്രം അഭിനയിച്ച 'ദില്‍' എന്ന സിനിമയില്‍ ഈ സംഭവങ്ങള്‍ അതേപടി എടുത്തിട്ടുണ്ട്. പൊലീസ് ആകാന്‍ ആഗ്രഹിക്കുന്ന നായകന്‌റെ കാലുകള്‍ ഒരു ദിഷ്ടന്‍ പൊലീസ് അടിച്ചൊടിയ്ക്കുന്നു. കൂട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് അയാളെ പഴയപടിയാക്കുന്നു. വിക്രത്തിന്‌റെ ജീവിതത്തിലെ ഒരു ഭാഗമായിരുന്നു അത്.

അദ്ദേഹത്തിന്‌റെ ജീവിതത്തിലെ പല സംഭവങ്ങളും അതേ പോലെ സിനിമയിലും വന്നിട്ടുണ്ടെന്നുള്ളത് യാദൃച്ഛികം തന്നെ. ആ അപകടം കുറച്ചു കാലത്തേയ്ക്ക് സ്വപ്‌നങ്ങളെ വൈകിച്ചു എന്നതല്ലാതെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം നടക്കാന്‍ ആഗ്രഹിച്ചതേ അഭിനയമോഹം കാരണമായിരുന്നു. പഴയപോലെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു പരസ്യ കമ്പനിയില്‍ കോപി റൈറ്റര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങി.

ആ സമയത്ത് ചില ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനിച്ചു. ദൂരദര്‍ശന്‍ സീരിയലുകളില്‍ മുഖം കാണിച്ചു. അഭിനയിക്കാന്‍ കിട്ടിയ ഒരു അവസരവും പാഴാക്കിയില്ല. അപ്പോഴാണ് ഒരു ചെറിയ ബജറ്റ്് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വരുന്നത്. 'എന്‍ കാതല്‍ കണ്‍മണി' എന്നായിരുന്നു വിക്രം അഭിനയിച്ച് ആദ്യത്തെ സിനിമയുടെ പേര്. 

സിനിമ പകുതിയായപ്പോഴേയ്ക്കും ബജറ്റ് പ്രശ്‌നം കാരണം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. തന്‌റെ സ്വപ്‌നങ്ങള്‍ നടക്കില്ലയെന്ന തോന്നലില്‍ വിഷമിക്കുമ്പോഴാണ് സംവിധായകന്‍ ശ്രീധര്‍ തന്‌റെ പുതിയ സിനിമയിലേയ്ക്ക് പുതുമുഖങ്ങളെ തേടുന്നതായി അറിയുന്നത്. ശ്രീധറിനെ കണ്ട് സംസാരിച്ച കെന്നഡിയ്ക്കു തന്നെ ആ വേഷം കിട്ടി. ആ സിനിമയാണ് 'തന്തുവിട്ടേന്‍ എന്നൈ'. പടം എട്ടുനിലയില്‍ പൊട്ടി.

എന്നാലും തളരാതെ അവസരങ്ങള്‍ക്കായി ശ്രമിച്ചു കൊണ്ടിരുന്നു കെന്നഡി. അടുത്ത സിനിമയും പ്രശസ്ത സംവിധായകന്‌റെ ആയിരുന്നു. എസ് പി മുത്തുരാമന്‌റെ 'കാവല്‍ഗീതം'. ആ സിനിമയും വിജയിച്ചില്ല. മൂന്നാമത്തെ സിനിമയായിരുന്നു പി സി ശ്രീരാം സംവിധാനം ചെയ്ത 'മീര'.

ഇളയരാജയുടെ ഈണത്തില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകളും സാങ്കേതികമികവും ഉണ്ടായിരുന്നിട്ടും ആ സിനിമയും വിജയിച്ചില്ല. എന്നാലും വിക്രം എന്ന നടന്‌റെ അഭിനയമികവ് വെളിപ്പെടുത്തിയ ആദ്യത്തെ സിനിമ എന്നു മീരയെ വിശേഷിപ്പിക്കാം. പിന്നെ മലയാളം, തെലുങ്ക് സിനികളില്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു. മണി രത്‌നത്തിന്‌റെ ബോംബേ എന്ന സിനിമയില്‍ ആദ്യം നിശ്ചയിച്ചിരുന്നത് വിക്രമിനെ ആയിരുന്നു. പക്ഷേ, മനീഷ കൊയ് രാളയും വിക്രമും ചേര്‍ന്നുള്ള ഫോട്ടോ ഷൂട്ടില്‍ മണി രത്‌നത്തിനു തൃപ്തി വന്നില്ല. അങ്ങിനെ ആ അവസരം നഷ്ടപ്പെട്ടു.
മണി രത്‌നം പിന്നീടൊരിക്കല്‍ തന്നെ വിളിക്കുമെന്ന പ്രതീക്ഷയില്‍ അഭിനയം, സംഘട്ടനം, നൃത്തം എന്നിവ പരിശീലിച്ചു കൊണ്ടിരുന്നു വിക്രം. അപ്പോള്‍ അജിത്, അബ്ബാസ്, പ്രഭുദേവ തുടങ്ങിയവര്‍ക്കായി ഡബ്ബിംഗും ചെയ്തിരുന്നു. ഏതെങ്കിലും ഒരു ദിവസം തനിക്കായി ഒരിടം സിനിമയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയും വച്ചു പുലര്‍ത്തിയിരുന്നു.

ബാലു മഹേന്ദ്രയുടെ 'സേതു' എന്ന സിനിമയിലൂടെ വിക്രം അത് നേടി. അദ്ദേഹത്തിനെ മികച്ച നടനായി തമിഴകം അംഗീകരിച്ചു. തന്‌റെ പത്തു വര്‍ഷത്തെ പോരാട്ടം ആയിരുന്നു സേതുവിലൂടെ വിക്രം നേടിയെടുത്തത്.

അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് മണി രത്‌നം പറഞ്ഞയച്ച വിക്രം പിന്നീട് അദ്ദേഹത്തിന്‌റെ തന്നെ രാവണന്‍ എന്ന സിനിമയില്‍ നായകനായി. അതിരിക്കട്ടെ, കെന്നഡി എങ്ങിനെ വിക്രം ആയി എന്നതാണല്ലോ ചോദ്യം. കെന്നഡിയെ ചെറുപ്പത്തില്‍ എല്ലാവരും കെന്നി എന്നായിരുന്നു വിളിച്ചിരുന്നത്. കുട്ടിക്കാലത്ത് അത് പ്രശ്‌നമില്ലായിരുന്നു. പക്ഷേ, മുതിര്‍ന്നപ്പോള്‍ അത് തനിയ്ക്കു ചേരില്ലെന്ന് കെന്നഡിയ്ക്കു തോന്നി.

അച്ഛന്‌റെ പേര് ആല്‍ബര്‍ട്ട് വിക്ടര്‍. അമ്മയുടെ പേര് രാജേശ്വരി. അച്ഛന്‌റെ പേരിലെ 'വിക്' (Vik) അമ്മയുടെ പേരിലെ 'രാ'
(Ra) എന്നിവ എടുത്ത് വിക്രം എന്നാക്കുകയായിരുന്നു. മറ്റൊരു കാര്യം കൂടി പറയാന്‍ മറന്നു. അന്ന് കോളേജില്‍ വച്ച് കൈ കൊടുത്ത വിദ്യാര്‍ഥിനിയില്ലേ, അവര്‍ തന്നെയാണ് വിക്രമിന്‌റെ നല്ലപാതി ഷൈലജ.





പുഴു മുതൽ വാലാട്ടിപ്പട്ടി വരെ: അർണബിന്റെ റിപ്പബ്ലിക്കിലെ മൃഗങ്ങൾ


അര്‍ണബ് ഗോസ്വാമിയുടെ ചാനല്‍ ചര്‍ച്ചകള്‍ അതിരുവിട്ടുള്ള ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും പ്രശസ്തമാണ്. അര്‍ണാബിന്‌റെ നിലപാടുകള്‍ക്കു വിരുദ്ധമായതൊന്നും സ്വീകാര്യമല്ല അല്ലെങ്കില്‍ രൂക്ഷമായി ആക്രമിക്കപ്പെടും എന്നതു തന്നെയാണു ചര്‍ച്ചകളുടെ പൊതുസ്വഭാവം. 2015 ല്‍ ഇത്തരം ഒരു ചര്‍ച്ചയ്ക്കു ശേഷം അഭിഭാഷകയായ വൃന്ദ ഗ്രോവറും മനുഷ്യാവകാശ പ്രവര്‍ത്തകയായ കവിതാ കൃഷ്ണനും ടൈംസ് നൗ ചാനല്‍ ബഹിഷ്‌കരിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.

അന്ന് അര്‍ണാബിന്‌റെ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ കേട്ട ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഒരു തുറന്ന കത്തും എഴുതിയിരുന്നു. തുടക്കം മുതലേ ആക്റ്റിവിസ്റ്റുകള്‍ക്കു അവരുടെ വീക്ഷണങ്ങള്‍ പറയാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു എന്നും വിദ്വേഷപ്രസംഗം മാത്രമായിരുന്നു അഴിച്ചു വിട്ടതെന്നും അതില്‍ പറയുന്നുണ്ട്.

'ആക്റ്റിവിസ്റ്റുകളെ തുടര്‍ച്ചയായി ദേശദ്രോഹികള്‍ എന്നും ദേശവിരോധികള്‍  എന്നും മുദ്ര ചാര്‍ത്തുന്നതും വിദ്വേഷം നിറഞ്ഞ വാക്കുകള്‍ ഒരു പ്രമുഖ ചാനലിലൂടെ ഉപയോഗിക്കുന്നതും ഗൗരവമുള്ള അനന്തരഫലങ്ങള്‍ ഉണ്ടാക്കും,' എന്നു ആ കത്തില്‍ പറയുന്നു.

ടൈംസ് നൗ ചാനല്‍ ശ്രദ്ധ പിടിച്ചു പറ്റിയത് അര്‍ണാബിന്‌റെ ന്യൂസ് അവറിലൂടെയാണെന്നു പറഞ്ഞാലും തെറ്റില്ല. തന്‌റെ അഭിപ്രായങ്ങള്‍ പ്രേക്ഷകരിലേയ്ക്കു അടിച്ചേല്‍പ്പിക്കുന്ന തരത്തിലായിരുന്നു അര്‍ണാബ് തന്‌റെ പ്രോഗ്രാം രൂപകല്‍പന ചെയ്തിരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ വന്നിരുന്നെങ്കിലും അര്‍ണാബ് ഇന്ത്യന്‍ വാര്‍ത്താ മാദ്ധ്യമരംഗത്തെ അതികായനായി മാറി. സ്വയം ഒരു ബ്രാന്‌റ് ആയി മാറിയ അര്‍ണാബ് ടൈംസ് നൗവിനേക്കാള്‍ വളര്‍ന്നു എന്നതായിരുന്നു സത്യം.

അപ്പോഴും തന്‌റെ വിദ്വേഷപ്രസംഗങ്ങള്‍ക്ക് അയവു വരുത്താന്‍ തയ്യാറായിരുന്നില്ല അര്‍ണാബ്. ഇതാണു ജേണലിസം എന്നു പറയാതെ പ്രഖ്യാപിക്കുന്നതു പോലെയായിരുന്നു അര്‍ണാബും സംസാരിക്കാന്‍ അവസരം കിട്ടാത്ത ചര്‍ച്ചാ പങ്കാളികളും ഉള്‍പ്പെട്ട ന്യൂസ് അവര്‍.


ടൈംസ് നൗവില്‍ നിന്നും അര്‍ണാബ് രാജി വച്ചപ്പോള്‍ അതു വലിയ വാര്‍ത്തയായിരുന്നു. ഒരു ജേണലിസ്റ്റ് രാജി വച്ചു എന്നു കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ടാക്കുന്ന വിധം എന്തു മാന്ത്രികവിദ്യയാണ് അര്‍ണാബിന്‌റെ പക്കലുണ്ടായിരുന്നത്

തന്‌റെ വാദങ്ങള്‍ ശരിയാണെന്ന് ഏതു വിധേനയും സ്ഥാപിക്കാനുള്ള വാശിയും അതിനുവേണ്ടി ഏതു പരിധിയും കടക്കാനുള്ള ആവേശവും തന്നെയായിരിക്കും അര്‍ണാബ് എന്ന ബ്രാന്‌റിന്‌റെ വിജയരഹസ്യം. കൂട്ടത്തില്‍ നല്ല രീതിയില്‍ ചിട്ടപ്പെടുത്തിയ ദേശീയതയും. ചാനല്‍ ചര്‍ച്ചകളില്‍ ഒന്നുകില്‍ ദേശസ്‌നേഹി അല്ലെങ്കില്‍ ദേശദ്രോഹി എന്ന രണ്ടു പക്ഷങ്ങളെ നിര്‍മ്മിച്ചെടുക്കാന്‍ അര്‍ണാബിനു സാധിച്ചു.

അറിഞ്ഞോ അറിയാതെയോ ആ കുരുക്കില്‍ വീഴുകയായിരുന്നു പ്രേക്ഷകര്‍. നല്ല ജേണലിസം, ചീത്ത ജേണലിസം എന്നതൊന്നും പ്രേക്ഷകര്‍ക്കു താല്പര്യമുള്ള വിഷയമല്ല. അവര്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് എന്താണെന്ന് അര്‍ണാബ് തീരുമാനിക്കുന്നു. അതനുസരിച്ച ചര്‍ച്ചകള്‍ ആസൂത്രണം ചെയ്യുന്നു. അത്രയേയുള്ളൂ അര്‍ണാബിന്‌റെ തത്വം.

താന്‍ നിര്‍മ്മിച്ചെടുത്ത ഈ മാദ്ധ്യമസംസ്‌കാരം ഒരു ചാനലില്‍ അനുവദിച്ചു കിട്ടുന്ന അല്പസമയം കൊണ്ടു വളര്‍ത്തിയെടുക്കാവുന്നതല്ല എന്ന തിരിച്ചറിവാകണം സ്വന്തം ചാനല്‍ എന്ന ആശയത്തിലേയ്ക്ക് അര്‍ണാബിനെ നയിച്ചത്.

അങ്ങിനെ, സ്വന്തം ഇടം കിട്ടിയ അര്‍ണാബ് തന്‌റെ രീതിശാസ്ത്രത്തിനെ മുഴുവന്‍ ഊക്കോടും കൂടി അഴിച്ചു വിടുന്ന കാഴ്ചയായിരുന്നു കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പയ്‌ക്കെതിരേ നടത്തിയത്. 'പുഴു' എന്നും 'വാലാട്ടിപ്പട്ടി' എന്നെല്ലാം ലക്ഷക്കണക്കിനു ജനം കാണുന്ന ചര്‍ച്ചയില്‍ ഉപയോഗിക്കാന്‍ അര്‍ണാബിന് ഒരു മടിയും തോന്നിയില്ല. താന്‍ വെട്ടിപ്പിടിച്ച സാമ്രാജ്യത്തില്‍ തന്‌റെ നിയമം നടപ്പിലാക്കും എന്ന ഉറച്ച തീരുമാനമായിരുന്നു അര്‍ണാബിന്‌റെ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നത്.


ജേണലിസത്തിന്‌റെ മൂല്യങ്ങള്‍ അര്‍ണാബ് കുഴിച്ചു മൂടുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നതു മാദ്ധ്യമപ്രവര്‍ത്തനം എന്ന മേഖല മൊത്തമായിട്ടാണ്. താന്‍ മാതൃകയായ ജേണലിസമാണ് ഉന്നതമെന്ന് അര്‍ണാബ് ധരിച്ചു പോയിട്ടുണ്ടെങ്കില്‍ ശസ്ത്രക്രിയ ചെയ്തു നീക്കേണ്ടതാണ് ആ ധാരണ.

സൂപ്പർ ഹിറ്റുകൾ ഉപേക്ഷിച്ച സെക്സി സന്യാസി വിനോദ് ഖന്നയെക്കുറിച്ച് ഇതെല്ലാം അറിയാമോ?

ബോളിവുഡിലെ ഒരു കാലത്തെ താരപ്രഭാവമായിരുന്ന വിനോദ് ഖന്ന വിടവാങ്ങി. എഴുപത് വയസ്സായിരുന്നു ആ സന്യാസിയായ നടന്.

ബോളിവുഡില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ എല്ലാം വിട്ടെറിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു വിനോദ് ഖന്ന. ഒരു കാലത്ത് താരമൂല്യത്തില്‍ അമിതാഭ് ബച്ചനോടൊപ്പം മത്സരിച്ചിരുന്നു അദ്ദേഹം. പക്ഷേ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിനോദ് ഖന്ന അഭിനയത്തില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 1982 ല്‍ ആയിരുന്നു തന്‌റെ ആത്മീയഗുരുവായ ഓഷോ രജനീഷിന്‌റെ അനുയായിയായി അദ്ദേഹം സിനിമ ഉപേക്ഷിച്ച് പോയത്. ആ വര്‍ഷം തന്നെയായിരുന്നു വിനോദ് ഖന്നയുടെ എക്കാലത്തേയും  വലിയ ഹിറ്റുകളിലൊന്നായ 'താക്കത്' പുറത്തിറങ്ങിയ വര്‍ഷം.


എപ്പോഴും അപ്രതീക്ഷിത തീരുമാനങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കുമായിരുന്നു ബോളിവുഡിലെ എക്കാലത്തേയും സുന്ദരന്മാരില്‍ ഒരാളായി അറിയപ്പെട്ടിരുന്ന വിനോദ് ഖന്ന. സെക്‌സി സന്യാസി എന്നായിരുന്നു അദ്ദേഹം സിനിമാരംഗത്ത് അറിയപ്പെട്ടിരുന്നത്. വില്ലനായി തുടങ്ങി നായകനായി മാറിയ ഖന്നയുടെ യാത്ര അത്ര എളുപ്പവും ആയിരുന്നില്ല.

പാകിസ്ഥാനിലെ പെഷാവാറില്‍ 1946 ല്‍ ഒരു പഞ്ചാബി കുടുംബത്തിലായിരുന്നു ആയിരുന്നു വിനോദ് ഖന്ന ജനിച്ചത്. പിന്നീട് ഡല്‍ഹിയിലേയ്ക്കു താമസം മാറ്റി. നാസിക്കിനടുത്തുള്ള ഒരു സ്‌കൂളില്‍ പഠിക്കുകയായിരുന്ന വിനോദിന്‌റെ കുട്ടിക്കാലം സോല്‍വാ സാല്‍, മുഗള്‍ ഏ ആസം തുടങ്ങിയ സിനിമകള്‍ കണ്ടായിരുന്നു നിറഞ്ഞിരുന്നത്. പതിയെ സിനിമ ഒരു സ്വപ്‌നമായി മാറുകയായിരുന്നു.

1968 ല്‍ സുനിൽ ദത്ത് നിർമ്മിച്ച 'മന്‍ കാ മീത്' എന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു വിനോദിന്‌റെ അരങ്ങേറ്റം. പിന്നീട് ചെറിയ വില്ലന്‍ വേഷങ്ങളുമായി സിനിമാജീവിതം തുടര്‍ന്നു. ഹിന്ദി സിനിമയില്‍ വില്ലനായി തുടങ്ങി നായകവേഷത്തിലെത്തിയ അപൂര്‍വം നടന്മാരില്‍ ഒരാളായിരുന്നു വിനോദ് ഖന്ന.
1971 ല്‍ 'ഹം തും ഔര്‍ വോഹ്' എന്ന ചിത്രത്തിലൂടെ നായകവേഷം കെട്ടി അദ്ദേഹം. അതേ വർഷം സംവിധായകനായ ഗുല്‍സാറിന്‌റെ 'മേരെ അപ്‌നെ' എന്ന ചിത്രം വിനോദ് ഖന്നയ്ക്കു ബ്രേക്ക് നല്‍കി. ശത്രുഘ്‌നന്‍ സിന്ഹയോടൊപ്പം മല്‍സരിച്ചഭിനയിച്ച ഖന്നയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. 1973 ല്‍ 'അചാനക്' എന്ന ചിത്രത്തിനെ അഭിനയത്തിനു വാനോളം പ്രശംസകള്‍ ലഭിച്ചു. ബോളിവുഡിലെ താരമായി അദ്ദേഹം ഉയര്‍ന്നു.

ഗീതാഞ്ജലിയുമായുള്ള വിവാഹവും ആ സമയത്തായിരുന്നു. രാഹുല്‍ ഖന്ന, അക്ഷയ് ഖന്ന എന്നിവര്‍ മക്കള്‍.

പിന്നീട് അന്നത്തെ തിളങ്ങും താരമായിരുന്ന അമിതാഭ് ബച്ചനു എതിരാളിയായി വളര്‍ന്നു അദ്ദേഹം. എന്നാലും ഓഫ് ബീറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അദ്ദേഹം വിമുഖത കാണിച്ചില്ലായിരുന്നു. പ്രശസ്തി അദ്ദേഹത്തിനെ ഒരിക്കലും മത്തു പിടിപ്പിച്ചില്ല. വെള്ളിത്തിരയില്‍ സ്വന്തം ഇടം നേടിയെടുത്തെങ്കിലും ആത്മീയതയുടെ വഴിയിലേയ്്ക്കു നീങ്ങലായിരുന്നു അദ്ദേഹത്തിനു താല്പര്യം. അങ്ങിനെ ഓഷോ രജനീഷിന്‌റെ ശിഷ്യത്വം സ്വീകരിച്ചു.

എണ്‍പതുകളുടെ തുടക്കത്തില്‍ വിനോദ് അമേരിക്കയിലെ ഒറിഗണിലുള്ള ഓഷോ ആശ്രമത്തില്‍ പോയി സന്യാസജീവിതം ആരംഭിച്ചു. അവിടെ തോട്ടക്കാരനായിട്ടായിരുന്നു അദ്ദേഹം സേവിച്ചിരുന്നത്. അഞ്ചു വര്‍ഷത്താളം അദ്ദേഹം ഓഷോ രജനീഷ്പുരത്തില്‍ കഴിഞ്ഞു. അതോടെ ഗീതാഞ്ജലിയുമായി വിവാഹമോചനവും സംഭവിച്ചു.

പിന്നീട് ഭൗതികലോകവും ആത്മീയതയും ഒന്നിച്ചു കൊണ്ടുപോകാമെന്നു തീരുമാനിച്ച അദ്ദേഹം സിനിമയുടെ ലോകത്തേയ്ക്കു മടങ്ങിയെത്തി. ഡിംപിള്‍ കപാഡിയയോടൊപ്പം 'ഇന്‍സാഫ്' (1987) എന്ന ചിത്രത്തിലൂടെ വിനോദ് ഖന്ന വീണ്ടും തിരശ്ശീലയിലെത്തി.

വീണ്ടും വിനോദ് ഖന്ന ബോളിവുഡിലെ താരമായി. ജെ പി ദത്ത, യാഷ് ചോപ്ര, മുകുല്‍ ആനന്ദ് തുടങ്ങിയ ഹിറ്റ് സംവിധായകര്‍ വിനോദ് ഖന്നയെ നായകാനാക്കി സിനിമ ചെയ്യാന്‍ മുന്നോട്ടു വന്നു. ധാരാളം ഹിറ്റുകള്‍ വിനോദിന്‌റെ പേരില്‍ ഇറങ്ങി.

തൊണ്ണൂറുകളോടെ തുടര്‍ച്ചയായ പരാജങ്ങള്‍ അദ്ദേഹത്തിനെ തേടിയെത്തി. വിനോദ് ഖന്നയുടെ താരമൂല്യം ഇടിയാന്‍ തുടങ്ങി. കവിതയുമായുള്ള വിവാഹവും അപ്പോഴായിരുന്നു. ആദ്യഭാര്യയിലെ മകനായ അക്ഷയ് ഖന്നയെ അപ്പോഴായിരുന്നു അദ്ദേഹം സിനിമയിൽ പരിചയപ്പെടുത്തിയത്.


സിനിമകള്‍ പരാജയമാകാന്‍ തുടങ്ങിയതോടെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ബിജെപിയുടെ സ്ഥാനാര്‍ഥിയായി ലോകസഭയിലേയ്ക്കു മത്സരിച്ചു. രണ്ട് പ്രാവശ്യം കേന്ദ്രമന്ത്രിയുമായി.

2009 ലെ തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ച വിനോദ് ഖന്ന 2014 ൽ ശക്തമായി തിരിച്ചെത്തി. ജീവിതത്തിലെ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാത്ത ഒരു സന്യാസിയുടെ മനോഭാവമായിരുന്നു വിനോദ് ഖന്നയ്ക്ക്. ഉയർച്ചതാഴ്ചകൾ അദ്ദേഹത്തിനെ അലട്ടിയതേയില്ല. പ്രശസ്തി ഒരിക്കലും ഭാരമായില്ല.

കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന വിനോദ് ഖന്ന വിടപറയുമ്പോൾ ബോളിവുഡിലെ താന്തോന്നികളായ നായകരിൽ ഒരാളെയാണു നമുക്കു നഷ്ടമാകുന്നത്.



കാറ്റ് പറഞ്ഞ കഥ*

രാത്രിയാത്ര വേണ്ടെന്നത് നഫീസയുടെ നിർബന്ധമായിരുന്നു. ബാംഗ്ലൂരിൽ നിന്നും പാലക്കാട് വരെ കൂടി വന്നാൽ എത്ര മണിക്കൂർ എടുക്കും എന്ന വാദങ്ങളൊന്നും വിലപ്പോയില്ല. അവളുടെ വാശിയ്ക്ക് കാരണവുമുണ്ട്. വിമാനത്തിലോ, കുറഞ്ഞത് തീവണ്ടിയിലോ പോകാതെ അത്രയും ദൂരം കാറിൽ പോകാമെന്ന തന്റെ തീരുമാനം അവളെ രോഷം കൊള്ളിച്ചു കാണണം. അല്ലെങ്കിലും തന്റെ വാക്കുകൾക്ക് ഈ വീട്ടിൽ വിലയില്ലെന്ന് അവളുടെ സ്ഥിരം പരാതിയാണല്ലോ. പക്ഷേ, ആ തീരുമാനം തന്റെയല്ലല്ലോയെന്നും ഓർത്തു.

 ‘ചേച്ചിയ്ക്ക് പേടിയായിട്ടായിരിക്കും ന്ന്, ഇന്നലെക്കൂടി ന്നോട് കൂട്ടം കൂടിയതാണു, ഡ്രൈവർ കുമാരൻ പറഞ്ഞു.

കൊച്ചുണ്ണിയ്ക്ക് ചിരിക്കാനാണ് തോന്നിയത്. താൻ മനസ്സിൽ ഓർത്തതിന്റെ തുടർച്ച അവൻ കണ്ടെത്തിയതിന്റെ രഹസ്യം ചികയുകയായിരുന്നു കൊച്ചുണ്ണി. എല്ലാവരും മെന്റലിസ്റ്റുകളാകുന്ന കാലം വന്നെത്തിയോയെന്ന് സംശയം ഉണ്ടായി. എന്തായാലും ബാംഗ്ലൂരിൽ വന്ന് ഇത്രയും കാലമായിട്ടും അവന്റെ നാവിൽ നിന്നും പാലക്കാടൻ ശൈലി മാഞ്ഞുപോകാത്തതിൽ ആശ്വാസം തോന്നി.

നഫീസ അതിരാവിലെ എഴുന്നേറ്റ് വഴിയ്ക്ക് കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി കുമാരനെ ഏൽപ്പിച്ചു. ഒറ്റയ്ക്കാണെങ്കിൽ താൻ ആഹാരചിട്ടകൾ തെറ്റിക്കും എന്നവൾക്കറിയാം. പോകുന്ന വഴി എവിടെയെങ്കിലും നിർത്തി കഴിയ്ക്കാൻ നിർബന്ധിക്കണം എന്നും അവൾ നിർദ്ദേശിച്ചു കാണും. ആഹാരത്തിന് മുമ്പും പിമ്പും കഴിക്കാനുള്ള മരുന്നുകൾ ഉണ്ട്. കുമാരന് ജോലി കൂടി എന്ന് പറഞ്ഞാൽ തരക്കേടില്ല.
നഫീസ എന്ന പുണ്യം, അയാൾ സ്വയം പറഞ്ഞു. ഇന്നത്തെയത്ര ഇല്ലെങ്കിലും ഹിന്ദുവും മുസ്ലീമും വിവാഹം കഴിയ്ക്കുക എന്നതെല്ലാം അന്നും കലാപസാധ്യതകളുള്ള വിഷയമായിരുന്നു. ജെഎൻയൂവിലെ പഠനകാലത്ത് തുടങ്ങിയ ഇഷ്ടം. ബിരുദം കഴിഞ്ഞ ഉപരിപഠനത്തിലായി അവൾ അമേരിക്കയിലേയ്ക്ക് പോയപ്പോൾ താൻ ഡൽഹിയിൽത്തന്നെ ജോലി സമ്പാദിക്കാൻ ശ്രമിച്ചു. ഒപ്പം ഉപരിപഠനവും. ഒരു വർഷം കഴിഞ്ഞ അവൾ അമേരിക്കയിൽ നിന്നും തിരികെയെത്തിയിട്ട് വിവാഹം എന്നായിരുന്നു ധാരണ.

അപ്പോഴാണ് ഏട്ടന്റെ ടെലഗ്രാം വരുന്നത്. ആദ്യം മനസ്സിൽ തോന്നിയത് അച്ഛന്റെ രൂപമായിരുന്നു. അടുത്ത ദിവസം തന്നെ പുറപ്പെട്ടു. ഊഹം തെറ്റിയില്ല. ഏട്ടന് കുറച്ചു കൂടി പ്രായം കൂടിയതായി തോന്നിയിരുന്നു.
ബലികർമ്മങ്ങൾക്ക് ശേഷം തിരികെ ഡൽഹിയിലേയ്ക്ക് പോകുന്ന കാര്യം ഏട്ടനോട് അവതരിപ്പിക്കുന്നതിന്റെ പ്രയാസത്തിലായിരുന്നു താൻ. അപ്പോഴത്തെ അവസ്ഥയിൽ ഏട്ടനെ തനിച്ചാക്കി പോകുന്നതിൽ കുറ്റബോധം ഉണ്ടായിരുന്നു. തറവാട്ടിൽ അമ്മ മാത്രമേയുള്ളൂ. ചേച്ചിയാകട്ടെ, മക്കളുടെ പഠിപ്പിന്റെ ആകുലതകൾ നിരത്തി വേഗം തിരിച്ചു പോയിരുന്നു. ഒരു ഏട്ടത്തിയമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ നിമിഷങ്ങളിലൊന്നായിരുന്നു അത്.

അതൊന്നും ഓർത്ത് ഉണ്ണി വിഷമിക്കണ്ട. തിരികെ പൊയ്ക്കോളൂ... ജോലി നോക്കുക, കഴിയുമെങ്കിൽ ഇനിയും പഠിയ്ക്കുക. അമ്മയുണ്ടല്ലോ ഇവിടെ, ഏട്ടൻ പറഞ്ഞു.

എന്നാൽ പറയുന്നതിനേക്കാൾ മറ്റെന്തോ ചോദിക്കാമുണ്ടായിരുന്നു എന്ന് മനസ്സിലായി. ഡൽഹിയിൽ നിന്നും നാട്ടിലേയ്ക്ക് വാർത്തകളെത്താൻ വഴികൾ ധാരാളമുണ്ടല്ലോ.

ഉണ്ണീ, നല്ലോണം ആലോചിച്ചിട്ടാണോ നീ? എന്താ ആ കുട്ടീടെ പേര്?, ഏട്ടൻ അമ്മ പരിസരത്തില്ലെന്ന് ഉറപ്പാക്കി ചോദിച്ചു.

നഫീസ, അമേരിക്കയിലേയ്ക്ക് പോയിരിക്കുകയാണ്, ഒരു വർഷം കഴിയും വരാൻ.

‘ഉം.. ഏട്ടന് എതിർപ്പൊന്നൂല്ലാട്ടോ ഉണ്ണീ.. അമ്മയും ഒന്നും പറയില്ല. നീ സന്തോഷായിരിക്കണത് കാണണംന്നേയുള്ളൂ,‘ അത്രയും പറഞ്ഞ് ഏട്ടൻ എഴുന്നേറ്റ് അകത്തേയ്ക്ക് പോയി. കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്ന സൂചന. സന്ധ്യ പോലൊരു മതിൽ ഉയർത്തി വിട്ടിട്ട് ഏട്ടൻ പോകുന്നു. അല്ലെങ്കിലും ഏട്ടൻ അനുഭവിച്ച ജീവിതത്തിന് ഏതാനും പ്രകാശവർഷങ്ങളുടെ ദൈർഘ്യം കൂടുതൽ കാണും.
അടുത്ത ദിവസം തിരികെ പോയി. ഒരു വർഷം കഴിഞ്ഞ് നഫീസ തിരിച്ചെത്തി. വിവാഹം കഴിഞ്ഞ് അമേരിക്കയിലേയ്ക്ക് തിരിച്ചു പോകാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടായിരുന്നു വരവ്. തിടുക്കത്തിൽ വിവാഹം നടത്തി. അനുമോദനം അറിയിച്ചുകൊണ്ട് ഏട്ടന്റെ ടെലഗ്രാം വന്നു. ഉടനെ നാട്ടിലേയ്ക്ക് വരണ്ട എന്ന അറിയിപ്പും.

ന്യൂയോർക്കിൽ പഠനവും ജോലിയുമായി വർഷങ്ങൾ കടന്നു പോയി. പോകുന്നതിന് മുമ്പ് വിവരങ്ങൾ അറിയിച്ച് ഏട്ടന് എഴുതിയിരുന്നു. അമേരിക്കയിൽ എത്തിയ ശേഷവും രണ്ട് തവണ എഴുതി. മറുപടിയൊന്നും വന്നില്ല. ഏട്ടൻ അങ്ങിനെയാണ്. സുഖമാണെന്നറിഞ്ഞാൽ മതി., ചോദ്യങ്ങളൊന്നും ഇല്ല.

സൈറ വന്നതിന് ശേഷമാണ് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ചത്. അപ്പോഴേയ്ക്കും ഇരുവർക്കും ഗവേഷണബിരുദങ്ങൾ ലഭിച്ചിരുന്നു. ആ യോഗ്യത ധാരാളമായിരുന്നു ഉയർന്ന ശമ്പളത്തിന് ബാംഗ്ലൂരിൽ ജോലി ചെയ്യാനുള്ള ക്ഷണം ലഭിക്കാൻ. രണ്ടാമതൊന്ന് ആലോചിച്ചില്ല, അമേരിക്കയോട് വിട പറഞ്ഞു.

ഏട്ടനെ പല പ്രാവശ്യം ബാംഗ്ലൂരിലേയ്ക്ക് ക്ഷണിച്ചതാണ്. വന്നില്ല. അമ്മ മരിച്ചതിന് ശേഷം വല്ലാതെ ഒറ്റപ്പെട്ട് പോകുകയായിരുന്നു ഏട്ടൻ. തറവാട് ഭാഗം വച്ചപ്പോൾ ഏട്ടന് കിട്ടിയത്, അല്ല തിരഞ്ഞെടുത്തത്, മലയോരത്തെ ഒരു കളപ്പുരയും അതിനോട് ചേർന്നുള്ള സ്ഥലവും ആയിരുന്നു.

ഏതാനും വർഷങ്ങൾ കൂടി ജോലിയിൽ തുടരാമായിരുന്നു ഏട്ടന്. വിആർഎസ് എടുത്ത് കളപ്പുരയിൽ താമസമാക്കിയതോടെ ഏട്ടനോട് ഒന്നും ചോദിക്കാൻ തോന്നിയില്ല. ഒരു കത്തെഴുതി. എപ്പോൾ വേണമെങ്കിലും ബാംഗ്ലൂർക്ക് വന്ന് ഞങ്ങളോടൊപ്പം താമസമാക്കാം എന്ന് അറിയിച്ചു. എനിക്കിവിടെ സുഖമാണ് ഉണ്ണീ എന്ന് മാത്രം മറുപടി വന്നു.
കളപ്പുരയോട് ചേർന്ന് ഒരു സർപ്പക്കാവുണ്ടായിരുന്നു. അവിടെ വിളക്ക് കൊളുത്തുന്നതും ഏട്ടനായിരുന്നു. പിന്നീടെപ്പോഴോ കളവും സ്ഥലവും വിൽക്കാമെന്ന് തീരുമാനിച്ചപ്പോൾ തടസ്സം നിന്നതും ആ സർപ്പക്കാവായിരുന്നു. ആരും സ്ഥലം വാങ്ങാൻ തയ്യാറായില്ല. അറിഞ്ഞുകൊണ്ട് കുരുക്കിൽ ചാടണോയെന്ന് മുഖത്ത് നോക്കി പറഞ്ഞവരുമുണ്ട്. സ്വത്തുക്കൾ വിറ്റ് ദേശാടനത്തിനിറങ്ങുകയായിരുന്നു ഏട്ടന്റെ പദ്ധതി. നാഗദേവതകൾ അതിനനുവദിച്ചില്ല.
ഏട്ടൻ ദുർബലനായിപ്പോയെന്നും തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ സ്വയം വിധിച്ച ഈ ജീവിതത്തിൽ ഒതുങ്ങിക്കൂടില്ലായിരുന്നു. ഫ്രാങ്ക് സിനാട്രയും ജിമ്മി സ്കോട്ടും കീത്ത് എമേഴ്സനും എല്ലാമായിരുന്നു ഏട്ടന്റെ പ്രിയപ്പെട്ട ഗായകർ. വിദേശത്ത് നിന്നും മാസികകൾ വരുത്തി വായിക്കുന്ന ശീലവുമുണ്ടായിരുന്നു. ഏട്ടനാണ് തനിയ്ക്ക് ലോകം എന്താണെന്ന് പരിചയപ്പെടുത്തിത്തന്നത്. ആ ഏട്ടനാണ് കളപ്പുര പുതുക്കിപ്പണിത് ഒരു കൊച്ചുവീട്ടിൽ ഏകാന്തതയും ധ്യാനിച്ചിരിക്കുന്നത്.
ഇതുപോലൊരിക്കൽ ഏട്ടന്റെ കത്ത് വന്നിരുന്നു. വർഷങ്ങൾക്ക് മുമ്പ്. അന്നും ഒറ്റയ്ക്കായിരുന്നു തന്റെ യാത്ര. ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂർ വരെ ഫ്ലൈറ്റിൽ. അവിടന്ന് ടാക്സി പിടിച്ചു. അന്നായിരുന്നു ആദ്യമായി ഏട്ടന്റെ പുതിയ വീട് കാണുന്നത്. ചുറ്റിലും കാട്ടുചെയികളും മരങ്ങളും അതിനപ്പുറം നെൽപ്പാടങ്ങളും. എല്ലാത്തിനും നടുക്ക് സ്മൃതിമണ്ഡപം പോലെ ചെറിയൊരു വീട്.
പാലക്കാടൻ കാറ്റിന്റെ ഇരമ്പമുണ്ടായിരുന്നു ഏട്ടന്റെ വീട്ടിൽ. ഇടവഴിയിലൂടെ  ഇടയ്ക്ക് കടന്ന് പോകുന്ന പണിക്കാർ മാത്രമായിരുന്നു മനുഷ്യസാന്നിദ്ധ്യം ഉറപ്പിച്ചത്. ആരും ഏട്ടനോട് വിശേഷം ചോദിക്കുന്നതായി തോന്നിയില്ല. സ്വയം സൃഷ്ടിച്ച ധ്യാനപീഠത്തിൽ അദൃശ്യനായത് പോലെയായിരുന്നു ഏട്ടന്റെ ജീവിതം. സർപ്പക്കാവിൽ വിളക്ക് വയ്ക്കുന്നത് പതിവ് മുടങ്ങിയിരുന്നു. ആരോഗ്യം അനുവദിക്കുമെങ്കിൽ മാത്രം സന്ധ്യയ്ക്ക് വിളക്ക് കൊളുത്തും. ചിലപ്പോൾ എവിടെ നിന്നോ ഒരു നാണിയമ്മ വന്ന് വിളക്ക് കൊളുത്തി തിരിച്ച് പോകും. നാണിയമ്മയോടും ഏട്ടൻ അധികം സംസാരിച്ചിരുന്നില്ല. സുഖമില്ലാതായാൽ ആരും വിളിക്കാതെ തന്നെ നാണിയമ്മ എത്തും. കഞ്ഞി വച്ച് കൊടുത്തിട്ട് പോകും. തലമുറകളായി പിന്തുടരുന്ന ഒരാചാരം പോലെയായിരുന്നു ഏട്ടന്റേയും നാണിയമ്മയുടേയും അടുപ്പം.
ഏട്ടന് സമ്മാനിക്കാൻ ഒരു മൊബൈൽ ഫോൺ കൂടി കരുതിയിരുന്നു. സ്വതസിദ്ധമായ പുഞ്ചിരിയോടെ ഏട്ടൻ അത് നിരസിച്ചു. പരിഷ്കാരത്തിനോടുള്ള അതൃപ്തിയായിരുന്നില്ല അത്. അകലങ്ങൾ അറ്റുപോകുമോയെന്ന ഭയമായിരുന്നു നിരാസത്തിന് പിന്നിൽ.
കത്തെഴുതുന്നതാണ് ഏട്ടനിഷ്ടം ഉണ്ണീ. മറുപടി വേണമെന്ന് നിർബന്ധമില്ല. സമയം കിട്ടുമ്പോൾ ഒരു വരി...അത്ര മതി... ഏട്ടൻ പറഞ്ഞു.
അവിടെ താമസിച്ച രണ്ട് ദിവസവും തന്റെ മൊബൈലിൽ സിഗ്നൽ കിട്ടാതെ അരിശം തോന്നിയതും ലോകവുമായുള്ള ബന്ധം വിച്ഛേദിച്ചതായി തോന്നിയതും ഓർമ്മ വന്നു.

കഴിക്കാനായോ സാർ?, കുമാരൻ ചോദിച്ചപ്പോഴാണ് ഓർമ്മകളിൽ നിന്നുണർന്നത്. മനസ്സിൽ നിന്നും ശരീരത്തിലേയ്ക്ക് തിരിച്ചെത്തിയപ്പോൾ വിശപ്പ് അറിയാൻ തുടങ്ങി. വഴിയിലൊരിടത്ത് കാർ നിർത്തി നഫീസ തന്നയച്ച പൊതികൾ തുറന്ന് ഇരുവരും കഴിച്ചു. അല്പനേരം വിശ്രമിച്ച ശേഷം യാത്ര തുടർന്നു.

ഒരു മാസം മുമ്പ് പാരീസിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ ക്ഷണം വന്നിരുന്നു. സൈറ അവിടെയുണ്ടല്ലോയെന്നാണ് ആദ്യം തോന്നിയത്. കലാചരിത്രം പഠിക്കാനെന്നും പറഞ്ഞ് അവൾ പോയിട്ട് അധികകാലം ആയിട്ടില്ല. താല്പര്യം തോന്നിയില്ലെങ്കിലും ക്ഷണം സ്വീകരിച്ചു. ഒരാഴ്ച പാരീസിൽ. തിരിച്ചെത്തിയപ്പോൾ എയർപോർട്ടിൽ സ്വീകരിക്കാൻ നഫീസയുണ്ടായിരുന്നു. വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് അവൾ ഏട്ടന്റെ കത്ത് വന്ന കാര്യം പറയുന്നത്.

‘കത്ത് വന്നിട്ട് രണ്ട് ദിവസമായി. ഏട്ടന്റെ കൈയ്യക്ഷരം കണ്ടപ്പോൾ... നീ വന്നിട്ട് പറയാമെന്ന് കരുതി...തെറ്റായിപ്പോയോ?‘ അവൾ ചോദിച്ചു.
‘ഇല്ല. നിനക്ക് തുറന്ന വായിക്കാമായിരുന്നില്ലേ?‘

അവൾ ഒന്ന് മന്ദഹസിച്ചു. ബാഗിൽ നിന്നും കത്ത് എടുത്ത് കൈമാറി. നഫീസയിലെ അനേകം ഗുണങ്ങളിലൊന്നായിരുന്നു അത്. വീട്ടിലെ മറ്റൊരാൾക്ക് വന്ന കത്ത് തുറന്ന് വായിക്കില്ല. ചിലപ്പോഴെല്ലാം അനാവശ്യമായ മാന്യതയാണെന്ന് പോലും തോന്നിപ്പോയിട്ടുണ്ടെങ്കിലും അവളിലെ ശരികളെ അംഗീകരിക്കാതെ പറ്റില്ലായിരുന്നു.

വളരെക്കാലത്തിന് ശേഷം ഏട്ടന്റെ കൈപ്പട കണ്ടപ്പോൾ ഉള്ളിലെന്തോ അപശകുനം പോലെ തോന്നി. തുറന്നു വായിച്ചു.

‘ഉണ്ണീ... ബുദ്ധിമുട്ടാവില്ലെങ്കിൽ ഇവിടം വരെ വരണം. നിന്റെ കാറിൽ വന്നാൽ മതി.‘

സ്നേപൂർവ്വം
ഏട്ടൻ

ഇത്രയുമേ ഉണ്ടായിരുന്നുള്ളൂ കത്തിൽ. ഉടൻ പോകണമെന്ന് നഫീസ പറഞ്ഞു. കാറിൽ യാത്ര ചെയ്യണം എന്നതിൽ മാത്രമേ പരിഭവം ഉണ്ടായിരുന്നുള്ളൂ. കുമാരൻ കാറുമായി പോകട്ടേയെന്നും താൻ ഫ്ലൈറ്റിൽ പോകാമെന്നും അഭിപ്രായം വന്നു. ഏട്ടൻ പറഞ്ഞതാണ് എന്ന ഉപായത്തിൽ അതൊഴിവാക്കി.

കുമാരൻ റേഡിയോ ഓൺ ചെയ്തു. ഏറെ നേരത്തിന് ശേഷം അവന്റെ സാന്നിധ്യം ഓർമ്മ വന്നത് അപ്പോഴായിരുന്നു. ഇടയ്ക്കൊന്ന് മയങ്ങിപ്പോയി.

‘എവിടെയെത്തി കുമാരാ?‘

‘കോയമ്പത്തൂര് കഴിഞ്ഞു... ഇനി അധികം പോണ്ട.‘

‘നിനക്ക് വിശക്കണില്ലേ? എവിടെയെങ്കിലും നിർത്തി കഴിച്ചോളൂ.‘

‘വെശപ്പ് കെട്ടു സാർ... അവിടെത്തീട്ട് കഴിക്കാം ഇനി.‘

അവിടെ കഴിക്കാൻ വല്ലതും കാണുമോയെന്ന സംശയം പങ്കു വച്ചില്ല. അവനോട് ചെയ്യുന്ന ചതിയാണെങ്കിലും എത്തിച്ചേരാനുള്ള തിടുക്കം അതിന് പ്രേരിപ്പിച്ചു.

ഹൈവേയിൽ നിന്നും കാർ ഒരു വെട്ടുവഴിയിലേയ്ക്ക് പ്രവേശിച്ചു. പണ്ടെപ്പോഴേ ടാർ ചെയ്തിരുന്നതിന്റെ അവശിഷ്ടങ്ങൾ അങ്ങിങ്ങ് കാണാനുണ്ടായിരുന്നു. വേനലായതിനാൽ മണ്ണിളകിക്കിടന്നു. ചെറുകാറ്റിൽ തവിട്ട് നിറത്തിലുള്ള പൊടി പാറിപ്പറന്ന് കാഴ്ച മൂടും. വഴിയ്ക്ക് അല്പം വീതി കൂടിയെന്നല്ലാതെ മാറ്റമൊന്നുമില്ല.

വീട്ടിലേയ്ക്കുള്ള വഴിയെത്തിയപ്പോൾ കുമാരൻ ശരിക്കും വിയർത്തു. കുണ്ടും കുഴിയുമായി ശോചനീയമായിരുന്നു വഴി. വളരെ ശ്രമപ്പെട്ടാണ് അവൻ കാർ വീട്ടുമുറ്റത്തെത്തിച്ചത്.

കാറിന്റെ ശബ്ദം കേട്ടതും ഏട്ടൻ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. ദേഹം വല്ലാതെ ചടഞ്ഞിരുന്നു. ഏതോ രോഗബാധയിലെന്ന പോലെ തൊലിയുടെ നിറം മാറിയിരുന്നു.

‘ധൃതി പിടിച്ച വരണ്ടായിരുന്നല്ലോ ഉണ്ണീ,‘ ഏട്ടൻ സ്നേഹത്തോടെ പറഞ്ഞു.

‘വരണംന്ന് പറഞ്ഞ് കത്തെഴുതിയാൽപ്പിന്നെ വൈകിക്കാൻ പറ്റ്വോ ഏട്ടാ?‘

‘ഉം, നന്നായി. എത്രയും വേഗമാകുന്നോ അത്രയും നന്ന്,‘ തിണ്ണയിൽ ചാരിയിരുന്ന് ഏട്ടൻ പറഞ്ഞു. ചെറുതായി കിതയ്ക്കുന്നുണ്ടായിരുന്നു.

‘ഏട്ടന് എന്താ പറ്റ്യേ?‘

‘ഒന്നൂല്ല കുട്ടീ... പ്രായത്തിന്റെ തന്നെ...‘

‘സുഖമില്ലാതിരുന്നപ്പോൾ ആരായിരുന്നു സഹായത്തിന്?‘

‘ആ നാണിയമ്മ വരും... വല്ലതും വച്ചുണ്ടാക്കിത്തരും...പോരേ?‘

ദേഷ്യം തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. ദിവസം സായാഹ്നത്തോടടുക്കുകയായിരുന്നു. ഇലമറകൾക്കപ്പുറത്ത് ഇരുട്ടിന്റെ കച്ച മുറുകുന്നു. പകൽക്കളി കഴിഞ്ഞ് കലാകാരൻ ചമയമഴിയ്ക്കുന്നത് പോലെ നിറങ്ങൾ മങ്ങിത്തുടങ്ങി. ഏട്ടനും താനും ഏറെ നേരം ഒന്നും മിണ്ടാതിരുന്നു.

ഭക്ഷണം കഴിക്കാൻ പോയിരുന്ന കുമാരൻ കാർ ഒതുക്കിയിട്ട് വന്നു. ഏട്ടൻ അകത്തു പോയി കുറച്ച് മാമ്പഴങ്ങൾ കൊടുത്തു.
‘ഇപ്പഴും കായ്ക്കുന്നുണ്ട് മൂവാണ്ടൻ. പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. എന്തെങ്ക്ിലും കിട്ടുന്നത് നാണിയമ്മയ്ക്ക് കൊടുക്കും,‘ ഏട്ടൻ പറഞ്ഞു.
ഇരുൾ വീണ് തുടങ്ങിയപ്പോൾ നാണിയമ്മ വന്നു. സർപ്പക്കാവിൽ വിളക്ക് കൊളുത്താൻ വന്നതാണ്. ആചാരത്തിന് കുശലം ചോദിച്ചു. രാത്രി കഞ്ഞി മതിയെന്ന് പറഞ്ഞു. അതിഥികൾ ഉള്ളതിനാൽ നാരങ്ങ ഉണക്കിയതും താമരവള്ളി വറുത്തതും കൊണ്ടുവന്നിരുന്നു അവർ.

യാത്രയ്ക്കിടയിൽ എപ്പോഴേ നാണിയമ്മ മരിച്ചു കാണുമെന്ന് തോന്നിയിരുന്നു. അതിൽ കുറ്റബോധം തോന്നി. പെട്ടെന്ന് തന്നെ കഞ്ഞി തയ്യാറാക്കി യാത്ര പോലും പറയാതെ അവർ തിരിച്ച് പോയി.

യാത്രാക്ഷീണം ഉണ്ടായതിനാൽ നേരത്തേ കിടക്കാമെന്ന് വച്ചു. ഏട്ടൻ ഞങ്ങൾക്ക് കഞ്ഞി വിളമ്പിത്തന്നു. കുമാരന് കിടക്കാനിടെ ഒരുക്കിയതും ഏട്ടനായിരുന്നു.

ഏട്ടന്റെ മുറിയിൽ താഴെ തഴപ്പായ വിരിച്ച് കിടന്നു. അടുത്ത് തന്നെ ഏട്ടനും. ഏട്ടൻ വിയർക്കുമ്പോഴുണ്ടാകുന്ന പ്രത്യേകമണം വളരെക്കാലത്തിന് ശേഷം അനുഭവിച്ചു.

‘രാവിലെ നേരത്തേ പുറപ്പെടണമായിരിക്കും അല്ലേ?‘ ഏട്ടൻ ചോദിച്ചു.
‘അതെ, അല്ലെങ്കിൽ രണ്ടും കെട്ട നേരമാകും എത്തുമ്പോൾ...‘

‘ഈ വീടും പറമ്പും നാണിയമ്മയ്ക്കുള്ളതാണ്. ഒറ്റയ്ക്കാണവർ...ഒരു സഹായമായിക്കോട്ടെ...നിനക്ക് തന്നിട്ടും ഉപയോഗമുണ്ടാവില്ല, 
വിൽക്കാനും പ്രയാസം...‘ ഏട്ടൻ ഒരു അറിയിപ്പ് പോലെ പറഞ്ഞു.

ഒരു ദീർഘനിശ്വാസത്തോടെ ഏട്ടൻ സംഭാഷണം അവസാനിപ്പിച്ചു. ഉഷ്ണം നിറഞ്ഞ രാത്രിയിൽ എപ്പോഴോ കണ്ടുമറന്ന സ്വപ്നങ്ങൾ തിരിച്ചെത്തി. അർദ്ധസുഷുപ്തിയിൽ ഏട്ടന്റെ സാമീപ്യം ആശ്വാസമായി പോന്നി. സ്വപ്നവും യാഥാർഥ്യവും ഇഴ കലർന്ന ഒരു അഴിമുഖമായിരുന്നു അത്. പിന്നീടെപ്പോഴോ പൂർണ്ണമായും ഉറക്കത്തിലേയ്ക്ക് വഴുതി.

അതിരാവിലെ പുറപ്പെട്ടു. ഏട്ടന് എടുക്കാൻ അധികമൊന്നും ഇല്ലായിരുന്നു. വീട് പൂട്ടി താക്കോൽ നാണിയമ്മയ്ക്ക് കൊടുത്തു. അവർ അപ്പോഴും ഏതോ ആചാരം പാലിക്കുന്ന മുഖഭാവത്തോടെ അത് വാങ്ങി.
ഏട്ടൻ തിരിഞ്ഞു നോക്കിയില്ല. കാറിന്റെ ശീതീകരണി പ്രവർത്തിച്ച് തുടങ്ങിയപ്പോൾ ഒന്ന് സ്വാസ്ഥ്യമായിരുന്നു.

‘ബാംഗ്ലൂർ അത്ര ദൂരെയൊന്നും അല്ലല്ലേ ഉണ്ണീ?‘

‘എത്തണതറീല്ല,‘ കുമാരനാണ് മറുപടി പറഞ്ഞത്.

നാട്ടുപാതകളിൽ പുലർവെളിച്ചം വീണുതുടങ്ങുന്നതേയുള്ളൂ. മൌനം വെടിഞ്ഞ് ഭിക്ഷാംദേഹിയുടെ രൂപം പ്രാപിക്കാൻ പോകുന്ന മറ്റൊരു പകലുണരുന്നു. വിലാപധ്വനിയിൽ വീശുന്ന പാലക്കാടൻ കാറ്റ് ഇല്ലിക്കാടുകളിൽ തട്ടിമുറിയുന്നു. ദൂരെയെവിടെയോ പ്രഭാതവന്ദനം മുഴങ്ങുന്നു. റിയർ മിററിലൂടെ നോക്കിയപ്പോൾ തുള്ളിയും തെറിച്ചും അകന്ന് പോകുന്ന ഗ്രാമം കണ്ടു.

*കടപ്പാട്: ഓ വി വിജയൻ

(മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 2017)